Image

വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 3-എ.സി.ജോര്‍ജ്

എ.സി.ജോര്‍ജ് Published on 14 January, 2013
വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 3-എ.സി.ജോര്‍ജ്
“മലയാളത്തിന്റെ കവിതാകാലങ്ങള്‍” എന്ന സെമിനാറിലെ മുഖ്യ പ്രഭാഷകന്‍ ഓ.എന്‍ .വി. ആയിരുന്നു. മലയാളഭാഷയെ തുരങ്കം വെക്കുന്നത് സ്ഥാപിത താല്പര്യക്കാരാണ് . മലയാള ഭാഷ സംസാരിക്കുന്നതുതന്നെ ഇന്ന് ഒരപമാനമായിരിക്കുന്നു. ജ്ഞാനപീഠ ജേതാവ് പറഞ്ഞു. കനകക്കുന്നു കൊട്ടാരത്തില്‍ നടന്ന സെമിനാറില്‍ സച്ചിതാനന്ദന്‍, എം.ഡി. രാജേന്ദ്രന്‍, ഡോ. കെ.പി. ദിലീപ് കുമാര്‍, ഡോ. എം.ബി. മനോജ് എന്നിവര്‍ സംസാരിച്ചു.

വി.ജെ.ടി. ഹാളില്‍ ആചാര്യവന്ദനം പരിപാടിയിലെ മുഖ്യാതിഥി കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു. മലയാള സാഹിത്യരംഗത്തെ ആചാര്യന്മാരായ ഓ.എന്‍ .വി. കുറുപ്പ്, എം.ടി. വാസുദേവന്‍ നായര്‍, സുഗതകുമാരി, ടി. പത്മനാഭന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, കാവാലം നാരായണപ്പണിക്കര്‍ എന്നിവരെ സാംസ്ക്കാരിക വകുപ്പിനും സാഹിത്യ അക്കാദമിക്കും വേണ്ടി മുഖ്യമന്ത്രി പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു.

“പുതുതലമുറ സിനിമകള്‍ ” മലയാള ഭാഷയെ മലിനീകരിക്കുന്നു എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ “നാം നമ്മുടെ സിനിമ” എന്ന പൊതുചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടത്. കൈനകരി ഷാജി, വിജയകൃഷ്ണന്‍, ബാലു കിരിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ചേംബറിലായിരുന്നു സം‌വാദവും ഓപ്പണ്‍ ഫോറവും. ചന്ദ്രശേഖരന്‍ നായര്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലായിരുന്നു “നവ മാധ്യമ സംസ്ക്കാരം” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ .

നവമാധ്യമങ്ങള്‍ ഡിജിറ്റല്‍ മുതലാളിത്തം സൃഷ്ടിക്കുകയാണെന്ന് ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം ചെയര്‍മാന്‍ ശശികുമാര്‍ തന്റെ മുഖ്യ പ്രസംഗത്തില്‍ പറഞ്ഞു. മാധ്യമം പത്രാധിപര്‍ ഓ. അബ്ദുല്‍‌റഹ്മാന്‍, പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ .പി. രാജേന്ദ്രന്‍, ദൂരദര്‍ശന്‍ ഡപ്യൂട്ടി ഡയറക്ടര്‍ പി.കെ. സുഭാഷ്, ആകാശവാണി ഡയറക്ടര്‍ കെ.എ. മുരളീധരന്‍, അമേരിക്കയിലെ പത്രലേഖനരചനാദ്ധ്യാപകന്‍ ഡോ. ജോര്‍ജ്ജ് തോട്ടം എന്നിവരുടെ പ്രസംഗത്തിനു ശേഷം വാശിയേറിയ തുറന്ന ചര്‍ച്ചയായിരുന്നു.

വിശ്വമലയാള മഹോത്സവത്തിന്റെ ഒന്നാം ദിവസം വൈകുന്നേരം ചന്ദ്രശേഖരന്‍ നായര്‍ പ്രധാന ഓഡിറ്റോറിയത്തില്‍ “അമൃതം ഗായത്രി” ഫ്യൂഷന്‍ സംഗീതമായിരുന്നു. രമേശ് നാരായണന്‍, ശങ്കരന്‍ നമ്പൂതിരി, സ്റ്റീഫന്‍ ദേവസ്സി, ആറ്റുകാല്‍ ബാലസുബ്രഹ്മണ്യം തുടങ്ങിയ പ്രതിഭകള്‍ പങ്കെടുത്ത പരിപാടിയോടെ ഒന്നാം ദിവസത്തെ ചടങ്ങുകള്‍ക്ക് തിരശ്ശീല വീണു.

രണ്ടാം ദിവസം കനകക്കുന്നു കൊട്ടാരത്തില്‍ നടത്തിയ “മാതൃഭാഷാദ്ധ്യായനം” എന്ന സെമിനാറിന്‌ നേതൃത്വം നല്‍കിയത് വളരെ കാലം ന്യൂയോര്‍ക്കിലും, ഫിലാഡല്‍‌ഫിയയിലും പ്രവാസ ജീവിതം നയിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രൊഫ. കോശി തലയ്ക്കല്‍ ആയിരുന്നു. അമേരിക്കയില്‍ എത്തുന്നതിനു മുന്‍പ് അദ്ദേഹം മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ മലയാളം വിഭാഗം തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാഷാദ്ധ്യായന സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ച പ്രൊഫ. ബി. ഹൃദയകുമാരി ഭാഷയുടെ ശുദ്ധിയും മേന്മയിലും ശ്രദ്ധ ആവശ്യമാണെന്ന് സ്ഥാപിച്ച് പ്രസംഗിച്ചു. പി.കെ. തിലക്, പി. പ്രേമചന്ദ്രന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അമ്പലപ്പുഴ ഗോപകുമാര്‍, എം.സി. രാജേന്ദ്രന്‍ എന്നിവരുടെ പ്രസംഗത്തിനുശേഷം തുറന്ന ചര്‍ച്ചാ വേദിയായിരുന്നു.

കനകക്കുന്നില്‍ നിന്നുതന്നെയായിരുന്നു ഉച്ചഭക്ഷണം. ചര്‍ച്ചക്കുശേഷം വിശ്വമലയാള മഹോത്സവത്തിനെത്തിയിരുന്ന ഒരുപറ്റം മലയാള ഭാഷാ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രത്യേക ഒരുക്കങ്ങളൊന്നുമില്ലാതെ മലയാള ഭാഷ നേരിടുന്ന വെല്ലുവിളികള്‍, ഭാഷയുടെ പരിണാമങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറും സം‌വാദവും നടത്തിയത് ഒരു നവ്യാനുഭവമായി. മലയാളത്തെ കൊല്ലാക്കൊല ചെയ്തു കുഴിച്ചു മൂടിക്കൊണ്ടിരിക്കുന്ന ദൃശ്യമാധ്യമ അവതാരകരുടെ പ്രകടനങ്ങളും ശൈലികളും അവര്‍ വളരെ തന്മയത്വത്തോടെ ആക്ഷേപഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചത് ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി.

സാംസ്ക്കാരിക-സംഘടനാ പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം, പ്രവാസി മലയാളികളുടെ ഭാഷാസ്നേഹം, ഗൃഹാതുര ചിന്തകള്‍ എല്ലാം ഈ സമ്മേളനത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമായി. ഈ ലേഖകന്‍ ഒരു അമേരിക്കന്‍ മലയാളി ആണെന്നറിഞ്ഞതോടെ വേദിയിലേക്ക് വിളിച്ച് പ്രസംഗിക്കണമെന്നായി. ഈ പ്രവാസി മലയാളിയുടെ ആശയങ്ങളും അഭിപ്രായങ്ങളും അവിടെ കൂടിയിരുന്നവര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചത് ഒരഭിമാനമായി ഞാന്‍ കരുതുന്നു. അമേരിക്കയിലെ മലയാളികളുടെ, അവരുടെ കുട്ടികളുടെ, വളര്‍ന്നുവരുന്ന പുതുതലമുറകളുടെ എല്ലാം മലയാള പഠനത്തേയും, പരിജ്ഞാനത്തേയും, അതുപോലെ അമേരിക്കയിലെ വിവിധ അച്ചടി-ദൃശ്യ മാധ്യമങ്ങളെപ്പറ്റിയൊക്കെ തുറന്ന ചര്‍ച്ചയിലെ ചോദ്യോത്തര വേളയില്‍ ഈ ലേഖകന്‍ അറിയാവുന്ന തരത്തില്‍ ഉത്തരങ്ങള്‍ പറയുകയും അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

ഒളിമ്പ്യന്‍ ചേമ്പറില്‍ കൂടിയ പ്രവാസി മലയാളി സമ്മേളനത്തില്‍ മന്ത്രി കെ.സി. ജോസഫ് അദ്ധ്യക്ഷനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടകനുമായിരുന്നു. പ്രവാസി സമ്മേളനം സ്പോണ്‍സര്‍ ചെയ്തിരുന്നത് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആണ്‌ . സാഹിത്യകാരന്മാരായ ബെന്യാമിന്‍, അസ്മോ പുത്തന്‍‌ചിറ എന്നിവര്‍ കവിത ചൊല്ലി. ജര്‍മ്മനിയില്‍ നിന്നും, ഗള്‍ഫ് നാടുകളില്‍ നിന്നും എത്തിയ ചില വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളെ ജോളി വര്‍ഗീസ് സദസ്സിനു പരിചയപ്പെടുത്തി. പി.ആര്‍ . പ്രതാപന്‍ സ്വാഗതമാശംസിച്ചു. ദുബായിയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ ഖലീജ് ടൈംസിലെ അസോസ്സിയേറ്റ് എഡിറ്ററും വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റുമായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ ഭാഷാസാഹിത്യ വിഷയത്തില്‍ നിന്ന് അല്പം വ്യതിചലിച്ച് പ്രവാസികള്‍ കാലാകാലങ്ങളായി ദൈനംദിനം നേരിടുന്ന വിമാനയാത്രാ-കസ്റ്റംസ് പീഡനക്ലേശങ്ങള്‍, പ്രവാസികളോടുള്ള അവഗണന, നാട്ടിലുള്ള അവരുടെ വസ്തുവഹകളുടെ സം‌രക്ഷണം എന്നീ വിഷയങ്ങളെ ആധാരമാക്കി, അത് മുഖ്യമന്ത്രിയടക്കമുള്ള അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള പ്രസംഗം അവിടെ കൂടിയ പ്രവാസികള്‍ കൈയ്യടിയോടെ സ്വീകരിച്ചു. പതിവുപോലെ മുഖ്യമന്ത്രി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം എന്ന ഒരു ഒഴുക്കന്‍ വാഗ്ദാനത്തോടെ സ്ഥലം വിട്ടത് പ്രവാസികളായ സംഘാടകര്‍ക്ക് അത്ര രുചിച്ച മട്ടില്ല.

അമേരിക്കയിലെ മലയാളി എഴുത്തുകാരി മീനു എലിസബത്ത് മാത്യുവും യോഗത്തില്‍ സംസാരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധിയായി അമേരിക്കയിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ വര്‍ഗീസ് തെക്കേക്കര, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ട്രഷറര്‍ മൈക്കിള്‍ സ്റ്റീഫന്‍, ഗ്ലോബല്‍ സെക്രട്ടറി ജെ. കിള്ളിയാന്‍ എന്നിവര്‍ പ്രവാസി സമ്മേളനത്തിലുണ്ടായിരുന്നു.

ഓര്‍മ്മയും അനുഭവവും ഭാവനയും ചേര്‍ന്ന മിശ്രിതം ഭാഷയുടെ മൂശയിലേക്ക് ഉരുക്കിയൊഴിക്കുമ്പോഴാണ്‌ ജീവിതഗന്ധികളായ കഥകള്‍ പിറവി കൊള്ളുന്നതെന്ന് വി.ജെ.ടി. ഹാളില്‍ “കഥ പറച്ചിലിന്റെ രസതന്ത്രം” ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയാ പറഞ്ഞു. കെ.എല്‍ . മോഹനവര്‍മ്മ അദ്ധ്യക്ഷനായിരുന്നു. ഇന്ദു മേനോന്‍, സതീഷ് ബാബു പയ്യന്നൂര്‍, മുണ്ടൂര്‍ സേതുമാധവന്‍, കെ.എ. സെബാസ്റ്റ്യന്‍, ബാബു കുഴിമറ്റം, ജോര്‍ജ്ജ് ജോസഫ് എന്നിവരും പ്രസംഗിച്ചു.

കനകക്കുന്നിലെ പുസ്തകോത്സവ ഓഡിറ്റോറിയത്തിലെ സെമിനാര്‍ ജീവന സംസ്കൃതിയെ ആധാരമാക്കിഉള്ളതായിരുന്നു. മഹാത്മാഗാന്ധി സര്‍‌വ്വകാലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. പി.എന്‍. രാജശേഖരന്‍ പിള്ള മുഖ്യ പ്രഭാഷണം നടത്തി. സി.ആര്‍ . നീലകണ്ഠന്‍, ഡോ. പി.വി. കരുണാകരന്‍ എന്നിവര്‍ക്കൊപ്പം ഈ ലേഖകനും ഒരു ചെറുപ്രഭാഷണം നടത്തി. ഒന്നാം ക്ലാസ്സു പോലും കണ്ടിട്ടില്ലാത്ത ആദിവാസി കലാകാരനും നേതാവുമായ കല്ലേല്‍ പൊക്കുടന്റെ ആദിവാസി മലയാള ഭാഷാ ശൈലിയിലുള്ള പ്രസംഗം ജനം കൈയ്യടിയോടെ ഏറ്റുവാങ്ങി.

വി.ജെ.ടി. ഹാളിലെ കവിയും കവിതയും രണ്ടാം ഭാഗ സെമിനാറില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് മുഖ്യ പ്രഭാഷകനായിരുന്നു. ചെമ്മനം ചാക്കോ, ആറ്റൂര്‍ രവിവര്‍മ്മ, ശ്രീകുമാരന്‍ തമ്പി, ഡി. വിനയചന്ദ്രന്‍ എന്നിവരുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു.

(തുടരും…)


വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 3-എ.സി.ജോര്‍ജ്  വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 3-എ.സി.ജോര്‍ജ്  വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 3-എ.സി.ജോര്‍ജ്  വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 3-എ.സി.ജോര്‍ജ്  വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 3-എ.സി.ജോര്‍ജ്  വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 3-എ.സി.ജോര്‍ജ്  വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 3-എ.സി.ജോര്‍ജ്  വിശ്വമലയാള മഹോല്‍സവം-ഒരു വിഹഗവീക്ഷണം- 3-എ.സി.ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക