Image

വിവേകാനന്ദ ചിന്തകളുടെ കാലിക പ്രസക്തി - ഡോ.നന്ദകുമാര്‍ ചാണയില്‍

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 24 January, 2013
വിവേകാനന്ദ ചിന്തകളുടെ കാലിക പ്രസക്തി - ഡോ.നന്ദകുമാര്‍ ചാണയില്‍
ചെറുപ്പം മുതലേ എനിക്ക് സ്വാമി വിവേകാനന്ദനോട് വളരെ ബഹുമാനവും ആരാധനയും ഉണ്ട്. അക്കാലങ്ങളില്‍ മുതിര്‍ന്നവര്‍ സംഭാഷണ മദ്ധ്യേ, നിനക്ക് ആര് പോലെ ആയിത്തീരാനാണ് ആഗ്രഹമെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുമായിരുന്നു സ്വാമി വിവേകാനന്ദനെ പോലെ എന്ന്, എന്റെ മറുപടി ചിലരെ ചിന്താകുലരാക്കിയിരിക്കാം, മറ്റു ചിലരെ സന്തോഷിപ്പിച്ചുമിരിക്കാം. ഞാന്‍ അഞ്ചാം തരത്തില്‍ പഠക്കുന്ന കാലത്ത് എനിക്ക് അത്യധികം ആദരവുണ്ടായിരുന്ന എന്റെ സംസ്‌കൃതം മുന്‍ഷി ശ്രീ.എം.എന്‍.വാസുദേവന്‍ ഭട്ടതിരിപ്പാടാണ് എനിക്ക് സ്വാമിയെ ആദ്യമായി പരിചയപ്പെടുത്തി തന്നത്. അദ്ദേഹത്തിന്റെ, “സ്വാമി വിവേകാനന്ദനെന്ന ജ്യോതി, ശ്രീരാമകൃഷ്ണനെന്ന പന്തത്തില്‍ നിന്ന് തെറിച്ച സ്ഫുലിംഗം ആളിക്കത്തി ഉരുത്തിരിഞ്ഞതാണ”് എന്ന വാക്യം ഇപ്പോഴും എന്റെ സ്മൃതി മണ്ഡലത്തില്‍ മായാതെ നില്‍ക്കുന്നു. എന്റെ അദ്ധ്യാപകന്‍ പകര്‍ന്നു തന്ന പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ശ്രീരാമകൃഷ്ണപരമഹംസരേയും സ്വാമി വിവേകാനന്ദനെയും കുറിച്ച് ഒരുപാട് വായിക്കാനിടയായി. അങ്ങിനെ അക്കാലത്ത് കൊല്‍ക്കത്തയിലുള്ള ശ്രീരാമകൃഷ്ണമിഷനില്‍ ചേര്‍ന്ന് ഒരു സന്യാസി ആകുവാന്‍ പോലും എനിക്ക് വല്ലാത്ത ആഗ്രഹം ജനിച്ചു. വിധിവൈപരീത്യമെന്നു പറയട്ടെ ഈ സംസാരസാഗരത്തില്‍ കിടന്ന് ഊര് ചുറ്റി ഉഴലാനായായിരിക്കാം എന്റെ യോഗം.

യുക്തവാദിയായ നരേന്ദ്രനാഥ് ദത്തനില്‍ നിന്ന് വിവേകാനന്ദസ്വാമിയിലേക്കുള്ള പരിണാമം എന്നെ അത്യധികം ആകര്‍ഷിച്ചു. അതിലേക്ക് ഞാന്‍ ഇപ്പോള്‍ കടക്കുന്നില്ല. ഇക്കഴിഞ്ഞ ജനുവരി 12ന് സ്വാമിജിയുടെ നൂറ്റിഅമ്പതാം ജന്മജയന്തിദിനമായിരുന്നല്ലോ. 1863 ജനുവരി 12നുള്ള മകരം സംക്രാന്തിദിനത്തിലാണ് സ്വാമിജിയുടെ ജനനം. സംക്രാന്തി ദിനത്തിന് അന്വര്‍ത്ഥമാകുമാറ്, ഭാരതത്തിന് മാത്രമല്ല സമസ്ത ലോകത്തിനു തന്നേയും പുതിയ ഒരു യുഗപ്പിറവിയുടേയും ഒരു സുദിനമായിരുന്നു അന്ന്. അതേ വര്‍ഷമാണല്ലോ അമേരിക്കന്‍ പ്രസിഡന്റുമാരില്‍ പ്രശസ്തിയില്‍ അഗ്രഗണ്യനായ പതിനാറാമത്തെ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ്‍ വിശ്വവിഖ്യാതി ആര്‍ജ്ജിച്ച ഗറ്റിസ്‌ബെര്‍ഗ് അഡ്രസ്സ് നടത്തിയതും. പാശ്ചാത്യര്‍ ഒരിക്കലും അറിയാന്‍ ഇടവരാതിരുന്ന ജ്ഞാനാമൃതത്തിന്റെ ഒരു അമൂല്യശേഖരം തന്നെ പൂര്‍വ്വദേശത്തിന്റെ ഭണ്ഡാഗാരത്തിലുണ്ടെന്ന് മനസ്സിലാക്കിയ ബുദ്ധിമാനായിരുന്നു ഹാര്‍വേഡ് വിശ്വവിദ്യാലയത്തിലെ ഗ്രീക്ക് പ്രൊഫസ്സര്‍ ആയിരുന്ന ജെ.എച്ച്.റൈറ്റ്. സ്വാമിജിയെ പണ്ഡിതന്മാരുടെ പണ്ഡിതനായി തിരിച്ചറിഞ്ഞ് പ്രൊഫസ്സര്‍ റൈറ്റ് ചിക്കാഗോയില്‍ നടക്കാനിരുന്ന മതസമ്മേളനത്തില്‍ തന്റെ അഗാധമായ സനാതന ധര്‍മ്മ പരിജാഞാനം പങ്കുവെക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എല്ലാവരേയും സ്വാധീനിക്കാന്‍ കഴിയുന്ന വിഷയവും അതായിരിക്കുമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. പക്ഷേ, അവിടെ കടന്നുചെല്ലുവാനുള്ള ആധികാരിക രേഖകള്‍ തന്റെ പക്കലില്ലെന്നു പറഞ്ഞ സ്വാമിജിയോട് പ്രൊഫസ്സര്‍ പറഞ്ഞ മറുപടി ഇങ്ങനെ: “അങ്ങയോട് സമ്മേളനത്തിലേക്ക് പ്രവേശിക്കാന്‍ രേഖകള്‍ ചോദിക്കുന്നത്, സൂര്യദേവന്‍ ഉദയം ചെയ്യാനുള്ള സ്വധര്‍മ്മത്തിന് അനുവാദം ചോദിക്കുന്നത് പോലെ ആണെന്ന”് പറഞ്ഞ് വിവേകാനന്ദസ്വാമികള്‍ക്കു ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കുവാനുള്ള ഒത്താശകള്‍ ചെയ്തു കൊടുത്തു. ചിക്കാഗോ സര്‍വ്വമതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്റെ സാന്നിധ്യത്തെക്കുറിച്ച് അറിയാനിടയായ തിയോസഫിക്കല്‍ സൊസൈറ്റിയുടെ അദ്ധ്യക്ഷ ഭാരതത്തിന്റെ ഉറ്റമിത്രവും ആ ശ്രീമതി. ആനിബസന്റ് പ്രതികരിച്ചതിങ്ങനെ: "മഞ്ഞയും മധുര നാരങ്ങനിറവും ഉള്ള വസ്ത്രധാരണവും, മൃഗരാജന്റെ തലയെടുപ്പും മനസ്സില്‍ തുളച്ചുകയറുന്ന തീക്ഷ്ണദൃഷ്ടിയും, ചഞ്ചലിക്കുന്ന ചുണ്ടുകളും, ചലനങ്ങളിലുള്ള ആവേഗവും ഉള്ള സ്വാമിവിവേകാനന്ദന്റെ സ്വരൂപം എന്റെ മനോമുകുളങ്ങളില്‍ പതിഞ്ഞു നില്‍ക്കുന്നു," എന്നാണ്.

ഇന്നത്തേതുപോലെ ഗതാഗത വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ സുഗമമല്ലാത്ത ഒരു കാലഘട്ടത്തില്‍ സനാതനമതത്തിന്റെ വക്താവെന്ന നിലയില്‍ അതിപ്രാചീന ഭാരതീയ സംസ്‌കാരത്തെ പാശ്ചാത്യര്‍ക്കു പരിചയപ്പെടുത്താന്‍ ദേശാടനത്തിന് തുനിഞ്ഞ വേദാന്തവിദുഷി വിവേകാനന്ദസ്വാമികള്‍ എക്കാലത്തും ഒരു അനശ്വര പ്രതിഭയായി പരിലസിക്കുമെന്നുള്ളതില്‍ യാതൊരു സന്ദേഹത്തിനും അവകാശമില്ല. ഒരര്‍ത്ഥത്തില്‍, അമേരിക്കന്‍ ഐക്യനാടുകളിലെ ഭാരതസംസ്‌കാരത്തിന്റെ ആദ്യത്തെ സ്ഥാനപതിയാണ് സ്വാമികള്‍.
(തുടരും...)
വിവേകാനന്ദ ചിന്തകളുടെ കാലിക പ്രസക്തി - ഡോ.നന്ദകുമാര്‍ ചാണയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക