Image

വിവേകാനന്ദ ചിന്തകളുടെ കാലിക പ്രസക്തി - 2-ഡോ.നന്ദകുമാര്‍ ചാണയില്‍

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 28 January, 2013
 വിവേകാനന്ദ ചിന്തകളുടെ കാലിക പ്രസക്തി - 2-ഡോ.നന്ദകുമാര്‍ ചാണയില്‍
സ്വാമി വിവേകാനന്ദന്‍ ഒരു ഹിന്ദുമത പ്രവാചകനാണെന്നാണ് പലരും തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ തനതായ ശൈലിയിലൂടെ സര്‍വ്വമതാനുയായികളുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ഈ മാന്ത്രികന്‍ എല്ലാ മതങ്ങളിലും അന്തര്‍ലീനമായ മാനുഷിക മൂല്യത്തെ എടുത്തുകാണിച്ചു എന്നതാണ് സത്യം. മനുഷ്യനെ മനുഷ്യനില്‍ നിന്നും അകറ്റി നിര്‍ത്തുന്ന ജാതി, മത, വര്‍ഗ്ഗ വേലിക്കെട്ടുകള്‍ മനുഷ്യന്‍ തന്നെ പടച്ചുണ്ടാക്കിയതാണെന്നും മനുഷ്യരെല്ലാവരും തന്നെ ഒന്നാണെന്നുമുള്ള യാഥാര്‍ത്ഥ്യത്തിലേക്ക് മാനവരാശിയുടെ കണ്ണുതുറപ്പിക്കാനും ചിന്തിപ്പിക്കാനും അദ്ദേഹം പ്രചോദനം നല്‍കി.

ചിക്കാഗോ സര്‍വ്വമത സമ്മേളനത്തിലെ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ എന്നുള്ള പുതുമയാര്‍ന്നതും സുപ്രസിദ്ധവുമായ സംബോധന തന്നെ ശാന്തഗംഭീരനായ ഈ പ്രതിഭാധനന്റെ സൗഹൃദത്തിനും സാഹോദര്യത്തിലേക്കുമുള്ള ദൃഷ്ടാന്തമല്ലേ? സാഹോദര്യവും സഹിഷ്ണുതയും സനാതന മതത്തിന്റെ കാതലായ സന്ദേശമാണ് വര്‍ഗീയതയുടെ പേരില്‍ ലോകമെമ്പാടും മനുഷ്യന്‍ മനുഷ്യനോട് പോരാടുന്നതു കാണുമ്പോള്‍, ലൗകികരംഗത്ത് എന്തെല്ലാം പുരോഗതി ഉണ്ടായിട്ടും ചിലര്‍ക്കുമാത്രം സങ്കുചിത ചിന്തകളുടെ ചങ്ങലകളില്‍ നിന്നും മോചനം നേടാന്‍ സാധിക്കുന്നില്ല എന്നു കാണുമ്പോള്‍, ഈ അല്പന്മാര്‍ വിവേചന ബുദ്ധിയില്‍ ഇന്നും ഇത്രമാത്രം ദരിദ്രനാരായണന്മാരായി അധഃപതിച്ചുപോയല്ലോ എന്നു സഹതപിക്കേണ്ടിവരുന്നു. അങ്ങിനെയല്ലെങ്കില്‍, അള്‍ജീറിയ, അയര്‍ലണ്ട്, മാലി, ടുനീഷ്യ, സുഡാന്‍, സോമാലിയ, സംബാബ് വേ, ഉഗാണ്ട, കെനിയ, ലെബനോണ്‍, ലിബിയ, ഈജിപ്റ്റ്, ഇസ്രേല്‍, പാലസ്തീന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ മനുഷ്യന്‍ മനുഷ്യനെ കുരുതികൊടുത്തുകൊണ്ടിരിക്കുമോ?
ഒരേ രീതിയോടുള്ള മടുപ്പും മാറ്റത്തിനും വേണ്ടിയുള്ള വാഞ്ചയുമല്ലേ ആധിനിക മതങ്ങളുടെയെല്ലാം പിറവിക്കു നിദാനം? മതങ്ങളെല്ലാം മനുഷ്യനുവേണ്ടിയാണെന്നും മിറച്ച് മനുഷ്യന്‍ മതത്തിനുവേണ്ടിയല്ലെന്നും ഉള്ള തിരിച്ചറിവ് അഭിനവമതാചാര്യന്മാര്‍ക്കെല്ലാം അറിയാമായിരുന്നിട്ടും, മനുഷ്യരെ ഒരുമിപ്പിക്കുന്നതിനും പകരം ഭിന്നിപ്പിക്കുന്നതിനാണ് വ്യഗ്രത കാണിച്ചുവരുന്നത്. മനുഷ്യരുടെ തൊലിക്ക് നിറഭേദം കാണുമെങ്കിലും അവരുടെ ധമനികളിലൂടെ ഒഴുകുന്ന നിണത്തിന്റെ വര്‍ണ്ണം ഒന്നുതന്നെ ആണെന്ന് കാണാനുള്ള വിവേചന ബുദ്ധി അവര്‍ക്കില്ലാത്തിടത്തോളം കാലം രാഷ്ട്രങ്ങള്‍ തമ്മിലോ, സമൂഹങ്ങള്‍ തമ്മിലോ, വ്യക്തികള്‍ തമ്മിലോ ഉള്ള നിണച്ചൊരിച്ചിലിന് അറുതി കാണുക പ്രയാസമാണ്. ആഗോളതലത്തില്‍ ശാസ്ത്രീയ, സാങ്കേതിക, സാമ്പത്തിക, സാമുദായിക നേട്ടങ്ങള്‍ പങ്കിട്ട് ആസ്വദിക്കുന്നതിനുപകരം, നിസ്സാരവും, സങ്കുചിതവുമായ ഛിദ്രപ്രവണതകള്‍ക്ക് അധീനരായി സ്വവര്‍ഗ്ഗ നാശത്തിന് കാരണഭൂതരായിക്കൊണ്ടേ ഇരിക്കുന്നു.

അന്തസ്സാര ശൂന്യമായ വര്‍ഗ്ഗീയ ചിന്തകളുടെ അലതല്ലല്‍ കണ്ടു മനം നൊന്തിട്ടാണ് സ്വാമികള്‍, കേരളം ഒരു ഭ്രാന്താലയമാണെന്ന് അഭിപ്രായപ്പെട്ടത്.

മഹാകവി വളളത്തോളിന്റെ വരികള്‍ ഓര്‍മ്മയില്‍ തത്തിക്കളിക്കുന്നു:

“വീട്ടിലെന്തുവിശേഷം, നരേന്ദ്രാ നീ
വീര്‍പ്പുമുട്ടിക്കരയുന്നതെന്തിനോ?
ചണ്ഡ ദുഃഖനിമഗനമാം ലോകത്തിന്‍
കണ്ണുനീര്‍ തുടപ്പാനുള്ള വസ്ത്രത്തെ
തേടിനോക്കുമീ ധീരമാം കണ്‍മിഴി
ചൂടെഴുമശ്രുവാര്‍ക്കയോ താന്‍ തന്നെ!”

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പൊതുസമ്മേളനത്തില്‍ , മതപരമായ കാരണങ്ങളാല്‍ , താന്‍ വിളക്കുകൊളുത്തല്‍ ചടങ്ങ് നിര്‍വ്വഹിക്കില്ലെന്ന് ഒരു മന്ത്രിവര്യന്‍ ശഠിച്ച പത്രവാര്‍ത്ത ഓര്‍മ്മയില്‍ വരുന്നു. 'തമസോമാ, ജ്യോതിര്‍ഗമയാ': (ഇരുട്ടിലേക്കല്ല, വെളിച്ചത്തിലേക്ക് നയിച്ചാലും) എന്ന ഗായത്രി സ്‌ത്രോത്രത്തിലെ മന്ത്രശകലം ഏവര്‍ക്കും ഒരു വഴകാട്ടിയാകട്ടെ എന്ന് ആശിച്ചുപോകുന്നു.

സഹിഷ്ണുതയും സാഹോദര്യവും അടിത്തറയായുള്ള സനാതന ധര്‍മ്മത്തിന്റെ കറകളഞ്ഞ ആതിഥ്യ മര്യാദ ഇല്ലായിരുന്നെങ്കില്‍, ഇന്നത്തെ ഭാരതത്തില്‍, ബുദ്ധ, ജൈന, യഹൂദ, ക്രൈസ്തവ, മുഹമ്മദീയ, സിക്ക്, സൊറാസ്ട്രിയന്‍ മതങ്ങള്‍ കണികാണുകപോലും ഇല്ലായിരുന്നു. ഏതാനും ഒറ്റപ്പെട്ട സംഭവങ്ങളുടേയോ, അല്പം വിവരദോഷികളുടെയും അനുചിതവും അനഭിലഷണീയവുമായ അക്രമാസക്ത ചെയ്തികളുടേയോ അവലംബത്തില്‍ മുന്‍പേ സൂചിപ്പിച്ച പ്രസ്താവനകള്‍ക്കെതിരെ മുറുമുറുക്കുന്ന വിമതരുണ്ടായേക്കാം. എന്തായാലും മതാതീത ചിന്തകള്‍ക്കുപരിയായി, നവയുഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട ഇത്തരുണത്തില്‍, സംപൂജ്യ വിവേകാനന്ദ സ്വാമികളുടെ ഒരു പ്രിയപ്പെട്ട പ്രബോധനം ഉദ്ധരിക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു. സ്വാമികളുടെ “ഉത്തിഷ്ഠത്, ജാഗ്രത്, പ്രാപ്യവരാന്‍ നിബോധയത്”(awake, arise and stop not till the goal is achieved) എന്ന ഉപനിഷദ് സന്ദേശം പൂര്‍വ്വാധികം അന്വര്‍ത്ഥമായി തീരട്ടെ എന്നു പ്രത്യാശിച്ചുകൊണ്ട് ഈ കുറിപ്പിന് വിരാമമിടട്ടെ.

ലോകാ സമസ്താ സുഖിനോ ഭവന്തു.

ശുഭം
 വിവേകാനന്ദ ചിന്തകളുടെ കാലിക പ്രസക്തി - 2-ഡോ.നന്ദകുമാര്‍ ചാണയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക