Image

ഗന്ധര്‍വജന്മം (കവിത) - തൊടുപുഴ കെ. ശങ്കര്‍

തൊടുപുഴ കെ. ശങ്കര്‍ Published on 26 January, 2013
ഗന്ധര്‍വജന്മം (കവിത) - തൊടുപുഴ കെ. ശങ്കര്‍
സംഗീതത്തില്‍ അമ്പത് വര്‍ഷത്തിന്റെ അഭൂതപൂര്‍വമായ, അല്ലെങ്കില്‍ അനിതരസാധാരണമായ, വിജയശ്രീലാളിതമായ നിറവില്‍ 'ഐഡിയ സ്റ്റാര്‍ സിംഗര്‍' വേദിയില്‍ ഒരുക്കിയ സമുചിതമായ സ്വീകരണവേളയില്‍ ഏവരുടേയും അഭിമാനമായ പത്മശ്രീ കെ.ജെ.യേശുദാസ് ചെയ്ത ഹ്രുസ്വ മധുരമായ പ്രസംഗമാണു 'ഗന്ധര്‍വജന്മം'' എന്ന പേരില്‍ ഞാന്‍ രചിച്ച കവിതക്ക് പ്രചോദനം നല്‍കിയത്. ആ ലഘുപ്രസംഗം യത്ഥാര്‍ഥത്തില്‍ ഒരു ആത്മാവലോകനം തന്നെയായിരുന്നു. തന്റെ ബാല്യ ക്ലേശങ്ങള്‍, നിരന്തരമായ സാധനയിലൂടെ നേടിയ സംഗീതത്തിന്റെ മാഹാത്മ്യം, സംഗീതത്തില്‍ താന്‍ ഇപ്പോഴും വെറുമൊരു വിദ്യാര്‍ഥിയാണെന്ന സത്യം, ജന്മാന്തരങ്ങളില്‍ പോലുംല്പഒരു ഗായകനായി വീണ്ടും മലയാളമണ്ണില്‍ തന്നെ മടങ്ങിയെത്തുവാനുള്ള തീവ്രമായ അഭിലാഷം, സംഗീതത്തെപ്പറ്റി കൂടുതല്‍ പഠിക്കുവാനുള്ള അഭിനിവേശം എല്ലാം അതില്‍ ഉള്‍ക്കൊണ്ടിരുന്നു.

അങ്ങനെ ഉരുവായ ആ കവിത ദാസേട്ടനയച്ചുകൊടുക്കുമ്പോള്‍ അത് അദ്ദേഹത്തിനു സ്വീകാര്യമായിരിക്കുമോ എന്ന ആശങ്ക എനിക്കില്ലാതിരുന്നില്ല. അത്, 'ദാസേട്ടന്‍ അറ്റ് ഫിഫ്ടി' എന്ന പ്രോഗ്രാമിന്റെ സമാപനവേളയില്‍ ദാസേട്ടന്‍ ഒരു മുവുരയോടുകൂടി അദ്ദേഹത്തിനു തികച്ചും അജ്ഞാതനായ എന്റെ പേരു പറഞ്ഞ് 'തോടി'' രാഗത്തില്‍ മനോഹരമായി ആലപിച്ചപ്പോള്‍ അതിനു സ്വര്‍ണ്ണത്തിന്റെ തിളക്കം വന്നത്‌പോലെ തോന്നി.ല്പഇത് തികച്ചും അപ്രതീക്ഷിതമായ അനുഭവമായിരുന്നു.

ഗന്ധര്‍വജന്മം എന്ന കവിത ഗന്ധര്‍വനാദത്തിലൂടെ മുഴങ്ങിക്കേട്ടപ്പോള്‍, അത് ജനലക്ഷങ്ങള്‍ നെഞ്ചിലേറ്റുന്ന പ്രിയങ്കരമായ ഒരനുഭവവും അനുഭൂതിയുമായി മാറി. മുംബയ് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന അനുഭവം. ശബ്ദ സൗഷ്ടവത്തിലൂടെ എന്റെ കവിതക്ക് ജീവന്‍ നല്‍കി ജനപ്രിയ കവിതയാക്കി മാറ്റിയ ദാസേട്ടനും അദ്ദേഹത്തിന്റെ കുടുമ്പാംഗങ്ങള്‍ക്കും ഈശ്വരന്‍ എല്ലാ ഐശ്വര്യങ്ങളും അരുളട്ടെ.

ഗന്ധര്‍വജന്മം- തൊടുപുഴ കെ. ശങ്കര്‍

മുജ്ജന്മങ്ങളില്‍ അപസ്വരങ്ങള്‍ പാടിച്ചീശന്‍
ഇജ്ജന്മമെനിക്കൊരു ഗായകജന്മം നല്‍കി!
ഏറെ വാത്സല്യം സ്‌നേഹമത്രയും ലഭിച്ചീടും
ഏറ്റവുമുചിതമാം ഗേഹവുമെനിക്കേകി

ക്ലേശങ്ങളനവധി സഹിക്കും നേരത്തുമാ-
ശ്ശേഷത്തിന്നവാച്യമാമൂഷ്‌മളമെനിക്കേകും
സാദ്രുശ്യം പറയുവാനെളുതല്ലാത്തോരാകും,
മാത്രുകാപരരാകുമച്‌ഛനമ്മാര്‍ നല്‍കി!

സംഗതിയനേകങ്ങളുള്ളതാ,മെളുതല്ലാ-
സംഗീതമകരന്ദമുള്ളില്‍ ഞാന്‍ സംഭരിപ്പൂ
സന്തതമതിന്നോമല്‍തുള്ളികളേവര്‍ക്കുമേ
സാന്ത്വനമാകാന്‍, സ്വയം ചാരിതാര്‍ത്‌ഥ്യവും നേടാന്‍!

ഗന്ധര്‍വനെന്നിന്നെന്നെ മാലോകര്‍ വാഴ്‌ത്തുമ്പോഴു-
മന്ധനല്ല ഞാനഹങ്കാരത്തിന്‍ ലഹരിയില്‍
അറിവുനേടുന്തോറുമറിയുന്നു ഞാനിന്നും
അറിവ്‌ തേടും വെറും സംഗീതവിദ്യാര്‍ത്‌ഥിതാന്‍!

സുപ്രഭാതത്തില്‍ സ്വയം കൈവന്നതല്ലൊന്നുമേ
സൂക്ഷ്‌മമാം സമര്‍പ്പണബോധവും പ്രയത്‌നവും
മാത്രമാണെന്‍ നേട്ടത്തിന്‍ പിന്നിലെ സത്യം, തീര്‍ത്‌ഥ-
യാത്രതാനെല്ലാമെന്റെ സംഗീത സപര്യയില്‍!

സംഗീതമാണെന്നാത്മബന്ധവുമതില്‍ നിന്നും
സംജാതമാകും സര്‍വസൗഖ്യവുമാനന്ദവും!
ജന്മാന്തരങ്ങളില്‍പ്പോലുമെത്തും ഞാനിതേ മണ്ണില്‍
സന്മനസ്‌കനാം ജഗദീശ്വരന്‍ കനിഞ്ഞെന്നാല്‍!



ശ്രീ യേശുദാസ് ഈ കവിത പാടുന്നത് കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ പോകുക. നന്ദി.

http://www.youtube.com/watch?v=u5x2MgINdMs&feature=player_embedded

About the poet:ജനനം-പാലയ്ക്കടുത്തുള്ള രാമപുരം എന്ന ഗ്രാമത്തില്‍- പഠിച്ചതും വളര്‍ന്നതും എല്ലാം തൊടുപുഴയില്‍-കാലടിയിലെ ശങ്കരാ കോളേജില്‍ നിന്നും ബീകോം പാസായി. മൂവാറ്റുപുഴ നിര്‍മ്മല കോളോജില്‍ നിന്നും എംകോം പാസായി. ഉപജീവനാര്‍ത്ഥം മുബൈയിലെത്തി. യൂണിയന്‍ ബാങ്കില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. മുപ്പത്തിരണ്ടു വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിനു ശേഷം ക്രഡിറ്റ് മാനേജരായി വിരമിച്ചു. ഇപ്പോള്‍ മുഴുവന്‍ സമയം സാഹിത്യപ്രവര്‍ത്തനം തന്നെ. അഞ്ചു കവിതാ സമാഹാരങ്ങള്‍- ഗംഗാപ്രവാഹം, ദി മില്‍കിവേ(ഇംഗ്ലീഷ്), ആദ്യാക്ഷരങ്ങള്‍, കവിയും വസന്തവും, അമ്മയും ഞാനും എന്നിവ പ്രകാശനം ചെയ്തു. അടുത്ത സമാഹാരമായ ശിലയും മൂര്‍ത്തിയും വിഷുവിനു പ്രകാശനം ചെയ്യും. ഇംഗ്ലീഷിലും മലയാളത്തിലും കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. മുംബൈയിലെയും കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും കാലികങ്ങളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. അഞ്ചു മ്യൂസിക്ക് ആല്‍ബങ്ങള്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്- ഗംഗാപ്രവാഹം-കാവ്യകലശം, എന്റെ ഇടയന്, അമ്മേ കോവിലമ്മേ, സംഗമേശ്വരാ ശരണം എന്നിവ. ഇതുവരെ 500 കവിതകളും 400 ഭക്തിഗാനങ്ങളും 400 ഇംഗ്ലീഷ് കവിതകളും എഴുതിയിട്ടുണ്ട്. മുംബൈയിലെ ജ്വാലാ മാസികയില്‍ ഇപ്പോള്‍ വനിതകള്‍ അമേരിക്കയിലും ഇന്ത്യയിലും എന്റെ യാത്രാവിവരണം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു വരുന്നു.

കുടുംബം: ഭാര്യയും ഒരു മകളും മകനും ഉണ്ട്- അവര്‍ വിവാഹിതരായി സന്തോഷകരമായ കുടംബജീവിതം നടത്തിവരുന്നു.

ഭാര്യ ; ബീഏആര്‍സീ(ബോംബൈ)യില്‍ നിന്നും റിട്ടയര്‍ ചെയ്തു. എന്റെ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ വളരെ സഹായവും പ്രോത്സാഹനവും താരാറുണ്ട്.

ഭാവിപരിപാടി: സാഹിത്യസേവനവും സമാധാനപരമായ കുടുംബജീവിതവും സുദൃഢമായ നല്ല സുഹൃദ്ബന്ദവും ശാശ്വതമായ ഈശ്വരചിന്തയും മാത്രം.

എന്റെ മേല്‍വിലാസവും ഫോണ്‍നമ്പറും മറ്റു വിവരങ്ങളും താഴെ കുറിക്കുന്നു.

5|162 sundaram-garodia nagar-ghatkopar east Mumbai -400077 phone nos-+91982oo33306--8286869171

email address-thodupuzhakshankar@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക