Image

ആസ്പിരിന്‍ ഹൃദയത്തെ സംരക്ഷിക്കും; പക്ഷേ അന്ധതയ്ക്കു കാരണമാകും

Published on 23 January, 2013
ആസ്പിരിന്‍ ഹൃദയത്തെ സംരക്ഷിക്കും; പക്ഷേ അന്ധതയ്ക്കു കാരണമാകും
ബര്‍ലിന്‍: ഹൃദ്രോഗത്തില്‍നിന്നു സംരക്ഷണം നല്‍കാനും പക്ഷാഘാതത്തെ പ്രതിരോധിക്കാനും ആസ്പിരിനു സാധിക്കുമെന്നു പല പഠനങ്ങളില്‍ പലവട്ടം തെളിഞ്ഞിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍, മധ്യവയസ് പിന്നിട്ട മില്യന്‍കണക്കിനാളുകള്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമോ അല്ലാതെയോ ദിവസേന ആസ്പിരിന്‍ കഴിക്കുന്നുമുണ്ട്.

എന്നാല്‍, പുതിയൊരു ഗവേഷണഫലം ആസ്പിരിന്‍ പ്രേമികളെ വിഷമവൃത്തത്തിലാക്കുന്നു. സ്ഥിരമായി ഈ മരുന്ന് കഴിക്കുന്നത് ഭാവിയില്‍ കാഴ്ചശക്തി നന്നേ കുറയാന്‍ കാരണമാകുമെന്നും അന്ധതയ്ക്കു വരെ സാധ്യതയുണ്‌ടെന്നുമാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.

അതേസമയം, അന്ധതയ്ക്ക് ആസ്പിരിന്‍ എങ്ങനെ കാരണമാകുന്നു എന്നു മനസിലാക്കാന്‍ സാധിച്ചിട്ടില്ല. സ്ഥിരമായി ആസ്പിരിന്‍ കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അന്ധതയ്ക്കുള്ള സാധ്യത പത്തു ശതമാനം കൂടുതലാണെന്നു മാത്രം വ്യക്തമായി. യൂറോപ്പിലാകമാനം നാലായിരം പേരിലാണ് പഠനം നടത്തിയത്.

ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ആസ്പിരിനുള്ള ശേഷി ഈ പഠനത്തില്‍ ചോദ്യം ചെയ്യുന്നില്ലെന്നു മാത്രമല്ല, ഒരിക്കല്‍ക്കൂടി അതു സ്ഥിരീകരിക്കുന്നുമുണ്ട്.

ജര്‍മനിയിലെ ലെവര്‍കുസന്‍ ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ബയറിന്റെ പ്രസ്റ്റീജ് പ്രോഡക്ടാണ് ആസ്പിരിന്‍. 125 വര്‍ഷത്തോളമായി ഈ മരുന്ന് വിപണിയില്‍ ഇറങ്ങിയിട്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക