Image

കോറല്‍സ്‌പ്രിംഗ്‌ ആരോഗ്യമാതാ പള്ളിയില്‍ തിരുനാള്‍ സെപ്‌റ്റംബര്‍ 8 മുതല്‍

ജോയിച്ചന്‍ പുതുക്കുളം Published on 07 September, 2011
കോറല്‍സ്‌പ്രിംഗ്‌ ആരോഗ്യമാതാ പള്ളിയില്‍ തിരുനാള്‍ സെപ്‌റ്റംബര്‍ 8 മുതല്‍
സൗത്ത്‌ ഫ്‌ളോറിഡ: കോറല്‍സ്‌പ്രിംഗ്‌ ആരോഗ്യമാതാ ഇടവക പള്ളിയില്‍ ആണ്ടുതോറും നടത്തിവരുന്ന ഇടവക മധ്യസ്ഥ ആരോഗ്യമാതാവിന്റെ (ഔവര്‍ ലേഡി ഓഫ്‌ ഹെല്‍ത്ത്‌) തിരുനാള്‍ സെപ്‌റ്റംബര്‍ 8 മുതല്‍ 12 വരെ കൊണ്ടാടുന്നു.

സെപ്‌റ്റംബര്‍ 8-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 7.30-ന്‌ റവ. മെസ. ജെയിംസ്‌ പറപ്പള്ളി തിരുനാളിന്‌ തുടക്കമായി കൊടിയേറ്റ്‌ നടത്തും. തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും, ലദീഞ്ഞും, തിരുനാള്‍ പ്രസുദേന്തിമാര്‍ക്കായുള്ള പ്രാര്‍ത്ഥനയും നടക്കും.

സെപ്‌റ്റംബര്‍ 9-ന്‌ വെള്ളിയാഴ്‌ച രാവിലെ 9 മണിക്കും വൈകിട്ട്‌ നാലിനും പ്രത്യേക കുര്‍ബാനയും, നൊവേനയും ഉണ്ടായിരിക്കുന്നതാണ്‌. വൈകിട്ട്‌ ഏഴുമണിക്ക്‌ ദേവാലയ പാരീഷ്‌ ഹാള്‍ നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം പ്രൊഫ. ഗോപിനാഥ്‌ മുതുകാടിന്റെ നേതൃത്വത്തില്‍ മാജിക്‌ഷോ `വിസ്‌മയം 2011' കോറല്‍സ്‌പ്രിംഗ്‌ പെര്‍ഫോമന്‍സ്‌ ആന്‍ഡ്‌ ആര്‍ട്‌സ്‌ സെന്ററില്‍ വെച്ച്‌ സംഘടിപ്പിക്കുന്നതാണ്‌.

സെപ്‌റ്റംബര്‍ 10-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്കാണ്‌ തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്നത്‌. പ്രസുദേന്തി വാഴ്‌വും, ഇടവകയിലെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതിമാര്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയ്‌ക്കുംശേഷം ആഘോഷമായ റാസ കുര്‍ബാന നടക്കും. റവ. ഫാ. സക്കിറായാസ്‌ തോട്ടുവേലില്‍, റവ.ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍, റവ.ഫാ. മാത്യു തുണ്ടത്തില്‍, റവ.ഫാ. ജോയല്‍ എന്നിവരുടെ കാര്‍മികത്വത്തിലാണ്‌ റാസ കുര്‍ബാന നടക്കുന്നത്‌. റവ.ഫാ. ജോര്‍ജ്‌ പാക്കുവെട്ടിത്തറ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന്‌ കത്തിച്ച മെഴുകുതിരികളും കയ്യിലേന്തി കാര്‍മ്മികരും, വിശ്വാസ സമൂഹവും ജപമാല പ്രദക്ഷിണവും നടത്തും. തുടര്‍ന്ന്‌ മ്യൂസിക്‌ നൈറ്റും, തംബോല ഗെയിമും ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടെ അന്നത്തെ ആഘോഷപരിപാടികള്‍ സമാപിക്കും.

സെപ്‌റ്റംബര്‍ 11-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ മാതാവിന്റെ കീരിടധാരണം, ലദീഞ്ഞ്‌, അടുത്ത വര്‍ഷത്തേക്കുള്ള പ്രസുദേന്തി വാഴ്‌വ്‌ എന്നീ തിരുകര്‍മ്മങ്ങള്‍ക്കുശേഷം ആഘോഷമായ തിരുനാള്‍ കുര്‍ബാന റവ. ഫാ. ജോര്‍ജ്‌ മാളിയേക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന്‌ കരീബിയന്‍ ബാന്റിന്റേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രദക്ഷിണം സമാപിക്കുമ്പോള്‍ തിരുനാള്‍ കുര്‍ബാന സമാപനവും, ആശീര്‍വാദവും നടക്കും. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

തിങ്കളാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും മരിച്ചവര്‍ക്കായുള്ള ഒപ്പീസിനും ശേഷം തിരുനാളിന്‌ കൊടിയിറങ്ങും.

ഇടവകയിലെ വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ വാര്‍ഡിലെ (പത്താം വാര്‍ഡ്‌) കുടുംബങ്ങളാണ്‌ ഇത്തവണത്തെ പ്രസുദേന്തിമാര്‍. ഇടവക വികാരി ഫാ. സക്കറിയാസ്‌ തോട്ടുവേലിലിന്റേയും, വാര്‍ഡ്‌ പ്രതിനിധികളായ ബാബു കല്ലിടുക്കില്‍, ജസി പാറത്തുണ്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ വന്‍ വിജയമാക്കുവാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
കോറല്‍സ്‌പ്രിംഗ്‌ ആരോഗ്യമാതാ പള്ളിയില്‍ തിരുനാള്‍ സെപ്‌റ്റംബര്‍ 8 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക