Image

തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-5-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 10 January, 2013
തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-5-ജോസഫ് നമ്പിമഠം
പൊന്നുണ്ണീ, പൂങ്കരളേ
പൊന്നണയും പൊന്‍കതിരേ
ഓലയെഴുത്താണികളെ-
ക്കാട്ടിലെറിഞ്ഞിങ്ങണയു
(പൂതപ്പാട്ട്, ഇടശ്ശേരി ഗോവിന്ദന്‍നായര്‍ )

കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണുന്നതാണെന്‍ പരാജയം
(കുഞ്ഞുണ്ണി)

തന്നയല്‍പക്കത്തരവയര്‍ നിറയാപ്പെണ്ണിനു
പെരുവയര്‍ നല്‍കും മര്‍ത്ത്യനുസ്തുതിപാടുകനാം
(അയ്യപ്പപണിക്കര്‍, കുരുക്ഷേത്രം)

വര്‍ഗ്ഗങ്ങളറ്റ മനുഷ്യനാം കേവല-
സത്തയെസാക്ഷാത്ക്കരിക്ക നീ വിദ്യയാല്‍;

തെറ്റു ചെയ്തിട്ടു തിരുത്തുന്ന വാര്‍ദ്ധകം
തെറ്റൊഴിവാക്കി കുതിക്കട്ടെ യൗവ്വനം;
മാറ്റുക ചട്ടങ്ങള്‍ കുഞ്ഞേ! അവനിന്നെ
മാറ്റിടും മുമ്പ് നീ മാറുന്നതേ ശുഭം!
(വൃദ്ധവാക്യം, വിഷ്ണുനാരായണന്‍ നമ്പൂതിരി)

ഇവിടം ജീവിതസംഗ്രാമത്തിന്‍ ചുടലക്കളമോ?
ചുടുനീര്‍ക്കുളമോ?
ചന്തം തേട്ടിച്ചമയംകെട്ടിച്ചന്ദനഗന്ധം ചാറിയ സന്ധ്യകള്‍
ദീപമുഴിഞ്ഞു വഴിഞ്ഞ പ്രകാശം
അറവാതുക്കല്‍ പറകള്‍മറിഞ്ഞു നിറഞ്ഞ നിലാവത്ത്
ഓര്‍മ്മകളിന്നുമുറങ്ങിക്കോട്ടെ.
ഞാനീവഴിയിലൊരിത്തിരിനേര-
മിരുന്നെന്‍ കണ്ണുതിരുമ്മിക്കോട്ടേ-
('കടമ്മിട്ട'യെന്ന കവിത, കടമ്മനിട്ട രാമകൃഷ്ണന്‍)

നിരത്തില്‍ കാക്ക കൊത്തുന്നു-ചത്ത പെണ്ണിന്റെ
കണ്ണുകള്‍
മുലചപ്പിവലിക്കുന്നു-നരവര്‍ഗ്ഗനവാതിഥി
(ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, അക്കിത്തം)

ജനിച്ചനാള്‍ തുടങ്ങിയെന്നെയോമനിച്ചുതുഷ്ടിയോ-
ടെനിക്കു വേണ്ടതൊക്കെ നല്‍കിയാദരിച്ചലോകമേ
നിനക്കു വന്ദനം! പിരിഞ്ഞുപോയിടട്ടെ ഞാനിനി-
ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയെ വരിക്കുവാന്‍
(ലോകമേ യാത്ര, മേരി ജോണ്‍ തോട്ടം)
(സിസ്റ്റര്‍ മേരി ബനീഞ്ഞ)

അഞ്ചിതാംഗുലി കൊണ്ടുപിടിക്കയാല്‍
പ്പിഞ്ചുകൈയതില്‍പ്പൊന്‍ വളചാര്‍ത്തിച്ചും
തന്‍തലോടലാലാമുളച്ചുവരും
കുന്തളങ്ങളില്‍ കൈതപ്പൂചൂടിച്ചും
(നാലപ്പാട്ടു ബാലാമണിയമ്മ)

അരുണകരം തളിരിലയില്‍ - ഹരിതനിറം പകരുകയായ്
അതിലമരും കലകാണാന്‍-ഉണരുണരൂ മലരുകളെ
(മേരിജോണ്‍ കൂത്താട്ടുകുളം)
രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ
(രാത്രിമഴ,സുഗതകുമാരി)

പ്യൂണിന്റെ കയ്യില്‍നിന്നു പുഷ്പചക്രം കൈകൊണ്ടു
വാങ്ങിയോമനിച്ചൊരാ ദേഹത്തിലര്‍പ്പിക്കുമ്പോള്‍
കാര്യമന്വേഷിച്ചുപനേതാവുചൊല്‍വൂ കാതില്‍;
ക്യാമറക്കാരന്‍ കാപ്പികുടിക്കാന്‍ പൊയ്‌പ്പോയല്ലോ
തന്റെ പുഷ്പചക്രം തിരിച്ചെടുത്തു മന്ത്രീന്ദ്രന്‍ പോയ്
രണ്ടുവാക്കെന്തോ ചൊല്ലിയിരിപ്പൂ കസേരയില്‍
(ദിവ്യദുഃഖം, ചെമ്മനം ചാക്കോ)

ഒരു നാള്‍,
ചന്ദ്രികാചര്‍ച്ചിതമായൊരു രാത്രിവേളയില്‍
ശംഖുമുഖത്തെ തരിമണലില്‍ മലര്‍ന്നുകിടന്ന്
ഉറക്കത്തിലും ഉണര്‍വിനും മദ്ധ്യേ
എനിക്കൊന്നൂയലാടണമെന്നുണ്ട്

പതയുന്നൊരു കോപ്പക്കള്ളും എരിപൊരിയാല്‍
പുകയുന്നൊരു തൊടുകറിയും കൂട്ടി
പുലയാട്ടുവിളികള്‍ക്കു മറുതോറ്റം ചൊല്ലി,
തലയിലെ കെട്ടൊന്നഴിച്ചുകുടഞ്ഞ്
ഒടുക്കമൊരു സ്വപ്നത്തില്‍ ചവിട്ടി
ഇങ്ങെത്തിയാലോ, എന്നുമുണ്ട്…
(വളരെ ചെറിയ ചില മോഹങ്ങള്‍, റോസ്‌മേരി)

താമര വിദളിതമാവാന്‍ വിഭ്രമ-
മാര്‍ന്നൊരു നാഭിക്കുഴിയുടെ മാതിരി,
ശംഖഗദാപ്ദമങ്ങളടങ്ങിയ
ചക്രം മാതിരി, യങ്ങനെയങ്ങനെ
നിന്നുതിരിഞ്ഞൂനിത്യതപോലെ
അബോധം, ചുഴി അവിരാമ, മഭംഗം!
(പാലാഴിമഥനം, ചെറിയാന്‍ കെ.ചെറിയാന്‍)
തുഞ്ചന്‍ മുതല്‍ തുഞ്ചാണി വരെ(കാവ്യസരണി)-5-ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക