Image

ബലാല്‍സംഗത്തെ നേരിടാന്‍ ചില മുന്‍കരതലുകള്‍ (ജി. പുത്തന്‍കുരിശ്‌)

Published on 10 January, 2013
ബലാല്‍സംഗത്തെ നേരിടാന്‍ ചില മുന്‍കരതലുകള്‍ (ജി. പുത്തന്‍കുരിശ്‌)
കേരളത്തില്‍ ബലാല്‍സംഗത്തിനിരയായി മരിച്ച ആര്യയും, ഏകദേശം രണ്ടുമണിക്കൂറോളം ഓടികൊണ്ടിരിക്കുന്ന വാഹനത്തില്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയായി മരിച്ച ഡല്‍ഹിയിലെ ജ്യോതിയും, ഒഹയോയില്‍ ഒരു യുവതിയുടെമേല്‍ ഈ അടുത്ത ദിവസം നടന്ന ബലാല്‍സംഗവുമെല്ലാം മനുഷ്യമനസ്സില്‍ ഒരിക്കലും മായാത്ത ക്രൂരതയുടെയും വേദനയുടേയും ചിത്രങ്ങള്‍ വരയ്‌ക്കുമ്പോള്‍, നാം ഒരോത്തരും, പ്രത്യേകിച്ച്‌ സ്‌ത്രികള്‍ സുരക്ഷിതാബോധത്തെക്കുറിച്ച്‌ ജാഗ്രതയുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകതയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. ഏതു സമയത്ത്‌ ആരുടെമേലാണ്‌ ഈ ഹിംസ്രജന്തുക്കള്‍ ചാടിവീഴുന്നതെന്ന്‌ ആര്‍ക്കും ഉറപ്പില്ലാത്തതുകൊണ്ട്‌, നമ്മളുടെ ചുറ്റുപാടുകളെക്കുറിച്ച്‌ ബോധവതികള്‍ ആയിരിക്കുക എന്നതാണ്‌ ഇതിനെതിരായുള്ള ഏറ്റവും നല്ല പ്രതിരോധം.

ബലാല്‍സംഗ സ്വഭാവമുള്ളവര്‍ക്ക്‌ തങ്ങളുടെ ഇരകള്‍ ഇന്ന വ്യക്‌തിയായിരിക്കണം എന്ന്‌ നിബന്ധനകള്‍ ഇല്ല. അവരുടെ ക്രൂരമായ കണ്ണുകള്‍ അവസരങ്ങള്‍ക്കായി നോക്കിക്കൊണ്ടിരിക്കുന്നു
അവസരം ഒത്തു കിട്ടുമ്പോള്‍ ഇരകളുടെമേല്‍ ചാടിവീഴുകയും ചെയ്യുന്നു. ചുറ്റുപാടുകളെക്കുറിച്ച്‌ ചിന്തിക്കാതെ സ്വന്തം കാര്യങ്ങളില്‍ വ്യപൃതരായിരിക്കുന്നവരാണ്‌ കൂടുതല്‍ സമയവും അക്രമികളുടെ ഇരയായി മാറുന്നത്‌. ഇത്തരം സാഹചര്യത്തില്‍ കുടുംബമായും വ്യക്‌തികളായും എടുക്കേണ്ടുന്ന ചില മുന്‍കരുതലുകളെക്കുറിച്ചാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌. കുടംബങ്ങളില്‍ എല്ലാവരും ചേര്‍ന്നിരുന്ന്‌ ഈ വിഷയങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടത്തുന്നത്‌ ഏറ്റവും ഉചിതമായിരിക്കും.

ഒന്നാമതായി അപരിചിതരായവര്‍ക്കായി വാതില്‍ തുറക്കുകയൊ വീട്ടില്‍ പ്രവേശിപ്പിക്കുകയൊ ചെയ്യാതിരിക്കുക. പല കച്ചവടക്കാരും കാലവും സമയവും നോക്കാതെ വാതിലില്‍ മുട്ടുമ്പോള്‍, വാതില്‍ തുറന്ന്‌ സംസാരിക്കാനുള്ള ഒരു പ്രവണതയാണ്‌ നമ്മളില്‍ പലര്‍ക്കുമുള്ളത്‌. ഇത്‌ അപകടത്തെ വിളിച്ചു വരുത്തുവാന്‍ വഴിയൊരുക്കുന്നു. വാതില്‍ തുറക്കാതെ പീപ്പ്‌ ഹോളിലൂടെ നോക്കി വ്യക്‌തിയാരാണെന്ന്‌ മനസ്സിലാക്കുക. ഗ്ലാസ്‌ ഡോറിലൂടെയാണെങ്കില്‍ വാതില്‍ തുറക്കാതെതന്നെ കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയും. ബലംപ്രയോഗിച്ച്‌ അകത്ത്‌ പ്രവേശിക്കാന്‍ ശ്രമം നടക്കുന്നെങ്കില്‍, എമര്‍ജന്‍സിയായി പൊലീസിനെ വിളിക്കതക്കരീതിയില്‍ കൈയില്‍ എപ്പോഴും ടെലിഫോണ്‍ കരുതിയിരിക്കുന്നതും നല്ലതാണ്‌.

ജോലി കഴിഞ്ഞും ഷോപ്പിങ്ങ്‌ കഴിഞ്ഞും വീട്ടില്‍ പ്രവേശിക്കുന്നതിന്‌ മുന്‍പ്‌, വീടിന്റെ ചുറ്റുപാടുകള്‍ സസൂഷ്‌മം പരിശോധിക്കുകയും അപരിചിതര്‍, അപരിചതമായി പാര്‍ക്ക്‌ ചെയ്യിതിരിക്കുന്ന കാറുകള്‍, അതില്‍ വ്യക്‌തികളൊ ഉണ്ടെങ്കില്‍ വീട്ടില്‍ പ്രവേശിക്കാതെ പൊലിസിനെ വിളിച്ച്‌ വിവരം പറയുക. ഷോപ്പിങ്ങ്‌ സെന്ററുകളില്‍ പാര്‍ക്കു ചെയ്യുമ്പോള്‍, പ്രത്യേകിച്ച്‌ ഒറ്റക്കായിരിക്കുമ്പോള്‍, മറ്റുള്ളവര്‍ കാണതക്കരീതിയില്‍ പാര്‍ക്കു ചെയ്യുക. ഷോപ്പിങ്ങ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്‍, കാറില്‍ പ്രവേശിക്കുന്നതിന്‌ മുന്‍പ്‌ ചുറ്റും കണ്ണോടിച്ച്‌ സംശയാസ്‌പദമായ എന്തെങ്കിലും നടക്കുന്നുണ്ടൊയെന്ന്‌ വിലയിരുത്തേണം. ഷോപ്പിങ്ങിന്‌ പോകുമ്പോള്‍ മറ്റൊരാളേയും കൂട്ടിപോകുന്നത്‌ നല്ലതായിരിക്കും.

വാഹനത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ എത്രയും പെട്ടന്ന്‌ ഡോര്‍ ലോക്ക്‌ ചെയ്യുക. റെഡ്‌ ലൈറ്റ്‌ മാറാനായി വെയിറ്റു ചെയ്യുമ്പോള്‍ മറ്റൊരാള്‍ക്ക്‌ അകത്ത്‌ പ്രവേശിക്കാന്‍ അവസരം ഉണ്ടാക്കാതിരിക്കുക. അതുപോലെതന്നെ വിന്‍ഡ്‌ഷീല്‍ഡും അടച്ചിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക. സ്‌റ്റോപ്പ്‌ സൈനിലും, റെഡ്‌ ലൈറ്റിലും വാഹനം നിറുത്തുമ്പോള്‍, തൊട്ടടുത്ത ഡ്രൈവര്‍ക്ക്‌ നമ്മളെ ശ്രദ്ധിക്കാതിരിക്കാതിരിക്കാന്‍ സാഹചര്യം കൊടുക്കാത്തവിധം സമാന്തരമായി വാഹനം നിറുത്താതിരിക്കുക.

ബലാല്‍സംഗക്കാരന്‌ ഒരു പക്ഷെ നമ്മളുടെ സങ്കല്‌പത്തിലെപോലെയുള്ള മുഖച്ഛായ ഉണ്ടായിരിക്കണം എന്ന്‌ നിര്‍ബന്ധമില്ല. അത്‌ ആരുമാകാം. പരിചയമുള്ള സുഹൃത്തായിരിക്കാം. ഒരു പക്ഷെ സഹപ്രവര്‍ത്തകനൊ, ബോയ്‌ ഫ്രണ്ടൊ ആയിരിക്കാം. ആരായിരുന്നാലും ആദ്യമായി രക്ഷപെടാന്‍ നോക്കുക, രണ്ടാമതായി കീഴടങ്ങാതിരിക്കുക, മൂന്നാമതായി തണുത്തു മരവിച്ചതിന്‌ തുല്യമാകുക. (ഫൈളയ്‌റ്റ്‌, ഫൈയറ്റ്‌, ഫ്രീസ്‌). ഏറ്റവും ശബ്‌ദത്തില്‍ അലറിവിളിക്കുകയും, ഭ്രാന്തിയെപോലെ പെരുമാറുന്നതും രക്ഷപെടാനായുള്ള തന്ത്രങ്ങളായി പലരും ഉപയോഗിക്കാറുണ്ട്‌. എന്തായാലും ഏറിവരുന്ന ബലാല്‍സംഗത്തെക്കുറിച്ചും അതിനെ നേരിടേണ്ട വിധങ്ങളെക്കുറിച്ചും സമൂഹത്തിന്റ വിവിധ മണ്ഡലങ്ങളിലും ദേവാലയങ്ങളിലുമൊക്കെ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും ബോധവല്‍ക്കരിക്കപ്പെടുകയും ചെയ്യേണ്ട ഒരു വിഷയമാണെന്നതിന്‌ സംശയമില്ല.

ഡല്‍ഹിയുടെ വീഥികളില്‍ ഉയര്‍ന്നുകേട്ട ശബ്‌ഭം കെട്ടടങ്ങി പോകാതിരിക്കണമെങ്കില്‍, അത്‌ ഒരോ വ്യക്‌തികളുടേയും ശബ്‌ദമായി മാറണം. ഒരോ ഇരുപത്തി രണ്ടു മിനിറ്റിലും ഇന്ത്യയില്‍ ഒരു ബലാല്‍സംഗം വച്ചു നടക്കുന്നു എന്നാണ്‌ കണക്കുകള്‍ രേഖപ്പെടുത്തുന്നത്‌. ഏകദേശം ഇുപത്തിനാലായിരം സ്‌ത്രീകളാണ്‌ രണ്ടായിരത്തി പതിനൊന്നില്‍ ബലാല്‍സംഗത്തിന്‌ ഇരയായത്‌. ഡല്‍ഹിയില്‍ മാത്രം അറുനൂറ്‌ ബലാല്‍സംഗ കേസുകളില്‍ ഒരെണ്ണം മാത്രമെ ശിക്ഷിക്കപ്പെട്ടിട്ടുള്ളു. ദുഷിപ്പിക്കപ്പെട്ട പോലിസ്‌ ഉദ്യോസസ്ഥന്മാരും ഭരണാധികാരികളും ഈ കാര്യത്തില്‍ ഒരുപ്പോലെ കുറ്റവാളികളാണ്‌. സ്വന്തം ഭവനത്തില്‍ ഭാര്യയേയും, അമ്മയേയും, സഹോദരിയേയും കാണുന്ന കണ്ണുകള്‍ വീടിന്‌ പുറത്ത്‌ ഒരു സ്‌ത്രീയെ എങ്ങനെ കാണുന്നുവെന്ന്‌ ഓരോ പുരുഷന്മാരും വിലയിരുത്തേണ്ടിയിരിക്കുന്നു. അതോടൊപ്പം അക്രമികളോട്‌ ചെറുത്ത്‌ നിന്ന്‌ വീരമൃത്യു അടഞ്ഞ ജ്യോതി എന്ന ദീരവനിത പുരുഷ ഹൃദയങ്ങളിലെ അന്ധകാരത്തെ തുടച്ചു മാറ്റുന്ന ഒരു ജ്യോതിസ്സായി വിളങ്ങട്ടെയെന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ബലാല്‍സംഗത്താല്‍ തകര്‍ക്കപ്പെടുന്നത്‌ ഒരു സ്‌ത്രീയുടെ ആത്‌മാഭിമാനവും സ്വയം അവളിലുള്ള വിശ്വാസവും ജീവിതവുമാണ്‌. ഒരു കോടാലി അത്‌ വെട്ടി വീഴ്‌ത്തുന്ന മരത്തെ ഓര്‍ത്തെന്നിരിക്കില്ല എന്നാല്‍ വെട്ടി വീഴ്‌ത്തപ്പെടുന്ന മരത്തിന്‌ അത്‌ ഒരിക്കലും മറക്കാന്‍ കഴിയില്ലല്ലോ? (ആഫ്രിക്കന്‍ പഴമൊഴി)
ബലാല്‍സംഗത്തെ നേരിടാന്‍ ചില മുന്‍കരതലുകള്‍ (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക