Image

ഗുരുക്കളുടെ നിസ്വാര്‍ത്ഥ സേവനം മറക്കുന്ന സമൂഹം

Published on 02 February, 2013
ഗുരുക്കളുടെ നിസ്വാര്‍ത്ഥ സേവനം മറക്കുന്ന സമൂഹം
അപകടത്തെ തുടര്‍ന്ന്‌ പ്രശസ്‌ത തബലിസ്റ്റ്‌ സുഭാഷ്‌ ആശുപത്രിയില്‍ കഴിയുന്ന കാലം. ഒരു ദശാബ്‌ദം മുമ്പാണ്‌. സദാസമയവും ആശുപത്രി നിറയെ ആളുകള്‍. ഡോക്‌ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും അതിശയം. ആ കിടക്കുന്നതാര്‌?

അമേരിക്കന്‍ മലയാളികള്‍ കലയേയും കലാകാരന്മാരേയും ആദരിക്കുന്നവെന്നതിന്‌ വെറെന്ത്‌ തെളിവുവേണം? പക്ഷെ സുഭാഷ്‌ ഇപ്പോള്‍ കുട്ടികളെ തബലയോ, മൃദംഗമോ പഠിപ്പിക്കാറില്ല. പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക്‌ പിറ്റെ ആഴ്‌ച മുതല്‍ പള്ളിയിലെ ക്വയറിന്‌ തബല/മൃദംഗം വായിക്കണം. എന്തുചെയ്യും?

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ സംഘടിപ്പിച്ച പുതുമയാര്‍ന്ന സംവാദത്തില്‍ കലാരംഗത്തും, ഭാഷാ, സാഹിത്യരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അത്‌ വ്യത്യസ്‌ത അനുഭവമായി.

തണുപ്പൊന്ന്‌ മാറിയാല്‍ സ്റ്റേജ്‌ഷോകളുടെ കാലമായി. ചെറുതും വലുതുമായ കലാകാരന്മാരുടെ നിര. വരുന്നവരൊക്കെ സ്റ്റേജില്‍ കയറി ചുണ്ടനക്കുകയാണ്‌ (ലിപ്‌ സിംഗിംഗ്‌). പാട്ടും പരിപാടികളുമെല്ലാം നേരത്തെ തന്നെ റിക്കാര്‍ഡ്‌ ചെയ്‌തിരിക്കും. അവര്‍ ചുണ്ടനക്കുന്നത്‌ കാണാനാണോ കാശുകൊടുത്ത്‌ പരിപാടി കാണാന്‍ പോകുന്നത്‌?

നേരേ മറിച്ച്‌ കലാകാരന്മാര്‍ അവര്‍ക്ക്‌ പിന്നണി നല്‍കാന്‍ കഴിവുള്ളവര്‍ ഇവിടെയുണ്ട്‌. അവരെ ഉപയോഗപ്പെടുത്തിക്കൂടെ എന്ന്‌ സുഭാഷ്‌ ചോദിക്കുന്നു. പാട്ടുകാരും പിന്നണിക്കാരുമെല്ലാം നാട്ടില്‍ നിന്നു വന്നാല്‍ സംഘാടകര്‍ക്ക്‌ കനത്ത നഷ്‌ടമായിരിക്കും. അതൊഴിവാക്കാം ഇവിടെയുള്ള കലാകാരന്മാരെ ഉപയോഗിച്ചാല്‍.

ന്യൂയോര്‍ക്ക്‌ വൈറ്റ്‌ പ്ലെയിന്‍സിലെ ഗുരുകുലം സ്‌കൂളിനോട്‌ അനുബന്ധിച്ച്‌ 5000 മലയാളം പുസ്‌തകങ്ങളുടെ ലൈബ്രറിയുണ്ട്‌. ഇവിടെനിന്നും നാട്ടില്‍ നിന്നുമായി പുസ്‌തകം സമാഹരിക്കുക ജോണ്‍ പി. ചാക്കോ നിയോഗം പോലെയാണ്‌ കണ്ടത്‌. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒരു നിരാശ. പുസ്‌തകമെടുത്ത്‌ വായിക്കാന്‍ ആളില്ല. പ്രയത്‌നിച്ചതെല്ലാം വെറുതെ ആയോ എന്ന തോന്നല്‍. മരുമകള്‍ അമേരിക്കക്കാരിയാണെങ്കിലും തന്റെ പൗത്രരെ മലയാളവും ഇന്ത്യന്‍ നൃത്തവുമൊക്കെ പഠിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ എന്തായാലും സന്തോഷം.

അമ്പതോളം സിനിമകളില്‍ പാടിയ ഗായകനാണ്‌ നിലമ്പൂര്‍ കാര്‍ത്തികേയന്‍. 1989-ല്‍ അമേരിക്കയിലെത്തി. അതില്‍ നഷ്‌ടബോധമോ നിരാശയോ ഇല്ല. ഇവിടെയും ഗായകനും പാട്ട്‌ അധ്യാപകനുമായി കഴിയുന്നുവെന്നതില്‍ സന്തോഷമുണ്ടുതാനും. ഗായകനും നടനുമായ കൃഷ്‌ണചന്ദ്രന്‌ പുറമെ കുറച്ചുകാലം എ.ആര്‍. റഹ്‌മാന്റെ ഗുരുവാകാനും ഭാഗ്യം സിദ്ധിച്ചു.

നൂറുകണക്കിന്‌ കുട്ടികളെ അമേരിക്കയില്‍ പഠിപ്പിക്കാനായി. മേഘാ ജേക്കബ്‌ പോലെ നല്ല വാഗ്‌ദാനങ്ങള്‍ അതിലുണ്ട്‌. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയും സംഗീതം പഠിപ്പിക്കാനുള്ള ശ്രമത്തിലാണ്‌.

കുട്ടികളിലെ അപകര്‍ഷതാബോധം മാറ്റാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന്‌ കാര്‍ത്തികേയന്‍ പറയുന്നു. അവരെ പ്രോത്സാഹിപ്പിച്ച്‌ പാട്ടും നൃത്തവുമൊക്കെ പഠിപ്പിക്കാന്‍ വിടണം. അതുപോലെതന്നെ ഇവിടുത്തെ മുഖ്യധാരാ സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരണം. വിവിധ രംഗങ്ങളിലെ അധ്യാപകര്‍ ഒത്തുചേരുന്ന ഇത്തരമൊരു വേദി നല്ലൊരു ആശയമാണെന്നും ഇതു പുതിയ ചലനങ്ങള്‍ക്ക്‌ വഴിതെളിക്കുമെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.

1989-ല്‍ അമേരിക്കയിലെത്തിയ ചന്ദ്രിക കുറുപ്പ്‌, നാട്ടിലുള്ള നൂപുര ഡാന്‍സ്‌ സ്‌കൂളിന്റെ ഭാഗമായാണ്‌ ക്വീന്‍സിലും നൂപുര ആരംഭിച്ചത്‌. മൂന്നു കുട്ടികളാണ്‌ ആദ്യം പഠിക്കാന്‍ വന്നത്‌. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയവ മാത്രമാണ്‌ അവര്‍ പഠിപ്പിക്കുന്നത്‌. ഹിന്ദി, തമിഴ്‌ ഡാന്‍സുകള്‍ പഠിപ്പിക്കില്ലെന്ന്‌ അവര്‍ ഉറപ്പിച്ചിരിക്കുന്നു. കാല്‍നൂറ്റാണ്ടുകൊണ്ട്‌ നാട്യരംഗത്ത്‌ കാലുറപ്പിച്ച പല വിദ്യാര്‍ത്ഥിനികളും ഇപ്പോള്‍ സ്വന്തമായി കോറിയോഗ്രാഫി പോലും ചെയ്യുന്നത്‌ കാണുമ്പോള്‍ സന്തോഷം. മലയാളികള്‍ക്ക്‌ ഹിന്ദി, തമിഴ്‌ നൃത്തങ്ങളോടൊക്കെ താത്‌പര്യമാണെങ്കിലും ഹിന്ദിക്കാരോ തമിഴരോ മലയാള നൃത്തമൊന്നും പഠിക്കുന്നില്ലെന്നവര്‍ ചൂണ്ടിക്കാട്ടി.

നൃത്തം മാത്രമല്ല നൂപുരയില്‍. മലയാളവും പഠിപ്പിക്കും. ആകാശത്തെപ്പറ്റി അഞ്ചുവാക്ക്‌ പറയാനും മറ്റും ആവശ്യപ്പെടുമ്പോള്‍ കുട്ടികള്‍ക്കത്‌ രസമായി മാറുന്നു. ഡല്‍ഹിയിലെ ബലാത്സംഗം പോലുള്ള കാര്യങ്ങളെപ്പറ്റിയാണ്‌ ഇവിടെ കുട്ടികള്‍ കേള്‍ക്കുന്നത്‌. എന്നാല്‍ അതല്ല ഭാരത സംസ്‌കാരമെന്ന്‌ അവരെ പഠിപ്പിക്കാനുള്ള ദൗത്യമാണ്‌ അധ്യാപകര്‍ക്കും വീട്ടുകാര്‍ക്കുമുള്ളത്‌. ഓരോന്നിന്റേയും കാരണം പറഞ്ഞ്‌ കൊടുത്താല്‍ കുട്ടികള്‍ക്ക്‌ ബോധ്യമാകും. പെണ്‍കുട്ടികള്‍ക്ക്‌ പത്തുവയസുവരെ സ്ലീവ്‌ ലെസ്‌ ബ്ലസ്‌ ഇടാം. അതുകഴിഞ്ഞ്‌ സ്ലീവ്‌ ലെസ്‌ ഇല്ലാതിരിക്കുന്നതാണ്‌ നല്ലതെന്നു പറഞ്ഞ്‌ ബോധ്യമാക്കണം. അമേരിക്കയിലെ കുട്ടികള്‍ കടുംപിടിത്തക്കാരാണെങ്കിലും കാര്യം മനസിലായാല്‍ അതനുസരിച്ച്‌ മാറും.

ഇത്തരം ചര്‍ച്ചകള്‍ ഏറെ ഗുണകരമാണെന്നവര്‍ പറഞ്ഞു. പഠിക്കാന്‍ ഇന്ത്യന്‍ കുട്ടികള്‍ തന്നെ ധാരാളം വരുന്നതിനാല്‍ അമേരിക്കന്‍ കുട്ടികളെ കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ല. എങ്കിലും ഒരു അമേരിക്കന്‍ കുട്ടി നൂപുരയില്‍ പഠിക്കുന്നു.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ജൂലി ആശാരിപറമ്പില്‍ ചെറുപ്പത്തില്‍ നൃത്തം പഠിച്ചതാണ്‌. അതിനാല്‍ തന്റെ മക്കളും നൃത്തം പഠിക്കുമെന്ന്‌ ജൂലിക്ക്‌ സംശയമില്ല.

എസ്‌ ജാനകിക്കും വാണിജയറാമനുമൊപ്പം രണ്ടു ഡസനോളം സിനിമകളില്‍ പാടിയിട്ടുള്ള ശാന്താ മധുവിന്‌ ഹിന്ദുസ്ഥാനിയും കര്‍ണ്ണാട്ടിക്കുമെല്ലാം ഒരുപോലെ. ചെറുപ്പത്തില്‍ ഹിന്ദി പാട്ടിനോടായിരുന്നു കമ്പം. 8,9 വയസില്‍ മുഹമ്മദ്‌ റാഫി, മഹേന്ദ്രകുമാര്‍ ടീം കൊച്ചിയില്‍ പാടാന്‍ വന്നപ്പോള്‍ അവര്‍ക്കൊപ്പം പാടാന്‍ അതുമൂലം അവസരം വന്നു. അടുത്തകാലത്ത്‌ വൃദ്ധനായ മഹേന്ദ്ര കുമാര്‍ ഇവിടെ വന്നപ്പോള്‍ താന്‍ അക്കാര്യം പറയുകയും അദ്ദേഹം അത്‌ സദസില്‍ വിവരിക്കുകയും ചെയ്‌തുവെന്നവര്‍ പറഞ്ഞു. വിവിധ ഭാഷകളില്‍ നിന്നുള്ളവരായി ഒട്ടനവധി ശിഷ്യര്‍ക്ക്‌ സംഗീതം പകര്‍ന്നു നല്‍കിയ അവര്‍ ഇത്തരം ഒത്തുചേരലുകളെ അഭിനന്ദിച്ചു.

ക്വീന്‍സില്‍ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റായി ജോസ്‌ ജോസഫും സെക്രട്ടറിയായി വര്‍ഗീസ്‌ ചുങ്കത്തിലും പ്രവര്‍ത്തിക്കുമ്പോഴാണ്‌ 1985-ല്‍ മലയാളം സ്‌കൂള്‍ തുടങ്ങുന്നത്‌. പിന്നീട്‌ ജോസ്‌ ജോസഫ്‌ നിര്യാതനായപ്പോള്‍ സ്‌കൂളിന്‌ അദ്ദേഹത്തിന്റെ പേര്‌ നല്‍കി. 15 കുട്ടികളുമായി തുടങ്ങിയ സ്‌കൂള്‍ പിന്നീട്‌ 150 കുട്ടികള്‍ വരെയായി ഉയര്‍ന്നുവെന്ന്‌ വര്‍ഗീസ്‌ ചുങ്കത്തില്‍ അനുസ്‌മരിച്ചു. പിന്നീട്‌ എസ്‌.എ.ടി, മാത്ത്‌ തുടങ്ങിയവയൊക്കെ പഠിപ്പിക്കുവാനാരംഭിച്ചു. അക്കാലത്തെ ആവേശമാണ്‌ അസോസിയേഷന്‌ സ്വന്തം കെട്ടിടം വാങ്ങാന്‍ പ്രചോദനമായത്‌.

പണ്ട്‌ പഠിപ്പിച്ച കുട്ടികളും ഇപ്പോള്‍ സ്‌നേഹവായ്‌പോടെ അടുത്തുവരും. അതുതന്നെയാണ്‌ ഇത്തരം പ്രര്‍ത്തനങ്ങളുടെ പ്രതിഫലം; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വര്‍ഗീസ്‌ ചുങ്കത്ത്‌ പറഞ്ഞു. ഭാഷയാണ്‌ നമ്മെ ഒന്നിപ്പിക്കുന്നത്‌. കേരളീയത കൈമോശംവരാതെയാക്കുന്നത്‌. ഈ മുത്തുകള്‍ നാം സൂക്ഷിക്കണം.

എം.ജി.എം സ്‌കൂളില്‍ പഠിച്ചവരുടെ കുട്ടികള്‍ ഇനി മലയാളം പഠിക്കുവാന്‍ വരുമെന്ന ധൈര്യത്തിലാണ്‌ താന്‍ മുന്നോട്ടുപോകുന്നതെന്ന്‌ യോങ്കേഴ്‌സിലെ എം.ജി.എം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. നൈനാന്‍ ഈശോ. മലയാള ത്തിനു പുറമെ പിയാനോ, സംഗീതം തുടങ്ങിയവയൊക്കെ പഠിപ്പിക്കുന്നു. 1997-ല്‍ തുടങ്ങിയ സ്‌കൂളില്‍ 180-ല്‍പ്പരം കുട്ടികള്‍ പഠിക്കുന്നു.

കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി പ്രസിഡന്റായിരിക്കെ ജയ്‌സണ്‍ അലക്‌സ്‌ മുന്‍കൈ എടുത്ത്‌ മലയാളം സ്‌കൂള്‍ തുടങ്ങി. മൂന്നുവര്‍ഷം കെ.എം.എന്‍.ജെ നടത്തിയ സ്‌കൂള്‍ പിന്നീട്‌ പൂട്ടി. ഇപ്പോള്‍ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ പള്ളിയും ബ്രിഡ്‌ജ്‌ വാട്ടര്‍ ക്ഷേത്രവും സ്‌കൂള്‍ നടത്തുന്നു.

വെസ്റ്റ്‌ ചെസ്റ്ററില്‍ നാട്യമുദ്ര നൃത്താലയം നടത്തുന്ന ലിസ ജോസഫിന്‌ സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയര്‍ ജോലിയാണ്‌ ഹോബി. നൃത്തം പഠിപ്പിക്കുന്നത്‌ ജോലിയും. ചെറുപ്പത്തില്‍ വീട്ടുകാര്‍ ഏറെയൊന്നും പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നൃത്തപഠനം ഒരു തപസ്യയായി കണ്ടു. ഭര്‍ത്താവ്‌ എന്തായാലും നൃത്തത്തെ പ്രോത്സാഹിപ്പിക്കുന്നു.

ബ്രോങ്ക്‌സിലെ സെന്റ്‌ തോമസ്‌ ചര്‍ച്ചുമായി ബന്ധപ്പെടട മലയാളം സ്‌കൂളില്‍ പഠിപ്പിക്കുന്ന ഷോളി കുമ്പിളുവേലി പഠിക്കാനുള്ള കുട്ടികളുടെ താത്‌പര്യം ചൂണ്ടിക്കാട്ടി. അഞ്ചുവയസുവരെയുള്ള ക്ലാസുകളിലേക്ക്‌ സ്‌കൂള്‍ സ്വന്തമായി പുസ്‌തകം തന്നെ തയാറാക്കി.

സംഗീതത്തിന്‌ ഭാഷയില്ലെന്ന്‌ പറഞ്ഞ മധു (ശാന്തമധുവിന്റെ ഭര്‍ത്താവ്‌) 35 വര്‍ഷമായി താന്‍ പിയാനോയും വെസ്റ്റേണ്‍ മ്യൂസിക്കുമാണ്‌ പഠിപ്പിക്കുന്നതെന്ന്‌ പറഞ്ഞു. പഠിക്കാന്‍ വരുന്നവരില്‍ ചെറിയൊരു ശതമാനമേ മലയാളികളായുള്ളൂ.

വെസ്റ്റേണ്‍ മ്യൂസിക്‌ പഠിപ്പിക്കുകയും അതുപയോഗിച്ച്‌ മലയാള ഗാനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന ഡെന്നീസ്‌ കുരിശുംമൂട്ടില്‍ സായിപ്പിനെകൊണ്ട്‌ അതിനാവില്ലെന്ന്‌ ചൂണ്ടിക്കാട്ടി. പലരും മക്കളെ ഒരു ഫാഷനായി പഠിപ്പിക്കുന്നവരാണ്‌. പക്ഷെ അഭിരുചിയും അര്‍പ്പണബോധവും ഉള്ളവരുണ്ട്‌.

ഗുരുകുലത്തിന്റെ വൈസ്‌ പ്രിന്‍സിപ്പലായ ഡയാന ചെറിയാന്‌ മലയാളം അത്ര വശമില്ല. പക്ഷെ മലയാളം അവര്‍ പഠിപ്പിക്കുന്നു. ഹൈസ്‌കൂള്‍ കെമിസ്‌ട്രി അധ്യാപികയായ അവര്‍ മലയാളം പഠിച്ചുവന്നിട്ടാണ്‌ ഓരോ ആഴ്‌ചയും ക്ലാസ്‌ എടുക്കുന്നത്‌. ഗുരുകുലത്തില്‍ പഠിപ്പിക്കുന്ന പുരുഷോത്തമ പണിക്കര്‍, രാമന്‍കുട്ടി എന്നിവരും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.

രണ്ടു ദശാബ്‌ദം മുമ്പ്‌ കവി ചെറിയാന്‍ കെ. ചെറിയാന്റെ അറുപതാം ജന്മദിനത്തിന്‌ ഉപഹാരമായി ഒരു പുസ്‌തകം സമര്‍പ്പിച്ച കാര്യം സര്‍ഗ്ഗവേദി സ്ഥാപകന്‍ മനോഹര്‍ തോമസ്‌ അനുസ്‌മരിച്ചു. അന്നുമുതല്‍ മാസത്തിലൊരിക്കല്‍ സര്‍ഗ്ഗവേദി യോഗം ചേരുകയും സാഹിത്യ ചര്‍ച്ച നടത്തുകയും ചെയ്യുന്നു.

ലാനാ പ്രസിഡന്റ്‌ വാസുദേവ്‌ പുളിക്കല്‍ ഒരു സംഗീതാധ്യാപികയുടെ അനുഭവം വിവരിച്ചു. സംഗീതത്തില്‍ ദേവീ-ദേവന്മാരെപ്പറ്റിയുള്ള പരാമര്‍ശങ്ങളില്‍ ആ പേരുകള്‍ മാറ്റി മറ്റൊരു മതവിഭാഗത്തിന്റെ ആരാധ്യവ്യക്തി കളുടെ പേര്‌ ചേര്‍ക്കാന്‍ ഒരധ്യാപിക വിസമ്മതിച്ചു. അതോടെ അവര്‍ക്ക്‌ ശിഷ്യര്‍ കുറഞ്ഞു. എന്തായാലും അത്തരം ആവശ്യങ്ങള്‍ ശരിയല്ലെന്ന്‌ വാസുദേവ്‌ പുളിക്കല്‍ പറഞ്ഞു.

പല നൃത്തരൂപങ്ങളും നാമാവശേഷമാകുന്നതില്‍ എന്‍.പി. ഷീല ടീച്ചര്‍ പരിതപിച്ചു. ഗായകന്‍ തഹ്‌സീന്‍ ഗാനമാലപിച്ചു.

ഫാ. കരിക്കോട്ടുചിറ കുര്യാക്കോസ്‌ രചിച്ച `ടൈംലെസ്‌ ടീച്ചേഴ്‌സ്‌ ആന്‍ഡ്‌ എതിക്കല്‍ വിഷന്‍സ്‌ ഹ്യൂമന്‍ ഡെവലപ്‌മെന്റ്‌ എഡ്യൂക്കേഷന്‍ പോളിസി' എന്ന പുസ്‌തകത്തിന്റെ പ്രകാശനം പ്രസ്‌ ക്ലബ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ കാടാപുറത്തിന്‌ കോപ്പി നല്‌കി നിര്‍വഹിച്ചു.

ഗുരുകുലം സ്‌കൂള്‍ പ്രിന്‍സിപ്പലും, പ്രസ്‌ ക്ലബ്‌ ജോയിന്റ്‌ സെക്രട്ടറിയുമായ ജെ. മാത്യൂസ്‌ ആയിരുന്നു എം.സി. അനൗപചാരികമായ ഒരു ചര്‍ച്ചമാത്രമാണിതെന്നും ഈ അധ്യാപകര്‍ നല്‍കുന്ന നിസ്‌തുല സേവനങ്ങള്‍ക്കുള്ള ചെറിയൊരു ആദരവാണിതെന്നും അദ്ദേഹം പറഞ്ഞു. കലയും ഭാഷയും പഠിപ്പിക്കുന്നവരൊക്കെ തങ്ങളുടെ സമയവും പണവും നഷ്‌ടപ്പെടുത്തി ഉദാത്തമായ സേവനമാണ്‌ നല്‍കുന്നത്‌. അവര്‍ പകര്‍ന്നു നല്‍കുന്ന വിജ്ഞാനം പുതുതലമുറകളില്‍ നമ്മുടെ സംസ്‌കാരത്തിന്റെ അണയാത്ത ജ്വാലയാണ്‌. അവരോടുളള നന്ദി പറഞ്ഞാല്‍ തീരില്ല.

യാതൊരു അംഗീകാരത്തിനും വേണ്ടിയല്ലാതെ പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥ വ്യക്തിത്വങ്ങളാണ്‌ ഇവിടെ കൂടിയിരിക്കുന്നതെന്ന്‌ ജോസ്‌ കാടാപുറം പറഞ്ഞു. നമ്മുടെ സമൂഹം അവരെ ഇനിയും വേണ്ടവിധം ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തിട്ടില്ല. അതിനൊരു മാറ്റം ഉണ്ടാവുക എന്നതാണ്‌ ഈ ചെറിയ ചര്‍ച്ചയ്‌ക്ക്‌ പിന്നില്‍- ജോസ്‌ പറഞ്ഞു.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ കേരളത്തില്‍ മികച്ച പത്രപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിന്‌ അപേക്ഷിച്ചപ്പോള്‍ വളരെ കുറച്ചുപേരാണ്‌ പ്രതികരിച്ചതെന്ന്‌ പ്രസ്‌ ക്ലബ്‌ നാഷണല്‍ സെക്രട്ടറി മധു കൊട്ടാരക്കര പറഞ്ഞു. ഇവിടെയാണെങ്കില്‍ അവാര്‍ഡ്‌ എന്നു കേട്ടാല്‍ അമ്പത്‌ മൈല്‍ കാറോടിച്ചുപോകാന്‍ ആര്‍ക്കും മടിയില്ലെന്നോര്‍ക്കണം.

പ്രസ്‌ ക്ലബ്‌ അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍ റെജി ജോര്‍ജ്‌, ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌ പ്രിന്‍സ്‌ മാര്‍ക്കോസ്‌ തുടങ്ങിയവരും പങ്കെടുത്തു. ചാപ്‌റ്റര്‍ സെക്രട്ടറി സജി ഏബ്രഹാം നന്ദി പറഞ്ഞു.
ഗുരുക്കളുടെ നിസ്വാര്‍ത്ഥ സേവനം മറക്കുന്ന സമൂഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക