Image

ഓസ്‌ട്രേലിയ തിരഞ്ഞെടുപ്പ്; അസാഞ്ജും മത്സരിക്കും

Published on 31 January, 2013
ഓസ്‌ട്രേലിയ തിരഞ്ഞെടുപ്പ്; അസാഞ്ജും മത്സരിക്കും
കാന്‍ബറ: ഓസ്‌ട്രേലിയയിലെ പൊതുതിരഞ്ഞെടുപ്പ് സപ്തംബര്‍ 14ന് നടത്തുമെന്ന് പ്രധാനമന്ത്രി ജൂലിയ ഗിലാര്‍ഡ് അറിയിച്ചു. പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന തന്റെ ന്യൂനപക്ഷ സര്‍ക്കാറിനെ പൊതിഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിക്കുകയാണ് ഈ അപ്രതീക്ഷിതനീക്കത്തിലൂടെ ഗിലാര്‍ഡ് ലക്ഷ്യമിടുന്നത്. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജും തിരഞ്ഞെടുപ്പില്‍ മത്സരിക്കും.

അസാഞ്ജ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം അമ്മ ക്രിസ്റ്റീനയാണ് അറിയിച്ചത്. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലന്‍ഡില്‍ ജനിച്ച അസാഞ്ജ് കഴിഞ്ഞ ഡിസംബറില്‍തന്നെ തന്റെ മത്സരമോഹം വെളിപ്പെടുത്തിയിരുന്നു. പീഡനക്കേസില്‍ സ്വീഡന് കൈമാറാതിരിക്കാന്‍ കഴിഞ്ഞ ജൂണില്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയംതേടിയിരിക്കുകയാണ് അസാഞ്ജ്.

ഓസ്‌ട്രേലിയന്‍ നിയമം അനുസരിച്ച് പ്രധാനമന്ത്രിക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള അവകാശം. സപ്തംബറില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗിലാര്‍ഡിനും കൂട്ടര്‍ക്കും എട്ടുമാസം പ്രചാരണത്തിനായി വീണുകിട്ടും. തിരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജരാണെന്ന് മുഖ്യപ്രതിപക്ഷമായ ലിബറല്‍ നാഷണല്‍ പാര്‍ട്ടിയുടെ നേതാവ് ടോണി അബോട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. വിശ്വാസത്തിന്റെ തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.

വിവാദ കാര്‍ബണ്‍നികുതിയും കല്‍ക്കരി, ഇരുമ്പയിര് എന്നിവയുടെ ഖനനത്തിനേര്‍പ്പെടുത്തിയ 30 ശതമാനം നികുതിയും എടുത്തുമാറ്റുമെന്നാണ് അബോട്ട് നല്‍കുന്ന വാഗ്ദാനം. കാര്‍ബണ്‍നികുതി ഏര്‍പ്പെടുത്തില്ലെന്ന വാഗ്ദാനം ഗിലാര്‍ഡ് ലംഘിച്ചെന്നതായിരിക്കും പ്രതിപക്ഷത്തിന്റെ മുഖ്യപ്രചാരണായുധം. ചില നയങ്ങളില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുമ്പോഴും ചൈനയുമായുള്ള വ്യാപാരബന്ധവും അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടും ഇരുകൂട്ടരും ഒരുപോലെ പിന്തുണയ്ക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക