Image

ഡല്‍ഹി ഹൈക്കോടതിയ്ക്ക് പുറത്ത് സ്‌ഫോടനം; 11 മരണം

Published on 07 September, 2011
ഡല്‍ഹി ഹൈക്കോടതിയ്ക്ക് പുറത്ത് സ്‌ഫോടനം; 11 മരണം
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയ്ക്ക് പുറത്ത് നടന്ന സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. 65 പേര്‍ക്ക് പരിക്കേറ്റു.കോടതിയുടെ അഞ്ചാം നമ്പര്‍ ഗെയ്റ്റിന് പുറത്താണ് രാവിലെ 10.17ഓടെ ഉഗ്രശേഷിയുള്ള സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും സഫ്ദര്‍ജംഗ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ബ്രീഫ്‌കേസിലാണ് ബോംബ് വെച്ചിരുന്നതെന്നും വളരെ ആസൂത്രിതമായിട്ടാണ് ഉഗ്രശേഷിയുള്ള സ്‌ഫോടനം നടത്തിയതെന്നും ആഭ്യന്തര സുരക്ഷാവിഭാഗം സെക്രട്ടറി യു.കെ ബന്‍സാല്‍ പറഞ്ഞു. കോടതി സ്ഥിതി ചെയ്യുന്ന കോംപ്ലക്‌സിലേയ്ക്ക് പ്രവേശിക്കാനുള്ള പാസ്സിനായി അഞ്ചാം നമ്പര്‍ ഗേറ്റില്‍ ഇരുന്നൂറോളം പേര്‍ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉഗ്രശബ്ദത്തിലുള്ള സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാവിലെ 10.30ന് കോടതി നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു സ്‌ഫോടനം. സന്ദര്‍ശകരെയും അഭിഭാഷകരെയും കടത്തിവിടുന്നത് അഞ്ചാം നമ്പര്‍ ഗേറ്റ് വഴിയാണ്. ഇതിനുസമീപമാണ് സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവിടെയാണ് സ്‌ഫോടനമുണ്ടായത്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.

കോടതി നടപടികള്‍ ആരംഭിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു സ്‌ഫോടനം. പൊതുതാത്പര്യ ഹരജികള്‍ പരിഗണിക്കുന്ന ബുധനാഴ്ച കോടതിയില്‍ താരതമ്യേന തിരക്ക് കൂടുന്ന ദിവസമാണ്. സ്‌ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക