Image

പത്ത്‌ കല്ല്‌ അഞ്ചാക്കുന്നവര്‍ (കീറാമുട്ടി)

Published on 21 January, 2013
പത്ത്‌ കല്ല്‌ അഞ്ചാക്കുന്നവര്‍ (കീറാമുട്ടി)
പുതുതായി ജോലികിട്ടി വന്ന പയ്യന്‍, ജെയ്‌സണ്‍, കുറുപ്പന്തറക്കാരനാണ്‌. പരിചയപ്പെടുന്നതിടയില്‍ ഞാനും കുറുച്ചുനാള്‍ കുറുപ്പന്തറയിലുണ്ടായിരുന്നു എന്ന്‌ പറഞ്ഞപ്പോള്‍, `മണ്ണാറപ്പാറ പള്ളി അറിയുമോ' എന്ന്‌ ജെയ്‌സണ്‍ ചോദിച്ചു. എങ്ങനെ അറിയാതിരിക്കും? ഈ കഥയൊന്നു കേട്ടുനോക്കൂ. പള്ളിയുണ്ടെങ്കില്‍ പള്ളിപെരുന്നാളും ഉണ്ടാകും. ഈ കഥ നടക്കുന്ന വര്‍ഷത്തെ പെരുന്നാള്‍നോട്ടിസ്സ്‌, `ചരിത്രപ്രസിദ്ധമായ മണ്ണാറപ്പാറ സെയിന്‍റ്‌ സേവിയെര്‍ പള്ളിപെരുന്നാള്‍ ഈ വര്‍ഷവും അതിഗംഭീരമായി ആഘോഷിക്കുന്നു.......', വായിച്ച്‌, ടീനേജിന്റെ അവസാന റീല്‍ ഓടികൊണ്ടിരിക്കുന്ന ഞങ്ങള്‍, കുറച്ച്‌ അവന്മാര്‍ക്ക്‌, ചില്ലറയൊന്നുമല്ല സന്തോഷമുണ്ടായത്‌. പെരുന്നാള്‍ കൂടുവാനുള്ള ധനസംഭരണ മാര്‍ഗമായിരുന്നു ഞങ്ങളുടെ ഓരോരുത്തരുടേയും പിന്നത്തെ ചിന്ത. ഞങ്ങള്‍ എന്നുപറഞ്ഞാല്‍, വയസ്സിനു അല്‍പസ്വല്‌പ ഏറ്റക്കുറച്ചില്‍ മാത്രമുള്ള ഒന്നാംത്തരം കൗമാരക്കാര്‍. ആ പ്രദേശത്തുള്ള വോളിബോള്‍ ക്ലബുകളിലെ മിന്നുന്ന താരങ്ങള്‍. കാര്‍ന്നോന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ `പഷ്ട്‌ ടീമുകള്‍` .ഒരിടത്തും തോല്‍ക്കാത്ത ഞങ്ങളുടെ വോളിബോള്‍ ടീം അല്ല ഉദ്ദേശിച്ചത്‌, ആ ടീമിലെ ഉടും പവുമായ ഞങ്ങളെ മാത്രമാണ്‌ ഉദ്ദേശിച്ചത്‌. അതില്‍ തന്നെ, ഞാനും, വേറെ രണ്ട്‌ കസ്സിന്‍സ്സിനും മാത്രമായി, ഞങ്ങളുടെ വകയിലെ ഒരു തരികിട ചേച്ചിയുടെ ഭാഷയില്‍, പത്ത്‌ കല്ല്‌ അഞ്ചാക്കുന്ന ടീം എന്ന ബഹുമതികൂടിയുണ്ട്‌. `പത്ത്‌ കല്ല്‌ അഞ്ചാക്കാന്‍, അഞ്ചെണ്ണം എറിഞ്ഞു കളഞ്ഞാല്‍ പോരെ ചേച്ചി` എന്ന്‌ ചോദിച്ചാല്‍ `നിങ്ങളോടൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല` എന്ന മറുപടിയില്‍ ഒതുക്കി ചേച്ചി സ്ഥലംവിട്ടോളും. പിന്നിട്‌, കോളെജില്‍ ഫിസിക്‌സ്‌ പഠിച്ചപ്പോളാണ്‌ പത്ത്‌ കല്ല്‌ അഞ്ചാക്കുന്നതിന്‍റെ വിഷമം മനസ്സിലായത്‌. ന്യുക്‌ളിയര്‍ ഫ്യുഷന്‍ നടക്കണം, അതായത്‌ ഹൈഡ്രജന്‍ ബോംബ്‌. ഫിസിക്‌സ്‌ മാഷ്‌ പറഞ്ഞിട്ടുണ്ട്‌, ഒരു ഹൈഡ്രജന്‍ ബോംബ്‌ പൊട്ടിക്കാന്‍ ഒരു അണുബോംബ്‌ (atomic bomb ന്യുക്‌ളിയര്‍ ഫിഷന്‍) പൊട്ടുന്ന അത്രയ്‌ക്ക്‌ ഉര്‍ജ്ജം വേണമെന്ന്‌. ഫിസിക്‌സ്‌ ഒന്നും പഠിക്കാത്ത ചേച്ചിക്ക്‌ ഈ തിയറി എങ്ങനെയാ കിട്ടിയതെന്നും അതു ഞങ്ങളില്‍ അപ്ലൈ ചെയിതതെങ്ങനെയെന്നും ഇപ്പോഴും മനസ്സിലാകാത്തത്‌. ഞങ്ങളെ , പരോക്ഷമായി, ഒരു ദാക്ഷിണ്യവുമില്ലാതെ ഹൈഡ്രജന്‍ ബോംബ്‌ എന്നല്ലേ വിളിച്ചത്‌. ഈ ചേച്ചിയെ `തരികിടചേച്ചി' എന്നുതന്നെയല്ലേ വിളിക്കേണ്ടത്‌.

നല്ലകാര്യങ്ങള്‍ക്ക്‌ ഒഴിച്ച്‌ ബാക്കിയെന്തിനും കൃത്യനിഷ്‌ഠയും, സത്യസന്ധതയും പുലര്‍ത്തിയിരുന്ന ഞങ്ങള്‍ ഓരോരുത്തരും പള്ളിപരിസ്സരത്തെത്തി. ഒരു പള്ളിപ്പെരുന്നാളിന്‍റെ എല്ലാം, പോയവര്‍ഷത്തെക്കാള്‍, കേമം. ജനസാഗരം, ഇലൂമിനേഷന്‍, ബാന്‍റുമേളക്കാര്‍, ചെണ്ടമേളക്കാര്‍ അങ്ങനെ എല്ലാം. പറ്റാവുന്ന കുരുത്തക്കേടൊക്കെ കാണിച്ച്‌, ഞങ്ങള്‍, പള്ളിമുറ്റത്തേക്ക്‌ ഒഴുകികൊണ്ടിരുന്നു. ബലൂണ്‍കാരന്‍റെയടുത്തും, ഓറഞ്ച്‌, കടല, ഉഴുന്നാടക്കാരന്‍റെ അടുത്ത്‌ നില്‍ക്കുന്ന പെണ്‍കുട്ടികള്‍ തിരിഞ്ഞ്‌നിന്ന്‌ `പോടാ ചെറുക്കാ` എന്ന്‌ മൃദുവായും, അല്‌പം കൂടിയിനങ്ങള്‍ `പോടാ പട്ടീ' എന്ന്‌ കടുപ്പത്തിലും പറയുന്നുണ്ടെങ്കില്‍, ഞങ്ങളില്‍ ചിലരുടെ കരവിരുതുകൊണ്ട്‌ മാത്രമാണ്‌. `ദാണ്ടേ നമ്മുടെ സേവി നില്‍ക്കുന്നു` എന്നുപറഞ്ഞു കൊണ്ട്‌ ജോസ്‌ അടുത്തുള്ള കുപ്പിവള കടയിലേക്ക്‌ കൈചൂണ്ടി. ശരിയാണ്‌ 'നെല്ലിടയിലെ സേവി' ഒരുപറ്റം തരുണീ മണികളുമായി കൊഞ്ചിക്കുഴയുന്നു. വലതുകയില്‍, തെല്ല്‌, അയച്ചു കെട്ടിയ വാച്ച്‌, കൈ ഇളക്കുന്നതനുസ്സരിച്ചു വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു(ആള്‌ ഇപ്പോഴും ആരോഗ്യദൃഡഗാത്രനായിരിക്കുന്നതുകൊണ്ടും, ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ കുടുംബകലഹത്തിനിടയാക്കുവാന്‍ സാത്യത ഉള്ളതുകൊണ്ടും യഥാര്‍ത്ഥ പേരല്ല കൊടുത്തിരിക്കുന്നത്‌). സേവി, ഞങ്ങളെക്കാള്‍ സീനിയര്‍ ആണ്‌. പ്രായത്തിലും കവിഞ്ഞ പൊക്കവും, തൂക്കവും ഉണ്ടായിരുന്നു. കൈകള്‍ക്ക്‌ ഒരിത്തിരി നീട്ടക്കൂടുതല്‍ ഉണ്ടോന്നൊരു സംശയം. പെണ്ണുങ്ങളോട്‌ പ്രത്യേക ചായിവ്‌ ഉണ്ട്‌. ഇഷ്ടന്‌ സമയം ഒട്ടുമില്ല, സമയം കിട്ടിയാല്‍, വല്ലപ്പോഴും വോളിബോള്‍ കളിക്കാന്‍ വരും. നന്നായിട്ട്‌ കളിക്കില്ലെങ്കിലും നല്ല ആര്‍ച്ച്‌ ലിഫ്‌റ്റ്‌ ഇട്ടുതരുന്നതുകൊണ്ട്‌ എതിരാളികളുടെ ബ്ലോക്കില്‍ കുടുങ്ങാതെ, നിര്‍ണ്ണായക നിമിഷത്തില്‍, സ്‌മാഷ്‌ ചെയുവാന്‍ പറ്റുമായിരുന്നു. ഏതാണ്ട്‌ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തൊട്ട്‌, ഇടയ്‌ക്കിടയ്‌ക്ക്‌, രാവിലെത്തെ ഇന്റര്‍വെല്‍ സമയത്തു സ്‌കൂളിനു പുറത്ത്‌ കാത്തുനില്‍ക്കുന്ന ഇടക്കാരാനുമായി `പെണ്ണുകാണാന്‍` പോയിട്ട്‌ ഊണൊക്കെ കഴിഞ്ഞ്‌, ക്ലാസ്സില്‍ തിരിച്ചെത്തുമായിരുന്നു. ഈ പ്രവര്‍ത്തിക്ക്‌ കഥയുമായി ബന്ധം ഇല്ലെങ്കിലും, സേവിയുടെ തൊലിക്കട്ടിയും, ധൈര്യവും ഒന്നു എടുത്തുകാണിക്കാന്‍ പറഞ്ഞെന്നെ ഉള്ളു. `നടക്കട്ടെ, നടക്കട്ടെ ` എന്നു പറഞ്ഞു ഞങ്ങള്‍ എല്ലാവര്‍ഷവും ഒത്തുചേരാറുള്ള സ്ഥലത്തേക്ക്‌ നീങ്ങി. നിര്‍ദ്ധിഷ്ട സ്ഥലത്തെത്തി, കടലയും, ഓറഞ്ചും( എല്ലാം അടിച്ച്‌ മാറ്റിയതാണ്‌ ) തിന്നുന്നതിനിടയില്‍, വന്നസ്ഥിതിക്ക്‌ പള്ളിയില്‍ കയറിയിട്ട്‌ ബാക്കി കാര്യങ്ങള്‍ ആലോചിക്കാം എന്നു കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വിജയന്‍റെ അഭ്യര്‍ത്ഥനയെ, പ്രായക്കുറവിന്റെയും, ഫസ്‌ട്‌ റോയില്‍ ഇടിവെട്ട്‌ സ്‌മാഷിനുള്ള തൂക്ക്‌ ലിഫ്‌റ്റ്‌ ഇട്ടുതരുന്നവനെന്ന പരിഗണനയും കണക്കിലെടുത്ത്‌, നല്ല പുളിച്ച തെറിയില്‍ ഒതുക്കി. ഞങ്ങളുടെ കൂട്ടത്തിലേക്ക്‌ പലകൂട്ടുകാര്‍ വരുകയും, പിന്നെ തരപ്പടിക്കാര്‍ ഒത്ത്‌ , കലാപരിപാടി കഴിഞ്ഞ്‌ കാണാമെന്ന്‌ പറഞ്ഞ്‌ അവരുടേതായ മേളാങ്കത്തിനു പോകുകയും ചെയുന്നുണ്ടായിരുന്നു. മിച്ചമുള്ള ബേബിച്ചന്‍, ഷാജി, രവി, ജോസ്‌, പിന്നെ ഞാനും മിഷന്‍ലീഗുകാര്‍ നടത്തുന്ന സ്റ്റാളിലേക്ക്‌ നടന്നു.

മിഷന്‍ലീഗ്‌ അല്ലെങ്കില്‍ മിഷന്‍ലീഗുകാര്‍ എന്നുപറഞ്ഞാല്‍, ഒരു ഇടവകയിലെ പത്ത്‌ വയസ്സുമുതല്‍ ഏതാണ്ട്‌, അല്ലെങ്കില്‍ അങ്ങേയറ്റം പതിനാറു വയസ്സുവരെയുള്ള ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഉള്‍പെടുന്ന ഒരു സംഘടന. മിക്കവാറും രക്ഷാധികാരി പള്ളിയിലെ കൊച്ചച്ചന്‍ (അസിസ്റ്റന്റ്‌ വികാരി) ആയിരുക്കും. ഇവര്‍ കത്തോലിക്കാ ക്രിസ്‌ത്യാനികളിലെ ചാവേറുകളാണ്‌. ചാവേറെന്നു പറഞ്ഞതുകൊണ്ട്‌ ഞെട്ടേണ്ട. ഇതര മതസ്‌തര്‍ക്കോ, ജില്ലക്കോ, സംസ്ഥാനത്തിനോ, രാജ്യത്തിനോ, ഈ ലോകത്തിനോ, എന്തിന്‌, ഒരു പ്രത്യേക വ്യക്തിക്കോ പോലും ഒരു ഭീഷണിയല്ല. അടിസ്ഥാനപരമായി കേരളത്തിലെ കത്തോലിക്കാ ക്രിസ്‌ത്യാനികള്‍ കര്‍ഷകരാണല്ലോ, ഈ കര്‍ഷകര്‍ക്ക്‌ മിഷിന്‍ലീഗുകാര്‍ എന്നു പറയുന്ന ചാവേറുകള്‍ ഒരു ഭീഷണിയാണ്‌. കാര്‍ഷികപ്പിരിവ്‌ എന്നപേരില്‍ വിടുവീടാന്തരം കയറി കാര്‍ഷികവിളയുടെ ഒരുഭാഗം എടുത്തുകൊണ്ട്‌പോകുന്ന പള്ളിവക ചടങ്ങുണ്ട്‌. ഇതിനായി, ഈ ചാവേറുകളെയാണ്‌ നിയോഗിക്കുന്നത്‌. അവര്‍, ചാക്ക്‌, കൊട്ട ഒക്കെയായിവന്ന്‌, പറമ്പിലുള്ള, നല്ല വാഴക്കുല, നല്ലമൂട്‌ കപ്പ , ചേന, കാച്ചില്‍, ചേമ്പ്‌, ഉള്ളതില്‍ മുഴുത്ത മത്തങ്ങ, കുമ്പളങ്ങ, തേങ്ങയും പറിച്ചെടുക്കും. ചങ്കുപൊട്ടുന്ന വേദനയുണ്ടെങ്കിലും, ദൈവത്തിനല്ലേ എന്നു സമാധാനിച്ചു കൊണ്ട്‌ ചിരിച്ചുകൊണ്ട്‌ നില്‍ക്കുന്ന കര്‍ഷകര്‍. എന്‍റെ അറിവില്‍ ചക്ക, രണ്ടുതരവും(വരിക്ക കുഴ), ഇന്നുവരെ ആരും കൊണ്ടുപോയിട്ടില്ല. ഇങ്ങനെ പള്ളിയിലെത്തുന്ന സാധനങ്ങള്‍ ലേലത്തില്‍ വിറ്റുകിട്ടുന്ന രൂപ, അണാപൈസ തെറ്റിക്കാതെ, രൂപതയില്‍ എത്തുകയും ചെയും. ഇത്തരം കച്ചവടക്കാരെ ചാട്ടവാറുകൊണ്ടടിച്ചോടിക്കാനാണ്‌ യേശുക്രിസ്‌തു രണ്ടാമതും, അവസാനവുമായി, പള്ളിയില്‍ പോയത്‌. ഉള്ളത്‌ പറയയണമല്ലോ, വല്ലപ്പോഴും, ആ നാട്ടിലെ ഏറ്റവും പാവപ്പെട്ട ഒരാളുടെ വീട്‌ നന്നാക്കികൊടുക്കുക( ഇതില്‍ ജാതി, മതം ഇല്ല), ഏതേലും ഇടവഴി നന്നാക്കുക എന്നീ നല്ല കാര്യങ്ങളും മിഷന്‍ലീഗുകാര്‍ ചെയ്യുന്നുണ്ട്‌. എന്നിരുന്നാലും അറിവില്ലാത്ത ഈ പ്രായത്തെ പള്ളി മുതലെടുക്കുകയാണ്‌ എന്നു നിസംശയം പറയാം. ഈ തിരിച്ചറിവ്‌ വരുന്നതോടെ, എല്ലവാരുംതന്നെ, പതിനാറാം വയസ്സോടെ മിഷന്‍ലീഗില്‍ നിന്നും പൊഴിയും. പൊഴിയാതെ ആരേലും പിടിച്ചുനില്‍ക്കുന്നുണ്ടെങ്കില്‍, അവനു ദുരുദ്ദേശം ഉണ്ടാകും. ഇന്ന്‌ കേരളത്തിലെ കത്തോലിക്കാ ക്രിസ്‌ത്യാനികളായ, കൈക്കുലിക്കാരും, അഴിമതിക്കാരും ക്രൂരരും ആയിട്ടുള്ള ഉദ്യോഗസ്ഥര്‍ ഇങ്ങനെ മിഷന്‍ലീഗില്‍ നിന്നും പൊഴിയാതെ പിടിച്ചുനിന്നവരായിരിക്കും. ചങ്ങനാശ്ശേരി രൂപതയിലെ ഏതേലും ഇടവകയിലെ മിഷന്‍ലീഗുകാരുടെ ലിസ്റ്റ്‌ അങ്ങ്‌ തച്ചങ്കരി വരെ നീളുന്നുണ്ടെങ്കില്‍, മുകളില്‍ പറഞ്ഞ എന്‍റെ അഭിപ്രായം സത്യമാക്കും. ആണ്ടുതോറുമുള്ള പള്ളിപ്പെരുന്നളിന്‌, മിഷന്‍ലീഗുകാര്‍ `മിഷന്‍ ലീഗ്‌ സ്റ്റാള്‍` എന്ന സ്റ്റാള്‍ നടത്തും. സ്റ്റാളില്‍, കാണാന്‍ കൊള്ളാവുന്ന, കൊഞ്ചികുഴയുന്നതില്‍ അസാമാന്യ മിടുക്കുള്ള മൂന്നോ, നാലോ പെണ്‍കുട്ടികള്‍, നല്ല കുണ്ടലാനിറ്റി ഉള്ള രണ്ടാണ്‍കുട്ടികള്‍, ഒന്നോ രണ്ടോ `സൂപ്പര്‍ സീനിയര്‍(ഇരുപത്തിയഞ്ച്‌ കഴിഞ്ഞിട്ടും മിഷന്‍ ലീഗില്‍ തുങ്ങി കിടക്കുന്നവന്‍)` എന്നിവര്‍ ഉണ്ടായിരിക്കും. മറ്റു സ്റ്റാളുകാര്‍ പള്ളിക്ക്‌ കൊടുക്കുന്ന മണിക്കൂര്‍ വാടക `മിഷന്‍ ലീഗ്‌ സ്റ്റാള്‍` കൊടുക്കേണ്ടെന്നു മാത്രമല്ല, വാടകയേ ഇല്ല. സ്റ്റാളില്‍ വില്‍ക്കുന്ന പലസാധനങ്ങളും ഇടവകക്കാര്‍ സംഭാവന ചെയുന്നതായിരിക്കും. ഇക്കാരണങ്ങളൊക്കെകൊണ്ടാകാം, ഈ സ്റ്റാളിലെ സാധനങ്ങള്‍ക്ക്‌ `എളികേറിയ` വിലയായിരിക്കും. മുന്‍പ്‌ പറഞ്ഞ പെണ്‍കുട്ടികള്‍ കാരണം ഈ സ്റ്റാളിന്‍റെ അടുത്തൂടെ പോകുന്ന ചെറുപ്പക്കാരുടെ പെരുന്നാള്‍ കൂടുവനുള്ള കാശ്‌ മാത്രമല്ല അടുത്തയാഴ്‌ച റേഷന്‍ വാങ്ങാനുള്ള രൂപയും തീരും, കൂടാതെ, കൂട്ടുകാരന്‌ കൊടുക്കുവാന്‍ കടം വേറെയും (അതാണ്‌ പെണ്ണുങ്ങള്‍!). ഇങ്ങനുള്ള സ്ഥലത്തേക്കാണ്‌, അഹങ്കാരം പറയുകയാണെന്ന്‌ വിചാരിക്കരുത്‌, പല ബലഹീനതകളുമുള്ള, ഞങ്ങള്‍ നടന്നടുക്കുന്നത്‌.

ഞാന്‍ നേരത്തെപറഞ്ഞ വകകള്‍ എല്ലാം സ്റ്റാളില്‍ ഉണ്ട്‌, എണ്ണത്തില്‍ അല്‍പസ്വല്‍പ വ്യത്യാസം മാത്രം. ഞങ്ങളിലെ ജോസിനെ കണ്ടമാത്രയില്‍ സ്റ്റാളില്‍ നില്‍ക്കുന്ന കുണുങ്ങികളുടെ , എന്താ പറയേണ്ടത്‌, ചില കവികള്‍ പറയുന്നതുപോലെ, പൂനിലാവ്‌ പൊഴിക്കുന്ന ചന്ദ്രനെ പെട്ടെന്ന്‌ ഒരു മേഘം മൂടുമ്പോള്‍ നിലാവ്‌ മങ്ങുന്നതുപോലെ, മുഖമിരുണ്ടു. കാളിദാസനോ, കുമാരനാശാനോ, വൈലോപ്പള്ളിയോ ഇത്‌ കണ്ടുനില്‍പ്പുണ്ടയിരുന്നെങ്കില്‍, മേഘചിന്താല്‍ നിലാവ്‌ മങ്ങുന്നതിനെ, ജോസ്‌ വന്നപ്പോള്‍ `മിഷന്‍ ലീഗ്‌ സ്റ്റാളിലെ` പെണ്‍കുട്ടികളുടെ മുഖംമങ്ങിയതുപോലെയെന്ന്‌ ഉപമിക്കുമായിരുന്നു, തിട്ടം! ഒറ്റ അവലോകനത്തില്‍തന്നെ, പടിഞ്ഞാട്ടുദര്‍ശനമുള്ള സ്റ്റാളിന്‍റെ വടക്കുവശം മദ്ധ്യത്തിലായി തൂക്കിയിട്ടിരിക്കുന്ന ഒരു പാളയംകോടന്‍ പഴക്കുല ആരുടെയും ശ്രദ്ധപിടിച്ചുപറ്റും. വൈകുന്നേരം അഞ്ചുമണിക്ക്‌ സ്റ്റാള്‍ തുടങ്ങി, ഈ നേരമായിട്ടും ഒരു കായപോലും അടര്‍ത്തിയിട്ടില്ലാത്തതിനാല്‍, അടുത്തസമയത്ത്‌ തൂക്കിയതായിരിക്കണം. തന്നെയുമല്ല, ആ സ്ഥാനം ഈ കുലക്ക്‌ ചേരുകയുമില്ല. കുലയെക്കുറിച്ചും, പഴത്തെക്കുറിച്ചും നല്ല അറിവുള്ളവനേ ഈ കുല പാളയംകോടന്‍ ആണെന്ന്‌ പറയാന്‍ പറ്റൂ. അല്ലാത്തവര്‍, തീര്‍ച്ചയായും, വാഴപ്പഴങ്ങളുടെ രാജാവ്‌ `പൂവന്‍ പഴക്കുലയെന്നേ പറയൂ. ഒരു `അറിഞ്ഞ കര്‍ഷകന്റെ' മകനെന്നനിലക്ക്‌ എനിക്ക്‌ ഈ കുലയെക്കുറിച്ച്‌ കൂടുതല്‍ പറയാതിരിക്കുവാന്‍ വയ്യ. `പടലയടുപ്പം', `കായ്യ്‌ അകലം', `കാവണ്ണം' എന്നിവ വച്ചുനോക്കിയാല്‍, ചാണകക്കുഴിയുടെ അരികില്‍ ഉണ്ടായിരുന്ന വാഴയായിരിക്കണം, നല്ല വെയിലേറുതട്ടി വളര്‍ന്നതിനാല്‍ ഒറ്റവാഴയായിരിക്കണം. അതുകൊണ്ടാകാം പുണ്യാളന്‌ ഈ കുല നേര്‍ച്ചയായത്‌. `കായുരുളിമ` കണക്കിലെടുത്താല്‍ കൃത്യസമയത്ത്‌ തന്നെ വാഴച്ചുണ്ട്‌ ഓടിച്ചിട്ടുണ്ട്‌ എന്നു മനസ്സിലാകും , അതിനാല്‍ ഈ കുലയുടെ മുന്‍ ഉടമസ്ഥന്‍ ഒരു നല്ല കര്‍ഷകനായിരിക്കും. ഈ കുലയുടെ അടിപ്പടലയില്‍ നിന്നും രണ്ടുപഴമെങ്കിലും തിന്നണമെന്നൊരാഗ്രഹം കലശലായി. ആഗ്രഹിച്ചാല്‍ മാത്രം പോരല്ലോ ഒരു കണക്കുകൂട്ടല്‍ ഒക്കെ വേണ്ടേ? കൂട്ടി! കണക്കുകൂട്ടി!! പാളയംകോടന്‍ പഴത്തിന്‍റെ സമാധാനകാല വിലയായ പതിനഞ്ചുപൈസയോട്‌, പെരുന്നാള്‍വിലയായി അഞ്ചുപൈസയും, `എളികേറി` വില ഒരു അഞ്ചുപൈസയും കൂട്ടിയാല്‍ ഇരുപത്തിയഞ്ചുപൈസ. മുച്ചീട്ടുകളിക്കാരെയും, കുലുക്കിക്കുത്തുകാരെയും മാത്രം ആശ്രയിച്ച്‌ ഒരുരൂപയുമായി പെരുന്നാളുകൂടുവാന്‍ ഇറങ്ങിയ എനിക്ക്‌, ഞങ്ങള്‍ അഞ്ചുപേര്‍ക്ക്‌ ഓരോ പഴം വാങ്ങണമെങ്കില്‍ ഒരു ഇരുപത്തിയഞ്ചുപൈസ ലോകബാങ്കില്‍ നിന്നും കടമെടുക്കണം (കൂടെയുള്ളവരില്‍നിന്നും വാങ്ങുന്നതിലും എളുപ്പം ലോക ബാങ്കാണ്‌.) ഒറ്റയ്‌ക്ക്‌ വന്നുവാങ്ങാം, എന്നാലും വില ചോദിച്ചുവെച്ചേക്കാമെന്ന്‌ മനസ്സില്‍കരുതി, കുലയോട്‌ ഏറ്റവും അടുത്തു നില്‍ക്കുന്നവനും, ആവശ്യത്തിലധികം കുണ്ടനാലിറ്റിയുള്ളവനും, ഒരു പതിനാല്‌പതിനഞ്ച്‌ വയസ്സിനുടമയും, സര്‍വ്വോപരി `പന്തെറിഞ്ഞു പാട്ട മറിക്കുന്ന` കളിയുടെ മേല്‍നോട്ടക്കാരനുമായ( പറയാന്‍ വിട്ടുപോയതാണ്‌, മിഷന്‍ലീഗ്‌ സ്റ്റാളില്‍, വളയം ഏറു, കളിതോക്കുകൊണ്ടുള്ള വെടിവെപ്പ്‌, പന്തെറിഞ്ഞു പാട്ട മറിക്കല്‍ എന്നിങ്ങനെയുള്ള മത്സരവും ഉണ്ടായിരിക്കും) പയ്യനോട്‌ ഞാന്‍ ചോദിച്ചു. പയ്യന്‍ എന്‍റെ മുഖത്തേക്കും, പിന്നെ, പ്രസ്‌തുത കുലക്കിട്ടും നോക്കിയിട്ട്‌ പറഞ്ഞു, `നാല്‍പ്പത്തിയഞ്ചുപൈസ`.കേട്ടുനിന്നവരുടെയൊക്കെ അഡ്രിയാനല്‍ ഗ്രന്ഥി അടിച്ചുപോയിട്ടുകാണും (സംഭവം നടക്കുന്നത്‌ എണ്‌പതുകളിലാണേ!) സമചിത്തത തിരിച്ചുകിട്ടിയപ്പോള്‍ ചിന്തിച്ചു, ദുര്‍ലഭ സമയത്ത്‌ (ഓഫ്‌ സീസണ്‍) ഇതിലും മുഴുത്ത നല്ല പൂവന്‍ പഴത്തിനു മുപ്പത്തിയഞ്ചുപൈസയെയുള്ളൂ. ഒരുകാര്യം ഉറപ്പായി, ഈ കുല, സ്റ്റാള്‍ തുടങ്ങിയ അഞ്ചുമണിക്കുതന്നെ തൂക്കിയിട്ടതായിരിക്കണം. തന്നെയുമല്ല, ആ സ്ഥാനം മാത്രമേ ഈ കുലക്ക്‌ ചേരുകയുള്ളൂ.

പ്രായത്തിന്‌ ആനുപാതികമായി പൊക്കമില്ലെങ്കിലും, വീട്ടിലെ പണിക്കുടുതല്‍കൊണ്ടായിരിക്കണം, നല്ല ഉറച്ച ശരീരവും ഉള്ള ജോസിന്‍റെ കൈകള്‍ക്ക്‌ ഒരല്‌പം നീട്ടക്കുറവില്ലേ എന്നൊരു സംശയം. കവലയിലെ ഒരു വോളിബോള്‍ ക്ലബിലെ സ്ഥിരാംഗവും, ഇടയ്‌ക്കിടയ്‌ക്ക്‌, ഞങ്ങളോടുള്ള സ്‌നേഹകൂടുതല്‍ കൊണ്ട്‌, ഞങ്ങളുടെ ക്ലബിലേയും സ്ഥിര സന്ദര്‍ശന കളിക്കാരനാണ്‌. സാഹചര്യം എല്ലാം ഒത്തുവന്നാല്‍ ജോസ്‌ ഒരു ഇടത്തരത്തിലും അല്‌പം താഴ്‌ന്ന റൌഡിയും കൂടിയാണ്‌. സേവിയും, ജോസും റൊമാന്റിക്‌ കാര്യത്തില്‍ കൃത്യം 90 ഡിഗ്രി വ്യത്യാസമുണ്ട്‌. മുട്ടുചിറ, കഞ്ഞിരത്താനം, കോതനല്ലൂര്‍, കവല എന്നീ പള്ളികളിലെ പെരുന്നാളിനും വെറും അഞ്ചുരൂപയുമായി ഇറങ്ങുന്ന ജോസ്സിനുള്ള ഏകാശ്രയം `പന്തെറിഞ്ഞു പാട്ട മറിക്കലാണ്‌`. ഇടംകൈയന്മാര്‍ക്ക്‌ നല്ല ഉന്നമാണെന്ന്‌ പറയാറുള്ളത്‌ ജോസിന്‍റെ കാര്യത്തില്‍ ശരിയാണ്‌. എഴുപത്തിയഞ്ചു പൈസ മുടക്കി, കാലിടിന്നുകളുടെ ഒരു പിരമീട്‌ (പത്ത്‌ ടിന്നുകള്‍ ഉണ്ടെന്നാണെന്റെ ഓര്‍മ്മ) മൂന്നു റബര്‍പന്ത്‌ എറിഞ്ഞ്‌ എല്ലാ ടിന്നും മറിഞ്ഞാല്‍ രണ്ടുരൂപ കിട്ടും. പഴത്തിന്‍റെവില കേട്ട ഞെട്ടലില്‍നിന്നും വിമുക്തനായ ജോസ്‌ എഴുപത്തിയഞ്ചുപൈസ പയ്യന്‌ കൊടുത്ത്‌ മൂന്ന്‌ പന്ത്‌ കയ്യില്‍ വാങ്ങിച്ചു. പിന്നെ ഉന്നം പിടുത്തവും, റിഹേഴ്‌സലും നടത്തുകയും, ഞങ്ങളും, പയ്യനും, ചുറ്റുംകൂടിയവരും കണ്ടുകൊണ്ടും നിന്നു. പയ്യനും, ഞാനും,ഞങ്ങള്‍ മാത്രം, ഇടയ്‌ക്കിടെ പഴക്കുലയിലേക്കും ഒന്നു നോക്കും. രണ്ടു ടിന്നുകള്‍ മറിയാത്തതുകാരണം ജോസിന്‍റെ ആദ്യത്തെ എഴുപത്തിയഞ്ചുപൈസ പോയിക്കിട്ടി. വാശിയണല്ലോ ജീവിതത്തിലെ നല്ലതിനും, നാശത്തിനും കാരണം. അടുത്ത സെറ്റ്‌ ഏറിനുള്ള പന്ത്‌ ജോസ്‌ വാങ്ങിക്കഴിഞ്ഞു. ജോസ്‌ എറിയുന്ന പന്തിന്‍റെ സഞ്ചാര പഥം (Trajectory) നിരീഷിച്ച എനിക്ക്‌ ഒരുകാര്യം മനസ്സിലായി. പന്തും, പഴക്കുലയും തിമ്മില്‍ നല്ല അകലക്കുറവുണ്ട്‌. ഒറ്റയൊരു ടിന്ന്‌ തലപൊക്കിനിന്നതിനാല്‍ ജോസിന്‍റെ മറ്റൊരു എഴുപത്തിയഞ്ചുപൈസയും പോയി എന്നു മാത്രമല്ല തെല്ല്‌ അഭിമാനക്ഷതവും. ഒരു പഴത്തിന്‍റെ `ഒടുക്കത്തെ ` വില കേട്ടതിന്‍റെ പാര്‍ശ്വഫലമാ, അല്ലാതെ ജോസ്സിനിങ്ങനെ സംഭവിക്കുകയില്ല. ദേഷ്യത്തോടെ, ഇനിയെന്ത്‌ എന്ന രീതിയില്‍, ഞങ്ങള്‍ സ്റ്റാളില്‍നിന്നും ഇത്തിരി മാറി നിന്നപ്പോള്‍, എന്‍റെ നിരീഷണത്തില്‍ നിന്നും ഉരുത്തിരിഞ്ഞ കുരുട്ടുബുദ്ധിയില്‍ തോന്നിയതിങ്ങനെ പറഞ്ഞു ` നമ്മുടെ സേവിയെകൊണ്ട്‌ എറിയിച്ചാല്‍ ചിലപ്പോള്‍.................` ഞാന്‍ പറഞ്ഞുതീര്‍ന്നില്ലതിനുമുമ്പ്‌, വേണ്ടാത്ത കാര്യങ്ങള്‍ ചെയ്യാനുള്ള ശുഷ്‌കാന്തിക്ക്‌ ഞങ്ങള്‍ ആര്‍ക്കും പിന്നിലല്ലായെന്നു തെളിയിക്കാനെന്നോണം, ജോസും, ഷാജിയും തീറുകൈ വിട്ടുപോയി. ഏതാണ്ട്‌ ഏഴുമിനിട്ട്‌ കഴിഞ്ഞപ്പോള്‍, ഷാജിയും, ജോസും സേവിയേയും കൊണ്ടുവന്നു. സേവി ആ കുപ്പിവളക്കടയുടെ വാതുക്കല്‍ അതേ പെണ്ണുങ്ങളോട്‌ കൊഞ്ചിക്കുഴഞ്ഞ്‌ നില്‍പ്പുണ്ടായിരുന്നു. ഇങ്ങനെയാണ്‌ സേവിയുടെ സമയം മുഴുവന്‍ പോകുന്നത്‌. ഇതുകൊണ്ടാണ്‌ സേവിക്ക്‌ മറ്റൊന്നിനും ഒട്ടും സമയമില്ലാത്തത്‌. ഒമ്പതാംക്ലാസ്സ്‌ മുതല്‍ പെണ്ണുകാണാന്‍ പോകുന്നയളോട്‌ കൂടുതലൊന്നും വിശദീകരിക്കേണ്ടല്ലോ. സേവി എന്തിനും തയ്യാറായി കൈകള്‍ കുടഞ്ഞപ്പോള്‍ വലതുകയില്‍ കെട്ടിയ വാച്ച്‌ പിന്നെയും വെട്ടിത്തിളങ്ങി. അതുകൊണ്ടുതന്നെ ഞങ്ങളുടെയെല്ലാം അഭിപ്രായം ഇത്തിരി വിഷമത്തോടെ സേവി അനുസരിച്ചു. വാച്ച്‌ അഴിച്ച്‌ മുണ്ടിന്‍റെ മടിക്കുത്തില്‍ വച്ചു (അക്കാലത്ത്‌,ഞങ്ങളെല്ലാവരും മുണ്ടായിരുന്നല്ലോ ഉടുത്തിരുന്നത്‌). സേവി സ്റ്റാളിലേക്കടുത്തു. കരിമേഘം മാറി ചന്ദ്രന്‍ തെളിയുന്നത്‌ പോലെ സ്റ്റാളിലെ പെണ്ണു ങ്ങളുടെ മുഖവും തെളിഞ്ഞു. കാളിദാസനോ, കുമാരനാശാനോ, വൈലോപ്പള്ളിയോ ഇത്‌ കണ്ടുനില്‍പ്പുണ്ടയിരുന്നെങ്കില്‍, നിലാവുദിക്കുമ്പോള്‍ ആമ്പല്‍ വിരിയുന്നതിനെ, സേവി വന്നപ്പോള്‍ `മിഷന്‍ ലീഗ്‌ സ്റ്റാളിലെ' പെണ്‍കുട്ടികളുടെ മുഖം തെളിഞ്ഞതുപോലെയെന്ന്‌ ഉപമിക്കുമായിരുന്നു, തിട്ടം!

പൈസകൊടുത്ത്‌ മൂന്നു പന്ത്‌ സേവി ഇടതു കയ്യിലേക്കു വാങ്ങിച്ചപ്പോഴേക്കും ഞങ്ങളും സ്റ്റാളിലേക്കു അടുത്ത്‌. മൂന്നില്‍ ഒരു പന്ത്‌ വലതു കയ്യിലെടുത്ത്‌ ഉന്നംപിടുത്തവും എറിയുന്ന ആംഗ്യം കാണിക്കലും അതു പെണ്ണുങ്ങള്‍ കാണുന്നുണ്ടോ എന്നറിയാന്‍ അവരെ നോട്ടവും സേവി നടത്തുന്നുണ്ടായിരുന്നു. എന്തിന്‌, കുലയുടെ ഭാഗത്തേക്ക്‌ വെറുതെപോലും സേവി നോക്കിയിട്ടില്ല. അപ്പോഴും, എനിക്കും പയ്യനും ആ കുലയെ നോക്കാതിരിക്കുവാന്‍ കഴിയില്ലായിരുന്നു. പിന്നെയെല്ലാം കണ്ണടച്ചുതുറക്കുന്ന സമയത്തിനുള്ളില്‍ സംഭവിച്ചു. ഇടതു കയ്യില്‍ ഇരുന്ന പന്തെല്ലാം ഞൊടിയിടകൊണ്ട്‌ വലതു കയ്യിലേക്ക്‌ മാറ്റി, ഓരോ പന്ത്‌ വീതം ഇടതുകൈ കൊണ്ട്‌ , `ഭൂക്ക്‌ ഭൂക്കെന്നു' എറിഞ്ഞു (സേവി ഒരു കറതീര്‍ന്ന ഇടംകൈനാണ്‌) ഓരോ പന്തും നമ്മുടെ, 'നായകന്‍വാഴക്കുലയുടെ' അകത്തൂടെ കയറി കായെല്ലാം ചിതറിച്ച്‌ ഒരു ടിന്നൊഴിച്ച്‌ ബാക്കിയെല്ലാം മറിച്ചു. സ്റ്റാളിനകത്തുള്ളവരും, പുറത്തുള്ളവരും ശരിക്കും ഞെട്ടിത്തരിച്ചുപോയി. എന്തിന്‌! ഇത്‌ പ്ലാന്‍ ചെയ്‌ത ഞങ്ങളും ഞെട്ടി, ഒരു പന്ത്‌ മാത്രം കുലയ്‌ക്കിട്ടു എറിഞ്ഞു കൊള്ളിക്കുമെന്നല്ലേ ഞങ്ങള്‍ വിചാരിച്ചത്‌. ഇതിപ്പം മൂന്നുപന്തും കുലയ്‌ക്കകത്തൂടെ പായിക്കുകയും, ഓരോ പന്തും ഞങ്ങളുടെ പ്രതീഷകള്‍ക്കപ്പുറം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തു. സീനിയര്‍ ലീഗുകാര്‍ രണ്ടും മുമ്പിലേക്ക്‌ ഓടിയെത്തി. ഒരു സീനിയര്‍ മറ്റൊരു പയ്യനോട്‌ ചെവിയില്‍ എന്തോ പറയുകയും, ആ പയ്യന്‍ വെപ്രാളപ്പെട്ടു സ്റ്റാളിന്‍റെ പുറകുവശത്തുള്ള വിടവിലൂടെ പുറത്തേക്കു ഓടുന്നതിനിടയില്‍ ടിന്‍ നിരത്തിവെക്കുന്ന മേശയില്‍ തട്ടിയതിനാല്‍ മറിയാന്‍ മിച്ചമുണ്ടായിരുന്ന ആ ടിന്നും മറിയുകയും, അട്ടയുടെ കണ്ണുകണ്ടവന്‍ എന്ന്‌ ഞങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന രവി അതു കാണുകയും ചെയിതു ( പ്ലീസ്‌ നോട്ട്‌ ദിസ്‌ പോയിന്റ്‌). ആകെ ബഹളമായി. നമ്മുടെ ഉപനായകന്‍ പയ്യന്‍, മുഖത്തെ പുഞ്ചിരി, ചിരിയായി അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ ,നിന്നനില്‍പ്പില്‍ ഒറ്റ 'ഇരിക്കല്‍'. ആ ഗ്യാപ്പില്‍ രണ്ടാം സീനിയര്‍ കയറി വന്ന്‌, തര്‍ക്കിച്ചുകൊണ്ടുനിന്ന ജോസിന്‍റെ കോളറിനു പിടിക്കുകയും, ലോഡ്‌വണ്ടി ഇറക്കം ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ഗിയര്‍ ഡൌണ്‍ ചെയുന്നതുപോലെ, ജോസ്‌ സംസാരം കവല ഭാഷയില്‍ നിന്നും ചന്ത ഭാഷയിലേക്ക്‌ മാറ്റുകയും അത്‌ കേള്‍ക്കുന്ന പെണ്ണുങ്ങള്‍, കേട്ടില്ലെന്നു ഭാവിക്കുവാന്‍ പണിപ്പെടുന്നതും എല്ലാം ഒരു 'ചെയിന്‍ റീയാക്ഷന്‍' പോലെ നടക്കുന്നു. പുറത്തേക്കുപോയ പയ്യന്‍ കൊച്ചച്ചനുമായി മടങ്ങിയെത്തി ബഹളത്തില്‍ പങ്കുകൊണ്ടു. പരിസരം നിരീക്ഷിച്ച കൊച്ചച്ചന്‍റെ മുഖം കരുവാളിച്ചു. അതു കണ്ടിട്ട്‌ സ്റ്റാളിലെ പെണ്ണുങ്ങളുടെ മുഖം ജോസിനെ കാണുന്നതിലും ഘോരമായി മങ്ങി. പുറത്തുകൂടിയവര്‍ ചിലര്‍ ഞങ്ങളുടെ പക്ഷവും, ചിലര്‍ മറുപക്ഷവും ചേര്‍ന്നു. ഷാജിയും, ഞാനും മറുപക്ഷം ചേര്‍ന്നവരുമായി തര്‍ക്കിക്കുന്നു.ഈ സമയം മൈക്കിലൂടെ, കരിമരുന്നു കലാപ്രകടനം ഉടന്‍ ആരംഭിക്കുമെന്നും, ചിലെരല്ലാം ചിലയിടത്തുനിന്നും മാറേണ്ടതാണെന്നൊക്കെ പറഞ്ഞുള്ള അറിയിപ്പുണ്ടായി. പുറത്തുള്ള രണ്ടുപക്ഷക്കാരും, അടിനടക്കുന്നതും പ്രതീഷിച്ചുനിന്നവരും എല്ലാരും പള്ളിയുടെ പടിഞ്ഞാറുഭാഗത്തേക്ക്‌ പോയി. തര്‍ക്കം തുടര്‍ന്നുകൊണ്ടേയിരുന്നു. ഞങ്ങളുടെ ഒച്ചയില്‍ വാണം പൊട്ടുന്ന ശബ്ദം മുങ്ങിയെങ്കിലും, ഇടയ്‌ക്കിടയ്‌ക്ക്‌ പൊട്ടുന്ന ഗുണ്ടില്‍ ഞങ്ങളുടെ ഒച്ചയും അലിഞ്ഞുചേര്‍ന്നു. ഇതിനിടയില്‍, നിലത്തിരുന്ന നമ്മുടെ ഉപനായകന്‍ പയ്യന്‍ എഴുന്നേല്‍ക്കുകയും, അരിക്കാടി കുടിച്ച ആശ്വത്ഥമാവിനെ പോലെ പൂര്‍ണ്ണ തൃപ്‌തനായി ചിരിച്ചുകൊണ്ട്‌ നില്‍ക്കുന്നുണ്ടായിരുന്നു. ഇഷ്ടന്‍, നിലത്തുവീണ പഴം മുഴുവന്‍ അകത്താക്കിയതിന്‍റെ സംതൃപ്‌തിയാണ്‌ ചിരിയായി മുഖത്ത്‌ വിരിഞ്ഞത്‌. നമ്മുടെ 'നായകന്‍ കുല' പഴയ സൗന്ദര്യം ഒക്കെ പോയി, ഇപ്പോള്‍ പഴുത്തധികമായ ഒരു കുല നിലത്തിട്ടടിച്ചിട്ട്‌ കെട്ടിതൂക്കിയതുപോലെയുണ്ട്‌. ചതഞ്ഞതും, ചളുങ്ങിയതുമായ കായകള്‍ അപ്പോഴും പൊഴിയുന്നുണ്ടായിരുന്നു. ഞങ്ങളോട്‌ തര്‍ക്കിച്ചിട്ടു കാര്യമില്ലായെന്നു മനസ്സിലാക്കിയിട്ടാകാം, അച്ചനും, സീനിയെര്‍മാരും തണുത്തു. കരിമരുന്നു കലാപ്രകടനം മുറുകിവരുന്നു ഞങ്ങള്‍ക്കും പോകണം. അന്നേരം, ദാണ്ടേ! രവി വക മരം പെയ്‌ത്ത്‌. ടിന്നെല്ലാം മറിഞ്ഞതിന്‍റെ രണ്ടു രൂപ വേണംപോലും. ഈ ബഹളത്തിനിടയില്‍ ആരും ടിന്‍ ശ്രദ്ധിച്ചില്ലല്ലോ. അങ്ങനെ, അവസാനം, പന്തെറിഞ്ഞ്‌ പാട്ട മറിച്ച വകയില്‍ കിട്ടേണ്ട രണ്ടുരൂപ, ഏറിനിടയില്‍ വാഴക്കുലക്കേറ്റ നഷ്ടത്തിലേക്ക്‌ വകയിരുത്തികൊള്ളാന്‍ പറഞ്ഞ്‌, ഞങ്ങളുടെ മനസ്സാക്ഷി ശുദ്ധമാക്കി, കരിമരുന്നു കലാപ്രകടനം നടക്കുന്നിടത്തേക്ക്‌ നടന്നു. പോകുന്ന പോക്കില്‍ ഞാനൊന്നു തിരിഞ്ഞ്‌ നോക്കി; നമ്മുടെ ഉപനായകന്‍, സുസ്‌മേരവദനനായി, ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നു.

കരിമരുന്നുകലാപ്രകടനത്തിനിടക്ക്‌, എപ്പോഴോ ഞങ്ങള്‍ കൂട്ടംതെറ്റി. ഞങ്ങള്‍ ഓരോരുത്തരും തനിച്ചായി. പിന്നിടുള്ള, കഥാപ്രസംഗം തുടങ്ങുന്നതിനുമുമ്പ്‌, ഞാന്‍ മിഷന്‍ലീഗ്‌ സ്റ്റാള്‍ വരെ പോയി. വില കുറഞ്ഞെങ്കില്‍ മാത്രം രണ്ടുകായ വാങ്ങി തിന്നണം എന്ന സദുദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ, ഇതിനോടകം ആ കുല അഴിച്ചുമാറ്റിയിരുന്നു. കഥാപ്രസംഗവും കഴിഞ്ഞ്‌, പിന്നെയും കരുത്ത്‌ അവശേഷിച്ച ചിലര്‍ തോംസണ്‍ തിയേറ്ററില്‍ വെളുപ്പാന്‍കാല ഷോയിക്ക്‌ പോയി. മിച്ചമുള്ള ഞങ്ങള്‍ അന്നത്തെ കലാപരിപാടികള്‍ അവലോകനം ചെയ്‌ത്‌, കുറുപ്പന്തറ റെയിവേ സ്‌റ്റേഷന്‍,അതിനടുത്തുള്ള പാടത്തൂടുള്ള കുറുക്കുവഴി ഒഴിവാക്കി, കവലവഴി വീട്ടിലേക്കു നടന്നു. നടക്കുന്നതിനിടയില്‍, പത്താം ക്ലാസ്സു കഴിഞ്ഞ്‌ സെമിനാരിയില്‍ പോയ ഞങ്ങളുടെ രണ്ട്‌ കൂട്ടുകാര്‍ കൂടെയുണ്ടായിരുന്നു എങ്കില്‍ ....!!. എങ്കില്‍, ഈ കലാപരിപാടി ഒരു `പ` യും കൂടെയിട്ട്‌ സാക്ഷാല്‍ `കലാപപരിപാടി` ആകുമായിരുന്നു. (`തരികിട വിത്ത്‌ സെവെന്‍ ഡാന്‍` ഉണ്ടായിരുന്ന അവര്‍ക്കും ദൈവവിളിയുണ്ടായില്ലെന്ന്‌ പിന്നീടറിഞ്ഞപ്പോള്‍, ദൈവവിളിയുണ്ടാകുന്നവരെക്കുറിച്ച്‌ വെറുതെ ഒന്നാലോചിച്ചുപോയി.) ഇത്രയേ ഉള്ളൂ ഞങ്ങള്‍! അതിനാ ആ ചേച്ചി ഞങ്ങളെ `പത്ത്‌ കല്ല്‌ അഞ്ചാക്കുന്നവരെന്ന്‌, അതായത്‌, ഹൈഡ്രജന്‍ ബോംബ്‌` എന്ന്‌ വിളിച്ചത്‌.

ഉണ്ണിചേട്ടന്‍റെ കടയിലെ വാടക സൈക്കിള്‍ പോലെ, ബ്രെയിക്ക്‌ കിട്ടിയാല്‍ കിട്ടി എന്നപോലെ, കാലചക്രം പലവഴിക്കും എന്നെ കൊണ്ടുപോയി. കുറുപ്പന്തറ വിട്ടു, കേരളം വിട്ടു , ഇന്ത്യയും വിട്ടു. എങ്കിലും, ഏതെങ്കിലും ഒരു കുറുപ്പന്തറക്കാരനെ കാണുമ്പോള്‍, നല്ല ചെറുപഴം കാണുമ്പോള്‍, ചിലപ്പോള്‍ തനിച്ചാകുമ്പോള്‍, ഞാന്‍ ഈ സംഭവം ഓര്‍ത്ത്‌ ഉള്ളില്‍ ചിരിക്കാറുണ്ട്‌. ചിലപ്പോള്‍ സ്വയം ചോദിക്കാറുണ്ട്‌, `ഈ കഥയില്‍ ആരാണ്‌ വില്ലന്‍?` അസ്ഥാനത്ത്‌ ആ കുല കെട്ടിതൂക്കിയ ആളാണോ? കായ ഒന്നിന്‌ അന്യായവില നിശ്ചയിച്ച ആളോ, ഒരു നിരീക്ഷണവും അതിന്‍റെ പ്രായോഗികതയും ഉരുത്തിരിഞ്ഞ എന്‍റെ കുരുട്ടുബുദ്ധിയോ, ആ കുരുട്ടുബുദ്ധിയെ ഏകോപിപ്പിച്ച എന്‍റെ മറ്റുകൂട്ടുകാരോ, അത്‌ പ്രാപല്യത്തില്‍ വരുത്തിയ, സമയം ഒട്ടുമില്ലാത്ത, സേവിയോ? ചോദ്യം വായനക്കാര്‍ക്ക്‌ വിടുന്നു. എന്‍റെ അറിവില്‍, ആ കുലയില്‍ നിന്നും പഴം തിന്ന ഏക വ്യക്തി ഈ കഥയിലെ ഉപനായകന്‍ പയ്യനാണ്‌. കുണ്ടനാലിറ്റി പേഴ്‌സണാലിറ്റിയായി മാറുമല്ലോ. അങ്ങനെയെങ്കില്‍, അന്നത്തെ ആ പയ്യന്‍ ഇപ്പോള്‍ ഒരു നാല്‍പ്പത്തിരണ്ട്‌നാല്‍പ്പത്തിമൂന്ന്‌ വയസ്സുള്ള ആളായിരിക്കും. അവസരം നല്ലവണ്ണം വിനയോഗിക്കുവാന്‍, ആ പ്രായത്തിലും, അസാമാന്യമായ കഴിവുണ്ടെന്ന്‌ തെളിയിച്ചതാണല്ലോ, അപ്പോള്‍ ഈ കാലഘട്ടത്തിനു ചേര്‍ന്ന എല്ലാ സാമഗ്രികളും ഉണ്ടായിരിക്കുകയും, അതിനാല്‍ത്തന്നെ ഈ കഥ വായിക്കുവാനും സാധിക്കും. അങ്ങനെ വായിച്ചിട്ടുണ്ടെങ്കില്‍, വെറും രണ്ട്‌ വാചകം ,` പഴം വളരെ നല്ലതായിരുന്നു. താങ്ക്യു കീറാമുട്ടിചേട്ടാ` എന്ന്‌ കമന്റില്‍ എഴുതിയിരുന്നുവെങ്കില്‍, ഏകദേശം മുപ്പത്‌ വര്‍ഷത്തോളമായി, ആ കുലയിലെ അടിപടലയിലുള്ള രണ്ട്‌ പഴം എനിക്ക്‌ തിന്നാന്‍ പറ്റാത്തതിന്‍റെ നിരാശ മാറുമായിരുന്നു.


കീറാമുട്ടി

ഈറ്റില്ലം

6 18 2012
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക