Image

അവളെ വെറുതെ വിടു; ഇനിയെങ്കിലും പ്രതികളെ ചോദ്യം ചെയ്യൂ...

Published on 01 February, 2013
അവളെ വെറുതെ വിടു; ഇനിയെങ്കിലും പ്രതികളെ ചോദ്യം ചെയ്യൂ...
കഴിഞ്ഞ ദിവസം കേരളത്തിലെ വിഷ്വല്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്‌ സൂര്യനെല്ലി പെണ്‍കുട്ടിയായിരുന്നു. അവളുടെ പേര്‍ എന്തെന്ന്‌ മാധ്യമങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും അറിയാം. പക്ഷെ അവളുടെ പേരെന്തെന്ന്‌ ആരും പറഞ്ഞില്ല. ഇതുവരെ പറഞ്ഞിട്ടില്ല. അതൊരു മാധ്യമ ജാഗ്രതയായിരുന്നു. പീഡനത്തിന്‌ ഇരയായ അവളുടെ പേര്‍ പൊതു സമൂഹത്തിന്‌ മുമ്പില്‍ വെളിപ്പെടുത്തേണ്ട എന്ന മാധ്യമ ജാഗ്രത. അങ്ങനെ അവള്‍ സൂര്യനെല്ലി പെണ്‍കുട്ടിയായി മാറി. പക്ഷെ അവളുടെ പേര്‍ വിളിച്ചു പറഞ്ഞില്ല എന്നതൊഴിച്ചാല്‍ അവളെ നായികയാക്കി കഥകള്‍ മെനയാനും സൂര്യനെല്ലി പരമ്പരകള്‍ സൃഷ്‌ടിക്കാനും നമ്മുടെ മാധ്യമങ്ങള്‍ എന്നും മുമ്പിലുണ്ടായിരുന്നു. ഇന്ന്‌ വിഷ്വല്‍ മാധ്യമങ്ങളുടെ കത്തി നില്‍ക്കുന്ന പുതിയ കാലത്ത്‌ അതേ പെണ്‍കുട്ടി പുതിയൊരു മാധ്യമ വിചാരണ നേരിടുന്നതാണ്‌ കഴിഞ്ഞ ദിവസം ചാനല്‍ ഫ്‌ളോറുകളില്‍ കണ്ടത്‌.

സൂര്യനെല്ലി പെണ്‍കുട്ടി, പറവൂര്‍ പെണ്‍കുട്ടി, കിളിരൂര്‌ പെണ്‍കുട്ടി..... എന്നിങ്ങനെയുള്ള വിളിപ്പേരുകള്‍. കേരളത്തിലെ പീഡനകേസുകളുടെ വിളിപ്പേരുകള്‍ ഇങ്ങനെ സ്ഥലനാമങ്ങളാല്‍ സുന്ദരമാണ്‌. മാധ്യമങ്ങള്‍ അത്‌ ആവര്‍ത്തിച്ച്‌ ഉപയോഗിക്കുന്നു. അങ്ങനെ ചെയ്യാതിരിക്കാന്‍ കഴിയില്ല. വാര്‍ത്തകള്‍ എത്തിക്കുന്നതിന്റെ ഭാഗമായി സൂര്യനെല്ലിയും, പറവൂരും, കിളിരൂരും മാറി മാറി ചാനല്‍ ചര്‍ച്ചകളില്‍ നിറയും. എന്നാല്‍ കഴിഞ്ഞ ദിവസം സൂര്യനെല്ലി പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും നേരെ നടന്നത്‌ വളരെ രൂക്ഷമായ മാധ്യമ വിചാരണയാണ്‌ എന്ന്‌ പറയാതെ വയ്യ. ആദ്യം അവളുടെ വീട്ടില്‍ പോയി നടത്തിയ അഭിമുഖങ്ങള്‍, അവളുടെ അമ്മയുടെ അഭിമുഖ ദൃശ്യങ്ങള്‍, പിന്നീട്‌ അമ്മയെ ഫോണില്‍ വിളിച്ചുള്ള ചോദ്യോത്തര വേളകള്‍, അച്ഛനെ ന്യൂസ്‌ നൈറ്റില്‍ നേരിട്ട്‌ വിളിച്ചിരുത്തിയുള്ള ചര്‍ച്ചകള്‍, അതും പോരാഞ്ഞിട്ട്‌ ന്യൂസ്‌ നൈറ്റില്‍ അവളെ നേരിട്ട്‌ ടെലിഫോണ്‍ ചെയ്‌ത്‌ നടത്തുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ചോദ്യോത്തരങ്ങള്‍.

അതിലൊരു ചോദ്യം ഇങ്ങനെയായിരുന്നു - സംഭവം നടത്തിയത്‌ പ്രസ്‌തുത രാഷ്‌ട്രീയ നേതാവെന്ന്‌ നിങ്ങളെങ്ങനെ ഉറപ്പിച്ചു. അതിനുള്ള എന്ത്‌ തെളിവാണ്‌ ഉള്ളത്‌?.

കൊടിയ പീഡനത്തിന്റെ വേദന ഓര്‍മ്മയാകുന്നതിനും മുമ്പുള്ള ഒരു ദിവസം അയാളുടെ മുഖം തിരിച്ചറിഞ്ഞപ്പോള്‍ സ്വന്തം അമ്മയോട്‌, പിന്നീട്‌ പോലീസ്‌ ഉദ്യോഗസ്ഥരോട്‌ പോലീസ്‌ സ്റ്റേഷനുള്ളില്‍ വെച്ച്‌, പിന്നീട്‌ ഒരു കോടതിയിലെ സാക്ഷിക്കൂട്ടില്‍ നിന്നുകൊണ്ട്‌ അഭിഭാഷകനോട്‌, നീതി പീഠത്തോട്‌... ഇവിടെയൊക്കെ തന്നെ അവള്‍ എത്രത്തോളം സ്വയം ലജ്ജിച്ചിരിക്കണം, മുഖം മറച്ചിരിക്കണം. കാരണം നമ്മുടെ സമൂഹം അങ്ങനെയാണ്‌. എന്നിട്ടും തന്റെ ശരീരത്തില്‍ നടന്ന കൊടിയ ക്രൂരതകള്‍ അക്കമിട്ട്‌ അവള്‍ക്ക്‌ പറയേണ്ടി വന്നു. എന്നാല്‍ അതുപോലെയാണോ ലോകം മുഴുവന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുമ്പോള്‍ ചാനലിലൂടെ വിളിച്ചു പറയേണ്ടി വരുന്നത്‌.

ഇതിലും ദയനീയമായ പല ചോദ്യങ്ങളും സാമാന്യ മര്യാദകള്‍ ലംഘിച്ച്‌ ചോദിക്കുന്നുണ്ടായിരുന്നു നമ്മുടെ ചാനല്‍ ഫ്‌ളോറിലിരിക്കുന്ന അവതാരകര്‍.

ഒരു കാര്യം ചെയ്യാമല്ലോ ചാനലുകള്‍ക്ക്‌, അവരുടെ ജേര്‍ണലിസ്റ്റുകളെ പെണ്‍കുട്ടിയുടെ അടുത്തേക്ക്‌ പറഞ്ഞയക്കാം. ഈ റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ അവളോട്‌ കാര്യങ്ങള്‍ തിരക്കാം. ശേഷം റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ മാത്രമായി ചാനല്‍ ക്യാമറക്ക്‌ മുമ്പില്‍ അവള്‍ ഇങ്ങനെയൊക്കെയാണ്‌ പറഞ്ഞത്‌ എന്ന്‌ വിവരിക്കാം. അവളെ അവളെ സ്‌ക്രീനിലേക്ക്‌ കൊണ്ടുവരാതെ, വീണ്ടും പൊതു വിചാരണ ചെയ്യാതെ നമുക്കല്‌പം മാറ്റിനിര്‍ത്താമായിരുന്നു. പക്ഷെ നമ്മുടെ ചാനലുകളില്‍ നിന്ന്‌ അങ്ങനെയൊരു പക്വത ഉണ്ടായതേയില്ല.

അതിനു പകരം ആ പെണ്‍കുട്ടിയെ വീണ്ടും വീണ്ടും മാധ്യമ വിചാരണ ചെയ്‌തു. മുമ്പു പറഞ്ഞതില്‍ കൂടുതലായി അവള്‍ക്ക്‌ ഇനിയും എന്താണ്‌ മാധ്യമ സുഹൃത്തുക്കളോട്‌ പറയാനുള്ളത്‌. ഒന്നുമില്ല. അവള്‍ പറഞ്ഞത്‌ തന്നെ വീണ്ടും ആവര്‍ത്തിക്കുന്നു. അതിനിടയില്‍ അവള്‍ എപ്പോഴോ പറഞ്ഞു പോയി ``നാല്‌പത്‌ ദിവസം ഞാന്‍ അനുഭവിച്ച വേദന എനിക്ക്‌ മാത്രമേ അറിയു. അത്‌ മാറ്റര്‍ക്കും അറിയില്ല മനസിലാവുകയുമില്ല''.

സത്യമല്ലേ അത്‌, അവള്‍ പറഞ്ഞത്‌ മാധ്യമങ്ങള്‍ക്കും ബാധകമാണ്‌. പീഢനത്തിന്റെ കഥകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു ചോദിക്കുന്ന മാധ്യമങ്ങള്‍ക്ക്‌ എങ്ങനെയാണ്‌ ആ വേദന മനസിലാകുന്നത്‌. മനസിലാകില്ലെന്ന്‌ അവര്‍ അവളെ പൊതുവിചാരണ ചെയ്‌തുകൊണ്ട്‌ ഒരിക്കല്‍ കൂടി തെളിയിച്ചു.

ഒരു കാര്യം ചോദിക്കട്ടെ, അവള്‍ അവള്‍ക്ക്‌ സംഭവിച്ചത്‌ എത്ര തവണ പറഞ്ഞാലാണ്‌ നിങ്ങള്‍ക്ക്‌ ബോധ്യപ്പെടുക?. അവള്‍ അത്‌ ദിനം പ്രതി, വീണ്ടും വീണ്ടും ചാനല്‍ ക്യാമറകള്‍ക്ക്‌ മുമ്പില്‍ പറഞ്ഞു കൊണ്ടേയിരിക്കണോ?

എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളൊക്കെയും ഇരക്ക്‌ മേലെയാണ്‌ വീണ്ടുമെന്നതാണ്‌ കൗതുകം. പ്രതിക്ക്‌ മുമ്പില്‍ ചോദ്യത്തിന്റെ മുനകള്‍ തീര്‍ക്കാന്‍ അവര്‍ക്ക്‌ ധൈര്യമില്ല. ചാനലായ ചാനലുകള്‍ തങ്ങളുടെ മൈക്കുമായി പെണ്‍കുട്ടിയെ മാറി മാറി ചോദ്യം ചെയ്യുമ്പോള്‍ പറഞ്ഞതെല്ലാം വീണ്ടും വീണ്ടും പറയിപ്പിക്കുമ്പോള്‍ അപ്പുറത്ത്‌ ആരോപണ വിധേയനായ പി.ജെ കുര്യന്‌ മുമ്പില്‍ ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നുമില്ല.

നിങ്ങള്‍ എല്ലാം പരിശോധിക്ക്‌, പറയേണ്ടതെല്ലാം പറയേണ്ടിടത്ത്‌ ഞാന്‍ പറയാം എന്നു പറഞ്ഞ്‌ പി.ജെ കുര്യന്‍ സ്ഥലം വിട്ടു. മാധ്യമങ്ങള്‍ വീണ്ടും പെണ്‍കുട്ടിയുടെ മേലേക്ക്‌ ചാടീ വീണു ചോദ്യം ചെയ്യല്‍ തുടര്‍ന്നു. എന്നാല്‍ എന്തുകൊണ്ട്‌ പി.ജെ കുര്യനെ പിന്തുടര്‍ന്ന്‌ ചോദ്യം ചെയ്യാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. ഉടന്‍ കീഴടങ്ങണമെന്ന്‌ സുപ്രീം കോടതി പറഞ്ഞ ഒരു പ്രതിയെയും ചാനല്‍ കാമറകള്‍ ഈ ദിവസം പിന്തുടര്‍ന്ന്‌ ചെന്നില്ല.

നിങ്ങളാണോ ഇത്‌ ചെയ്‌തത്‌?, എന്തിനു ചെയ്‌തു?, എന്തുകൊണ്ട്‌ ചെയ്‌തു?, ഇതില്‍ നിനക്ക്‌ ലജ്ജയില്ലേ? എന്നിങ്ങനെ നൂറ്‌ നൂറു ചോദ്യങ്ങള്‍ ചോദിക്കാമല്ലേ ഈ ആരോപണ വിധേയരായ പ്രതികളോട്‌. പക്ഷെ അതൊന്നുമുണ്ടാകുന്നില്ല. മറിച്ച്‌ മാധ്യമങ്ങളുടെ ശ്രമം മുഴുവന്‍ ഇരയെക്കൊണ്ട്‌ പറയിക്കുവാനാണ്‌. അവള്‍ പറയുന്ന കഥക്ക്‌ വീണ്ടും വീണ്ടും തിരക്കഥ ചമക്കുവാനാണ്‌. ഇവിടെ പ്രതികള്‍ ചോദ്യങ്ങളില്‍ നിന്ന്‌ നിസാരമായി ഒഴിഞ്ഞുമാറുകയും രക്ഷപെടുകയും ചെയ്യുന്നു.

ഇതിനിടയില്‍ സൂര്യനെല്ലി പെണ്‍കുട്ടി ആദ്യം പ്രതികരിച്ചത്‌ ഞങ്ങളോട്‌ എന്ന മാര്‍ക്കറ്റിംഗും യഥേഷ്‌ടം പോലെ നടത്തി നമ്മുടെ ചാനലുകള്‍. എന്നാല്‍ ഇതേ മാധ്യമങ്ങള്‍ ചെയ്‌ത മറ്റൊരു കാര്യം കൂടി ഇവിടെ ശ്രദ്ധിക്കണം. കുറച്ചുനാള്‍ മുമ്പ്‌ ഇതേ പെണ്‍കുട്ടിയെ ഒരു ഗൂഡാലോചനയുടെ ഭാഗമായി അവള്‍ ജോലി ചെയ്‌ത ഓഫീസില്‍ നിന്നുള്ള ചിലര്‍ ചേര്‍ന്ന്‌ ഒരുകള്ളക്കേസില്‍ കുടുക്കുകയുണ്ടായി. അന്ന്‌ ഇതേ ചാനലുകള്‍ നല്‍കിയ വാര്‍ത്ത `സൂര്യനെല്ലി പെണ്‍കുട്ടി പണാപഹരണ കേസില്‍ കുടുങ്ങി' എന്നായിരുന്നു. സൂര്യനെല്ലി എന്ന വാക്ക്‌ സൃഷ്‌ടിക്കുന്ന മനോഹാരിതയും അത്‌ നല്‍കുന്ന സാഡിസ്റ്റ്‌ സുഖവും തിരിച്ചറിയേണ്ടത്‌ ഇവിടെയാണ്‌. ഒരു പുതിയ വാര്‍ത്തയുടെ ഭാഗമാകുമ്പോഴും പഴയ സംഭവം അവളെ പിന്തുടരുന്നു. എന്നാല്‍ പ്രതികള്‍ക്ക്‌ ഇങ്ങനെ വല്ലതുമുണ്ടോ. അവന്‍, ബാലാല്‍സംഗം ചെയ്‌തവന്‍, ഒരു ചോദ്യവും നേരിടേണ്ടി വരാതെ മുമ്പോട്ടു പോകുന്നു.

മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതകൊണ്ട്‌ സമൂഹത്തില്‍ ക്രിയാത്മകമായി പലതും സംഭവിക്കുന്നുണ്ട്‌. അതിനെയൊന്നും ഇവിടെ കണ്ണടച്ചു വിടുന്നില്ല. ജെസികാലാല്‍ വധക്കേസിലടക്കം പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുകയും ശിക്ഷവാങ്ങി നല്‍കുകയും ചെയ്‌തതില്‍ മാധ്യങ്ങള്‍ക്ക്‌ പ്രധാന പങ്കുണ്ട്‌. ഇപ്പോള്‍ ഈ കേസിലും അങ്ങനെയൊന്ന്‌ സംഭവിച്ചിരിക്കുന്നു.

സൂര്യനെല്ലി കേസ്‌ അന്വേഷിച്ച അന്വേഷണ ടീമീലെ പ്രധാനിയായിരുന്നു ജ്വോഷാ എന്ന പോലീസ്‌ ഓഫീസറുടെ പെണ്‍കുട്ടിക്ക്‌ അനുകൂലമായ വെളിപ്പെടുത്തലുകള്‍ ചാനലുകള്‍ പുറത്തു വിട്ടിരിക്കുന്നു. അന്വേഷണ ടീം തലവന്‍ സിബിമാത്യൂസിന്‌ എതിരെയും പെണ്‍കുട്ടിയുടെ മൊഴികളെ സഹായിക്കുകയും ചെയ്യുന്ന തരത്തിലാണ്‌ ജ്വോഷാ എന്ന ഉദ്യോഗസ്ഥന്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍. ജ്വോഷായെ യഥാസമയം പ്രേക്ഷകള്‍ക്ക്‌ മുമ്പില്‍ ലൈവായി എത്തിക്കുമ്പോള്‍, അദ്ദേഹം നടത്തിയ വെളിപ്പെടുത്തലില്‍ നിന്ന്‌ ഇനി ഒളിച്ചോടാന്‍ പോസീസിനോ, കോടതിക്കോ, ഭരണകൂടത്തിനോ സ്ഥാപിത താത്‌പര്യക്കാര്‍ക്കോ കഴിയില്ല. കേസില്‍ ഇതൊരു പ്രധാന വഴിത്തിരിവ്‌ തന്നെയായിരിക്കും. മാധ്യമ പ്രവര്‍ത്തനത്തിന്റെ ക്രീയാത്മകത ഇത്‌ തന്നെയാണ്‌. അല്ലാതെ സൂര്യനെല്ലി പെണ്‍കുട്ടിയെ വീണ്ടും വീണ്ടും മാധ്യമ വിചാരണ ചെയ്യുന്നതിലല്ല. പകരം ഇനിയെങ്കിലും ചാനലുകള്‍ പ്രതികളെ ചോദ്യം ചെയ്‌ത്‌ തുടങ്ങുക.

സെന്‍സേഷനു പുറകെ പായുന്ന ചാനല്‍ മാധ്യമ ലോകം പലവിധത്തിലും പരിഹാസ്യമാകുന്നത്‌ ഇപ്പോള്‍ സര്‍വ്വസാധാരണമാണ്‌. നാളെ ഇതിലും നല്ലൊരു വാര്‍ത്ത കിട്ടുമ്പോള്‍ ഒരു ദിവസം കൊണ്ട്‌ സൂര്യനെല്ലി പെണ്‍കുട്ടിയെ മറന്ന്‌ അവര്‍ മറ്റൊരു വഴിക്ക്‌ പോകുകയും ചെയ്യും. മുല്ലപ്പെരിയാറില്‍ തുടങ്ങി നമ്മള്‍ എവിടെയൊക്കെ മാധ്യമങ്ങളുടെ ഈ മറവി കണ്ടിരിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ നമ്മുടെ മാധ്യമങ്ങളുടെ പ്രധാന വിഷയം ബണ്ടിചോറായിരുന്നു. ബണ്ടിയെ പിടിച്ചതും, വ്യോമമാര്‍ഗം കേരളത്തിലേക്ക്‌ എത്തിച്ചതും, ബണ്ടി ഭക്ഷണം കഴിച്ചതും, ബണ്ടി ചിരിച്ചതും, തമാശപറഞ്ഞതും, പോലീസുകാരന്റെ തോളിലേക്ക്‌ തലചായിച്ച്‌ ഉറങ്ങിയതുമെല്ലാം ഏതോ അധോലോക സിനിമ കാണിക്കുന്നത്‌ പോലെ നമ്മുടെ ചാനലുകള്‍ ഇങ്ങനെ എത്തിച്ചുകൊണ്ടേയിരുന്നു.

`ബണ്ടി തിരുവനന്തപുരത്ത്‌ മോഷണം നടത്തി, അയാളെ മഹാരാഷ്‌ട്രയില്‍ വെച്ച്‌ പോലീസ്‌ പിടിച്ചു, ഈ മോഷ്‌ടാവ്‌ ആര്‌, അയാളുടെ സാഹചര്യങ്ങള്‍ എന്തെല്ലാം.'- ഇത്രയും കാര്യങ്ങള്‍ക്കും ഉപരിയായി ബണ്ടി കുളിക്കുന്നതും നനക്കുന്നതുമെല്ലാം കേരളത്തിലെ പ്രേക്ഷകന്‍ വാര്‍ത്തയായി കാണേണ്ടി വരുന്ന ഗതികേട്‌ എത്ര പരിതാപകരമാണ്‌. അവസാനം, ബണ്ടിചോര്‍ ആദ്യം ഞങ്ങളോടാണ്‌ മിണ്ടിയത്‌ എന്നു കൂടി ചാനല്‍ ലേഖകന്‍ അവകാശ വാദം പറയുന്നത്‌ കേള്‍ക്കുമ്പോള്‍ നമ്മുടെ ചാനല്‍ മാധ്യമ ലോകത്തെക്കുറിച്ച്‌ നാണം തോന്നിപ്പോകുന്നു.

ബണ്ടിചോറിനെ പൂനൈയില്‍ പിടികൂടുമ്പോള്‍ അയാള്‍ ചാനല്‍ ക്യാമറക്ക്‌ മുമ്പിലൊന്ന്‌ പോസ്‌ ചെയ്യാന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. ഇത്ര നല്ലൊരു കള്ളനെ കിട്ടിയതില്‍ നമ്മുടെ ചാനലുകള്‍ക്കും കുശാലായി. ഇടക്ക്‌ ചാനല്‍ ലേഖകന്‍ ബണ്ടിയോട്‌ മിണ്ടാന്‍ സൗകര്യം കിട്ടിയപ്പോള്‍ ബണ്ടി ഒരു രഹസ്യം വെളിപ്പെടുത്തി. തിരുവനന്തപുരത്ത്‌ വന്നത്‌ ബോളിവുഡ്‌ സംവിധായകന്‍ ദിവാകര്‍ ബാനര്‍ജിയെ കൊല്ലനാണ്‌ എന്ന്‌. ഏതാണ്ട്‌ ഒരു പകല്‍ സമയം മുഴുവനാണ്‌ ബണ്ടി ചോറിന്റെ ഈ വെളിപ്പെടുത്തല്‍ ഒരു ചാനല്‍ ബ്രേക്കിംഗ്‌ ന്യൂസായി വെച്ചു കാച്ചിയത്‌.

എന്നാല്‍ ഈ ബോളിവുഡ്‌ എന്നത്‌ അങ്ങ്‌ മുംബൈയിലാണെന്നും, അവിടെയുള്ള ദിവാകര്‍ ബാനര്‍ജി തിരുവനന്തപുരത്ത്‌ എന്തിനു വരണമെന്നും, അഥാവാ ബണ്ടി തിരുവനന്തപുരത്ത്‌ വന്ന ദിവസങ്ങളില്‍ ദിവാകര്‍ ബാനര്‍ജിയും തിരുവനന്തപുരത്ത്‌ ഉണ്ടായിരുന്നോ എന്നും നമ്മുടെ ചാനലുകാര്‍ ആലോചിക്കാന്‍ പോയില്ല.

ദിവാകര്‍ ബാനര്‍ജി സത്യത്തില്‍ ജീവിതത്തില്‍ ഇന്നുവരെ തിരുവനന്തപുരത്ത്‌ വന്നിട്ടില്ലാത്ത വ്യക്തിയാണ്‌. അയാളെപ്പോലൊരു സംവിധായകനെ ബന്ധപ്പെട്ട്‌ നിങ്ങള്‍ തിരുവനന്തപുരത്തുണ്ടോ, അഥവാ എപ്പോഴെങ്കിലും വന്നിരുന്നോ എന്ന്‌ തിരിക്കുന്നത്‌ ഒരു മാധ്യമ പ്രവര്‍ത്തകന്‌ അസാധ്യമായ കാര്യവുമില്ല. പക്ഷെ അതിനൊന്നും മിനക്കിടാതെ ബണ്ടി പറഞ്ഞ രഹസ്യം അതുപോലെ ചാനല്‍ വെച്ചു കാച്ചി. യഥാര്‍ഥത്തില്‍ നമ്മുടെ മാധ്യമങ്ങളെ ഒന്ന്‌ കഴുതകളാക്കാം എന്ന ബണ്ടിയുടെ ഒരു നമ്പര്‍ മാത്രമായിരുന്നുവത്‌. കഴുതകളായാലും വേണ്ടില്ല ബ്രേക്കിംഗ്‌ മതി എന്നായിരിക്കുന്നു നമ്മുടെ ചാനലുകളുടെ അവസ്ഥ. അല്ലെങ്കില്‍ ഒരു കള്ളന്‍ പറഞ്ഞ കള്ളത്തരം ബ്രേക്കിംഗ്‌ ന്യൂസായി ഒരു പകല്‍ മുഴുവന്‍ എഴുന്നള്ളിക്കുമോ നമ്മുടെ ചാനലുകള്‍.

വി.എസും പിണറായിയും തമ്മിലുള്ള അടിപിടി ചര്‍ച്ച ചെയ്‌ത്‌ ചര്‍ച്ച ചെയ്‌ത്‌ നമ്മുടെ ചാനല്‍ ന്യൂസ്‌ നൈറ്റുകള്‍ ഒരേ വിഷയം തുടച്ചയായി ഏറ്റവും കൂടുതല്‍ തവണ ചര്‍ച്ച ചെയ്‌തതിന്‌ ഗിന്നസ്‌ വേള്‍ഡ്‌ റിക്കോര്‍ഡില്‍ സ്ഥാനം നേടാവുന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്‌. ചര്‍ച്ചാ തൊഴിലാളികളെ തന്നെ നമ്മുടെ ചാനലുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. പക്ഷെ എന്താണ്‌ പിണറിയായും വി.എസും തമ്മിലുള്ള യഥാര്‍ഥ പ്രശ്‌നമെന്ന്‌ ചോദിച്ചാല്‍ ഇതെല്ലാം കാണുന്ന പ്രേക്ഷകന്‌ ഇപ്പോഴും അറിയില്ല. അതാണ്‌ നമ്മുടെ മാധ്യമ ലോകത്തിന്റെ അവസ്ഥ.

ഇപ്പോള്‍ മാതൃഭൂമി ന്യൂസും, ഇനി വരാന്‍ പോകുന്ന മീഡിയ വണ്‍ എന്ന മാധ്യമത്തിന്റെ ചാനലും കൂടിയാകുമ്പോള്‍ മത്സരം ഇനിയും കടുക്കുമെന്നാണ്‌ മനസിലാക്കേണ്ടത്‌. മത്സരത്തിനിടയില്‍ വാര്‍ത്തകള്‍ അപ്രത്യക്ഷമാകുമോ എന്ന്‌ മാത്രമേ കണ്ടറിയേണ്ടതുള്ളു. വാര്‍ത്തകള്‍ ഇനി ഇല്ലാതായാലും വേണ്ടില്ല സൂര്യനെല്ലിപോലുള്ള വാര്‍ത്താവിചാരണകള്‍ ഇല്ലാതായേ മതിയാവു.
അവളെ വെറുതെ വിടു; ഇനിയെങ്കിലും പ്രതികളെ ചോദ്യം ചെയ്യൂ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക