Image

വിജയപുരം രൂപതാ മുന്‍ മെത്രാന്‍ ഡോ. പീറ്റര്‍ തുരുത്തിക്കോണത്ത്‌ കാലംചെയ്‌തു

Published on 05 September, 2011
വിജയപുരം രൂപതാ മുന്‍ മെത്രാന്‍ ഡോ. പീറ്റര്‍ തുരുത്തിക്കോണത്ത്‌ കാലംചെയ്‌തു
കൊച്ചി: വിജയപുരം രൂപതയുടെ മുന്‍ ബിഷപ്പ്‌ ഡോ പീറ്റര്‍ തുരുത്തിക്കോണത്ത്‌ കാലംചെയ്‌തു. ഇന്ന്‌ രാവിലെയാണ്‌ അന്ത്യം. 82 വയസ്സായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

വിജയപുരം രൂപതയുടെ നാലാമത്തെയും രൂപതയില്‍നിന്നുള്ള ആദ്യത്തെയും ബിഷപ്പായിരുന്നു ഡോ.പീറ്റര്‍ തുരുത്തിക്കോണം. ദളിത്‌ ക്രൈസ്‌തവര്‍ ഏറ്റവും കൂടുതലുള്ള കേരളത്തിലെ രൂപതയായ വിജയപുരത്തിന്റെ ഇടയനെ പാവങ്ങളുടെ പിതാവെന്നാണു സമൂഹം വിശേഷിപ്പിക്കുന്നത്‌.

പത്തുവര്‍ഷത്തോളം സിബിസിഐയിലും കെസിബിസിയിലും എസ്‌സി/എസ്‌ടി പിന്നോക്ക കമ്മീഷന്‍ ചെയര്‍മാനുമായിരുന്നു. 1929 ഓഗസ്‌റ്റ്‌ ഒന്നിന്‌ തിരുവല്ല വള്ളംകുളം തുരുത്തിക്കോണത്ത്‌ ജോസഫിന്റെയും ഏലിയാമ്മയുടെയും പുത്രനായി പിറന്ന ഇദ്ദേഹത്തിനു വൈദികവൃത്തിയിലേക്ക്‌ ഇറങ്ങാന്‍ പ്രേരകമായതു ഫാ.ജോണ്‍ ഒഐസിയാണ്‌. 1950-ല്‍ മൈനര്‍ സെമിനാരിയായ മിഷന്‍ ഹോമില്‍ ചേര്‍ന്നു. രണ്‌ടുവര്‍ഷത്തിനു ശേഷം മംഗലപ്പുഴ മേജര്‍ സെമിനാരിയിലെത്തി. 1959 മാര്‍ച്ച്‌ 12-നു വൈദികപട്ടം സ്വീകരിച്ചു. 1959 മാര്‍ച്ച്‌ 19-നു സ്വന്തം ഇടവകയായ തിരുവല്ല സെന്റ്‌ ജോസഫ്‌സ്‌ ദേവാലയത്തില്‍ പ്രഥമബലി അര്‍പ്പിച്ചു. തിരുവഞ്ചൂര്‍ പള്ളിവികാരിയായാണ്‌ ആദ്യനിയമനം. 1966-ല്‍ വിജയപുരം രൂപത സെക്രട്ടറിയുടെയും ചാന്‍സലറുടെയും ചുമതലയേറ്റു.

1971-ല്‍ ഡോ.കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കല്‍ വിജയപുരം ബിഷപ്പായി സ്ഥാനമേറ്റ ശേഷം അദ്ദേഹത്തിന്റെ സഹായിയായി. 1987-ല്‍ ഫാ.പീറ്റര്‍ വിജയപുരം രൂപത അഡ്‌മിനിസ്‌ട്രേറ്ററായി. 1988 ഓഗസ്‌റ്റ്‌ നാലിനു വിജയപുരം രൂപതയുടെ ഇടയനായി സ്ഥാനമേറ്റു.
വിജയപുരം രൂപതാ മുന്‍ മെത്രാന്‍ ഡോ. പീറ്റര്‍ തുരുത്തിക്കോണത്ത്‌ കാലംചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക