Image

പരിണിതപ്രജ്ഞനായ ആചാര്യന്‍ അമരത്തേക്ക്

Published on 25 May, 2011
പരിണിതപ്രജ്ഞനായ ആചാര്യന്‍ അമരത്തേക്ക്

സഖറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ മുത്തച്ഛന്‍ എം.സി.പോത്തന്റെ അന്ത്യകാലത്ത് അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ 50000 ഏക്കര്‍ തോട്ടങ്ങള്‍ ഉണ്ടായിരുന്നു. ജോയിന്റ് സ്റ്റോക്ക് കമ്പനി രൂപവത്കരിച്ച് തോട്ടം മേഖലയെ വ്യവസായമാക്കി മാറ്റിയത് അദ്ദേഹമായിരുന്നു.

ഇത്രയും സമ്പന്ന കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ വൈദീകവൃത്തിയിലേക്ക് തിരിയുക അപൂര്‍വമാണ്. സമ്പന്ന രാജ്യങ്ങളില്‍ വൈദീകരും കന്യാസ്ത്രീകളും ആകുവാന്‍ ആളെ കിട്ടാത്ത പ്രതിഭാസം നമ്മുടെ മുമ്പിലുണ്ട്.

ബാലനായ ചെറിയാന്‍ ജോര്‍ജ്ജിന്റെ മാതൃക മാതുലന്‍ കുര്യാക്കോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ആയിരുന്നു. അതുപോലെ ഇടയ്ക്ക് എസ് ഗേറ്റില്‍ വന്ന് താമസിക്കുന്ന മെത്രാപ്പോലീത്തമാരും വൈദീകരുമായുള്ള അടുപ്പവും വൈദീക ജീവിതത്തെ നിയോഗമായി സ്വീകരിക്കാന്‍ പ്രേരണയായി.

എന്നല്ല കുടുംബജീവിതം ഒരു മല്ലു പിടിച്ച പണിയാണെന്നാണ് മെത്രാപ്പോലീത്തായുടെ പക്ഷം. അതത്ര എളുപ്പമുള്ള കാര്യമല്ല. നേരെമറിച്ച് സന്യസ്ത ജീവിതമാകട്ടെ സര്‍വതന്ത്ര സ്വതന്ത്രവും.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ദേവഗിരി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിക്കഴിഞ്ഞപ്പോഴാണ് മേപ്രാല്‍ പുതിയോട്ട് കുടുംബാംഗമായ ചെറിയാന്‍ ജോര്‍ജ്ജിന് വൈദീക പഠനത്തിന് ദൈവവിളി വരുന്നത്. തുടര്‍ന്ന് ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദം. സഭയിലെ ഇപ്പോഴത്തെ മെത്രാപ്പോലീത്തമാരില്‍ പലരും അവിടെ സഹപാഠികളായിരുന്നു. എന്തെങ്കിലുമൊക്കെ കാര്യമായി ചെയ്യണമെന്ന ഉള്‍പ്രേരണയാല്‍ പ്രചോദിതരായവര്‍. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം ചെയ്ത് കാണിക്കണമെന്ന് ഉറച്ചവര്‍.

ആ വിശ്വാസദാര്‍ഢ്യം കൈവരിച്ച ചെറിയാച്ചന്‍ 27 ാം വയസില്‍ ഡീക്കനായി. 1990 ല്‍ 31 ാം വയസില്‍ വൈദീകരും 34 ാം വയസില്‍ (1993) പാത്രിയാര്‍ക്കീസ് ബാവായില്‍ നിന്ന് മെത്രാനായും വാഴിക്കപ്പെട്ടു.

തുടര്‍ന്ന് മെത്രാപ്പോലീത്തയായി അമേരിക്കയിലെത്തിയ അദ്ദേഹം സഭാ ഐക്യത്തിന്റെ നാളുകളില്‍ 2002 ല്‍ മലങ്കര ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്തയായി. ഇപ്പോള്‍ ഭദ്രാസനാധിപനായി സഭാ മാനേജിംഗ് കമ്മറ്റി തീരുമാനിക്കുകയും സിനഡും പരിശുദ്ധ ബാവയും അംഗീകരിക്കുകയും ചെയ്തതോടെ വീണ്ടും അദ്ദേഹം മെത്രാപ്പോലീത്തയായി. എസ്.ഐഇടക്ക് എ.എസ്.ഐ ആയി. ഇപ്പോള്‍ വീണ്ടും എസ്.ഐ ആയി. പുതിയ ലാവണം അത്ര പുതുമയല്ല അദ്ദേഹത്തിന്.

കര്‍മ്മരംഗത്തും അതുതന്നെ സ്ഥിതി. സഹായ മെത്രാപ്പോലീത്തയെങ്കിലും നാലഞ്ച് വര്‍ഷമായി ഭദ്രാസനത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്ന അദ്ദേഹത്തെ അതില്‍ സ്ഥിരപ്പെടുത്തി എന്ന് മാത്രം.

അതിനാല്‍ പുതിയതായി വലിയ മാറ്റങ്ങളൊന്നും അദ്ദേഹം മുന്നോട്ട് വയ്ക്ക്ന്നില്ല. മാര്‍ച്ച് 11 ന് തിരിച്ചെത്തുന്ന അദ്ദേഹം സുന്ത്രോണീസ് എന്ന സ്ഥാനാരോഹണ ചടങ്ങോടെ ഔദ്യോഗിക ചുമതല തുടങ്ങും.

സഭയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ നിരണം ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുക്കാമോ എന്ന ചോദ്യം മാനേജിംഗ് കമ്മറ്റിയില്‍ ഉയര്‍ന്നതാണ്. 84 കാരിയായ അമ്മ സൂസന്‍ ജോര്‍ജ്ജിന് അത് കേട്ടപ്പോള്‍ സന്തോഷമായി. എല്ലാവര്‍ക്കും നിര്‍ബന്ധമെങ്കില്‍ വിരോധമില്ലെന്ന് മെത്രാപ്പോലീത്തയും സമ്മതം മൂളി. പക്ഷേ 18 വര്‍ഷത്തിന്റെ ബന്ധങ്ങളുള്ള അമേരിക്ക തന്നെയാണ് ഉചിതമായ കര്‍മ്മഭൂമി എന്ന് തീരുമാനിക്കപ്പെട്ടതോടെ അമ്മയുടെ സന്തോഷം പൊലിഞ്ഞു. അഞ്ചുമക്കളില്‍ നാലാമന്‍ വൈദീകനാവാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴുള്ള നിസംഗതയിലേക്ക് അവര്‍ മടങ്ങി. 18 വര്‍ഷത്തിനിടയില്‍ പലപ്പോഴും അമ്മയെ അമേരിക്കയിലൊന്നു കൊണ്ടുവരാന്‍ നോക്കിയിട്ടും ഫലിച്ചില്ലെന്ന് മെത്രാപ്പോലീത്ത.

സ്ഥാനമൊഴിഞ്ഞ ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത ജൂണില്‍ മിക്കവാറും നാട്ടിലേക്ക് മടങ്ങും. നാട്ടിലായാലും അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതലയില്‍ തുടരണമെന്ന ആഗ്രഹമുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

മറ്റേത് സഭകളെക്കാളും ആത്മായര്‍ക്ക് പങ്കാളിത്തം കൂടുതലാണ് മലങ്കര സഭയില്‍. ഇതു ഗുണകരമാണ്. ചില ദോഷങ്ങളുണ്ട്. അമേരിക്കയില്‍ ആ പങ്കാളിത്തം ഏറെ ശക്തവുമാണ്. ഇവിടെ പള്ളി ആരാധനാലയം മാത്രമല്ല. സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ (സോഷ്യല്‍ ആക്ടിവിറ്റി) കേന്ദ്രവുമാണ്. നാട്ടില്‍ ഞായറാഴ്ച പള്ളിയില്‍ പോയാല്‍ പള്ളിയുമായുള്ള ബന്ധം തീരും. എല്ലാ എത്‌നിക് ചര്‍ച്ചസും ഇങ്ങനെ തന്നെ.

എങ്കിലും ഇവിടെ ഭദ്രാസനതലത്തിലോ ഇടവകകളിലോ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല. വ്യക്തിപരമായ സൗന്ദര്യപിണക്കങ്ങള്‍ക്കപ്പുറം പ്രശ്‌നങ്ങള്‍ വരുന്നില്ല.

ഭദ്രാസനത്തിന് ഇപ്പോള്‍ അടിസ്ഥാന ഘടകങ്ങളൊക്കെയുണ്ട്. ഇനി അടുത്തഘട്ടമാണ് ലക്ഷ്യം. ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം എന്ന് പറയാം. സ്ത്രീകളുടെയും യുവാക്കളുടെയും നേതൃരംഗത്തേക്കുള്ള കാല്‍വയ്പിന് വഴിയൊരുക്കണം. ആത്മായ പങ്കാളിത്തം കണക്കുനോട്ടത്തില്‍ ഒതുങ്ങുന്നതും ഇല്ലാതാക്കണം.

ഇരുപത്തഞ്ചോ മുപ്പതോ വര്‍ഷം കഴിയുമ്പോള്‍ നാട്ടിലെ സഭയ്ക്ക് തന്നെ മാര്‍ഗദര്‍ശനം നല്‍കാന്‍ അമേരിക്കയിലെ സഭക്ക് കഴിഞ്ഞേക്കാം. നാട്ടിലെ സഭ ഇപ്പോഴും സാമൂഹികാവശ്യങ്ങളായ ആശുപത്രിയും അനാഥമന്ദിരവുമൊക്കെ സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. ഇവിടെ അതിനുപകരം മനുഷ്യന്റെ ശാക്തീകരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് സഭയുടെ കാഴ്ചപ്പാടില്‍ തന്നെ മാറ്റം വരുത്തും.

മിഷന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് ദൂരെയെങ്ങും പോയല്ല. ഇവിടെതന്നെ ദൈവത്തെ അറിയാതെ ധാരാളം പേര്‍ കഴിയുന്നു. അതുപോലെ സഭയില്‍ നിന്നുമാറി നില്ക്കുന്നവരുമുണ്ട്. ആ ലോസ്റ്റ് ജനറേഷനെ തിരിച്ചുകൊണ്ടുവരണം.

അമേരിക്കക്കാര്‍ക്കും സഭയില്‍ ചേരുന്നതിന് പ്രശ്‌നമൊന്നുമില്ല. പക്ഷേ മലയാളികള്‍ മാത്രമുള്ള ഒരു ഇടവകയില്‍ ഒരമേരിക്കക്കാരന്‍ വന്നാല്‍ എങ്ങനെ പൊരുത്തപ്പെടും?

അമേരിക്കയിലെ സഭയ്ക്ക് എന്തെങ്കിലും പ്രത്യേകതയുള്ളതായോ പ്രത്യേകാവശ്യങ്ങള്‍ ഉള്ളതായോ ഒരവബോധം നാട്ടിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു സാമ്പത്തിക സ്രോതസായി അമേരിക്കന്‍ സഭയെ കാണാനാണ് പലര്‍ക്കും താല്പര്യം. മറ്റ് എത്‌നിക് സഭകളുടെ സ്ഥിതിയും വിഭിന്നമല്ല. അമേരിക്കന്‍ സഭക്കായി മാറ്റങ്ങളൊന്നും വേണ്ട എന്ന് കരുതുന്നവരുണ്ട്. നാട്ടിലെപ്പോലെ മലയാളിയായി കഴിയട്ടെ എന്ന് കരുതുന്നവരും ധാരാളം.

പതിനെട്ടുവര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തില്‍ സംതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2001 ല്‍ പാത്രിയാര്‍ക്കീസ് പക്ഷം വിട്ട് പോന്നപ്പോള്‍ ചില പൊട്ടലും ചീറ്റലുമൊക്കെയുണ്ടായി. എങ്കിലും സഭകളുടെ ഐക്യം എന്ന പ്രത്യാശ കൈമോശം വരുന്നില്ല. പ്രത്യാശയില്ലാത്തിടത്തും പ്രത്യാശയോടെ നില്ക്കുകയാണല്ലോ ക്രൈസ്തവ ക്രൈസ്തവ വിശ്വാസം. ഐക്യമാണ് ദൈവഹിതം.

ബര്‍ണബാസ് തിരുമേനി പുറമേ കടുകട്ടിയായ വ്യക്തിയാണ് എന്ന് തോന്നാമെങ്കിലും ആള്‍ സാധുവും ലോലഹൃദയനുമാണ്. മനസില്‍ തോന്നുന്നത് അപ്പോള്‍ തന്നെ വെട്ടിത്തുറന്ന് പറയും. തത്വങ്ങളില്‍ അടിയുറച്ച് നില്ക്കും. പക്ഷേ മിക്കവാറുമെല്ലാ കാര്യങ്ങളിലും തങ്ങള്‍ ഏകാഭിപ്രായക്കാരായിരുന്നുവെന്നതാണ് സത്യം; അദ്ദേഹം പറഞ്ഞു.

ബാംഗ്ലൂരില്‍ പഠിക്കുകയും അമേരിക്കയില്‍ ഏറെക്കാലം ജീവിക്കുകയും ചെയ്ത മെത്രാപ്പോലീത്ത ദൈവശാസ്ത്രത്തെ വിശാലമായ അര്‍ത്ഥത്തില്‍ കാണുന്ന വ്യക്തിയാണെന്ന് ഭദ്രാസനത്തിലെ വൈദീകന്‍ ഫാ.ജോബ്‌സണ്‍ കോട്ടപ്പുറത്ത് പറഞ്ഞു. കോട്ടയം സെമിനാരിയില്‍ പഠിച്ച തങ്ങളുടെ സങ്കുചിതത്വമൊന്നും അദ്ദേഹത്തിനില്ല. രണ്ടു ഡസനോളം യുവാക്കള്‍ വൈദീകവൃത്തിക്കായി ഭദ്രാസനത്തില്‍ നിന്ന് മുന്നിട്ടിറങ്ങിയതില്‍ തിരുമേനിയുടെ പ്രചോദനം ഏറെയാണ്.

മാര്‍ നിക്കളാവോസിനെ തന്നെ മെത്രാപ്പോലീത്തയായി അയക്കണമെന്ന് ഭദ്രാസന കൗണ്‍സില്‍ മാനേജിംഗ് കമ്മറ്റിക്ക് എഴുതിയിരുന്നുവെന്ന് പോള്‍ കറുകപ്പള്ളി പറഞ്ഞു. ഇതൊരു അപൂര്‍വ സംഭവമാണ്. ബര്‍ണബാസ് തിരുമേനിയും അതിനായി ശുപാര്‍ശ ചെയ്തു. ഐക്യകണ്‌ഠേനയാണ് മാനേജിംഗ് കമ്മറ്റിയും സിനഡുമെല്ലാം തീരുമാനമെടുത്തത്.

ഇവിടെ നിന്ന് ഫിലിപ്പോസ് ഫിലിപ്പ്, കോശി സണ്ണി, ഫിലിപ്പ് ജോര്‍ജ്ജ്, കെ.ടി ഇടിക്കുള, വെരി റവ.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.ജേക്കബ് ഫിലിപ്പ് എന്നിവരാണ് മാനേജിംഗ് കമ്മറ്റിയില്‍.

പരിണിതപ്രജ്ഞനായ ആചാര്യന്‍ അമരത്തേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക