Image

വ്യത്യസ്‌തനായൊരു മുത്തോലത്തച്ചന്‍

Published on 25 May, 2011
വ്യത്യസ്‌തനായൊരു മുത്തോലത്തച്ചന്‍
ജോസ്‌ കണിയാലി
ചിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍മാരില്‍ ഒരാളും, രൂപതയിലെ ക്‌നാനായ റീജിയന്റെ ഡയറക്‌ടറും, ചിക്കാഗോയിലെ സേക്രട്ട്‌ ഹാര്‍ട്ട്‌, സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഇടവകകളുടെ വികാരിയുമായ മോണ്‍. എബ്രഹാം മുത്തോലത്ത്‌ മറ്റ്‌ വൈദികരില്‍നിന്നും വ്യത്യസ്‌തമായൊരു വ്യക്തിത്വത്തിന്റെ ഉടമയാണ്‌. വടക്കേ അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ ദശാബ്‌ദിയും, ക്‌നാനായ കത്തോലിക്കര്‍ക്ക്‌ സ്വന്തമായ കോട്ടയം രൂപതയുടെ ശതാബ്‌ദിയും ആഘോഷിക്കുന്ന 2011 ല്‍ ഈ രണ്ട്‌ സഭാഘടകങ്ങള്‍ക്കും അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നാനാജാതി മതസ്ഥരായ അനവധി പേര്‍ക്ക്‌ സാമ്പത്തികമായും ജീവകാരുണ്യപരമായും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള മുത്തോലത്തച്ചന്‍ അനുകരണീയമായൊരു മാതൃകാപുരുഷനാണ്‌. പൗരോഹിത്യ ശുശ്രൂഷയില്‍ 30 വര്‍ഷം പിന്നിട്ട അദ്ദേഹവുമായി ഇന്ത്യാ പ്രസ്‌ ക്ലബ്‌ ചിക്കാഗോ ചാപ്‌റ്റര്‍ നടത്തിയ മീറ്റ്‌ ദി പ്രസ്‌ പ്രോഗ്രാമിലെ പ്രസക്തമായ ഭാഗങ്ങള്‍:

വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്കര്‍ക്ക്‌ അടുത്തകാലത്ത്‌ ആദ്ധ്യാത്മികരംഗത്തുണ്ടായ കുതിച്ചുകയറ്റത്തിന്‌ നേതൃത്വം കൊടുക്കുന്നതില്‍ അച്ചനെ സഹായിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്‌?


ഒന്‍പതു ക്‌നാനായ മിഷന്‍ കഴിഞ്ഞ ആറുവര്‍ഷം കൊണ്ട്‌ 19 ക്‌നാനായ മിഷനുകളായി വളര്‍ന്നു. അവയില്‍ 8 മിഷനുകള്‍ സ്വന്തമായി പള്ളികള്‍ വാങ്ങി ഇടവകകളായി. ഇതിന്‌ അനുകൂല സാഹചര്യമൊരുങ്ങിയത്‌ 2001 ല്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത ഉണ്ടായതാണ്‌. അതുവരെ അമേരിക്കയിലെ ക്‌നാനായ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ലത്തീന്‍ സഭയുടെ ഭാഗമായിരുന്നു. രൂപതാദ്ധ്യക്ഷനായ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവ്‌ ഈ രൂപതയോടൊപ്പം അതിന്റെ ഭാഗമായ ക്‌നാനായ സമുദായത്തെയും പ്രോത്സാഹിപ്പിച്ചു.

പള്ളികള്‍ സ്ഥാപിച്ചപ്പോഴുണ്ടായ എതിര്‍പ്പുകളെ എങ്ങിനെ അതിജീവിച്ചു?

സീറോ മലബാര്‍ രൂപത ഉണ്ടാകുന്നതുവരെ ലത്തീന്‍ രൂപതകളുടെ കീഴില്‍ ക്‌നാനായ മിഷനുകള്‍ ഉണ്ടായിരുന്നെങ്കിലും ക്‌നാനായക്കാരുടെ ആത്മീയ ആവശ്യങ്ങള്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തിരുന്നത്‌ ക്‌നാനായ സംഘടനകളായിരുന്നു. എന്നാല്‍ ആ മിഷനുകളും, എല്ലാ ക്‌നാനായ കത്തോലിക്കരുടേയും അജപാലന ശ്രുശ്രൂഷഷയും സീറോ മലബാര്‍ രൂപത ഏറ്റെടുത്തതോടെ സംഘടനകളുടെ നല്ലൊരു പ്രവര്‍ത്തന മേഖല നഷ്‌ടമായി. അതിനാല്‍ സംഘടനകളുടെ പ്രവര്‍ത്തനം സാമുദായിക സാംസ്‌ക്കാരിക കലാ രംഗങ്ങളിലായി പരിമിതപ്പെടുത്തേണ്ടി വന്നു. ഈ പരിണാമം സംഘടനയും സഭയുടെ മിഷനും തമ്മിലുള്ള ഭിന്നതകള്‍ക്ക്‌ ആദ്യം കാരണമായി. എന്നാല്‍ സഭാ സാമുദായിക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കുവാന്‍ സാധിച്ചു.

ക്‌നാനായ റീജിയന്റെയും ചിക്കാഗോയിലെ രണ്ട്‌ ഇടവകകളുടേയും ചുമതലയോടൊപ്പം ആശുപത്രിയില്‍ ചാപ്ലെയിനായും എങ്ങിനെ സേവനം ചെയ്യുവാന്‍ കഴിയുന്നു?

അതിന്‌ ഒറ്റവാക്കിലുള്ള ഉത്തരം ``ഡെലഗേഷന്‍'' എന്നാണ്‌. നേതൃത്വം എന്നും എന്റെ പ്രിയപ്പെട്ട പഠനവിഷയമാണ്‌. എന്റെ നേതൃത്വ സങ്കല്‍പ്പമനുസരിച്ച്‌ എനിക്ക്‌ മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യുകയും മറ്റുള്ളവ കഴിവുള്ളവരെ ചുമതലപ്പെടുത്തി സ്വാതന്ത്ര്യവും പ്രോത്സാഹനവും നല്‍കുകയും ചെയ്യുന്നു. അമേരിക്കയില്‍ വളരെ കഴിവും ആത്മാര്‍ത്ഥതയും സമര്‍പ്പണമനോഭാവവുമുള്ള അത്മായ ശുശ്രൂഷകരുണ്ട്‌. അവരെ കണ്ടെത്തി തക്കസ്ഥാനത്ത്‌, തക്കസമയത്ത്‌ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയും വേണ്ട പരിശീലനവും ലക്ഷ്യബോധവും സ്വാതന്ത്ര്യവും നല്‍കുകയുമാണ്‌ ഞാന്‍ ചെയ്യുന്നത്‌. അതിനാല്‍ ഒരേസമയം നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ സാധിക്കും.

അമേരിക്കയില്‍ സഭാസേവനം ഏറ്റെടുക്കുന്നതിനുമുമ്പ്‌ ഞാന്‍ തുടങ്ങിയതാണ്‌ ആശുപത്രിയിലെ ചാപ്ലെയിന്‍ ശുശ്രൂഷ. അമേരിക്കന്‍ രീതികള്‍ മനസ്സിലാക്കുവാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുവാനും എന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫണ്ട്‌ സ്വന്തമായി സമാഹരിക്കാനും സഹായിക്കുന്നു.

അച്ചന്‍ ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ? അവയ്‌ക്കുള്ള പ്രചോദനം എന്താണ്‌?

കോട്ടയം അതിരൂപതയുടെ സോഷ്യല്‍ സര്‍വ്വീസ്‌ ഡയറക്‌ടറായി 1994 മുതല്‍ 2000 വരെ ഞാന്‍ സേവനം ചെയ്യുകയുണ്ടായി. അക്കാലത്ത്‌ നാനാജാതി മതസ്ഥരായ സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ളവരുടെ വിഷമതകള്‍ നേരിട്ട്‌ മനസ്സിലാക്കുവാനും അവര്‍ക്ക്‌ ശാസ്‌ത്രീയരീതയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനും കഴിഞ്ഞു. തൊഴില്‍ രഹിതരായ വനിതകള്‍, വിധവകള്‍, വികലാംഗര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, വൃദ്ധര്‍ എന്നിവര്‍ക്കുവേണ്ടി സ്വയാശ്രയസംഘങ്ങള്‍, ക്രെഡിറ്റ്‌ യൂണിയനുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍, സ്വയംതൊഴില്‍ കണ്ടെത്തല്‍ തുടങ്ങിയവ നടപ്പിലാക്കിയിരുന്നു. അവരില്‍ ചിലര്‍ പഞ്ചായത്ത്‌ മെമ്പര്‍മാരും പഞ്ചായത്ത്‌ പ്രസിഡന്റുമാരുമായി. അത്തരം അനുഭവങ്ങളില്‍നിന്നും ലഭിച്ച പ്രചോദനമാണ്‌ സാമൂഹ്യസേവനത്തിന്‌ എന്റെ സര്‍വ്വസ്വവും പങ്കുവയ്‌ക്കുവാന്‍ എനിക്ക്‌ പ്രചോദനമായത്‌. സോഷ്യല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ച്‌ അമേരിക്കയിലേക്ക്‌ പോന്നപ്പോള്‍ കൈയിലുണ്ടായിരുന്നതെല്ലാം അക്കാലത്ത്‌ ഞാന്‍ സംഘടിപ്പിച്ച 72 ഗ്രാമങ്ങളിലെ സ്വയാശ്രയസംഘങ്ങള്‍ക്ക്‌ കൊടുത്തിട്ടാണ്‌ പോന്നത്‌. ഇവിടെവന്ന്‌ ആശുപത്രിയിലും, പള്ളികളിലും സേവനം ചെയ്‌ത്‌ ലഭിച്ചതുമുഴുവനും കൊടുത്ത്‌ ചേര്‍പ്പുങ്കല്‍ ഗ്രാമത്തില്‍ 38 സെന്റ്‌ സ്ഥലം വാങ്ങി അഗാപ്പെ ഭവന്‍ എന്ന പേരില്‍ കെട്ടിടം നിര്‍മ്മിച്ച്‌ എന്റെ പൗരോഹിത്യസ്വീകരണത്തിന്റെ ജൂബിലിയുടെ ഓര്‍മ്മയ്‌ക്കായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിക്ക്‌ കൈമാറി. ഇന്ന്‌ അഗാപ്പെ ഭവന്‍ വികലാംഗര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍, വനിതാസ്വയാശ്രയസംഘങ്ങള്‍ എന്നിവര്‍ക്കുള്ള പരിശീലനകേന്ദ്രമായും തൊഴില്‍ സ്ഥാപനമായും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

പിതൃസ്വത്തായി ചേര്‍പ്പുങ്കലില്‍ എനിക്ക്‌ ലഭിച്ച രണ്ടേക്കറില്‍ താഴെവരുന്ന ഹൈവേയോടും, മീനച്ചിലാറിനോടും ചേര്‍ന്നുള്ള 7 കോടിയോളം വിലമതിക്കുന്ന സ്ഥലം കഴിഞ്ഞ ആഗസ്റ്റില്‍ കോട്ടയം അതിരൂപതയുടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിക്ക്‌ ഞാന്‍ കൈമാറി. അതില്‍ സമരിറ്റന്‍ സെന്റര്‍ എന്ന പേരില്‍ സ്വയാശ്രയസംഘങ്ങള്‍ക്കുള്ള `റിസോഴ്‌സസ്‌ ആന്റ ട്രെയിനിംഗ്‌' സെന്ററായി പ്രവര്‍ത്തിക്കത്തക്കവിധം 3 കോടി രൂപ മുതല്‍മുടക്കുള്ള ഒരു മൂന്നുനില കെട്ടിടത്തിന്റെ പണി ധൃതഗതിയില്‍ നടന്നുവരുന്നു. അടുത്ത ആഗസ്റ്റ്‌ 21 ന്‌ അതിന്റെ ഉദ്‌ഘാടനം ഉദ്ദേശിക്കുന്നു. ആ കെട്ടിടത്തിന്റെ മുതല്‍മുടക്കില്‍ 2 കോടി രൂപ എന്റെ സ്വന്തം അദ്ധ്വാനഫലമായി തവണകളായി അടച്ചതീര്‍ക്കുവാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇന്ത്യയുടെ അരുണാചല്‍ പ്രദേശിലുള്ള മിയാവു രൂപതയില്‍ പതിനായിരം ഡോളര്‍വീതം സംഭാവന നല്‍കി 4 പള്ളികള്‍ സ്ഥാപിക്കുവാനും എനിക്ക്‌ സാധിച്ചു. ഈ സഹായങ്ങളെല്ലാം മറ്റാരുടെയും സംഭാവന ചോദിക്കാതെ സ്വന്തം അദ്ധ്വാനഫലംവഴി നല്‍കിയതാണ്‌.

അച്ചന്റെ ജീവിതത്തില്‍ ആരാണ്‌ ഹീറോ?

യേശുക്രിസ്‌തുവാണ്‌ എന്റെ മാതൃകയും പ്രചോദനവും. ഈശോയുടെ ലക്ഷ്യബോധവും ദൃഢനിശ്ചയവും പ്രശ്‌നങ്ങളില്‍ പതറാതുള്ള ധൈര്യവും ദൈവത്തിനും, ദൈവജനത്തിനുംവേണ്ടി സഹിക്കുവാനും, ബലിയാകുവാനുള്ള സന്നദ്ധതയും എനിക്ക്‌ പ്രചോദനമാണ്‌. പ്രശ്‌നങ്ങളുടെ നെരിപ്പോടില്‍ എനിക്ക്‌ പ്രത്യാശയും ആശ്വാസവുമായത്‌ യേശുവിന്റെ ജീവിതാനുഭവമാണ്‌.

വടക്കേ അമേരിക്കയില്‍ ക്‌നാനായ സമുദായം നിലനില്‍ക്കുമോ?

നാം പരിശ്രമിച്ചാല്‍ നിലനില്‍ക്കും. ക്‌നാനായ പള്ളികള്‍ സ്ഥാപിച്ച്‌ മതബോധന പരിശീലനവും സ്വന്തമായ വിശ്വാസവും മൂല്യവും സംസ്‌ക്കാരവും പാരമ്പര്യവും യുവതലമുറയ്‌ക്ക്‌ നല്‍കിയാല്‍ അവര്‍ അത്‌ ഉള്‍ക്കൊള്ളുമെന്ന്‌ ഇതുവരെയുള്ള അനുഭവത്തിലൂടെ എനിക്കും സഹപ്രവര്‍ത്തകര്‍ക്കും ബോധ്യമായിട്ടുണ്ട്‌.

ക്‌നാനായക്കാര്‍ക്ക്‌ അമേരിക്കയില്‍ രൂപത ലഭിക്കുവാനുള്ള സാധ്യതയുണ്ടോ?

ക്‌നാനായക്കാര്‍ സ്വന്തം അജപാലകരാല്‍ നയിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നവരാണ്‌. 1911 ല്‍ ക്‌നാനായക്കാര്‍ക്ക്‌ മാത്രമായി കോട്ടയം മിസ്സം ഉണ്ടായി. അതിനാല്‍ സ്വാഭാവികമായും അമേരിക്കയിലും അവര്‍ സ്വന്തമായ ഒരു ക്‌നാനായ രൂപത ആഗ്രഹിക്കുന്നുണ്ട്‌. എന്നാല്‍ അതിന്‌ അഭിവന്ദ്യപിതാക്കന്മാരുടെ താല്‌പര്യവും മാര്‍പ്പാപ്പയുടെഅംഗീകാരവും ആവശ്യമാണ്‌. ക്‌നാനായ മിഷനുകളും പള്ളികളും ഇനിയും ഉണ്ടാകണം. സര്‍വ്വോപരി സഭയോടും സഭയുടെ നയത്തോടും യോജിച്ചുനിന്നേ അത്‌ സാധ്യമാകൂ.

അച്ചന്റെ കുടുംബ പശ്ചാത്തലം വിശദീകരിക്കാമോ?

പാലായ്‌ക്കടുത്ത്‌ ചേര്‍പ്പുങ്കല്‍ ഗ്രാമത്തില്‍ 1954 ലാണ്‌ ജനനം. 1980 ല്‍ കോട്ടയം രൂപതയില്‍ വൈദികനായി. മാതാപിതാക്കള്‍ ചാക്കോയും പരേതയായ അച്ചാമ്മയും. പിതാവ്‌ ഇപ്പോള്‍ ലോസ്‌ ആഞ്ചലസില്‍ സഹോദരന്‍ ജേക്കബിനോടൊപ്പം താമസിക്കുന്നു. അഞ്ച്‌ സഹോദരിമാരുണ്ട്‌. അവരില്‍ സിസ്റ്റര്‍ സാലി വിസിറ്റേഷന്‍ സന്യാസിനിയാണ്‌. ബാക്കിയുള്ളവര്‍ കാലിഫോര്‍ണിയയിലാണ്‌.

ലോസ്‌ ആഞ്ചല്‍സിലെ ലയോള മേരി മൗണ്ട്‌ യൂണിവേഴ്‌സിറ്റിയില്‍നിന്നും ടെലിവിഷന്‍ പ്രൊഡക്ഷനില്‍ എം.എ. ബിരുദം നേടി. നിങ്ങള്‍ക്കും നേതാവാകാം, നേതൃത്വപരിശീലനം, വൈദികനേതൃത്വം, ബൈബിള്‍ ഗെയിംസ്‌, എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. `ഡോളര്‍' എന്ന സിനിമയുടെ തിരക്കഥാകൃത്തുമാണ്‌.

മീറ്റ്‌ ദി പ്രസ്‌ പ്രോഗ്രാമില്‍ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവക പി.ആര്‍.ഒ. ജോസ്‌ കണിയാലി, സെന്റ്‌ മേരീസ്‌ ഇടവക ട്രസ്റ്റിമാരായ പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌, ജോണ്‍ പാട്ടപ്പതി എന്നിവരും പങ്കെടുത്തു. ഇന്ത്യാ പ്രസ്‌ ചിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ബിജു സക്കറിയ സ്വാഗതവും സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍ കൃതജ്ഞതയും പറഞ്ഞു. മാധ്യമ പ്രതിനിധികളായ ശിവന്‍ മുഹമ്മ, ജോയിച്ചന്‍ പുതുക്കുളം, മാത്തുക്കുട്ടി ആലുംപറമ്പില്‍, ബിജു കിഴക്കേക്കുറ്റ്‌, ചാക്കോ മറ്റത്തിപറമ്പില്‍, അരുണ്‍ നായര്‍ എന്നിവരും സന്നിഹിതരായിരുന്നു.

വ്യത്യസ്‌തനായൊരു മുത്തോലത്തച്ചന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക