Image

ഒരു സമരത്തിന്‍െറ നീക്കിബാക്കി: ഡി. ബാബുപോള്‍

Published on 29 January, 2013
ഒരു സമരത്തിന്‍െറ നീക്കിബാക്കി: ഡി. ബാബുപോള്‍
അങ്ങനെ ഒരുസമരം കൂടി മൂന്നാര്‍ മോഡലായി! തുടങ്ങിയവരെയും നടത്തിയവരെയും കാണാനില്ല. പൊളിച്ച് കൈയില്‍ കൊടുത്തവര്‍ കൊടിവെച്ച കാറില്‍ നട ക്കുന്നു.
1967ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു കേരളത്തിലെ ആദ്യത്തെ എന്‍. ജി.ഒ സമരം. പ്രഗല്ഭരും കര്‍മകുശലരുമായിരുന്ന ഫ്രാന്‍സിസും ഇ. പത്മനാഭനും നേതാക്കള്‍. തലേക്കൊല്ലം കോട്ടയം കലക്ടറേറ്റില്‍ നടന്ന സമരത്തിന് ലഭിച്ച പിന്തുണയായിരുന്നു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, സുദീര്‍ഘമായ പ്രസിഡന്‍റ് ഭരണം അവസാനിക്കാറായ നാളുകളില്‍, ഇത്തരമൊരു സമരം സംഘടിപ്പിക്കാന്‍ അവരെ ധൈര്യപ്പെടുത്തിയത്.
ആ സമരം നടക്കുമ്പോള്‍ കൊല്ലത്ത് സബ് കലക്ടറായിരുന്നു ഞാന്‍. സര്‍ ടി. മാധവറാവു അസിസ്റ്റന്‍റ് പേഷ്ക്കാരായി ഇരുന്ന കസേര. ഓഫിസര്‍മാരൊന്നും സമരംചെയ്യുന്ന കാലമല്ല. അത് ഈയെമ്മസ് മന്ത്രിസഭയുടെ കാലത്ത് എന്‍ജിനീയര്‍മാരാണ് തുടങ്ങിവെച്ചത്. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ വരെ പണിമുടക്കി ഇന്‍ക്വിലാബ് വിളിച്ച ആ നാളുകളില്‍ സര്‍ക്കാര്‍ സമരം അടിച്ചമര്‍ത്തി. ആ സമരം തോറ്റെങ്കിലും ആപ്പീസുകളിലെ ഏമാന്മാരും ഇന്‍ക്വിലാബ് സിന്ദാബാദ്, തൊഴിലാളി ഐക്യം സിന്ദാബാദ് എന്നൊക്കെ വിളിച്ചാല്‍ പരശുരാമന്‍ മടങ്ങി വരുകയൊന്നുമില്ലെന്ന് തെളിയാന്‍ അത് സന്ദര്‍ഭമൊരുക്കി.
എന്‍.ജി.ഒ സമരം നയിച്ച ഫ്രാന്‍സിസിനും പത്മനാഭനും നായ്ക്കുരുണപ്പൊടിയുടെയോ കരി ഓയിലിന്‍െറയോ ഏജന്‍സി ഉണ്ടായിരുന്നില്ല. ഓഫിസില്‍ വരികയില്ല. വരാന്‍ തുനിയുന്നവരെ നിരുത്സാഹപ്പെടുത്തും. ഓഫിസ് കവാടങ്ങളില്‍ അത്യാവശ്യം പിക്കറ്റിങ്. ഇംഗ്ളീഷിലും മലയാളത്തിലും ഇടവിട്ട് മുദ്രാവാക്യം വിളി. മറുഭാഗത്ത് ഞങ്ങള്‍ കരിങ്കാലികളെ സൃഷ്ടിക്കാന്‍ നിയുക്തരായ അണ്ണാന്‍കുഞ്ഞുങ്ങളായി. തന്നാലായത് ചെയ്യാത്ത അണ്ണാന്മാര്‍ പൊത്തുകളില്‍ ഒളിച്ചിരുന്നു. ഓഫിസുകളില്‍ ഹാജരായവര്‍ക്ക് ഞങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ ബിരിയാണിയും പൊതിച്ചോറും വാങ്ങിക്കൊടുത്തു. കൊല്ലത്ത് ഒളിച്ചുകയറിയ ഒരു വിദ്വാനെ പുറത്തുവിടുകയില്ലെന്ന് സഖാക്കള്‍ നിശ്ചയിച്ചു. ജയറാം പടിക്കലാണ് എസ്.പി. തങ്കരാജ് എ.എസ്.പി. സബ് കലക്ടറായിരുന്ന ഞാന്‍ അന്നേ അസാരം ബൈബ്ള്‍ പരിചയമുള്ള യുവാവായിരുന്നു. ക്രിസ്തു ശിഷ്യനായ പൗലോസിനെ ദമസ്കോസിലെ കോട്ടയില്‍നിന്ന് കുട്ടയിലാക്കി പുറത്തിറക്കിയ കഥ ഞാന്‍ വിവരിച്ചു. ‘ആരവിടെ, ഒരു കുട്ട പ്രവേശിക്കട്ടെ’ എന്നായി ജയറാം. ‘ഇവിടെ ഞാന്‍ തന്നെ, പക്ഷേ, കുട്ട അകത്തുകടത്തുന്നതെങ്ങനെ’ എന്ന് പിന്നീട് ഐ.പി.എസ് കിട്ടിയ അന്നത്തെ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ ഉത്തമന്‍ ബോധിപ്പിച്ചപ്പോള്‍ സിവില്‍ സ്റ്റേഷനകത്ത് വല്ല പെട്ടിയും ഉണ്ടോയെന്ന് ‘സര്‍ച്ച്’ചെയ്യാന്‍ എസ്.പി ഉത്തരവായി. ഏതോ അലമാരയോ ടൈപ്റേറ്ററോ കൊണ്ടുവന്ന ഒരു പെട്ടി കിട്ടി. പാഴ് മരപ്പലകകളാല്‍ നിര്‍മിതം. അതില്‍ ആ കൃശഗാത്രനെ ഇരുത്തി. കയര്‍ റെഡി. സമരക്കാര്‍ പടിഞ്ഞാറ് വശത്ത് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനടുത്ത് വിശദീകരണ യോഗം നടത്തുമ്പോള്‍ തെക്കു കിഴക്കേമൂലയില്‍ അപ്പുക്കുട്ടന്‍ നിലത്തെത്തി. ആങ്ഹാ, കളി നമ്മളോടോ!
ആ സമരം എങ്ങനെയാണ് തീര്‍ന്നത് എന്ന് ഓര്‍ക്കുന്നില്ല. തോറ്റ ചരിത്രം കേട്ടിട്ടില്ലെങ്കിലും ജയിച്ചെന്ന് തോന്നുന്നില്ല. പിന്നെ സമരങ്ങള്‍ ഒരുപാടുണ്ടായി.  നായ്ക്കുരണപ്പൊടിയും കട്ടിപ്പാരയും സമരായുധങ്ങളായി. എങ്കിലും, അധ്യാപകര്‍ സ്വന്തം വിദ്യാര്‍ഥികള്‍ക്ക് നായ്ക്കുരണാനുഭവം നല്‍കിയത് ഇത്തവണ നടാടെ ആയിരുന്നെന്ന് തോന്നുന്നു.
ആചാര്യാല്‍ പാദമാദത്തേ എന്നാണ് പ്രമാണം. ആ ഒരൊറ്റവരി ഊരിയെടുത്ത് വികടവ്യാഖ്യാനം നടത്തിയാല്‍ ഗുരു പഠിപ്പിക്കുന്നതിന്‍െറ നാലിരട്ടിയാണ് ശിഷ്യന്‍ പഠിക്കുക എന്ന് പറയാം. നായ്ക്കുരണമാഷുടെ നാലിരട്ടിയാവും നായ്ക്കുരണാപീഡിതനായ ശിഷ്യന്‍ സമൂഹത്തിന് തിരികെ നല്‍കുക എന്നും പറയാം. ഓര്‍ത്തിട്ട് പേടി വരുന്നു.
പുലിമലയുടെ താഴ്വാരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ പ്രഭാതകര്‍മങ്ങള്‍ക്കായി നാട്ടിന്‍പുറത്ത് അതിസാധാരണമായിരുന്ന ‘തീര്‍ഥാടന’ത്തിനിടയില്‍ കണ്ടെത്തിയപ്പോള്‍ ആ അനാഥനെ കോരിയെടുത്ത് മാറോടണച്ച് തന്‍െറ ഏഴു മക്കള്‍ക്കൊപ്പം എട്ടാമത്തെ മോതിരമായി വളര്‍ത്തിയെടുത്ത പെരുമ്പാവൂര്‍ കുറുപ്പംപടി എമ്പാശ്ശേരി മത്തായി സാറാണ് എന്നെ പഠിപ്പിച്ചത്. പുളിവാറല്‍ കൊണ്ട് പടപടാ അടിച്ച് കണക്ക് പഠിപ്പിക്കുന്നതിനൊപ്പം വിശന്ന വയറിനെ വള്ളിനിക്കര്‍ കൊണ്ട് മറച്ച് മറ്റുള്ളവരുടെ ചോറുപാത്രത്തില്‍ നോക്കിയിരുന്ന മത്തായിയുമായി തന്‍െറ പൊതിച്ചോറ് പങ്കുവെച്ചിരുന്ന പേരേക്കാടന്‍ നാരായണപ്പിള്ള സാറാണ് എന്നെ പഠിപ്പിച്ചത്. അഞ്ചാം ക്ളാസിലെ സിലബസ് പുതുക്കിയ കാലത്ത് ഭൂമിശാസ്ത്രപാഠപുസ്തകം എങ്ങും കിട്ടാതെവന്നപ്പോള്‍ ഡ്യൂട്ടി ലീവ് കൂടാതെ അധ്യാപക സംഘത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ ആ സിലബസ് അനുസരിച്ച് എഴുതിയ ഒരു പുസ്തകം മറ്റൊരധ്യാപികയുടെ കൈവശം ഉണ്ടെന്നറിഞ്ഞതോടെ, യോഗം കഴിഞ്ഞ്, മൂന്നു മൈല്‍ അകലെയുള്ള ആ വീട്ടിലെത്തി, ആ പുസ്തകം കടംവാങ്ങി, രാത്രികളെ പകലാക്കി അത് നോട്ടുബുക്കില്‍ പകര്‍ത്തി തന്‍െറ ശിഷ്യരെ പഠിപ്പിക്കാന്‍ ‘പാഠപുസ്തകം’ നിര്‍മിച്ച പ്രൈമറി സ്കൂള്‍ ഹെഡ്മിസ്ട്രസ് മേരിപോള്‍ ആണ് എന്നെ പഠിപ്പിച്ചത്. ഏഴാം ക്ളാസ് കഴിഞ്ഞ് ജീവിതം വഴിമുട്ടിയപ്പോള്‍ പ്രോത്സാഹിപ്പിച്ച് ഹൈസ്കൂളിലെത്തിച്ച ബാലകൃഷ്ണന്‍ നായര്‍ക്ക് സന്നിപാതജ്വരം ബാധിച്ചപ്പോള്‍ ആ വിദ്യാര്‍ഥിയുടെ വീട്ടിലെത്തി മാതാപിതാക്കള്‍ക്കൊപ്പം ഉറക്കമിളച്ച് ശിഷ്യനെ  ശുശ്രൂഷിച്ച ഹെഡ്മാസ്റ്ററച്ചന്‍ എന്ന പി.എ. പൗലോസ് കോറെപ്പിസ്ക്കോപ്പയാണ് എന്നെ പഠിപ്പിച്ചത്. ഇവരാരും നായ്ക്കുരണപ്പൊടിയുടെ ഉപയോഗം പറഞ്ഞുതന്നില്ല; പ്രയോഗം ശീലിപ്പിച്ചതുമില്ല.
കാലം മാറുമ്പോള്‍ കോലവും മാറുമായിരിക്കാം. എന്‍െറ ഗുരുനാഥന്മാരെ അറിയുന്നില്ലെങ്കിലും പി.ടി. ഭാസ്കരപ്പണിക്കരെയും അടുത്ത തലമുറയില്‍ ഇ.ജെ. ഫ്രാന്‍സിസ്, ഇ. പത്മനാഭന്‍ മുതല്‍ പേരെയും അറിയുന്നില്ലെന്ന് വരുമോ ഈ നായ്ക്കുരണ സഖാക്കള്‍.
ഈ സമരാഭാസം നിരീക്ഷിച്ചാല്‍ അരോചകമായ ചില സത്യങ്ങള്‍ വേറെയും പറയേണ്ടിവരും.
ഒന്നാമത്, സമരത്തിന്‍െറ യുക്തിശൂന്യത. ഭാവിയില്‍ സര്‍ക്കാറില്‍ ജോലി തേടുന്നവരെ രക്ഷിക്കുകയാണ് ലക്ഷ്യം. അങ്ങനെയെങ്കില്‍ പെന്‍ഷന്‍പ്രായം കൂട്ടിയതിനെതിരെയും വേണ്ടേ സമരം? പെന്‍ഷനാകുന്നതിനുള്ള പ്രായം 62 ആക്കണമെന്നാണ് എന്‍െറ അഭിപ്രായം. അതിന്‍െറ ഗുണദോഷങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചക്കെടുക്കേണ്ട. എന്നാല്‍ അതിനെതിരെ പറയുന്ന പ്രധാന കാരണം തൊഴിലിനായി കാത്തിരിക്കുന്നവരെ അത് നിരാശരാക്കും എന്നതാണല്ലോ. ഭാവിയില്‍ സര്‍ക്കാറില്‍ കയറാന്‍ പോകുന്നവര്‍ക്കായി അതും അവര്‍ പിരിയുന്ന കാലത്തെ പെന്‍ഷന്‍െറ സ്വഭാവത്തെ പ്രതി, ‘ദീര്‍ഘവീക്ഷണത്തോടെ’ സമരം ചെയ്യുന്നവര്‍ അവരെ ഓര്‍ത്ത് പെന്‍ഷന്‍ പ്രായത്തിലെ വര്‍ധന നിരസിക്കേണ്ടതല്ലേ? ഉമ്മന്‍ചാണ്ടി കൂട്ടട്ടെ,  ചെറുപ്പാക്കാരുടെ വഴി തടയാന്‍ ഞങ്ങളില്ലെന്ന് പറഞ്ഞ് അമ്പത്തഞ്ച് വയസ്സില്‍ പിരിയേണ്ടതല്ലേ? അതോ പെന്‍ഷന് ഒരു ന്യായം, പെന്‍ഷന്‍ പ്രായത്തിന് വേറൊരു ന്യായം എന്നതാണോ യുക്തി?
രണ്ടാമത്, ഐ.എ.എസ് ഉള്‍പ്പെടെ സകല സര്‍വീസുകളിലും ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലായിക്കഴിഞ്ഞ പദ്ധതിയുടെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും പ്രതിവിധികള്‍ നിര്‍ദേശിക്കുകയും ചെയ്യുകയല്ലേ വേണ്ടിയിരുന്നത്? അതിനുപകരം പെന്‍ഷന്‍ കിട്ടുന്നവര്‍ക്ക് കുറക്കും, കിട്ടാനുള്ളവര്‍ക്ക് നിഷേധിക്കും എന്നൊക്കെ പറയുന്നതിലെന്ത് യുക്തി? ഇന്നിപ്പോള്‍ ഈ വിഷയം എടുക്കാന്‍തന്നെ കാരണം ഇന്നലെ സമരവീര്യം നശിച്ചിട്ടില്ലാത്ത ഒരു പെന്‍ഷന്‍കാരനുമായി ഒരുമിച്ച് യാത്ര ചെയ്തതാണ്. അസംഘടിത വിഭാഗങ്ങളെ അവഗണിച്ച് സമരം ചെയ്യുന്നതിനെതിരെ ആ നാട്ടിന്‍പുറത്ത് പോസ്റ്ററും ചുവരെഴുത്തും ഉണ്ടായതിലുള്ള ദു$ഖം ആ ഗുരു പങ്കുവെച്ചിടത്താണ് തുടക്കം. അദ്ദേഹം പെന്‍ഷനായിട്ട് പതിമൂന്ന് കൊല്ലം കഴിഞ്ഞു. ഇപ്പോഴും ഒരു പാരലല്‍ കോളജില്‍ പഠിപ്പിക്കുന്നുമുണ്ട്. വണ്ടിയില്‍നിന്ന് ഇറങ്ങുവോളം പ്രസംഗിച്ചു. ‘നാളെ മുതല്‍ പെന്‍ഷന്‍ ഇല്ല’ എന്ന് പറയാനുള്ള പരിപാടിയാണ് സര്‍ക്കാറിന്‍േറത് എന്നാണ് ഈ ഗുരുവിനെ ആരോ ബോധ്യപ്പെടുത്തിയിരിക്കുന്നത്. ജോര്‍ജിയയിലും ലിത്വേനിയയിലും യുക്രെയിനിലുമൊക്കെ അത് സംഭവിച്ചു കഴിഞ്ഞിരിക്കുന്നുവത്രെ. അവിടെ അങ്ങനെ സംഭവിച്ചുവോ എന്ന് ഞാന്‍ അറിയുന്നില്ല. ഗൂഗ്ള്‍ ചെയ്യേണ്ട പ്രാധാന്യവും അതിനില്ല. എങ്കിലും ഞാന്‍ മുട്ടാപ്പൊക്ക് പറഞ്ഞു.  അത് കമ്യൂണിസം പരാജയപ്പെടുകയും സോവിയറ്റ് യൂനിയന്‍ ശിഥിലീകരിക്കപ്പെടുകയും ചെയ്തതിന്‍െറ ബാക്കിയല്ലേ? പിണറായിയോട് ചോദിച്ചിട്ട് മറുപടി പറയാം എന്ന മട്ടില്‍ മൗനം പാലിച്ച് സഖാവ്. ഞാന്‍ വിട്ടില്ല. അഞ്ച് കി.ഗ്രാം ഭാരമുള്ള കേക്കാണ് ഭാരതം എങ്കില്‍ അതിന്‍െറ മേലറ്റത്തെ ഐസിങ്ങല്ലേ നാമൊക്കെ. പഞ്ചാരനിറം തുടങ്ങുന്നിടത്തെ ശിപായി മുതല്‍ ഐസിങ്ങിന്‍െറ മുകളിലെ പൂക്കള്‍ പോലെയുള്ള ഉന്നതര്‍വരെ, ബാക്കി നാലേമുക്കാല്‍ കിലോ ഭാരമുള്ള ആ കറുത്ത പിണ്ഡം അല്ലേ നമ്മെയൊക്കെ വഹിക്കുന്നത് എന്നായി ഞാന്‍. ‘അതു ശരി തന്നെ, എന്നുവെച്ച് അങ്ങനെയൊക്കെ നോക്കിയാല്‍ ജീവിക്കാന്‍ പറ്റുമോ’ എന്ന ലജ്ജാകരമായ മറുപടിയാണ് കിട്ടിയത്.
മൂന്നാമത്, നേതൃത്വത്തിന്‍െറ ദയനീയമായ പരാജയം. തുടങ്ങിയപ്പോള്‍ തന്നെ ജീവനക്കാരുടെ മൂന്നില്‍ രണ്ടു ഭാഗവും സമരത്തില്‍ ചേര്‍ന്നില്ല. മൂന്നോ നാലോ ദിവസം കൊണ്ട് ഹാജര്‍ എഴുപത്തഞ്ച് ശതമാനമായി ഉയര്‍ന്നു. പാര്‍ട്ടിക്കുവേണ്ടി നോക്കുകൂലിയെയും പിന്തുണക്കുന്നവരല്ലാതെ പൊതുജനം എന്ന വിഭാഗം തുടക്കം മുതല്‍ എതിരായിരുന്നതും നേതൃത്വം തിരിച്ചറിഞ്ഞില്ല. ഒടുവില്‍ ആശ്രയിച്ചത് മാണിയെ. ഇ. പത്മനാഭന്‍െറയും ഇ.ജെ. ഫ്രാന്‍സിസിന്‍െറയും പിന്മുറക്കാര്‍ ക്ളിഫ് ഹൗസില്‍ ഒറ്റക്ക് ചെന്നുകയറാനുള്ള ധൈര്യം പോലും നഷ്ടപ്പെട്ട് മാണിയുടെ ‘പ്രശാന്ത്’ എന്ന വീട്ടില്‍ അശാന്തമായ മനസ്സോടെ കാത്തിരുന്നു, മാണി മന്ത്രിയുടെ വിമാനം നിലംതൊടാന്‍, തങ്ങളെ തിരിഞ്ഞു നോക്കാതെ കുളിമുറിയില്‍ കയറി സുന്ദരനായി പുതുപുത്തന്‍ ജൂബയുമായി മാണി തിരിച്ചിറങ്ങാന്‍. എന്നിട്ടും പറയുന്നു, തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല. എങ്ങനെ കേള്‍ക്കാന്‍, ആ ചരിത്രം അവര്‍ തന്നെ എഴുതിക്കൊണ്ടിരിക്കുകയല്ലേ?
തെരച്ചിവാല്‍: ഇ.ജ.മു. ഭരിക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ഇത്തരം ഒരു സമരത്തിന് ഇറങ്ങിയാല്‍ ഈ ലേഖനം പത്രാധിപര്‍ അവര്‍ക്കെതിരെയും അച്ചടിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നു.
http://www.madhyamam.com/news/211005/130130
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക