Image

സ്‌നേഹ (കവിത)- ശങ്കര്‍ നാരായണന്‍

ശങ്കര്‍ നാരായണന്‍ Published on 10 January, 2013
സ്‌നേഹ (കവിത)- ശങ്കര്‍ നാരായണന്‍
ആയിരം കണ്ഠങ്ങളില്‍ നിന്നുയരും-
നാരായണ മന്ത്രം മുഴങ്ങി നില്‍ക്കേ
ഗുരുവായൂരപ്പന്റെ സന്നിധിയില്‍
ഞാന്‍ മടിയിലിരുത്തി പൊന്നോമനയേ..

ഗുരുവായൂരപ്പനെ സാക്ഷി നിര്‍ത്തി
ഞാന്‍ മന്ത്രമധുരമാപ്പേര്‍ വിളിച്ചു
ഗുരുവായൂരപ്പനെ സാക്ഷി നിര്‍ത്തി
ഞാന്‍ "സ്‌നേഹ" എന്നോമന പ്പേര്‍ വിളിച്ചു.

കൊച്ചു ഹൃദയത്തില്‍ സ്‌നേഹ കടലുമായവള്‍
പിച്ചവച്ചങ്ങിനെ വളര്‍ന്നുയര്‍ന്നു.
ആവോളം സ്‌നേഹം പകര്‍ന്നും, നുകര്‍ന്നും
"അമ്മമ്മ…നിഴലായി പിന്നാലെയും.

ഇന്നതേ ചെയ്യാവൂ… ഇന്നതേ ചൊല്ലാവൂ…
അടക്കവും, ഒതുക്കവും വേണമെന്നും
സ്‌നേഹിക്കുക ബന്ധുമിത്രാദികളെയും…
സ്‌നേഹിക്കുക സര്‍വ്വ ജീവജാലങ്ങളേയും..
എന്നിത്യാതി ഒരായിരം കാര്യങ്ങളൊക്കെയും
അമ്മമ്മ ഓതിക്കൊണ്ടേയിരുന്നു.

സന്ധ്യയ്ക്ക് ദേഹശുദ്ധി വരുത്താനും
തുളസിത്തറയില്‍ ദീപം തെളിയിക്കാനും
നാമജപങ്ങള്‍ മുടങ്ങാതെ നടത്താനും
അമ്മമ്മ ഓതിക്കൊണ്ടേയിരുന്നു…

കാലങ്ങളേറെ കടന്നുപോയി..പിന്നെ
അമ്മമ്മ ഒരു നാളില്‍ തളര്‍ന്നു വീണു.
ദിനരാത്രങ്ങള്‍ വീണ്ടും കടന്നുപോയി
മരുന്നു, മന്ത്രങ്ങളൊന്നും ഫലിക്കാതെയായ്
കിടക്കും, കിടപ്പില്‍ വൃണങ്ങളുമായ് ദേഹം
പിന്നെ വൈദ്യമാരൊക്കെയും കയ്യൊഴിഞ്ഞു.

സ്‌നേഹത്തിന്‍ കരുത്താര്‍ജ്ജിച്ചു “സ്‌നേഹമോള്‍”
അമ്മമ്മയ്ക്കരുകിലായ് എപ്പോഴും കാവല്‍ നിന്നും.
സ്‌നേഹത്തില്‍ തൂവല്‍ വിശറി വീശി.. വീശി…
സാന്ത്വനിച്ചാശ്വാസ മേകി നിന്നു.

ദിനരാത്രങ്ങള്‍ വീണ്ടും കൊഴിഞ്ഞുവീണു.
കാര്‍മേഘങ്ങള്‍ മാനത്തുരുണ്ടു നിന്നു
അന്നൊരുനാള്‍ സൂര്യനുദിയ്ക്കും മുന്‍പേ
അമ്മമ്മ കൂടും വെടിഞ്ഞെങ്ങോ പോയ്മറഞ്ഞു.

കാലചക്രങ്ങള്‍ വീണ്ടും കറങ്ങിനീങ്ങി
കാര്‍മേഘങ്ങളൊക്കെയും പെയ്തുപോയി
കാണാമറയത്തങ്ങെവിടെ നിന്നോ
അമ്മമ്മ അനുഗ്രഹം ചൊരിഞ്ഞു നിന്നു.

ഋതുക്കള്‍ മാറി, വസന്തം വന്നുവീണ്ടും…
നിര്‍മ്മലമാം ദിനരാത്രങ്ങളും
പോക്കു വെയിലെങ്ങോ പോയ്മറഞ്ഞു
കുങ്കമച്ഛായ പടര്‍ത്തിവന്നെത്തി സായംസന്ധ്യ.

സ്‌നേഹം തേടി, തേടിയലഞ്ഞൊടുവില്‍ …
അന്നൊരു രാജകുമാരനെ വീട്ടിലെത്തി
സ്‌നേഹ ദീപവുമേന്തി താന്‍ മുന്നില്‍ നില്‍ക്കും
"സ്‌നേഹ"യെ അന്നവന്‍ കണ്ടുമുട്ടി.

സ്‌നേഹത്തിന്‍ തീഷ്ണതന്‍ ഉജ്ജ്വല ജ്വാലയില്‍
സര്‍വ്വസങ്കല്പങ്ങളും സമന്വയിക്കേ-
നോക്കിലും, വാക്കിലും, ഹൃദയങ്ങള്‍ തമ്മിലും
ഒന്നാണെന്ന സത്യമവര്‍ തിരിച്ചറിഞ്ഞു.

വള്ളുവനാട്ടിലൊരു വെള്ളിവെളുപ്പിന്
“സിമില്‍” അന്നു “സ്‌നേഹയ്ക്കായ്” താലിചാര്‍ത്തി
സര്‍വ്വാനുഗ്രഹങ്ങളും ഏറ്റുവാങ്ങി, പിന്നെ
ചിത്രശലഭങ്ങളായ്, ജീവിത പൂങ്കാവനത്തിലേറി

സ്‌നേഹത്തിന്‍ നെയ്ത്തിരി നാളമെന്നും ജ്വലിക്കട്ടെ.
ഓര്‍ക്കും നിങ്ങളെ നിദ്രയിലും.. ഞാന്‍ സര്‍വ്വമംഗളം നേര്‍ന്നിടുന്നു.
സ്‌നേഹ (കവിത)- ശങ്കര്‍ നാരായണന്‍
സ്‌നേഹ
സ്‌നേഹ (കവിത)- ശങ്കര്‍ നാരായണന്‍
ശങ്കര്‍ നാരായണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക