Image

സമുദായ നേതാവ്‌ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുമ്പോള്‍...

Published on 31 January, 2013
സമുദായ നേതാവ്‌ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുമ്പോള്‍...
കേരളത്തിലെ യുഡിഎഫ്‌ മുന്നണിക്കും ഗവണ്‍മെന്റിനും ഇതില്‍പ്പരമൊരു നാണക്കേട്‌ ഇതിനു മുമ്പ്‌ ഉണ്ടായിട്ടില്ല. വി.എസ്‌ അച്യുതാനന്ദന്‍ സഹായിച്ച്‌ പുതിയ ഹെഡ്‌ലൈനുകള്‍ സി.പി.എമ്മിന്റെ ആഭ്യന്തര യുദ്ധത്തിലേക്ക്‌ പോയിരിക്കുന്നുവെങ്കിലും കഴിഞ്ഞ ദിവസം എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പരസ്യ വെല്ലുവിളി യു.ഡി.എഫിനെയും നേതാക്കളെയും തൃശങ്കുസ്വര്‍ഗത്തിലാക്കുക തന്നെയാണ്‌ ചെയ്‌തിരിക്കുന്നത്‌. കേരളത്തിലെ മുന്നണി രാഷ്‌ട്രീയത്തിന്റെ അപചയം എത്രത്തോളമെന്ന്‌ കൂടി തെളിയിക്കുന്നുണ്ട്‌ രാഷ്‌ട്രീയക്കാരുടെയും സമുദായ നേതാക്കളുടെയും ഇടപാടുകളുടെ പുതിയ കഥകള്‍.

രമേശ്‌ ചെന്നിത്തലയെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്ത്‌ കൊണ്ടുവരണമെന്നും അല്ലെങ്കില്‍ നിങ്ങളെ ഭരിക്കാന്‍ അനുഭവിക്കില്ലെന്നും പരസ്യമായി സുകുമാരന്‍ നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിക്കുന്നു. ഭീഷിണി മുഴക്കുകയായിരുന്നു എന്നു തന്നെ വേണമെങ്കില്‍ പറയാം. എന്നാല്‍ എന്‍.എസ്‌.എസിന്റെ ഭീഷിണിയോട്‌ ശക്തമായിട്ടൊന്ന്‌ തിരിച്ചു പ്രതികരിക്കാന്‍ കേരളത്തിലെ എണ്ണപ്പെട്ട ഒരു കോണ്‍ഗ്രസ്‌ നേതാവിനും ധൈര്യമുണ്ടായിരുന്നില്ല. എല്ലാവരും അതിവിനയത്തോടെ സുകുമാരന്‍ നായരോട്‌ അഭിപ്രായം പറയുന്ന കാഴ്‌ചയാണ്‌ കേരളത്തില്‍. സുകുമാരന്‍ നായര്‍ക്ക്‌ എന്തും പറയാനുള്ള അവകാശമുണ്ട്‌ എന്നുവരെ എത്തിയിരിക്കുന്നു കോണ്‍ഗ്രസുകാരുടെ അഭിപ്രായങ്ങള്‍.

പി.സി ചാക്കോയെ ഉപയോഗിച്ച്‌ സുകുമാരന്‍ നായരുടെ അഭിപ്രായത്തെ തന്ത്രപരമായി ഖണ്‌ഡിക്കാന്‍ കോണ്‍ഗ്രസ്‌ ശ്രമിച്ചെങ്കിലും വിജയിച്ചതുമില്ല. കാരണം മുതര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ പി.ജെ കുര്യന്‍ തന്നെ തുറന്നു പറഞ്ഞിരിക്കുന്നു, തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഹൈക്കമാന്‍ഡും എന്‍.എസ്‌.എസുമായി ധാരണയുണ്ടായിരുന്നുവെന്ന്‌. ഇങ്ങ്‌ കേരളത്തിലെ ഒരു ചെറിയ കേസുകെട്ടിന്‌ അങ്ങ്‌ ഡല്‍ഹിയിലിരിക്കുന്ന സോണിയാ ഗാന്ധി മറുപടി പറയണമെന്നൊക്കെ സുകുമാരന്‍ നായര്‍ പരസ്യമായി പറയണമെങ്കില്‍ അതിലെന്തെങ്കിലും കാര്യമില്ലാതെയാവില്ല എന്ന്‌ ആര്‍ക്കും ഊഹിക്കാവുന്നതുമാണ്‌.

ഈ അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വം തന്നെയെന്നും പറയേണ്ടിവരും. മുമ്പൊരിക്കല്‍ സി.പി.എമ്മും സുകുമാരന്‍ നായരും തമ്മില്‍ അഭിപ്രായ വിത്യാസമുണ്ടായപ്പോള്‍ `നായന്‍മാരുടെ അട്ടിപ്പേറ്‌ അവകാശം ചിലര്‍ മാത്രം ഏറ്റെടുക്കാന്‍ വരേണ്ട' എന്ന ചുട്ട മറുപടി സുകുമാരന്‍ നായര്‍ക്ക്‌ കൊടുക്കാന്‍ പിണറായി വിജയന്‍ ധൈര്യം കാണിച്ചിരുന്നു. സമുദായ നേതാക്കളെ, അത്‌ ആരാണെങ്കിലും, നിര്‍ത്തേണ്ടിടത്ത്‌ നിര്‍ത്താന്‍ സി.പി.എം പലപ്പോഴും ധൈര്യം കാണിച്ചിട്ടുണ്ട്‌. ഈ ധൈര്യമിലായ്‌മയാണ്‌ കോണ്‍ഗ്രസിന്റെ പരാജയം. അതിന്‌ കാരണം എന്‍.എസ്‌.എസിന്റെ സാഹയം തേടി കോണ്‍ഗ്രസും യുഡിഎഫുമെല്ലാം പല തവണ പെരുന്നയിലുംമറ്റും കയറിയിറങ്ങിയിട്ടുണ്ട്‌ എന്നതുമാണ്‌.

എന്നാല്‍ തികഞ്ഞ സ്വാത്വികനായ നാരായണപ്പണിക്കരല്ല ഇപ്പോഴത്തെ സുകുമാരന്‍ നായര്‍ എന്നതാണ്‌ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും പറ്റിയ തിരിച്ചടി. സമുദായ സംഘടനകളുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ സുകുമാരന്‍ നായര്‍ ഇത്രയും മുമ്പോട്ടു വരുമെന്ന്‌ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

എന്തുകൊണ്ടാണ്‌ സുകുമാരന്‍ നായര്‍ക്ക്‌ നല്ലൊരു മറുപടി പറയാന്‍ ഒരു കോണ്‍ഗ്രസ്‌ നേതാവിനും കഴിയാത്തത്‌. എന്തുകൊണ്ട്‌ വെറും അടവു നയങ്ങളുടെ പ്രതികരണങ്ങള്‍ മാത്രം മുഖ്യമന്ത്രിയില്‍ നിന്നും കെ.പി.സി.സി പ്രസിഡന്റില്‍ നിന്നും മറ്റു നേതാക്കന്‍മാരില്‍ നിന്നുമുണ്ടാവുന്നു. അതിനു പിന്നില്‍ സാമുദായിക ശക്തികളെ ഭയന്നു നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ ചിത്രമുണ്ട്‌. അതിനു കാരണം സടകുടഞ്ഞ്‌ ഉണര്‍ന്നിരിക്കുന്ന വിശാല ഭൂരിപക്ഷ ഐക്യമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എന്‍.എസ്‌.എസ്‌ - എസ്‌.എന്‍.ഡി.പി ഐക്യമാണ്‌. ഈ ഐക്യത്തെ അവഗണിച്ച്‌ ഉമ്മന്‍ ചാണ്ടിക്കെന്നല്ല കോണ്‍ഗ്രസിലെ ഒരു നേതാവിനും മുമ്പോട്ടു പോകാന്‍ കഴിയില്ല എന്നതാണ്‌ വാസ്‌തവം.

അതിനു പിന്നിലെ കണക്കിലെ കളി ഇങ്ങനെയാണ്‌. - ഏതാണ്ട്‌ ഒരു കോടിക്ക്‌ അടുത്തു വരുന്ന ജനസംഖ്യയുണ്ട്‌ കേരളത്തിലെ ഈഴവ സമൂഹം. അറുപത്‌ ലക്ഷത്തിനും എഴുപത്‌ ലക്ഷത്തിനും ഇടയില്‍ വരും കേരളത്തിലെ നായര്‍ സമൂഹം. അതായത്‌ ഈ രണ്ടു സമുദായങ്ങളും കൂടി ഒന്നിക്കുമ്പോള്‍ ഒന്നരക്കോടിക്കും മുകളില്‍ ജനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പായി മാറുന്നു. അതിനുള്ളില്‍ ഇതുവരെയില്ലാത്ത ഒരു പുതിയ വോട്ട്‌ബാങ്ക്‌ ഒളിഞ്ഞിരിപ്പുണ്ട്‌ എന്നറിയാത്തവരല്ല നമ്മുടെ രാഷ്‌ട്രീയ നേതാക്കള്‍.

എന്‍.എസ്‌.എസും, എസ്‌.എന്‍.ഡി.പിയും കാലങ്ങളായി ഭൂരിപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിച്ച്‌ പോരുന്നുണ്ടെങ്കിലും ഒരു വോട്ട്‌ബാങ്കായി ഇവരെ നിലനിര്‍ത്താന്‍ ഈ രണ്ടു സംഘടനകള്‍ക്കും കഴിഞ്ഞിരുന്നില്ല. അതായത്‌ ഈ സമുദായങ്ങളുടെ അംഗസംഖ്യക്ക്‌ അനുസരിച്ചുള്ള ഒരു വോട്ട്‌ബാങ്കായി ഇവര്‍ മാറിയിരുന്നില്ല. കാരണം ഈഴവ സമുദായത്തിലെ അംഗങ്ങള്‍ ഏറെയും സി.പി.എം സിപിഐ സംഘടനകളിലെ പ്രവര്‍ത്തകര്‍ കൂടിയാണ്‌. നായര്‍ സമുദായം ഏറെയും കോണ്‍ഗ്രസിനോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നവരും. കാലങ്ങളായി ഈ സമവാക്യം ഇങ്ങനെ തന്നെയാണ്‌ തുടരുന്നത്‌.

എന്നാല്‍ നാരായണപ്പണിക്കര്‍ക്ക്‌ ശേഷം സുകുമാരന്‍ നായര്‍ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറിയായി വരുകയും വെള്ളാപ്പള്ളി നടേശനുമായി സമവായം രൂപപ്പെടുത്തി നായര്‍ ഈഴവ സഖ്യം രൂപപ്പെടുത്തുകയും ചെയ്‌തതോടെ വിശാല ഭൂരിപക്ഷ ഐക്യം വെറുമൊരു കടലാസുപുലിയല്ല എന്ന വിധത്തില്‍ ശക്തിപ്പെട്ടിരിക്കുന്നു. അതിനു കാരണം യുഡിഎഫ്‌ മുന്നണിയിലെ ലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും അപ്രമാദിത്വത്തോടുള്ള എതിര്‍പ്പ്‌ തന്നെ. മുസ്ലിം ലീഗും, കേരളാ കോണ്‍ഗ്രസും പൊതുവില്‍ ന്യൂനപക്ഷ താത്‌പര്യം പുലര്‍ത്തുന്നുവെന്നും അവര്‍ നയിക്കുന്ന ഭരണ വകുപ്പില്‍ (പ്രത്യേകിച്ചും വിദ്യഭ്യാസം) നിന്നും ഭൂരിപക്ഷങ്ങള്‍ക്ക്‌ കാര്യമാത്ര പ്രസക്തമായ ഗുണഫലങ്ങള്‍ ലഭിക്കുന്നില്ലെന്നുമുള്ള ഒരു ബോധം ഭൂരിപക്ഷ സമുദായത്തില്‍ സമീപകാലത്തായി വേരുപിടിച്ചിരിക്കുന്നു എന്നത്‌ ഒരു യഥാര്‍ഥ്യവുമാണ്‌. ഇത്തരമൊരു ബോധത്തെ കണ്ടെത്തിയതും, ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതും ചില തത്‌പര കക്ഷികളാണെന്നതില്‍ സംശയവുമില്ല. ഇത്തരത്തില്‍ അനാവശ്യമായ ചിന്തകള്‍ സൃഷ്‌ടിക്കുന്നത്‌ ഫലത്തില്‍ കേരളത്തിലെ രാഷ്‌ട്രീയ - സാമുദായിക സൗഹാര്‍ദ്ദ അന്തരീക്ഷത്തെ തകര്‍ക്കും എന്നതില്‍ സംശയമില്ല.

മുമ്പ്‌ രണ്ടു തവണ കൈകോര്‍ക്കുകയും എന്നാല്‍ പരാജയപ്പെടുകയും ചെയ്‌ത സഖ്യമാണ്‌ നായര്‍ - ഈഴവ സഖ്യം. എന്നാല്‍ ഇപ്പോള്‍ ഈ സഖ്യം ശക്തവും സജീവവുമായി വീണ്ടും രംഗത്ത്‌ വന്ന സാഹചര്യം ഏറെ ശ്രദ്ധേയമാണ്‌. 96ലെ ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത്‌ പി.ജെ ജോസഫ്‌ വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്നപ്പോള്‍ പി.ജെ ജോസഫിന്റെ മിക്ക തീരുമാനങ്ങളും, വിദ്യാഭ്യാസ വകുപ്പിന്റെ നടത്തിപ്പും ഭൂരിപക്ഷ സമുദായങ്ങള്‍ക്ക്‌ വിരുദ്ധമായിരുന്നു എന്ന ആരോപണം എന്‍.എസ്‌.എസും എസ്‌.എന്‍.ഡി.പിയും അന്നു മുതല്‍ തന്നെ ആവര്‍ത്തിക്കുന്നതാണ്‌. ഇതേ അവസ്ഥയിലേക്കാണ്‌ ഇപ്പോള്‍ യു.ഡി.എഫ്‌ ഗവണ്‍മെന്റിന്റെ ഭരണം പോകുന്നത്‌ എന്നാണ്‌ എന്‍.എസ്‌.എസ്‌ വിലയിരുത്തുന്നത്‌. വെള്ളാപ്പള്ളിക്കും സമാനമായ അഭിപ്രായം തന്നെയാണുള്ളത്‌.

ഇതിനു വേണ്ടി കഴിഞ്ഞ നിയമസഭാ ഇലക്ഷനും മുമ്പ്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡുമായി എന്‍.എസ്‌.എസ്‌ ധാരണ രൂപപ്പെടുത്തിയത്‌. (ഇതാണ്‌ ഇപ്പോള്‍ സുകുമാരന്‍ നായര്‍ ഉയര്‍ത്തിക്കാട്ടുന്നത്‌) യു.ഡി.എഫ്‌ സ്വാഭാവികമായും അധികാരത്തില്‍ വരുമെന്ന്‌ ഉറപ്പിക്കപ്പെട്ടിരുന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും അപ്രമാദിത്വം തടയാന്‍ വേണ്ടി തങ്ങള്‍ക്ക്‌ ഏറെ സ്വീകാര്യനായ രമേശ്‌ ചെന്നിത്തലയെ ഇലക്ഷനില്‍ നിര്‍ത്തണമെന്നും തുടര്‍ന്ന്‌ മന്ത്രിസഭയിള്‍ ഉള്‍പ്പെടുത്തുകയും വിദ്യഭ്യാസ വകുപ്പ്‌ രമേശിന്‌ നല്‍കി കോണ്‍ഗ്രസ്‌ തന്നെ കൈയ്യില്‍ വെക്കുകയും വേണമെന്ന ആവിശ്യം എന്‍.എസ്‌.എസ്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റിനു മുമ്പില്‍ വെച്ചിരുന്നു എന്നു തന്നെ അനുമാനിക്കാം. ഇങ്ങനെ ഒരു ധാരണ എന്‍.എസ്‌.എസ്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡുമായി രൂപപ്പെടുത്തിയിരുന്നു എന്നു വേണം എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറിയുടെ വാക്കുകളില്‍ നിന്നും മനസിലാക്കാന്‍. ഇങ്ങനെയൊരു ധാരണയുണ്ടായിരുന്നു എന്നു തന്നെയാണ്‌ പി.ജെ കുര്യനും സമ്മതിക്കുന്നത്‌.

എന്നാല്‍ യു.എഡി.എഫും എന്‍.എസ്‌.എസുമായുള്ള ധാരണകളെല്ലാം തെറ്റുന്നത്‌ കഴിഞ്ഞ ഇലക്ഷന്‍ റിസള്‍ട്ടിലാണ്‌. യു.ഡി.എഫ്‌ പ്രതീക്ഷിച്ച സീറ്റുകള്‍ നേടുകയുണ്ടായില്ല. പ്രത്യേകിച്ചും കോണ്‍ഗ്രസിന്‌ നിയമസഭയില്‍ എം.എല്‍.എമാര്‍ കുറവാണ്‌ താനും. അപ്പോള്‍ സ്വാഭാവികമായും ലീഗിനും കേരളാ കോണ്‍ഗ്രസിനും വീണ്ടും അപ്രമാദിത്വം കൈവരുകയുണ്ടായി. വിദ്യാഭ്യാസ വകുപ്പ്‌ യു.എഡി.എഫില്‍ ഇരുപത്‌ സീറ്റിന്റെ മുന്‍തൂക്കവുമായി നില്‍ക്കുന്ന ലീഗിലേക്ക്‌ സ്വാഭാവികമായും വന്നു ചേരുകയും ചെയ്‌തു. അതോടെ എന്‍.എസ്‌.എസിന്‌ നല്‍കിയ വാഗ്‌ദാനങ്ങളൊന്നും നടപ്പാക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ കഴിഞ്ഞില്ല. ഇത്‌ തന്നെയാണ്‌ സമീപകാലത്ത്‌ ശക്തമായ നായര്‍ ഈഴവ ഐക്യത്തിന്‌ പിന്നിലെ കാരണം. ഇവര്‍ക്ക്‌ മുമ്പില്‍ കോണ്‍ഗ്രസ്‌ നേതൃത്വവും പ്രത്യേകിച്ചും നേരിയ ഭൂരിപക്ഷവുമായി സര്‍ക്കാരിനെ എങ്ങനെയെങ്കിലും മുമ്പോട്ടു കൊണ്ടു പോകുന്ന ഉമ്മന്‍ചാണ്ടിയും എത്രനാള്‍ പിടിച്ചു നില്‍ക്കുമെന്ന്‌ കണ്ടറിയണം.

വിശാല ഭൂരിപക്ഷമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പുതിയ കൂട്ടുകെട്ട്‌ ഒരു സാമുദായിക ചേരിതിരിവിലേക്ക്‌ നമ്മുടെ സമൂഹത്തെ നയിക്കില്ല എന്ന്‌ ഉറപ്പു വരുത്തേണ്ടത്‌ നമ്മുടെ രാഷ്‌ട്രീയ നേതൃത്വങ്ങളും സമുദായ നേതാക്കളുമാണ്‌. അതിനായി രാഷ്‌ട്രീയമായ കാര്യങ്ങളിലും മുന്നണി സംവിധാനങ്ങളും സാമുദായിക സംഘടനകള്‍ ഇടപെടുന്നത്‌ തീര്‍ത്തും ഒഴിവാക്കേണ്ടതുണ്ട്‌. ഒരു തുറന്ന ചേരിതിരിവിലേക്ക്‌ കേരളം കടന്നു പോകാതിരിക്കാന്‍ ഇതിനായി കൃത്യമായ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാവുമെന്നും പ്രതീക്ഷിക്കാം.
സമുദായ നേതാവ്‌ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുമ്പോള്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക