Image

മോഹന്‍ ഭാഗവതിന്‍റെ ദാമ്പത്യശാസ്ത്രം

Berly Thomas http://berlytharangal.com/ Published on 08 January, 2013
മോഹന്‍ ഭാഗവതിന്‍റെ ദാമ്പത്യശാസ്ത്രം

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആര്‍എസ്എസ് പ്രവര്‍ത്തകരോടു കുടുംബബന്ധങ്ങളെപ്പറ്റി പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. പറഞ്ഞത് ആര്‍എസ്എസുകാരനായതുകൊണ്ട് അത് ശക്തമായി എതിര്‍ക്കപ്പെടണം എന്നൊരു മുന്‍വിധി മാധ്യമങ്ങള്‍ക്കുണ്ടെന്നു തോന്നുന്നു. എല്ലാവരും എതിര്‍ക്കുന്നതുകൊണ്ട് ആര്‍എസ്എസ് മേധാവിയെ ന്യായീകരിക്കണം എന്നൊരു വാശി എനിക്കില്ല. പക്ഷെ, അഭിപ്രായം ആരുടേതാണെന്നു നോക്കാതെ അഭിപ്രായം മാത്രം എടുത്തു പരിശോധിച്ചാല്‍ കുഴപ്പം അഭിപ്രായത്തിനാണോ അതോ നമ്മുടെ മുന്‍വിധികള്‍ക്കാണോ എന്നൊരു സംശയം ബാക്കിയാവും.

ഞാന്‍ മനസ്സിലാക്കിയിടത്തോളം മോഹന്‍ ഭാഗവത് പറഞ്ഞതിന്‍റെ സാരാംശം ഇതാണ്:
‘ഭാര്യാഭര്‍തൃബന്ധം ഒരു സാമൂഹികകരാറാണ്. ഭാര്യ വീട്ടുകാര്യങ്ങള്‍ നോക്കുകയും ഭര്‍ത്താവ് കുടുബം പുലര്‍ത്തുന്നതിനുള്ള വക സമ്പാദിച്ചുകൊണ്ടുവരികയും വേണം. ഇരുവരും തങ്ങളുടെ കടമകള്‍ മേല്‍പ്പറഞ്ഞ കരാര്‍പ്രകാരം കൃത്യമായി നിര്‍വഹിക്കണം. ഭാര്യയോ ഭര്‍ത്താവോ കരാര്‍ ലംഘിച്ചാല്‍ സ്വാഭാവികമായും ആ കരാര്‍ ലംഘിക്കപ്പെടുകയും ഇരുവരും സ്വതന്ത്രരാക്കപ്പെടുകയും ചെയ്യും.’

ഇത് എന്തുകൊണ്ട് വിവാദമായി എന്നത് ചോദിച്ചാല്‍ ഇതിലെ കണ്ണായ ഭാഗം വളരെ കൃത്യമായി മാധ്യമങ്ങള്‍ ഉപയോഗിച്ചു എന്നതുകൊണ്ടാണ്. അതായത് സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ നോക്കണം എന്ന ഭാഗം സ്ത്രീകള്‍ വീട്ടുജോലികള്‍ മാത്രം ചെയ്തു വീട്ടില്‍ തന്നെ ഇരിക്കണം എന്ന് അദ്ദേഹം പറഞ്ഞതായാണ് മാധ്യമങ്ങള്‍ പറയുന്നത്.അതിനെ കുറച്ചു കൂടി ക്രിയേറ്റീവായി സ്ത്രീകള്‍ പുറത്തു പോയി ജോലി ചെയ്യുന്നത് വിലക്കണം എന്ന അര്‍ത്ഥത്തിലും ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഇതില്‍ രസകരമായ വസ്തുത എന്താണെന്നു വച്ചാല്‍ ചാനലുകള്‍ അദ്ദേഹത്തിന്‍റെ പ്രസംഗം മ്യൂട്ട് ചെയ്ത് അതിന്‍റെ വാര്‍ത്താപരിഭാഷ നല്‍കുകയാണ് ചെയ്തത് എന്നതാണ്. മോഹന്‍ ഭാഗവത് എന്താണ് പറഞ്ഞതെന്ന് കേള്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു വേണ്ടി പ്രസംഗത്തിന്‍റെ മായം ചേര്‍ക്കാത്ത വിഡിയോ ഇവിടെ നല്‍കുന്നു. 

http://www.youtube.com/watch?v=ocvG7sGWfTQ&feature=player_embedded

അടുത്തകാലത്തായി ഭീകരമായ സ്ത്രീപക്ഷവാദത്തിനടിമയായിട്ടുള്ള മാധ്യമങ്ങള്‍ ഈ പ്രസംഗത്തെ സ്ത്രീവിരുദ്ധമായി വ്യാഖ്യാനിച്ചത് എങ്ങനെയാണെന്ന് ഇനി ഞാന്‍ വ്യാഖ്യാനിക്കണ്ടതില്ലല്ലോ. ഭാര്യ കടമകള്‍ നിര്‍വഹിക്കുന്നില്ലെങ്കില്‍ ഭര്‍ത്താവിന് ഭാര്യയെയും ഭര്‍ത്താവ് കടമകള്‍ നിര്‍വഹിക്കുന്നില്ലെങ്കില്‍ ഭാര്യയ്‍ക്ക് ഭര്‍ത്താവിനെയും ഉപേക്ഷിക്കാമെന്ന പുരോഗമനവാദം പറഞ്ഞതിനാണ് അദ്ദേഹത്തെ മനുസ്മൃതിയുടെ വക്താവായി ചിത്രീകരിച്ചിരിക്കുന്നത്. ഭര്‍ത്താവ് കടമകള്‍ നിര്‍വഹിച്ചില്ലെങ്കില്‍ ഭാര്യയ്‍ക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കാം എന്ന ഓപ്ഷനും അദ്ദേഹം തുല്യപ്രാധാന്യത്തോടെ പറഞ്ഞിരിക്കുന്നത് മാധ്യമങ്ങള്‍ എന്തുകൊണ്ട് വിഴുങ്ങിക്കളഞ്ഞു ?

ഇനി അദ്ദേഹത്തിന്‍റെ പ്രസ്താവന മൊത്തത്തില്‍ വിലയിരുത്താം. വിവാഹം ഒരു സാമൂഹികരാറാണ് എന്നതില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് എനിക്കു തോന്നന്നില്ല. വിവാഹം ഒരു സാമൂഹിക കരാര്‍ തന്നെയാണ്. കുടുംബകോടതികള്‍ നിലവിലുള്ളതും വിവാഹത്തിന് നിയമസാധുത നല്‍കുന്നതും അതുകൊണ്ടാണല്ലോ. ഭാര്യ വീട്ടുകാര്യങ്ങള്‍ നോക്കണമെന്നതും ഭര്‍ത്താവ് കുടുംബം പുലര്‍ത്തണമെന്നുമുള്ള പ്രസ്താവനയാണ് പലരെയും ഞെട്ടിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ എങ്ങനെയാണ് ? സാധാരണ ഇന്ത്യക്കാരുടെ വീടുകളില്‍ വീട്ടുജോലികള്‍ ചെയ്യുന്നത് ആരാണ് ? കുടുംബം പുലര്‍ത്തുന്നതിനു വേണ്ടി പ്രധാനമായും സമ്പാദിക്കുന്നത് ആരാണ് ? വിവാഹജീവിതത്തില്‍ തുല്യതയും ഫെമിനിസവുമൊക്കെ നടപ്പായാലും അതിലുള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ തങ്ങളുടെ കടമകള്‍ നിര്‍വഹിച്ചില്ലെങ്കില്‍ സ്ഥിതിയെന്താവും. ഇനി, ഇത്തരത്തില്‍ കടമകള്‍ നിര്‍ഹിക്കാത്ത പങ്കാളികളെ ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ നിയമവ്യവസ്ഥ തന്നെ അവസരം നല്‍കുമ്പോള്‍ മോഹന്‍ ഭാഗവത് പറഞ്ഞത് കേട്ട് ചൂടാവേണ്ട കാര്യമെന്താണെന്നു മനസ്സിലാവുന്നില്ല. ഇതേ അഭിപ്രായം മാതാ അമൃതാനന്ദമയിയോ മാര്‍പ്പാപ്പയോ കാന്തപുരം അബൂബക്കര്‍ മുസല്യാരോ പറഞ്ഞിരുന്നെങ്കില്‍ മാധ്യമങ്ങള്‍ എന്തു നിലപാട് സ്വകരിച്ചേനെ എന്നത് സങ്കല്‍പിച്ചു നോക്കിയാല്‍ തന്നെ മനസ്സിലാവും.

മോഹന്‍ ഭാഗവത് പറഞ്ഞത് ന്യൂ ജനറേഷന്‍ ഇന്ത്യക്കാരോടല്ല, ഭാരതത്തിലെ സാധാരണക്കാരായ ആര്‍എസ്എസ്സുകാരോടാണ് എന്നതും വിസ്മരിക്കരുത്. അങ്ങനെ നോക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രസ്താവന പുരോഗമനപരമാണ്, വിപ്ലവകരമാണ്. അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ അടുക്കളയില്‍ കയറാത്ത, മക്കളെ നോക്കാത്ത ഔട്ടോസോഴ്സിങ് ഭാര്യമാരെ പിന്തുണയ്‍ക്കുകയും, വീട്ടുചെലവുകള്‍ക്ക് അഞ്ചപ പൈസ തരാത്ത ഭര്‍ത്താക്കന്‍മാരെയോര്‍ത്ത് അഭിമാനിക്കുകയും ചെയ്യുന്നവരായിരിക്കും എന്നു പ്രത്യാശിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക