Image

പ്രവാസി സംഘടനകള്‍ മാതൃക കാട്ടണം (ചാരുംമൂട്‌ ജോസ്‌)

Published on 10 January, 2013
പ്രവാസി സംഘടനകള്‍ മാതൃക കാട്ടണം (ചാരുംമൂട്‌ ജോസ്‌)
പ്രവാസികള്‍ ഏതു രാജ്യത്തായാലും നല്ല സംഘടനാതത്‌പരരും, രാജ്യത്തിനുവേണ്ടി നിരന്തരമായി സംഭാവനകള്‍ പല തലങ്ങളിലായി അര്‍പ്പിച്ച്‌ നാടിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നവരുമാണ്‌. കഴിഞ്ഞ 30 വര്‍ഷങ്ങളായി പ്രവാസി ഭാരതീയര്‍ നാടിന്റെ സമ്പദ്‌ഘടനയെ ഉയര്‍ത്തിപ്പിടിച്ച്‌ മറ്റുള്ള ലോകരാജ്യങ്ങള്‍ക്ക്‌ മാതൃകയായിരിക്കുന്നത്‌ എല്ലാ പ്രവാസികള്‍ക്കും അഭിമാനം നല്‍കുന്ന വസ്‌തുതയാണ്‌. ഇപ്പോള്‍ തന്നെ അറുനൂറിലേറെ പ്രവാസി സംഘടനകള്‍ വടക്കേ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഓരോ വില്ലേജിന്റേയും, പഠിച്ച കോളജിന്റേയും, തൊഴിലിന്റേയും പേരിലും സംഘടനകള്‍ എല്ലാ വിദേശത്തും അനുദിനം വര്‍ധിച്ചുവരികയാണ്‌. ഇക്കൂട്ടര്‍ മന്ത്രിമാരുള്‍പ്പടെയുള്ള നേതാക്കന്മാരെ ചെലവുകൊടുത്ത്‌ കൊണ്ടുവന്ന്‌ മത്സരിച്ച്‌ മത്സരിച്ച്‌ എടുത്ത ഫോട്ടോകള്‍ അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്‌.

ഇതൊക്കെ വളരെ നല്ലതുതന്നെ. പക്ഷെ സ്വന്തം നാട്ടിലുള്ള പാവങ്ങളെ സഹായിക്കാനോ, ആവശ്യങ്ങളില്‍ പ്രതികരിക്കാനോ, പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുക്കാനോ ശ്രമിക്കുന്നില്ല എന്നത്‌ ദുഖകരമാണ്‌. സഹൃദയരായ അനേകം വ്യക്തികള്‍ നാടിനുവേണ്ടി നല്ലതു ചെയ്യുന്നുണ്ട്‌. പക്ഷെ സംഘടനകള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വൈകുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. വരുന്നകാലങ്ങളില്‍ പ്രവാസികളുടെ ആവശ്യങ്ങളില്‍ കൂട്ടായ തീരുമാനങ്ങള്‍ എടുക്കാന്‍ എല്ലാ സംഘടനകളും മുന്‍കൈ എടുക്കണം.

പ്രവാസി വോട്ടവകാശം, നിയമസഭയിലേക്കും, പാര്‍ലമെന്റിലേക്കും ഓരോ പ്രവാസി പ്രതിനിധികള്‍, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍, പ്രവാസി യാത്രാദുരിതങ്ങള്‍, കസ്റ്റംസുകാരുടെ മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തികള്‍ തുടങ്ങിയ അനേകം വിഷയങ്ങളില്‍ ഒത്തൊരുമിച്ച്‌ കൂട്ടായി വാദിക്കാന്‍ വരുന്ന പ്രവാസി ദിവസിലെങ്കിലും സാധിക്കണം. എല്ലാ വര്‍ഷങ്ങളും കടന്നുപോകുന്നത്‌ രാഷ്‌ട്രീയ നേതാക്കന്മാരുടെ നിറവേറ്റപ്പെടാത്ത വാഗ്‌ദാനങ്ങള്‍ മാത്രമാണ്‌.

അടുത്ത പ്രവാസി മീറ്റിംഗില്‍ മാതൃസംഘടനകളായ ഫൊക്കാനയും ഫോമയും വേള്‍ഡ്‌ മലയാളി കൗണ്‍സിലും, ഗോപിയോയും ഒരേ ശബ്‌ദത്തില്‍ പ്രവാസി ആക്ഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന്‌ പ്രവാസികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കണം. വെറും മാധ്യമസൃഷ്‌ടികളായി രാജ്യത്തിനു പുറത്തുപോയി കഷ്‌ടപ്പെട്ട്‌ ഖജനാവിലേക്ക്‌ വിദേശ നിക്ഷേപം നേടിത്തരുന്ന സാധാരണക്കാരായ പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകരുത്‌ എന്ന്‌ വിനയപൂര്‍വ്വം വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ.

ജയ്‌ഹിന്ദ്‌

ചാരുംമൂട്‌ ജോസ്‌,

19 Steep hill Road, Nanuet, Newyork 10954. 914 282 0422, charummood@hotmail.com
പ്രവാസി സംഘടനകള്‍ മാതൃക കാട്ടണം (ചാരുംമൂട്‌ ജോസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക