Image

ഓമനത്തിങ്കള്‍ കിടാവോ: മീനു എലിസബത്ത്

Published on 17 January, 2013
ഓമനത്തിങ്കള്‍ കിടാവോ: മീനു എലിസബത്ത്
മക്കളുടെ ഹൈ റെക്കമെന്റേഷനിലാണ് ഡിസംബര്‍ ആദ്യവാരം ഞാന്‍ 'ലൈഫ് ഓഫ് പൈ എന്ന ആ ഹോളിവുഡ് മൂവി കാണാന്‍ പോകുന്നത്. ഷാജിക്ക് ഓണ്‍കാള്‍ ആയിരുന്ന ഒരു ശനിയാഴ്ച. മാറ്റിനി ഷോയാണ്. മക്കള്‍ കൂട്ടുകാരുടെ കൂടെ പോയി കണ്ടിട്ടാണ് എന്നോട് വന്നു പറയുന്നത്. അതുകൊണ്ട് തനിയെ ആണ് പോക്ക്.

ആ ആഴ്ച കഴിഞ്ഞാല്‍ പടം മാറും അതിനാല്‍ ടിക്കറ്റും 3ഡി ഗ്ലാസും കൂടെ ഒരു കൂട് പോപ്‌കോണുമായി തിയെറ്ററില്‍ ഞാനും സ്ഥലം പിടിച്ചു. ശനിയാഴ്ച ആയാതിനാലും മൂവിക്ക് അപ്പോള്‍ തന്നെ നല്ല പ്രസിദ്ധി ലഭിച്ചിരുന്നതിനാലുമായിരിക്കണം തിയെറ്ററില്‍ അല്പസമയം കൊണ്ട് സീറ്റുകള്‍ നിറഞ്ഞു കവിഞ്ഞു.

അമേരിക്കയിലെ ഓരോ സിനിമാ കാഴ്ചയും ഒരു അനുഭവം തന്നെയാണ്, നമുക്ക് സ്‌നേഹിതരുടെ കൂടെയോ, വീട്ടുകാരുടെ കൂടെയോ, ഒറ്റയ്‌ക്കോ, ഇരട്ടയ്‌ക്കോ എങ്ങനെ പോയി പടം കണ്ടാലും അത് ഒരു അനുഭൂതി ആണ്, മെഡിറ്റേഷനാണ്. ഇടയ്ക്കു തനിയെ കാണാന്‍ പോകുന്ന പടങ്ങള്‍ പോലും ആരുടെയും ശല്യമില്ലാതെ നമുക്ക് ആസ്വദിക്കുവാന്‍ കഴിയുന്നത്, ഇത് അമേരിക്ക ഒന്ന് മാത്രമായതു കൊണ്ടാണ്. നാട്ടില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് ഒരു സിനിമ കാണാന്‍ പോകുന്ന കാര്യം പകല്‍ പോലും അചിന്തനിയം.

രസകരമായ കുറെ പരസ്യങ്ങള്‍ക്ക് ശേഷം 'പൈ മൂവി വരവായി. ആദ്യം തന്നെ നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റിയത് ആ താരാട്ട് പാട്ടാണ്, പാട്ടിന്റെ ഈണം വളരെ സുപരിചിതമായിരുന്നു. പക്ഷെ വരികളുടെ തുടക്കം 'കണ്ണേ കണ്മണിയെ എന്നാണ്. . ഈ താരാട്ട് പാട്ടിന്റെ അകമ്പടിയോടെ വരുന്ന പച്ചപ്പട്ടുടയാട ഇട്ട പ്രകൃതി ദൃശ്യങ്ങള്‍ അതിമനോഹരം. മഴത്തുള്ളി മുതല്‍ കുഞ്ഞു കിളിക്കുഞ്ഞുങ്ങള്‍ വരെ ആ താരാട്ടാസ്വദിക്കുന്നത് പോലെ തോന്നി.

പക്ഷെ, എന്റെ മനസ് ആ ഈണത്തില്‍ ഉടക്കി തന്നെ നിന്നു. ഇത് ഒരു നൂറ്റാണ്ടായി കേരളത്തിലെ ജനതതിയെ, പാടി ഉറക്കാന്‍ അമ്മമാര്‍ തലമുറകളായി പാടിക്കൊണ്ടിരിക്കുന്ന 'ഓമനതിങ്കള്‍ കിടാവോ, നല്ല കോമള താമര പൂവോ എന്ന താരാട്ട് പാട്ടിന്റെ വ്യത്യസ്ത ഭാവമായാണ് ഞാന്‍ അതിനെ കേട്ടത്. അങ്ങനെയാണ് ഞാന്‍ ധരിച്ചത്.
രസകരവും സംഭവബഹുലമായ കഥ പറച്ചിലിലൂടെ, അത്ഭുതപ്പെടുത്തുന്ന സിനിമ ട്രിക്കുകളിലൂടെയും, കമ്പ്യൂട്ടര്‍ ഗ്രാഫിക്കുകളിലൂടെയും, പറഞ്ഞറിയിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഛായാഗ്രഹണത്തിലൂടെയും എങ്ങനെ രണ്ടര മൂന്നു മണിക്കൂര്‍ പോയി എന്ന് ചോദിച്ചാല്‍ അറിയില്ല. ഇത്ര ആകാംഷയോടെ, ഉദ്വേഗത്തോടെ ഒരു പടം കണ്ടിട്ട് വര്‍ഷങ്ങളായി. പിന്നിട് മലയാളംപത്രം ഉള്‍പ്പടെ പല പത്രമാസികകളിലും ഫേസ് ബുക്കിലും മറ്റു പല സോഷ്യല്‍ മീഡിയ സൈറ്റുകളിലും എല്ലാം ലൈഫ് ഓഫ് പൈ എന്ന സിനിമയെക്കുറിച്ച് പലരും എഴുതി കണ്ടു.

പക്ഷെ, കഴിഞ്ഞ ദിവസം, ഈ പാട്ടുപാടിയ ബോംബെ ജയശ്രീക്ക് ഈ പാട്ടിനു ഓസ്‌കര്‍ നോമിനേഷന്‍ കിട്ടി എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി എല്ലാം നല്ലത്.

പക്ഷെ ഇന്നിതാ അവര്‍ക്കെതിരെ ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്ത അത്ര സന്തോഷം ഉളവാക്കുന്നതായിരുന്നില്ല. 200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ താരാട്ട്പാട്ട് എഴുതിയ ഇരയിമ്മന്‍ തമ്പിയുടെ രാജകുടുംബത്തിലെ പിന്‍ഗാമികള്‍ ബോംബെ ജയശ്രീക്ക് എതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ചില്ലറയല്ല, ഇരയിമ്മന്‍തമ്പിയുടെ രണ്ടു വരികകള്‍ താങ്കളുടെ അനുവാദം ചോദിക്കാതെ, ജയശ്രീ മോഷ്ടിച്ചിരിക്കുന്നതയാണ് അവരുടെ കുറ്റാരോപണം.

ഇരയിമ്മന്‍ തമ്പിയുടെ ഒരു പിന്തുടര്‍ച്ചാവകാശിയായ രുഗ്മിണി ഭായി ആണ് ഇത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരിക്കുന്നത്. ജയശ്രീക്കെതിരെ അവര്‍ കേസ് കൊടുക്കും എന്നും, തീര്‍ച്ചയായും നഷ്ടപരിഹാരം തരേണ്ടി വരും എന്നും പത്രദ്വാര അവര്‍ പാട്ടുകാരിക്ക് മുന്നറിയിപ്പ് നല്കുന്നു

പക്ഷെ, ശ്രീമതി ബോംബെ ജയശ്രീ ഈ ആരോപണങ്ങള്‍ എല്ലാം അപ്പാടെ നിരസിച്ചിരിക്കുകയാണ്. ഇത് താന്‍ തനിയെ എഴുതി ഉണ്ടാക്കിയതാണെന്നും ഇതൊരു താരാട്ട് പാട്ടയതിനാല്‍, ഇരയിമ്മന്‍ തമ്പിയുടെ പാട്ടിന്റെ മാറ്റൊലി എവിടെയോ കേള്‍ക്കുന്നു എന്നുള്ളത് വളരെ സ്വഭാവികം മാത്രം എന്നുമാണു അവര്‍ പത്രക്കാര്‍ക്ക് കൊടുത്ത മറുപടി.

എപ്പോഴും ഈ താരാട്ട് പാട്ട് ഒരു വേദനപോലെ ഉള്ളില്‍ കൊണ്ട് നടക്കുന്ന ഞാന്‍, ഈ വാര്‍ത്ത വായിച്ച ഉടനെ തന്നെ ശ്രീമതി ജയശ്രി പൈക്ക് വേണ്ടി പാടിയ പാട്ടും, എസ് ജാനകി പണ്ടെങ്ങോ പാടിയ ഓമന തിങ്കള്‍ കിടാവും, യു ടു ബില്‍ നിന്നും കണ്ടു പിടിച്ചു, കേട്ടു. ഞാന്‍ ആദ്യം തന്നെ പറഞ്ഞല്ലോ, സിനിമ കണ്ടിരുന്നപ്പോള്‍ തന്നെ, ഞാന്‍ ഈ പാട്ടാണോ മറ്റേ പാട്ട് എന്ന് ചിന്തിച്ചു പോയി എന്ന്. ഇപ്പോഴും എന്റെ അഭിപ്രായം അത് തന്നെയാണ്. അതിന്റെ ഈണത്തിലും കെട്ടിലും മട്ടിലും എല്ലാം വളരെ സാമ്യം എനിക്ക് തോന്നി. ഇത് താന്‍ അല്ലയോ അത് , എന്ന് തോന്നുകില്‍ ഉല്‍പ്രേക്ഷാലങ്കാരം എന്നല്ലെ? ആണോ?!! (ഷീലടീച്ചറും, ത്രേസ്യാമ്മ ടീച്ചറും എന്നോട് ക്ഷമിക്കണേ) .

എന്തായാലും ബോംബെ ജയശ്രിയെ പോലെ ഉള്ള ഒരാള്‍ക്ക് ഇങ്ങനെ ഒരു കാര്യം ചെയ്തു പ്രസിദ്ധി നേടേണ്ട കാര്യമുണ്ടോ എന്നും ചിന്തിച്ചു പോവുകയാണ്, കാരണം മുന്‍പ് പറഞ്ഞത് പോലെ, ഈ താരാട്ട് കേട്ടുറങ്ങാത്ത ഒരു സാധാരണ കുഞ്ഞു പോലും കേരളത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയം. സംഗീതത്തില്‍ മായാജാലങ്ങള്‍ കാണിച്ച തിരുവിതാംകൂര്‍ മഹാരാജാവ്
സ്വാതി തിരുന്നാള്‍, കൈക്കുഞ്ഞായിരിക്കുമ്പോള്‍ പാടി ഉറക്കാനാണ് ഇരയിമ്മന്‍ തമ്പി ഈ താരാട്ട് പാട്ടു രചിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഒരു അമ്മയ്ക്ക് തന്റെ പോന്നോമാനക്കുഞ്ഞിനോടുള്ള സ്‌നേഹം മുഴുവന്‍ വെണ്ണനെയ്‌പോലെ ഒലിച്ചിറങ്ങുകയാണ് സുപരിചിതമായ ഈ വരികളില്‍. എന്തായാലും എന്താണ് ഇനി സംഭവിക്കുക എന്ന് കാത്തിരുന്നു കാണാം .

ഞാന്‍ പലപ്പോഴും എന്റെ അപ്പന്റെ പാട്ടുകമ്പത്തെക്കുറിച്ചു പറയാറുണ്ട്,
പക്ഷെ, കഴിഞ്ഞ നാല് വര്‍ഷങ്ങളായി അപ്പന്റെ പ്രിയപ്പെട്ട ഒന്നും ഞാന്‍ കേള്‍ക്കാറെ ഇല്ലെന്നുള്ളതാണ് സത്യം. കരിമുകില്‍ കാട്ടിലെയും, വെണ്ണിലാ ചോലയിലെയും, റോജാ രാജ കുമാരിയും, സുഹാനി രാത്തു കല്‍ച്ചുട്ടിയും കേള്‍ക്കാതിരിക്കാന്‍ ഞാന്‍ മനപ്പൂര്‍വം ശ്രമിക്കും.

പക്ഷേ അമ്മയ്ക്കങ്ങനെ ഒരു പാട്ട് ഭ്രമം ഒന്നുമില്ലയിരുന്നതിനാല്‍ ചുരുക്കം ചില പാട്ടുകളെ അമ്മ പാടി ഞാന്‍ കേട്ടിട്ടുള്ളൂ. അതില്‍ പ്രധാനമാണ് ഈ 'ഓമന തിങ്കള്‍ കിടാവോ... എന്റെ സഹോദരന്‍ കൈക്കുഞ്ഞായിരിക്കുമ്പോള്‍ അവനെ ഉറക്കാന്‍ പാടുന്നതാണീ ഓമനത്തിങ്കള്‍ !! ഈ വരികള്‍ക്കൊപ്പം അമ്മ അതിന്റെ കൂടെ, ചേര്‍ത്ത് വെച്ച് പാടുന്ന ചില വരികള്‍ ഞാന്‍ ഓര്‍ക്കുന്നു.
'തങ്കം ...രാരി രാരാരോ.....ഉണ്ണി രാരി രാരാരോ...കുഞ്ഞു ..പൈതല്‍ രാരിരാരോ... വാവേ ...ഉറങ്ങു...ആരാരോ...എന്നിങ്ങനെ പോകുന്നു എന്റെ അമ്മയുടെ ഓമനത്തിങ്കള്‍.

എല്ലാ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും അമ്മമാര്‍ സ്വയം താരാട്ട് പാടുകള്‍ ഉണ്ടാക്കുന്നു. കേട്ട് പഠിച്ചതോ കേട്ട് മറന്നതോ ആവാം. ഈ താരാട്ടുകള്‍. ചിലതില്‍ അവരുടെ ഹൃദയത്തില്‍ നിന്നൂറി വരുന്ന സ്‌നേഹത്തിന്റെ തെളിനീര് ചാലിച്ചിട്ടുണ്ടാവാം. ഒരു പക്ഷെ, ബോംബെ ജയശ്രിയും, അവര്‍ കേട്ട് പരിചയിച്ച, അവര്‍ മക്കള്‍ക്ക് പാടി കൊടുത്തിട്ടുള്ള താരാട്ടിന്റെ കൂടെ, ചില വരികള്‍ ചേര്‍ത്തു വെച്ച് പാടിയതാകം. പക്ഷെ, സംഗീത സമ്രാട്ടായിരുന്ന ഇരയിമ്മന്‍ തമ്പിയുടെ വരികളോ, ആ പാട്ടിന്റെ ഈണമോ താളമോ ലയമോ എങ്ങനെ ഒരു ഹോളിവുഡ് സിനിമക്ക് വേണ്ടി ഉപയോഗിക്കുവാന്‍ കഴിയും ജയശ്രീയെ പോലെയുള്ള ഒരാള്‍ക്ക് എങ്ങിനെ കഴിയും ?. എനിക്കറിയില്ല.!! സംഗീതജ്ഞര്‍ ചിന്തിക്കട്ടെ.

ഇതാണ് ബോംബെ ജയശ്രീയുടെ വരികള്‍

കണ്ണേ കണ്മണിയെ...
കണ്ണനുറങ്ങാന്‍..
മയിലോ, തൂവെയില്‍ മയിലോ
മീനോ കൂകും കുയിലോ
നിലാവോ നിലാവിന്‍
കുളിരോ
ഇമയോ ഇമയില്‍ കനവോ
രാരാരോ , രാരാരോ..
രാരാരോ രാരോ
ഉം.ഉ.... ഉം..
മലരോ, മലരിന്‍ അമൃതോ
കനലോ ചെങ്കനലില്‍ സുധയോ
രാരാരിരോ ..രാരാരിരോ

ഇരയിമ്മന്‍ വരികള്‍

ഓമനത്തിങ്കള്‍ കിടാവോ
നല്ല കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ
പരിപൂര്‍ണേന്ദു തന്റെ നിലാവോ

പുത്തന്‍ പവിഴക്കൊടിയോ
ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടി ആടും മയിലോ
മൃദു പഞ്ചമം പാടും കുയിലോ

തുള്ളുമിളമാന്‍കിടാവോ
ശോഭ കൊള്ളുന്നോരന്നകൊടിയോ
ഈശ്വരന്‍ തന്ന നിധിയോ
പരമേശ്വരിയേന്തും കിളിയോ

പാരിജാതത്തിന്‍ തളിരോ
എന്റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യ രത്‌നത്തെ വയ്പ്പാന്‍
മാ മാ വച്ചൊരു കാഞ്ചനച്ചെപ്പോ


(കടപ്പാട്: മലയാളം പത്രം)
(see also ഓസ്‌കാര്‍ വിവാദവും, ഇരയിമ്മന്‍ തമ്പിയും, ബോംബെ ജയശ്രീയും: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു
നടുക്കടലില്‍ കടുവയുമൊത്ത്‌: ലൈഫ്‌ ഓഫ്‌ പൈ: ജോര്‍ജ്‌ മുകളേല്‍, ഫ്‌ളോറിഡ
ഓമനത്തിങ്കള്‍ കിടാവോ: മീനു എലിസബത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക