Image

ഒരു പ്രവാസിയുടെ തിരുവോണ സ്‌മരണകള്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌ Published on 08 September, 2011
ഒരു പ്രവാസിയുടെ തിരുവോണ സ്‌മരണകള്‍
മലയാളി അസ്സോസ്സിയേഷനുകളുടെ ഓണാഘോഷങ്ങളും വാര്‍ത്തകളും അമേരിക്കയിലെ മലയാളഭാഷാ പത്രങ്ങളിലും, എഷ്യാനെറ്റു്‌, സൂര്യ, കൈരളി മുതലായ മലയാളം റ്റി.വി. ചാനലുകളിലും നിറഞ്ഞു കാണുന്ന ഈ ദിനങ്ങളില്‍ ചിന്തകള്‍ ചിറകു വിടര്‍ത്തി വര്‍ഷങ്ങള്‍ക്കും കാതങ്ങള്‍ക്കും അകലങ്ങളിലേക്കു പറന്നുപോകയാണു്‌. പതുപതുത്ത കുഷനുള്ള `റിക്ലൈനറി'ല്‍ മെല്ലെ ആടി വിശ്രമിക്കവേ, വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വീട്ടുമുറ്റത്തെ തേന്മാവിന്‍ കൊമ്പില്‍ കട്ടിയുള്ള കയര്‍കൊണ്ടു കെട്ടിയുണ്ടാക്കിയ ഊഞ്ഞാലില്‍ ആടിയ മധുരസ്‌മരണകള്‍ ഓടിയെത്തുകയാണു്‌. ഓണമെന്നു കേള്‍ക്കുമ്പോള്‍ ആഹ്ലാദത്തിക്കലായിരുന്നു എന്റെ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ദര്‍ശിച്ചിരുന്നത്‌.

നീലാകാശം നക്ഷത്രരത്‌നങ്ങള്‍കൊണ്ടു തെളിഞ്ഞുനില്‍ക്കെ, വൃക്ഷലതാദികള്‍ പോലും ചലനമറ്റ്‌ ഗ്രാമീണശാന്തതയില്‍ മുഴുകിനില്‍ക്കെ, കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളടെ നമസൗമ്പര്യം ഗ്രാമസൗമ്പര്യത്തെ കുളിരണിയിക്കെ, ഓലമേഞ്ഞതും ഓടിട്ടതുമായ അങ്ങിങ്ങായി കാണുന്ന ഭവനങ്ങളില്‍ ഉപ്പേരി വറുക്കലിന്റെയും ആഘോഷത്തിമിര്‍പ്പിന്റെയും ഘണഘണങ്ങള്‍ മാത്രമായിരുന്നു എവിടെയും ഉയര്‍ന്നിരുന്നത്‌.

പണക്കാരനും പാമരനും ഒരുപോലെ ആഘോഷത്തിമിര്‍പ്പിലാകുന്ന തിരുവോണസന്ധ്യ. മാവേലി മന്നനെ എതിരേല്‍ക്കാന്‍ മുറ്റമെല്ലാം ചെത്തിമിനുക്കി, റോഡരികുവരെയും പുല്ലിന്റെയരികു ചെത്തിയൊരുക്കി, ചാണകം മെഴുകിയ പുരകള്‍ക്കകം പുതുതായി ചാണകവും കരിയും കലര്‍ത്തി തളിച്ചു മിനുക്കി, സിമന്റിട്ട വീടുകള്‍ക്കകം കഴുകി വൃത്തിയാക്കി, ഓട്ടുപാത്രങ്ങള്‍ ചാരം തേച്ചു മിനുക്കി, അഴുക്കു വസ്‌ത്രങ്ങള്‍ ഒന്നും വീട്ടില്‍ ശേഷിപ്പിക്കാതെ കഴുകിയുണക്കി, മിക്കഭവനങ്ങളിലും എല്ലാവര്‍ക്കും ഓണക്കോടിയെടുത്തു, മഞ്ഞനിറമുള്ള മുണ്ടുകളായിരുന്നു കുട്ടികള്‍ക്കുള്ള ഓണക്കോടി, എവിടെയും നവോന്മേഷം. ഓണച്ചന്ത തന്നെ ഉത്സവ ലഹരിയിലായിരുന്നു. ചേന, കാച്ചില്‍, ചേമ്പ്‌, വാഴക്കുല, കറിക്കനികള്‍ തുടങ്ങിയ കൃഷിവിളകള്‍ മൈലുകള്‍ നടന്നു്‌ തലച്ചുമടായി ഓണച്ചന്തയ്‌ക്കു കൊണ്ടുപോകുന്നത്‌ ഒരു കാഴ്‌ചതന്നെയായിരുന്നു. ബസും കാറുകളും അന്നു വിരളമായിന്നു. കുണ്ടും കുഴികളും നിറഞ്ഞ നാട്ടുവഴികളിലൂടെ കഴുത്തില്‍ കുടമണി കെട്ടിയ വണ്ടിക്കാളകള്‍ ആയാസത്തോടെ വലിച്ചു നീങ്ങുന്ന കൃഷിസാധനങ്ങള്‍ നിറച്ച ചക്കടാവണ്ടികളും നിത്യദൃശ്യങ്ങളായിരുന്നു.

വഴിക്കവലകളിലെ ചുമടുതാങ്ങികള്‍ തലച്ചമടുകാരുടെ ആശ്വാസകേമ്പ്രങ്ങളായിരുന്നു. മറ്റൊരാളുടെ സഹായം കൂടാതെ തലച്ചുമടിറക്കിവയ്‌ക്കുവാനായി സേവനവ്യഗ്രരായി നിലകൊണ്ട ആ കരിങ്കല്‍ച്ചുമടുതാങ്ങികളില്‍ ചുമടിറക്കിവച്ച്‌, വിയര്‍പ്പാറ്റി, ചുമടുതാങ്ങിക്കു സമീപമുള്ള കാപ്പിക്കടയില്‍ നിന്നൊരു കട്ടന്‍കാപ്പിയും കുടിച്ച്‌ വീണ്ടും യാത്ര തുടരും. തിരികെയുള്ള യാത്രയില്‍ ഓണസദ്യയ്‌ക്കുള്ള ചിട്ടവട്ടങ്ങള്‍ നിറച്ച്‌ മടങ്ങിവരവും. ഇറച്ചിയും മീനും ഓണസദ്യയുടെ വിഭവങ്ങളായിരുന്നില്ല. റൈസ്‌മില്ലും, മിക്‌സിയും, ഫ്രിഡ്‌ജും, വൈദുതിയും, പൈപ്പുവെള്ളവും, റ്റി.വി.യും എത്തിനോക്കാത്ത നാട്ടിന്‍പുറം. നെല്ലു പുഴുങ്ങി ഉണക്കി, ഉരലില്‍ കുത്തിയെടുത്തും, തേങ്ങാ അടര്‍ത്തി പൊതിച്ച്‌ ചിരട്ടയില്‍നിന്നുമിളക്കി അരിഞ്ഞുണക്കി നാട്ടിന്‍പുറത്തെ വാണിയന്റെ തടിച്ചക്കില്‍ ആട്ടിയും, കിണറ്റുവെള്ളവും, അരകല്ലും, ആട്ടുകല്ലും, ആവശ്യംപോലെ ആയാസം നല്‍കിയും, ഓരോ നേരത്തേക്കും വേണ്ട ഭക്ഷണം അതാതുനേരത്തുണ്ടാക്കിക്കഴിച്ചും, ക്രിസ്‌ത്യാനിയുടെയും, ഹിമ്പുവിമെയും, മുസല്‍മാന്റെയും ഉസ്ലവങ്ങള്‍ നാടിന്റെ മുഴുവന്‍ ആഘോഷങ്ങളായും, ഓണവും, വിഷുവും, റംസാനും, ക്രിസ്‌തു്‌മസും ആഹ്ലാദത്തിന്‍ ഇഴകള്‍ പാകി. അതിമോഹങ്ങളോ അമിതസ്വപ്‌നങ്ങളോ ഇല്ലാത്ത ഗ്രാമീണ സംതൃപ്‌തി. മുണ്ടും ചട്ടയും, ഒറ്റമുണ്ടും റൗക്കയും, മുണ്ടും ബ്ലൗസും, ചട്ടയും മുണ്ടും, സാരിചുറ്റിയും ഉള്ള സ്‌ത്രീജനങ്ങള്‍, പാവാടയും ബ്ലൗസുമിട്ട പെണ്‍കുട്ടികള്‍, തോര്‍ത്തുടുത്ത്‌ തലപ്പാള ചൂടി വയലേലകളില്‍ പണിചെയ്യുന്ന പണിയാളര്‍, ഒറ്റമുണ്ടും തോളിലൊരു തോര്‍ത്തു്‌, ഷര്‍ട്ട്‌, ജൂബാ ഇട്ട പുരുഷന്മാര്‍, വള്ളിനിക്കറിട്ട ആണ്‍കുട്ടികള്‍ ഒക്കെ ഇഴപാകിയ വര്‍ണ്ണസുമ്പരമായ ഗ്രാമീണപ്പരവതാനി.

ഉത്രാടനാള്‍ സന്ധ്യയ്‌ക്കാണു്‌ അടിയാളന്മാര്‍ തമ്പ്രാക്കന്മാരെ മുഖം കാണിക്കുവാനുള്ള വരവ്‌. ഒരു കുട്ടനിറയെ ഉരലില്‍ ഇടിച്ചെടുത്ത ചുവന്ന അവല്‍, അരിയുണ്ട, വാഴക്കുല എന്നിവയാണു്‌ തമ്പുരാനു കാഴ്‌ചകൊണ്ടുവരിക. തിരികെ തമ്പുരാന്‍ നല്‍കുന്ന സമ്മാനം കോടിമുണ്ടു്‌, തോര്‍ത്ത്‌, ഓണസദ്യയ്‌ക്കുള്ള അരി, തേങ്ങ, എത്തയ്‌ക്ക, വെളിച്ചെണ്ണ, പണം എന്നിവയും. ഓരോ കുടുംബത്തിന്റെയും കൃഷിപ്പണികള്‍ സ്ഥിരമായി നടത്തിക്കൊണ്ടിരുന്ന കൃഷിയാളര്‍ക്കു്‌ ഗൃഹനാഥര്‍ തമ്പുരാനുംതമ്പുരാട്ടിയുമായിരുന്നു.

വീട്ടിലെ കുട്ടികളെ പേരിന്റെ കൂടെ കുഞ്ഞ്‌ എന്നു ചേര്‍ത്തും വിളിച്ചിരുന്നു. പറമ്പിലുള്ള മരക്കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോഴുണ്ടാകുന്ന നിര്‍വൃതിയും ആനമ്പവും ഇങ്ങിനിവരാതെവണ്ണം കാലം കടന്നുപോയിരിക്കുന്നു. ഒരിക്കല്‍ ഊഞ്ഞാലില്‍ ആടിക്കൊണ്ടിരുന്നപ്പോള്‍ കയര്‍ പൊട്ടി ഞാന്‍ താഴെ വീണു്‌ കൈകാല്‍മുട്ടുകള്‍ പൊട്ടി വേദന സഹിക്കവയ്യാതെ കരഞ്ഞതും ഓണത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഒരു നൊമ്പരസ്‌മരണയായി നിലകൊള്ളുന്നു. ഓണസദ്യ കഴിഞ്ഞ്‌ കൂട്ടുകാരുമൊത്ത്‌ ഓണക്കളി കഴിഞ്ഞു വന്നു്‌ ഉറങ്ങിയതും ഉണര്‍ന്നപ്പോള്‍ മണ്ണെണ്ണ വാങ്ങിക്കൊണ്ടു വരുവാന്‍ എന്നെ പറഞ്ഞുവിട്ടപ്പോള്‍, രാവിലെയാണെന്നു കരുതി കടയുടമസ്ഥന്റെ വീട്ടില്‍ച്ചെന്നു മണ്ണെണ്ണ ചോദിച്ചതും, `വൈകുന്നേരമായിത്‌, കടയില്‍ച്ചെല്ല്‌' എന്നു്‌ കടക്കാരന്റെ ഭാര്യ പറഞ്ഞപ്പോള്‍ പറ്റിയ അമളിയും ഒക്കെ ഓര്‍ക്കുന്നു. റ്റി. വി. യുടെയും മോട്ടോര്‍ വാഹനങ്ങളുടെയും ശബ്ദകോലാഹലങ്ങളില്ലാത്ത, ആഴ്‌ചയിലൊരിക്കല്‍മാത്രം ആകാശത്തു പ്രത്യക്ഷപ്പെടുന്ന വിമാനശബ്ദം പോലും ഭഞ്‌ജിക്കാത്ത നാട്ടുവഴികളില്‍ കാളവണ്ടിയുടെ കടകട ശബ്ദവും, കാളപൂട്ടിന്റെ ഓലിയും, ഞാറുനടീല്‍ ശീലുകളുടെ ഈണവും മാത്രമായിരുന്നു ആകെയുണ്ടായിരുന്ന മുഖരിദങ്ങള്‍.

ഉത്രാടസന്ധ്യയാകുമ്പോഴേക്കും ഉപ്പേരിവറുക്കലിന്റെ കിലുകിലാരവം, കുട്ടികളുടെ കളിമേളങ്ങള്‍, മുതിര്‍ന്നവരുടെ ജോലിയുടെ പരവേശം ആകെ ഉത്സവ ലഹരിയില്‍ എങ്ങും പ്രകമ്പനം കൊണ്ടു. എത്ര മേളത്തിമിര്‍പ്പിലും സന്ധ്യാപ്രാര്‍ത്ഥനയും രാമനാമജപവും ആ ഗ്രാമാന്തരീക്ഷത്തില്‍ മുഴങ്ങിയ ഭക്തിശ്രാവ്യങ്ങളായിരുന്നു. ഓണത്തിനു പത്തുദിവസം മുമ്പേ തുടങ്ങുന്ന അത്തപ്പൂവിടീല്‍ കൗമാരപ്രായത്തിലുള്ള പെണ്‍കിടാങ്ങളുടെ ആഘോഷമായിരുന്നു. ഉത്രാടരാത്രിയില്‍ പിറ്റേദിവസത്തേക്കുള്ള സദ്യവട്ടമൊക്കെ ഒരുക്കിവച്ചിട്ട്‌ രാവേറെച്ചെന്നാണു്‌ മുതിര്‍ന്നവര്‍ ഉറങ്ങുക.

എല്ലാവരും തിരുവോണനാള്‍ അതിരാവിലെ എഴുന്നേല്‍ക്കുന്നു. ഓലമേഞ്ഞ പുരകളുടെയെല്ലാം മുകളില്‍ നേരം വെളുക്കുംമുമ്പു തന്നെ വെളുത്ത പുക പ്രത്യക്ഷപ്പെടുന്നത്‌ പാചകം തുടങ്ങലിന്റെ നാമ്പിമറി!ലായിരുന്നു. കൂട്ടുകുടുംബങ്ങളില്‍ കുട്ടികളുടെ ആഘോഷാരവം, ദേഹമെല്ലാം എണ്ണപുരട്ടി പുഴയിലുള്ള നീരാട്ട്‌, മടിത്തുമ്പില്‍ ഉപ്പേരി കൊറിച്ചു കൊണ്ടുള്ള ഉൂഞ്ഞാലാട്ടം, അകത്ത്‌ അടുക്കളയില്‍ കടുകുവറുക്കലിന്റെയും വറുക്കല്‍ പൊരിക്കലിന്റെയും ധ്യതി. ആകെ ഓണത്തിരക്കിന്റെ ആരവം. ഉച്ചയൂണിനുമുമ്പ്‌ എല്ലാവരും കുളികഴിഞ്ഞ്‌ ഓണക്കോടിയുടുത്ത്‌ എത്തിക്കഴിയും. നിലത്തു വിരിച്ചിട്ട പായില്‍ ചമ്പ്രംപടഞ്ഞിരുന്നു്‌ വാഴയിലയുടെ ഇടത്തറ്റം മടക്കിയാണു്‌ ഊണിനിരിക്കുക. അമ്മയാണു്‌ ഭക്ഷണം വിളമ്പുക. വീട്ടിലെ കാര്‍ണവരുടെ പ്രാര്‍ത്ഥനാ മന്ത്രത്തോടെ ഭക്ഷണം തുടങ്ങും. ചോറ്‌, പരിപ്പ്‌, പപ്പടം, നെയ്യ്‌, സാമ്പാര്‍, പുളിശ്ശേരി, അവിയല്‍, പച്ചടി, കിച്ചടി, ഓലന്‍, ഇഞ്ചി, നാരങ്ങാ, കൂട്ടുകറി, തുടങ്ങി 13 ഇനം കറികള്‍, ഉപ്പേരി, ശര്‍ക്കരപുരട്ടി, തൈരു്‌, പഴം, പഞ്ചസാര, അടപ്രഥമന്‍, പഴംപ്രഥമന്‍ തുടങ്ങിയ പ്രഥമനുകള്‍ കൂട്ടിയുള്ള വിശാലമായ സദ്യ കഴിഞ്ഞ്‌ അവരവരുടെ പ്രായമനുസരിച്ച്‌ ഓരോരോ കൂട്ടങ്ങളായി പലയിടങ്ങളിലും കൂടി ഊഞ്ഞാലാട്ടം, തുമ്പിതുള്ളല്‍, വിവിധയിനം കളികള്‍ എന്നിവയില്‍ മുഴുകിയിട്ട്‌ സന്ധ്യയാകുമ്പോഴേക്കും വീട്ടില്‍ തിരികെയെത്തും. കടുവാകളി, കരടികളി മുതലായ കളികളുമായി വീടുകളിലും എത്തുന്ന ചെറുപ്പക്കാരുടെ ആവേശം ഒക്കെ ഇന്നും ഓര്‍മ്മയില്‍ ഓളം വെട്ടുന്നു. അടുത്ത ഓണദിവസങ്ങളായ അവിട്ടം, ചതയം അങ്ങനെ നാലും അഞ്ചും ഓണങ്ങള്‍ ആഘോഷിക്കുമെങ്കിലും വിഭവങ്ങള്‍ കുറഞ്ഞുവരും. ഇന്നു്‌ ആര്‍ക്കും പുറത്തു പോകാന്‍ നേരമില്ലാത്തവിധം റ്റി.വി. സീരീയലുകളുടെ പ്രളയമല്ലേ!. ഇന്നു്‌ കേരളത്തിന്റെ പോക്കു കണ്ടാല്‍ മാവേലി മന്നനും പ്രവാസിയായി താമസിയാതെ പോയേക്കും. പാക്കറ്റുകളില്‍ കിട്ടുന്ന ഓണസദ്യയുണ്ട്‌ തൃപ്‌തിയടയാം. പ്രവാസികളായി എത്തിച്ചേര്‍ന്ന ആദ്യതലമുറ ഒരു പക്ഷേ കുറച്ചുനാള്‍ കൂടി ഓണാഘോഷങ്ങള്‍ തുടര്‍ന്നേക്കാം. ഓണം എന്ന പുരാവൃത്തം കേരളത്തിലെയും പ്രവാസികളിലെയും പുതുതലമുറ കാത്തുസൂക്ഷിക്കുമെന്ന പ്രതീക്ഷ നമുക്ക്‌ ആശ്വാസം നല്‍കട്ടെ!

അബ്ധികള്‍ താണ്ടി ഭാഷാനാണ്യവും കൈമുതലായ്‌
ഈ ഭൂവലയത്തിലെത്തിയ ഭാഗ്യാന്വേഷികള്‍,
ഓര്‍ത്തിടുന്നുവോ? ആതിരനിലാവും ചുറ്റിലും
അത്തപ്പൂവുകള്‍ വിതറിയ പൂക്കളങ്ങളും
ഓണക്കോടിയുടുത്തുപ്പേരി കൊറിച്ചൂഞ്ഞാലില്‍
ഓണത്തമ്പിപോല്‍ ചക്രവാളത്തില്‍പ്പടര്‍ന്നതും,
ഒട്ടേറെ സ്വാദുഭോജ്യം നിറയുമിലത്തുമ്പിന്‍
ചോട്ടില്‍ ചമ്രം പടഞ്ഞിരുന്നുണ്ടോണസദ്യയും,
നിത്യദാരിദ്ര്യത്തിന്‍ പട്ടടയ്‌ക്കുള്ളിലാകിലും
അത്തലാറ്റി മൃഷ്ടാന്നതുഷ്ടിയേകുമാ ദിനം
എന്‍ മലനാട്ടിന്‍ വായുവില്‍പ്പോലും തിങ്ങി നിന്നു
ഉണ്‍മചേര്‍ക്കുമാ തിരുവോണത്തിന്‍ വീണാനാദം.
കൈരളീ പുരാവൃത്ത സൂനമേ, നിന്നെക്കണ്ടു
കോള്‍മയിര്‍കൊള്ളട്ടെ തലമുറകളെന്നെന്നും,
മിന്നിനില്‍ക്കട്ടെ മാബലിക്കിരീടത്തിന്നോര്‍മ്മ
എന്നും കെടാവിളക്കായ്‌ മലയാള മക്കളില്‍.

****
ഒരു പ്രവാസിയുടെ തിരുവോണ സ്‌മരണകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക