Image

പ്രതികരണം(കഥ)- പീറ്റര്‍ ചക്കാലയ്ക്കല്‍

പീറ്റര്‍ ചക്കാലയ്ക്കല്‍, ജിദ്ദ Published on 17 January, 2013
പ്രതികരണം(കഥ)- പീറ്റര്‍ ചക്കാലയ്ക്കല്‍
“….ബെന്നിച്ചാ…!”

“… എ
ടാ..ബെന്നിച്ചാ…! ഒന്നിങ്ങ് പുറത്തേയ്ക്ക് വന്നേ…!”

ശബ്ദം കേട്ട് അഡ്വക്കേറ്റ് ബെന്നിവര്‍ഗ്ഗീസ് വീട്ടില്‍ നിന്നും പുറത്തേയ്ക്കിറങ്ങി വന്നു. വടക്കേ മതിലിനപ്പുറത്ത് നിന്നും അയല്‍പക്കത്ത് തന്നെ താമസിയ്ക്കുന്ന ബെന്നിയുടെ മൂത്ത സഹോദരി ഷേര്‍ലി ടീച്ചറാണ് വിളിച്ചത്.

“എന്താ…എന്നാചേച്ചികാര്യം..?” ബെന്നി സഹോദരിയോട് കാര്യം തിരക്കി.

“… എ
ടാ ഇന്ന് രാവിലെ, അളിയന്‍ പനിയ്ക്ക് മരുന്ന് വാങ്ങാന്‍ വേണ്ടി ആ ജംഗ്ഷനിലുള്ള ഡോക്ടര്‍ സോമരാജന്റെ നേഴ്‌സിങ്ങ് ഹോമിലേയ്ക്ക് പോയതാണ്. എനിക്ക് ലീവെടുക്കാന്‍ പറ്റാത്തത് കൊണ്ട് ഞാന്‍ കൂടെ പോയില്ല വൈകീട്ട് ഞാന്‍ സ്‌ക്കൂള്‍ വിട്ട് വന്നിട്ടും ആള്‍ തിരിച്ചെത്തിയിട്ടില്ല. തിരക്കിയപ്പോള്‍ ഇപ്പോ അറിയുന്ന ആള് പോലീസ് സ്റ്റേഷനിലാണെന്ന്. എന്തോ കുഴപ്പം ഉണ്ടായിട്ടുണ്ട്. നീ നിന്റെ യൂണിഫോറം ഇട്ടൊണ്ടൊന്ന് വേഗം വന്നേ..! നമുക്കുടനെ പോലീസ് സ്റ്റേഷനിലോട്ടൊന്ന് പോണം…” ഷേര്‍ലി ടീച്ചര്‍ വേവലാധിയോടെ പറഞ്ഞു. “ ….ചേച്ചി സമാധാനമായിരിക്ക്…! ഞാന്‍ പോയി അളിയനെ കൂട്ടിക്കൊണ്ട് വന്നോളാം. ഈ സന്ധ്യനേരത്ത് ചേച്ചി സ്റ്റേഷനിലോട്ടൊന്നും വരണ്ട…” ബെന്നി സഹോദരിയെ ആശ്വസിപ്പിച്ചിട്ട് പോലീസ് സ്റ്റേഷനിലേയ്ക്ക് പോയി. അധികം താമസിയാതെ ബെന്നി സഹോദരിയുടെ ഭര്‍ത്താവ് ടോമിച്ചനെ ജാമ്യത്തില്‍ ഇറക്കിക്കൊണ്ട് വന്നു. ടോമിച്ചന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. തിരികെ വന്നിട്ട് ബെന്നിച്ചന്‍ ഷേര്‍ലി ടീച്ചറോട് പറഞ്ഞു.

“…ചേച്ചി ഈ അളിയന്‍ എന്തൊക്കെ പ്രശ്‌നങ്ങളാണുണ്ടാക്കി വച്ചിരിക്കുന്നതെന്നറിയാമോ?”
“…ശ്ലോ പ്രശ്‌നങ്ങളുണ്ടാക്കിയത്…ഞാനല്ല…അവന്മാരാണ്… പിന്നെ പ്രശ്‌നമായപ്പോള്‍ ഞാന്‍ പ്രതികരിച്ചു. അത്രതന്നെ….!”

ടോമിച്ചന്‍ ഇടയ്ക്ക് കയറി പറഞ്ഞു.

“ശ്ലോ…. ഈ മനുഷ്യനെന്താ വട്ടായോ…? മാനക്കേട് ഉണ്ടാക്കിവച്ചിരിക്കുന്നു…!” ഷേര്‍ളി ടീച്ചര്‍ മുറുമുറുത്തപ്പോള്‍ ടോമിച്ചന്‍ പറഞ്ഞു “… വട്ട് നിനക്കാ…! നിനക്ക് രണ്ടെണ്ണം കിട്ടാത്തതിന്റെ കുഴപ്പമാണ്…” ടോമിച്ചന്‍ ഭാര്യയുടെനേരെ കയര്‍ത്തു. എന്നിട്ട് ബെന്നിച്ചനോട് തുടര്‍ന്നു. “…. കേട്ടോടാ ബെന്നിച്ചാ… ഇത്തിരി ചുക്കും കുരുമുളകും കരിപ്പെട്ടിയും പൊടിച്ചിട്ട് ഒരു കാപ്പിയും കുടിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങിയാല്‍ മാറാനുള്ള പനിയേ ഉണ്ടായിരുന്നുള്ളൂ. അതിന് എലിപ്പനിയായിരിക്കും, ഡെങ്കിപ്പനിയായിരിക്കും, പന്നിപ്പനിയായിരിക്കുമെന്നൊക്കെപ്പറഞ്ഞ് ഡോകടറുടെ അടുത്തേയ്ക്ക് തള്ളിവിട്ടത് ഇവള്‍ ഒറ്റഒരുത്തിയയാണ്…”

“എന്നിട്ട്… ? ബെന്നിച്ചന്‍ ചോദിച്ചു.

“എന്തായാലും പറയാം… എല്ലാവരും കേള്‍ക്കട്ടെ…!” ടോമിച്ചന്‍ തുടര്‍ന്നു.

“… ഡോക്ടര്‍ സോമരാജന്‍ പണ്ട് കൂടെ പഠിച്ചിരുന്നയാളാണ്, പരിചയക്കാരനുമാണ്. അത്‌കൊണ്ടാണ് അടുത്തുള്ള സോമരാജന്റെ നേഴ്‌സിങ്ങ് ഹോമില്‍ പോയത്. ടോക്കന്‍ എടുത്ത് ഡോ. സോമരാജനെത്തന്നെ കണ്ടു. അന്നേരം സോമരാജന്‍ ചോദിച്ചു. ബിപിയുണ്ടോ..? കൊളസ്‌ട്രോള്‍ ഉണ്ടോ എന്നൊക്കെ. ഉണ്ടാകാന്‍ വഴിയില്ല എന്ന് മറുപടി പറഞ്ഞു. “അങ്ങിനെ സംശയിച്ചിരിക്കണ്ട, നമുക്കൊന്ന് ചെയ്ത്‌നോക്കാം.” ഡോക്ടര്‍ ഉടനെ സകല ടെസ്റ്റുകള്‍ക്കുമെഴുതി. ടെസ്റ്റ് ചെയ്ത റിസള്‍ട്ട് കൊണ്ട് വന്ന് കൊടുത്തപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. “അത്രകാര്യമായ കുഴപ്പമൊന്നുമില്ല… ബോഡി പെയിന്‍ ഉണ്ടെന്നല്ലേ പറഞ്ഞത്, ഒരു ഇ.സി.ജികൂടി എടുത്തേയ്ക്കാം.” എടുത്തു. ഇ.സി.ജി.യിലും പ്രശ്‌നമില്ല. “ഇനി ഈ പെയിനിന്റെ കാര്യം ഒരു ക്ലാരിഫൈ ചെയ്യണ്ടേ..? എന്തായാലും സ്‌കാന്‍ കൂടി ചെയ്യ് , അതിന്റെ റിസള്‍ട്ട് കൂടി വന്നിട്ട് മരുന്ന് കുറിയ്ക്കാം.” ഡോക്ടര്‍ പറഞ്ഞു.

“സോമന്‍ ഡോക്ടറേ…! അതിന്റെ ആവശ്യമില്ല. പനിയ്ക്കുളഅള എന്തെങ്കിലും മരുന്ന് തന്നാല്‍ മതി.” ടോമിച്ചന്‍ പറഞ്ഞു.

“യേയ്.. അതെങ്ങിനെ...? രോഗം നിര്‍ണ്ണയിക്കാതെ മരുന്നെഴുതാന്‍ പറ്റുമോ…?” ഡോക്ടര്‍ പറഞ്ഞു. “ഒരു സ്‌കാന്‍ കൂടി എടുക്ക്.. ങ്ങാ…പിന്നെ….രശ്മിയില്‍ നിന്ന്തന്നെ എടുക്കണം കേട്ടോ.. മറ്റു സ്‌കാനിങ്ങ് സെന്ററുകള്‍ അത്ര പോരാ..!” ഡോക്ടര്‍ പറഞ്ഞു.

“…ങും..ങും..!” അത് കേട്ട് ടോമിച്ചന്‍ ഒന്ന് ഇരുത്തി മൂളി. കാരണം രശ്മി സ്‌കാനിങ്ങ് സെന്റര്‍ നടത്തുന്നത് ഡോ. സോമരാജന്റെ ഭാര്യയാണ്. “പേടിയ്ക്കാനൊന്നുമില്ല…” സ്‌കാനിങ്ങിന്റെ റിസള്‍ട്ട് കണ്ടിട്ട് ഡോക്ടര്‍ പറഞ്ഞു.

“..എന്തായാലും ഞാന്‍ മരുന്ന് കുറിച്ച്തരാം. ഇത് ഈ ഹോസ്പിറ്റലിലെ ഫാര്‍മസിയിലേ കിട്ടൂ, പുറത്തു നിന്നും കിട്ടിയാല്‍ തന്നെ ഗുണമേന്മ കുറവായിരിക്കുമെന്നതിനാല്‍ ഉദ്ദേശിച്ചത്ര ഫലം കിട്ടിയെന്ന് വരില്ല.” ടോമിച്ചന്റെ പെരുവിരല്‍ മുതല്‍ ഒരു പെരുപ്പ് കയറി വന്നത് നിയന്ത്രിച്ചു നിര്‍ത്തി.

കുറിപ്പടിപ്രകാരം ഫാര്‍മസിയിലെ പെണ്‍കുട്ടി ക്യാപ്‌സ്യൂളുകളും ടാബ് ലറ്റുകളുമായി അഞ്ചെട്ട് തരം മരുന്നുകള്‍ക്ക് പുറമേ രണ്ട് കുപ്പി ടോണിയ്ക്കും കൊടുത്തിട്ട് ബില്ലെഴുതി 1864 രൂപ വാങ്ങി. “…ഇതെല്ലാം പനിയ്ക്കുള്ള മരുന്നുകളാണോ കൊച്ചേ..?” ടോമിച്ചന്‍ ചോദിച്ചു.

“..അത് ഡോക്ടറോട് ചോദിയ്ക്കണം.” പെണ്‍കൊച്ച് മൊഴിഞ്ഞു. ഡോക്ടറുടെ മുറിയ്ക്കു മുന്നിലെ ആള്‍കൂട്ടം മിറകടന്ന് അറ്റന്ററെ തള്ളി മാറ്റിക്കൊണ്ട്, ടോമിച്ചന്‍ അകത്ത് കടന്നു.

“… സോമരാജന്‍ ഡോകടറേ…., ഇത്രയൊക്കെ മരുന്ന് കഴിയ്ക്കാന്‍ എനിയ്‌ക്കെന്താണ് അസുഖമെന്ന് പറ..” ടോമിച്ചന്‍ അല്പം ചൂടായി. “…അസുഖത്തിനുള്ള മരുന്നാണ് തന്നിട്ടുള്ളത്… പറഞ്ഞിട്ടുള്ളത് പോലെ കഴിച്ചാല്‍ മതി..” ഡോക്ടര്‍ പറഞ്ഞു. “… ആ പറഞ്ഞ അസുഖമെന്താണെന്നാണ് എനിയ്ക്കറിയേണ്ടത്… എനിയ്‌ക്കെന്റെ ട്രീറ്റ്‌മെന്റ് ഫയല്‍ കിട്ടണം.” ടോമിച്ചന്‍ ക്ഷുഭിതനായി. “ട്രീറ്റ്‌മെന്റ് ഫയല്‍ തരാന്‍ പറ്റില്ലല്ലോ. അത് ഈ സ്ഥാപനത്തിന്റെ നിയമം അനുവദിയ്ക്കുന്നതല്ല,” ഡോക്ടര്‍ പറഞ്ഞു.

“…നിന്റെയൊരു നിയമം..! അസുഖമായിട്ട് റെസ്റ്റെടുക്കേണ്ട എന്നെ ഒരു ദിവസം മുഴുവന്‍ ആശുപത്രി വരാന്തയിലൂടെ തേരാപാര നടത്തിച്ചിട്ട് കണ്ണീക്കണ്ട ടെസ്റ്റുകള്‍ക്കും കണ്‍സട്ടിങ്ങ് ഫീസിനും മരുന്നുകള്‍ക്കുമായി മൂവായിരത്തില്‍ ചില്ല്യാനം രൂപ തട്ടിയെടുത്തിട്ട് എന്നെ കൊരങ്ങ് കളിപ്പിച്ച് രസിക്കുകയാണ് നീ. ഒന്നുകില്‍ എനിക്കെന്റെ ട്രീറ്റ്‌മെന്റ് ഫയല്‍ തരണം. അല്ലെങ്കില്‍ എന്റെ കയ്യില്‍ നിന്നും നീ പറ്റിച്ചെടുത്ത രൂപയും എന്നെ മെനക്കെടുത്തിച്ചതിനുള്ള കൂലിയും ഇപ്പൊ കിട്ടണം.” ടോമിച്ചന്‍ ശാഠ്യം പിടിച്ചു.

“അങ്ങിനെയൊക്കെപ്പറഞ്ഞാല്‍ എങ്ങിനെ ശരിയാകും. അതൊന്നും സാദ്ധ്യമല്ല.” ഡോക്ടര്‍ പറഞ്ഞു.
“….സാദ്ധ്യമല്ലെങ്കില്‍ ഈ മരുന്ന് മുഴുവന്‍ നിന്നെക്കൊണ്ട് ഞാന്‍ തീറ്റിയ്ക്കും…. തുറക്കെടാ വായ്…” ബലപ്രയോഗത്തിനിടയില്‍ ടോമിച്ചന്‍ ഡോക്ടറുടെ മോന്തയ്ക്ക് പ്രഹരിച്ചു. കലിയടങ്ങുന്നത് വരെ തല്ലി. ഡോക്ടറുടെ മുന്‍നിരയിലെ ആറു പല്ലുകള്‍ ചോരയൊടൊപ്പം തറയില്‍ വീണു. പല്ല് കൊഴിഞ്ഞ ഗ്യാപ്പിലൂടെ ടോമിച്ചന്റെ തന്റെ പക്കലുണ്ടായിരുന്ന മരുന്നുകള്‍ ഡോകടറുടെ വായിലേയ്ക്ക് തിരുകി. ബഹളം കേട്ട് ഓടിവന്ന അറ്റന്റര്‍മാര്‍ ഡോക്ടറെ സ്വതന്ത്രനാക്കി ടോമിച്ചനെ മുറിയിലിട്ട് പൂട്ടി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ്സുകാര്‍ ടോമിച്ചനെ കസ്റ്റഡിയിലെടുത്തു. കേസ്സായി. കുറച്ചു നാളുകള്‍ക്ക് ശേഷം…, അന്ന് കേസ്സിന്റെ വിധി പ്രസ്ഥാവിക്കുകയായിരുന്നു.

“…ഡോക്ടര്‍മാര്‍ രോഗികളോടും, രോഗികള്‍ ഡോക്ടറോടും പ്രകോപനപരമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്…! ചികിത്സയുടെ മറവില്‍ രോഗികളെ ചൂഷ്ണം ചെയ്യുന്ന സ്ഥാപനങ്ങളും ഡോക്ടര്‍മാരും ശിക്ഷാര്‍ഹരാണ്. അത്തരം സ്ഥാപനങ്ങളുടേയും ഡോക്ടര്‍മാരുടേയും ലൈസന്‍സ്സ് റദ്ദാക്കണം. എന്ത്തരം ചികിത്സയാണ് തനിക്ക് ലഭിക്കുന്നതെന്നറിയാനുള്ള അവകാശം രോഗിക്കുള്ളതിനാല്‍ രോഗിയോ ബന്ധുക്കളോ ആവശ്യപ്പെടുന്ന പക്ഷം ചികിത്സയുടെ വിശദവിവരങ്ങളടങ്ങിയ രേഖകള്‍ രോഗിയ്‌ക്കോ ബന്ധുവിനോ കൈമാറേണ്ടതാകുന്നു. പൊതുജനങ്ങളുടെ പ്രതികരണം സ്വാഗതാര്‍ഹം തന്നെ, എന്നാല്‍ നിയമലംഘനം അനുവദനീയമല്ല. ഈ കേസ്സില്‍ കബളിപ്പിയ്ക്കപ്പെട്ട ടോമിച്ചന്, കോടതിച്ചിലവ് ഉള്‍പ്പെടെ ചിലവായ തുകയും, കൂടാതെ നഷ്ടപരിഹാരമായി 1000 രൂപയും നല്‍കാന്‍ ആശുപത്രി അധികൃതരോട് ഈ കോടതി ഉത്തരവിടുന്നു. ഡോക്ടര്‍ക്ക് നഷ്ടപ്പെട്ട പല്ലുകള്‍ക്ക് പകരം പല്ലുകള്‍ വയ്ക്കാനുള്ള ചിലവ് പ്രതിയായ ടോമിച്ചനില്‍ നിന്നും ഈടാക്കണം. അതല്ലെങ്കില്‍ പല്ലൊന്നിന് 1000-രൂപ എന്ന കണക്കില്‍ 6,000-രൂപ പിഴയോ, പിഴയൊടുക്കാത്ത പക്ഷം പല്ലൊന്നിന് മാസം ഒന്ന് എന്ന കണക്കിന് ആറു മാസം തടവോ അനുഭവിയ്ക്കാന്‍ ഈ കോടതി വിധിയ്ക്കുന്നു…”
കോടതി പിരിഞ്ഞശേഷം ടോമിച്ചന്‍ ബെന്നിച്ചനോട് പറഞ്ഞു, “… എന്തായാലും ജയിലില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. പിഴ അടച്ചേയ്ക്കാം. പല്ലൊന്നിന് 1000 രൂപയല്ലേയുള്ളൂ. ഡോക്ടറുടെ വായില്‍ ഇനി ശേഷിയ്ക്കുന്ന പല്ലുകള്‍ കൂടി എണ്ണിനോക്കിയിട്ട് ബാക്കിയുള്ള പല്ലുകള്‍ക്കും കൂടിയുള്ള പിഴയങ്ങ് അടച്ചേക്ക്..”
“…അതെന്തിന്..? കിട്ടിയ ശിക്ഷ പോരേ…?” ബെന്നി ചോദിച്ചു.

“..ഇത്ര പരിചയവും അടുപ്പവുമുള്ള എന്നെ അവന്‍ പറ്റിച്ചപ്പോള്‍ ഒരു പരിചയവുമില്ലാത്ത എത്രയോ പാവപ്പെട്ട രോഗികളെ ദിനം പ്രതി അവന്‍ പറ്റിയ്ക്കുന്നുണ്ടാവും. ആ സ്ഥിതിയ്ക്ക് എന്നെപ്പോലെ ആര്‍ക്കെങ്കിലും പ്രതികരിയ്ക്കണമെന്ന് തോന്നിയാല്‍, അവര്‍ക്ക് തല്ലിക്കൊഴിക്കുന്ന ഡോക്ടറുടെ പല്ലിന് വേണ്ടി ഇനി പിഴ അടയ്‌ക്കേണ്ടി വരരുതല്ലോ…!” “അവര്‍ക്ക് വേണ്ടിയാണ് ഇനിയുള്ള പ്രതികരണം.” ടോമിച്ചന്‍ തന്റെ പ്രതികരണ ദാഹം പ്രകടിപ്പിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക