Image

ഗുരുക്കന്മാരുമായുള്ള സംവാദം 26-ന്‌ ഗ്രീന്‍ബര്‍ഗില്‍

Published on 17 January, 2013
ഗുരുക്കന്മാരുമായുള്ള സംവാദം 26-ന്‌ ഗ്രീന്‍ബര്‍ഗില്‍
ന്യൂയോര്‍ക്ക്‌: ഭാരതീയ സംസ്‌കൃതി പുതിയ തലമുറയ്‌ക്ക്‌ പകര്‍ന്നു നല്‍കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന കലാധ്യാപകര്‍, ഭാഷാധ്യാപകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരുമായി ഇന്ത്യാ പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ സംവാദം സംഘടിപ്പിക്കുന്നു. പൊതുവില്‍ അവഗണിക്കപ്പെടുന്ന ഈ വിഭാഗവുമായി ഇത്തരമൊരു സംവാദം ഇതാദ്യമാണ്‌.

നൃത്തക്ലാസുകള്‍ നടത്തുക, സംഗീതം പഠിപ്പിക്കുക, മലയാളം പഠിപ്പിക്കുക തുടങ്ങിയവ ജീവിതവ്രതമായി നീക്കിവെച്ചിരിക്കുന്ന ഒട്ടേറെ ഗുരുക്കന്മാര്‍ മലയാളികള്‍ക്കിടയിലുണ്ട്‌. ഇവയൊന്നും പണസമ്പാദനത്തിനും ഉതകുന്നവയല്ല. എന്നു മാത്രമല്ല തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളില്‍ നല്ലൊരു പങ്കും വെറുമൊരു ഫാഷനായി ഇതു പഠിക്കുന്നതാണെന്നും അവര്‍ക്കറിയാം. എങ്കിലും കലയോടും ഭാഷയോടുമുള്ള തീവ്രമായ അര്‍പ്പണ ബോധം മൂലം സമയവും പണവും വ്യയം ചെയ്‌ത്‌ അവ പുതുതലമുറയ്‌ക്ക്‌ പകര്‍ന്നു നല്‍കാന്‍ അവര്‍ തയാറാകുന്നു.

ഇന്ത്യയിലായിരുന്നുവെങ്കില്‍ കലാരംഗത്തെ ഏറ്റവും മികച്ച പടവുകളില്‍ നില്‍ക്കാന്‍ അര്‍ഹരായവരാണ്‌ പല ഗുരുക്കളും. അവരാണ്‌ വാരാന്ത്യത്തില്‍ നടത്തുന്ന ഏതാനും ക്ലാസുകളില്‍ മറ്റൊരു സംസ്‌കാരത്തില്‍ വളരുന്ന കുട്ടികള്‍ക്ക്‌ ഭാരതീയ പൈതൃകത്തിന്റെ ഉദാത്തത പകര്‍ന്നു നല്‍കുന്നത്‌. വേണ്ടവിധം ആദരിക്കുകയോ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുകയോ ചെയ്യാത്ത അവര്‍ക്കുള്ള ഉപഹാരമായാണ്‌ ഈ സംവാദം രൂപംകൊള്ളുന്നതെന്ന്‌ പ്രസിഡന്റ്‌ ജോസ്‌ കാടാപുറവും, സെക്രട്ടറി സജി ഏബ്രഹാമും പറഞ്ഞു.

സംവാദത്തില്‍ ട്രൈസ്റ്റേറ്റ്‌ മേഖലയിലെ ഗുരുക്കന്മാരും പങ്കെടുക്കും. പഴയകാല നടി അംബിക, ബീനാ മേനോന്‍, നിലമ്പൂര്‍ കാര്‍ത്തികേയന്‍, മഞ്‌ജു തോമസ്‌ തുടങ്ങിയവരെല്ലാം ഒരു വേദിയില്‍ അണിനിരക്കുന്നു. 

ഈമാസം 26-ന്‌ രാവിലെ 10 മണിക്ക്‌ വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടിയിലെ ഗ്രീന്‍ബര്‍ഗിലുള്ള റോയല്‍ പാലസ്‌ ഹോട്ടലിലാണ്‌ സംവാദം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ കാടാപുറം (914 954 9586). Saji Abraham: 917-617-3959; J Mathews: 914-693-6337
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക