Image

ലക്ഷ്യബോധത്തോടെയും ആദര്‍ശശുദ്ധിയോടെയുമുള്ള മാധ്യമ പ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Published on 04 February, 2013
ലക്ഷ്യബോധത്തോടെയും ആദര്‍ശശുദ്ധിയോടെയുമുള്ള മാധ്യമ പ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

ഡോ. സെബാസ്റ്റ്യന്‍ പോള്‍

എനിക്കു ആദ്യകാലത്ത് അഭിനിവേശം എന്ന് പറയാവുന്ന രീതിയില്‍ താല്‍പര്യം ഉണ്ടായിരുന്നത് പത്രപ്രവര്‍ത്തനമായിരുന്നു. ഒരു അറിയപ്പെടുന്ന എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, കഴിയുമെങ്കില്‍ ഒരു പത്രാധിപരും ആകാനായിരുന്നു എന്റെ മോഹം. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുണ്ടായിരുന്ന ഒരു പത്രമായ ഇന്ത്യന്‍ എക്സ്‌പ്രെസ്സില്‍ തന്നെ പ്രവര്‍ത്തിയ്ക്കാന്‍ അവസരം കിട്ടി. അതും അടിയന്തിരാവസ്ഥക്കാലത്ത്. സെന്‍സര്‍ഷിപ്പൊക്കെയുള്ള ആ കാലഘട്ടത്തില്‍ ഒരു പത്രപവര്‍ത്തനത്തിന്റേതായ സാഹസികത, ഒരു "ത്രില്‍", ഒക്കെ അനുഭവിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ഉണ്ടായതാണ്. പക്ഷെ മറ്റു ചില കാരണങ്ങളാല്‍ ആ രംഗം വിടേണ്ടി വന്നു. പിന്നീട് പല മേഖലകളിലും പ്രവര്‍ത്തിച്ചു. അഭിഭാഷകനായി, പാര്‍ലമെന്റ് അംഗമായി, നിയമസഭാംഗമായി. ഇപ്പോള്‍ ചെറുപ്പകാലത്തു തോന്നിയിരുന്ന അത്രയും ആവേശം പത്രപ്രവര്‍ത്തനത്തോടു തോന്നുന്നില്ലെങ്കിലും ഒരു അവസരം കിട്ടിയാല്‍ ഇപ്പോഴും അതുതന്നെയായിരിക്കും ഞാന്‍ തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തനമേഖല.

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കുള്ള ഒരു ഇടപെടലും സാമിപ്യവും സമൂഹവുമായിട്ടുണ്ട്. എനിക്കു ധാരാളം പ്രാവശ്യം ഇടതുപക്ഷസ്ഥാനാര്‍ഥിയായി ഒരേ സ്ഥലത്തു നിന്നു മത്സരിക്കുന്നതിനുള്ള അവസരം കിട്ടി. അത് പിന്നീട് പൊതുപ്രവര്‍ത്തനത്തിനുള്ള ഒരു ഇടം സ്വാഭാവികമായും ഉണ്ടാക്കി. ഇപ്പോഴും ധാരാളം സ്ഥലങ്ങളില്‍ പ്രസംഗിക്കുന്നതിനും ജനങ്ങളെ നേരിട്ട് കാണുന്നതിനും അറിയുന്നതിനും ഒക്കെയുള്ള അവസരം ഉണ്ട്. പക്ഷെ അതും മാധ്യമപ്രവര്‍ത്തനവുമായി വലിയ വ്യത്യാസമുണ്ട്.

മാധ്യമപ്രവര്‍ത്തനം കോടിക്കണക്കിനാളുകളിലേക്ക് എത്തിചേരാന്‍ കഴിയുന്ന ഒരു അവസരമാണ്. മാധ്യമപ്രവര്‍ത്തനത്തില്‍ പ്രഫഷണലായ ഒരു സമീപനവും പ്രവര്‍ത്തനരീതിയും ശൈലിയുമുണ്ട്. അതു കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ട്. അവിടെ കുറേകൂടി ഉത്തരവാദിത്തോടെയുള്ള പ്രവര്‍ത്തനം ആവശ്യമുണ്ട്. ഒരു പക്ഷെ ഞാന്‍ ഒരു പഴയ സ്കൂളില്‍ പെടുന്ന ആളായതുകൊണ്ടാവാം മാധ്യമധര്‍മ്മം എന്നു പറയുന്ന ചില മര്യാദകളും തത്ത്വങ്ങളുമൊക്കെ പാലിക്കപ്പെടണമെന്ന ശാഠ്യമുണ്ട്. ഇതെല്ലാം പണ്ട് പാലിക്കപ്പെട്ടിരുന്നു എന്നല്ല. പക്ഷെ പണ്ട് കുറേകൂടി ഈ കാര്യങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടായിരുന്നു. ആ മര്യാദകള്‍ പാലിച്ചുകൊണ്ടുള്ള ജനകീയവും ജനാധിപത്യപരവുമായ മാധ്യമപ്രവര്‍ത്തനം നടക്കണമെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് പലപ്പോഴും മാധ്യമപ്രവര്‍ത്തനത്തില്‍ പോരായ്മകള്‍ കാണുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കുറ്റപ്പെടുത്തേണ്ടി വരുന്നത്.

വാര്‍ത്തയുടെ വിപണനമൂല്യം എന്നത് ഒരു പുതിയ സംഭവവികാസമാണ്. അച്ചടിച്ച പത്രത്തിന് 400 വര്‍ഷത്തെ പഴക്കമുണ്ട്. പക്ഷെ ആദ്യകാലത്ത്, അതു ലോകത്തൊരിടത്തും ആരംഭിക്കുന്നതോ നിലനിന്നതോ വിപണിയെ കണ്ടുകൊണ്ടല്ല. ചില കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കണം എന്നു തോന്നുന്നവര്‍ക്ക് സ്വന്തമായി ഒരു പത്രം അച്ചടിച്ചിറക്കുന്നതിനുള്ള അവസരം ഉണ്ടായിരുന്നു. മലയാളത്തില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ആണ് ആദ്യമായി പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. ദേവ്ജി ഭീംജി എന്ന ഗുജറാത്തി കൊച്ചിയില്‍ നിന്നിറക്കിയിരുന്ന പത്രം 'വെസ്റ്റേണ്‍ സ്റ്റാര്‍" - പശ്ചിമ താരക - ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിരുന്നു1. അതൊന്നും വിപണിക്കു വേണ്ടിയുള്ളതായിരുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അല്ലെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ന്യൂയോര്‍ക്കിലാണ് രണ്ട് പ്രഗല്‍ഭരായ പത്രാധിപന്‍മാര്‍ -ജോസഫ് പുലിറ്റ്സറും വില്യം റാന്‍ഡോള്‍ഫ് ഹേര്‍സ്റ്റും - വിപണിയെ കണ്ടുകൊണ്ടുള്ള പരസ്പരമത്സരം ആരംഭിക്കുന്നത്. അവര്‍ പത്രമുടമകള്‍ കൂടിയായിരുന്നു. ആ പത്രങ്ങള്‍ തമ്മില്‍ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വലിയതോതിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. ഹേര്‍സ്റ്റും പുലിറ്റ്സറും മര്യാദയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു എന്ന ആക്ഷേപം ഉണ്ടായി. ആ ഏറ്റുമുട്ടലിന്റെ ഭാഗമായാണ് 'മഞ്ഞപത്രം'2 എന്ന വിശേഷണമൊക്കെ ഉണ്ടായത്. അതോടു കൂടി തന്നെയാണ് പത്രപ്രവര്‍ത്തനത്തിലെ മര്യാദകളെ കുറിച്ചുള്ള ചിന്തയുണ്ടാവുന്നത്. അതുവരെ അങ്ങനെ ഒരു ചര്‍ച്ചയുടെ ആവശ്യമൂണ്ടായിരുന്നില്ല. അന്നുണ്ടായ ആലോചനകളിലും ചര്‍ച്ചകളില്‍ നിന്നുമാണ് മാധ്യമധര്‍മ്മം എന്നാലെന്ത് എന്നുള്ള ചോദ്യമുണ്ടാവുന്നത്. അതിനുള്ള ഏറ്റവും നല്ല ഉത്തരം നല്കിയത് മാഞ്ചെസ്റ്റര്‍ ഗാര്‍ഡിയന്‍3 പത്രത്തിന്റെ പത്രാധിപര്‍ സി. പി. സ്കോട്ടാണ്. അദ്ദേഹം 1921-ലാണ് വിഖ്യാതമായ "comment is free, but facts are sacred" എന്ന പ്രസ്താവന നടത്തിയത്. വാര്‍ത്ത കലര്‍പ്പില്ലാതെ, ശുദ്ധമായ രീതിയില്‍, അതിന്റെ എല്ലാ സംശുദ്ധിയോടും കൂടി വായനക്കാര്‍ക്ക് നല്കണം എന്നതാണ് സ്കോട്ടിന്റെ പ്രസ്ഥാവന. ആ കാലം മുതലാണ് ആ രീതിയിലുള്ള ഒരു പരിശോധന വാര്‍ത്തയെ സംബന്ധിച്ച് നടത്താന്‍ തുടങ്ങിയത്.

അതോടൊപ്പം സാങ്കേതികവിദ്യ വികസിച്ചു. പഴയ കല്ലച്ചും ഗുണ്ടര്‍ട്ടിന്റെ കാലത്തെ അച്ചടിവിദ്യയുമൊക്കെ പോയി. പുതിയ രീതിയിലുള്ള സാങ്കേതികവിദ്യകള്‍ വന്നു. വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നതിന് റേഡിയോ അല്ലെങ്കില്‍ വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ വന്നു. വാര്‍ത്ത കമ്പോസ് ചെയ്യുന്നതിനുള്ള പുതിയ രീതികള്‍ വന്നു. ലക്ഷക്കണക്കിന് പകര്‍പ്പുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ കഴിയുന്ന പ്രിന്റിംഗ് പ്രസ് വന്നു. ചുരുക്കത്തില്‍ വാര്‍ത്താശേഖരണം, അതിന്റെ പ്രോസസിങ്ങ്, അതിന്റെ വിനിമയം, വില്പന എല്ലാം വന്‍തോതില്‍ വാണിജ്യവല്‍ക്കരിക്കപെടുന്ന ഒരു കാലം വന്നു. ഇതുകാരണം ഇന്ന് വലിയ ഒരു മൂലധനം ഓരോ പത്രത്തിന്റെയും പിന്നിലുണ്ട്. അപ്പോള്‍ ആ മൂലധനം സംക്ഷിക്കപെടണം. അതിനു ലാഭമുണ്ടാവണം. അങ്ങനെയാണ് പതുക്കെ വാര്‍ത്തയുടെ വിപണിമൂല്യം കണ്ടു തുടങ്ങിയത്. അത് പല രൂപത്തില്‍ വന്നു.

ലോകത്തെ മുഴുവന്‍ വാര്‍ത്താശേഖരണവും നാലോ അഞ്ചോ ഏജന്‍സികള്‍ കോളനിവാഴ്ചകാലത്ത് തന്നെ വിഭജിച്ചെടുക്കുകയായിരുന്നു. ലണ്ടന്‍ ആസ്ഥാനമായിട്ടുള്ള റോയിട്ടേഴ്സ് ബ്രിട്ടീഷ് കോളനികള്‍ മുഴുവന്‍ കൈവശമാക്കി. ഫ്രഞ്ച് ഏജന്‍സിയായ എ.എഫ്.പി. ഫ്രഞ്ച് കോളനികള്‍ അവരുടെ കയ്യിലാക്കി. അതുപോലെ അമേരിക്കന്‍ ഏജന്‍സി അസോസിയേറ്റഡ് പ്രസ് (എ.പി.). അപ്പോള്‍ ഇങ്ങനെ സാമ്രാജ്യങ്ങള്‍ക്കൊപ്പം ഭൂപ്രദേശങ്ങള്‍ പങ്കിട്ടുകൊണ്ട് ലോകവാര്‍ത്ത മുഴുവന്‍ ശേഖരിക്കുകയും അവയെ കമ്പോളവല്‍ക്കരിച്ചുകൊണ്ട് ലാഭമുണ്ടാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറി. റോയിട്ടേഴ്സ് ഇന്ന് രാഷ്ട്രീയവാര്‍ത്തകളൊക്കെ വിട്ട് സാമ്പത്തികവാര്‍ത്തകളിലേക്ക് കടന്നു. അവരുടെ 90% വരുമാനവും സാമ്പത്തികവാര്‍ത്തകളില്‍ നിന്നാണ്. അതുവഴി ലോകസാമ്പത്തികക്രമത്തെയും സാമ്പത്തികനിലപാടുകളെയും നിയന്ത്രിക്കുന്ന ഒരു സംവിധാനമായി ആ ഏജന്‍സി മാറുകയാണ്. പുറകേയാണ് വമ്പിച്ച മൂലധനവുമായി ബീവര്‍ബ്രൂക്, തോംസണ്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ ഈ രംഗത്തേക്ക് വരുന്നത് 4. ഇന്ന് നമ്മള്‍ കേള്‍ക്കുന്ന പേരാണ് റൂപര്‍ട്ട് മര്‍ഡോക്ക്. ബ്രിട്ടീഷ് സാമ്രാജ്യം സൂര്യനസ്തമിക്കാത്ത സാമ്രാജ്യമാണെന്നു പറഞ്ഞിരുന്നെങ്കില്‍ ഇപ്പോളവിടെ സൂര്യന്‍ അസ്തമിക്കുന്നുണ്ട്. പക്ഷെ റൂപര്‍ട്ട് മര്‍ഡോക്കിന്റെ സാമ്രാജ്യത്തില്‍ സൂര്യന്‍ അസ്തമിക്കുന്നില്ല. എവിടെയൊക്കെ സൂര്യോദയമുണ്ടോ അവിടെയൊക്കെ മര്‍ഡോക്കിന്റെ പത്രവുമുണ്ട്. ഈ രീതിയില്‍ വമ്പിച്ച സാമ്പത്തിക ശക്തിയായി പത്രങ്ങള്‍ മാറി. അവിടെയാണ് വാര്‍ത്തയ്ക്ക് മൂല്യമുണ്ട് എന്ന് വന്നത്. വിലയുണ്ട് എന്ന് വന്നത്. ആ വിലയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത രാഷ്ട്രീയവുമായും, അധികാരവുമായും പണവുമായും ഇഴചേര്‍ന്ന് വളരെ സങ്കീര്‍ണമായ ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. ഗ്ലോബലൈസേഷന്റെ കാലഘട്ടത്തില്‍ ഗ്ലോബലൈസേഷന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ടുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ തന്നെ പറഞ്ഞുതുടങ്ങി : "newspaper is a product"; പത്രമെന്നത് ഉല്പന്നമാണ്; വാര്‍ത്തയെന്നത് ഉല്പന്നമാണ്; അതു വില്ക്കാനുള്ളതാണ്. അതുകൊണ്ട് ഞങ്ങള്‍ വാര്‍ത്തയേ ആകര്‍ഷകമാക്കി, വില്പനവസ്തുവാക്കി അവതരിപ്പിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ സ്വയം ന്യായീകരണം എന്ന രീതിയില്‍ പറഞ്ഞുതുടങ്ങി. ഇന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് വാര്‍ത്ത എന്നത് ഒരെ സമയം വിപണിയേ സ്വാധീനിക്കുന്നതും അതോടൊപ്പം വിപണിയില്‍ ഏറ്റവും മൂല്യമുള്ളതുമായ ഒരു വസ്തുവായി മാറുകയും ചെയ്തിരിക്കുന്നു.

ഇന്നു ഓരോ പത്രത്തിനും പിന്നീലുള്ള മൂലധനം സംരക്ഷിക്കപെടണമെന്നതോ, അതിനു ലാഭമുണ്ടാവണമെന്നതോ ഒന്നും ഞങ്ങള്‍ എതിര്‍ക്കുന്നില്ല. പക്ഷെ അതോടൊപ്പം പത്രങ്ങള്‍ രാഷ്ട്രീയാധികാരം കൈയ്യാളുന്ന ഒരു അവസ്ഥ വന്നു. രാഷ്ട്രീയാധികാരം പങ്കുവെക്കുന്നതിനും രാഷ്ട്രീയാധികാരത്തില്‍ ഇടപെടുന്നതിനുമൊക്കെയുള്ള ഒരു പ്രവണത പത്രങ്ങള്‍ക്കുണ്ടായി. അതിനു കാരണം പത്രങ്ങളുടെ വമ്പിച്ച ജനസ്വാധീനമാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനു സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജനങ്ങളെ സമീപിക്കുന്നതിനും അവരുടെ അഭിപ്രായം രൂപപ്പെടുത്തുന്നതിനും അവരുടെ നിലപാടുകളില്‍ ഇടപെടുന്നതിനും ഒക്കെയുള്ള സാഹചര്യം പത്രങ്ങള്‍ക്കുണ്ടായി. "ഈ പത്രങ്ങള്‍ അധികാരം പ്രയോഗിക്കുന്നു, അധികാരം കൈയ്യാളുന്നു, ഉത്തരവാദിത്തം ഇല്ലാതെ" - "They are enjoying power without responsibility" - എന്നാണ് ബ്രിട്ടണില്‍ പ്രൈം മിനിസ്റ്റര്‍ ആയീരുന്ന സ്റ്റാന്‍ലി ബാള്‍ഡ്വിന്‍ പറഞ്ഞിട്ടുള്ളത്. തിരഞ്ഞെടുക്കപെട്ട ഒരു ജനപ്രതിനിധിക്ക്, പ്രധാനമന്ത്രിക്ക് റെസ്പോണ്‍സിബിലിറ്റി കൂടിയുണ്ട്, അക്കൗണ്ടബിലിറ്റിയുണ്ട്. ഇതൊന്നുമില്ലാതെ പത്രങ്ങള്‍ അധികാരം അനുഭവിക്കുന്നു എന്ന വിമര്‍ശനവും ഉണ്ടായിട്ടുണ്ട്.

ഒരു സംഭവത്തെ വാര്‍ത്തയാക്കുന്നതിന്റെ മാനദണ്ഡം മാറിയിട്ടുണ്ട്. ജനങ്ങള്‍ക്ക് എത്രമാത്രം താല്‍പര്യമുണ്ടാവും, ജനങ്ങളെ ഏതു രീതിയില്‍ ബാധിക്കും എന്നതൊക്കെയായിരുന്നു പണ്ടത്തെ മാനദണ്ഡമെങ്കില്‍ ഇന്ന് ആ അവസ്ഥയ്ക്കൊക്കെ മാറ്റം വന്നു. ഒരു സംഭവത്തെ വാര്‍ത്തയാക്കി മാറ്റുന്നതിനുള്ള മാനദണ്ഡം ഇന്നു വ്യത്യസ്തമാണ്. അതു നിര്‍ണ്ണയിക്കുന്നവരും വേറെയാണ്. അതു നിര്‍ണ്ണയിക്കുന്ന ആ "മറ്റു ചില ശക്തികള്‍" ഇന്ന് സാമ്പത്തികശക്തികളാണെന്ന് പറയേണ്ടി വരും. പരസ്യങ്ങള്‍ എല്ലാവര്‍ക്കുമൊരു ശല്യമാണ്. വായനക്കര്‍ക്ക് പരസ്യം കാണുന്നത് ഇഷ്ടമല്ല. ടെലിവിഷന്‍ കാണുന്നവര്‍ക്കും പരസ്യം കടന്നു വരുന്നതിഷ്ടമല്ല. പക്ഷെ ഈ പരസ്യക്കാരാണ് വാസ്തവത്തില്‍ ഈ മാധ്യമങ്ങളെ നിലനിര്‍ത്തിക്കൊണ്ടു പോരുന്നത്. മലയാളത്തില്‍ 4 രൂപക്ക് കിട്ടുന്ന പത്രം പരസ്യം ഇല്ലാതെയാണെങ്കില്‍ 20 രൂപയെങ്കിലുമാകുമെന്നാണ് കണക്ക്. ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങള്‍ കെട്ടുകണക്കിന് പ്രിന്റഡ് പേപ്പര്‍ ഒരു വിലപോലുമീടാക്കാതെയാണ് പലപ്പോഴും തരുന്നത്. ഇതു സാധിക്കുന്നത് പരസ്യവരുമാനം ഉള്ളതുകൊണ്ടാണ്. അപ്പോള്‍ വാസ്തവത്തില്‍ അഡ്വര്‍ട്ടൈസേഴ്സാണ് സബ്സിഡൈസ് ചെയ്ത് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് പത്രം വില്പനയ്ക്കെത്തിക്കുന്നതും ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും. അതുകൊണ്ടിതു പൂര്‍ണമായും തെറ്റാണെന്ന് പറയാന്‍ കഴിയില്ല. അങ്ങനെ അഡ്വര്‍ട്ടൈസ്മെന്റിനെ ആശ്രയിച്ച് നില്ക്കുന്ന പ്രവര്‍ത്തനമായതുകൊണ്ട് മാധ്യമങ്ങള്‍ക്ക് അഡ്വര്‍ട്ടൈസേഴ്സിനെ പൂര്‍ണമായും ആശ്രയിക്കേണ്ടി വരുന്നു. അവരെ പിണക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു. അവരോടു "അടിമത്തം" എന്നു വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള വിധേയത്വം ഉണ്ടാവുന്നു. അത് വാര്‍ത്തയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസവും കേരളാ ഹൈക്കോടതി മാധ്യമങ്ങളോട് ഒരു ചോദ്യം ചോദിച്ചു. നിങ്ങള്‍ പല ഹോട്ടലുകളിലും റെയ്ഡ് നടത്തുന്നു. ഭക്ഷണയോഗ്യമല്ലാത്ത ആഹാരം പിടിച്ചെടുത്ത് നശിപ്പിക്കുന്നു. എന്തുകൊണ്ട് നിങ്ങള്‍ ആ ഹോട്ടലുകളുടെ പേര് പരസ്യപെടുത്തുന്നില്ല? അതു പരസ്യപ്പെടുത്തിയാലല്ലേ ആ ഹോട്ടലുകളെ ജനങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയു? അങ്ങിനെ ജനങ്ങള്‍ ഒഴിവാക്കുമെന്ന അവസ്ഥ വന്നാല്‍ പിന്നെ മുനിസിപ്പല്‍ ഹെല്‍ത്ത് ഓഫീസറുടെ ആവശ്യമില്ല. സാനിറ്റേഷന്‍ ഇന്‍സ്പെക്ടറുടെ ആവശ്യമില്ലാതെ തന്നെ ഹോട്ടലുകള്‍ ക്വാളിറ്റി നിലനിര്‍ത്തും. പക്ഷെ ഒരു പത്രവും ആ ഹോട്ടലുകളുടെ പേര് പറയില്ല. കേരളാ ഹൈക്കോടതി തന്നെ 100% ശതമാനം തോല്‍വി രേഖപ്പെടുത്തിയ ഏതാനും എഞ്ചിനിയറിങ്ങ് കോളേജുകള്‍ നിലവാരമില്ലാത്തതിനാല്‍ അടച്ച് പൂട്ടണം എന്ന് ഉത്തരവിട്ടു. ജഡ്ജുമെന്റില്‍ ആ കോളേജുകളുടെയെല്ലാം പേര് പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു പത്രമോ ഒരു ചാനലോ ആ കോളേജുകളുടെ പേര് പറഞ്ഞില്ല. നമുക്ക് വ്യക്തമായ കാരണങ്ങളാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ പരസ്യം കിട്ടുമെന്നുണ്ടെങ്കില്‍ അവരെ ഉപദ്രവിക്കാന്‍, അവരെ പിണക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. അത് ചെറിയ പത്രങ്ങളുടെ മാത്രം അവസ്ഥയല്ല - മനോരമയും, മാതൃഭൂമിയും, ഏഷ്യാനെറ്റും ഒക്കെ ഉള്‍പ്പടെ സാമ്പത്തികഭദ്രതയുള്ള സ്ഥാപനങ്ങള്‍ക്കു പോലും ഈ പരസ്യക്കാരുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ വഴങ്ങിക്കൊടുക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇതു വലിയ അപകടം തന്നെയാണ്. സ്വര്‍ണ്ണവ്യാപാരികള്‍ക്കെതിരെ, തുണിവ്യാപാരികള്‍ക്കെതിരെ, ഒന്നും ഒരു വാര്‍ത്തയും വരില്ല. കാരണം അവരെ ആശ്രയിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തയുടെ രൂപീകരണത്തില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടല്‍ വളരെ വലുതാണ്.

ഇതു പലപ്പോഴും ജനങ്ങളുടെ താല്പര്യങ്ങള്‍ക്കെതിരാവുന്നുണ്ട് . പൊതുതാല്പര്യമുള്ള വാര്‍ത്തകള്‍ പലതും പരസ്യപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ വരുന്നു. ഞാന്‍ പത്രപ്രവര്‍ത്തകനായി ഇരുന്നത് 35 വര്‍ഷം മുന്‍പാണ്. അന്നു ഞങ്ങള്‍ക്ക് അഡ്വര്‍ട്ടൈസ്മെന്റ് ഡിപ്പാര്‍ട്ടുമെന്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവര്‍ക്ക് ന്യൂസ് റൂമിലേക്ക് പ്രവേശനമില്ലായിരുന്നു. അവരുടെ ആകെ ജോലി ഓരോ പേജിലും എത്ര പരസ്യമുണ്ട്, അതിന്റെ അളവ് എത്ര എന്നു കാണിക്കുന്നതിന് വേണ്ടിയുള്ള ഡമ്മി ഷീറ്റ് വരച്ചു തരലായിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. എഡിറ്റര്‍ ഇല്ലാതെയാണ് ഇന്ന് പത്രങ്ങള്‍ ഇറങ്ങുന്നത്. ഏത് പത്രത്തിനാണ് അറിയപ്പെടുന്ന ഒരു എഡിറ്റര്‍ ഉള്ളത്? ഇന്നൊരു വായനക്കാരനോടു ചോദിച്ചാലും അവന്‍ വായിക്കുന്ന പത്രത്തിന്റെ എഡിറ്റര്‍ ആര് എന്നു പറയാന്‍ കഴിയില്ല. ഞാന്‍ പത്രം വായിച്ച് തുടങ്ങുന്ന കാലത്ത് എനിക്ക് ഞാന്‍ വായിക്കുന്ന പത്രത്തിന്റെയൊക്കെ പത്രാധിപരെ നല്ല പരിചയമായിരുന്നു. ഫ്രാങ്ക് മൊറൈസ്, പോത്തന്‍ ജോസഫ് തുടങ്ങിയവര്‍. കെ. പി. കേശവമേനോന്‍, കെ. എം. മാത്യൂ, കെ. എം. ചെറിയാന്‍, കെ. സുകുമാരന്‍, കെ. ബാലകൃഷ്ണന്‍ തുടങ്ങിയ പേരുകള്‍ കേട്ടാല്‍ എല്ലാവരും തിരിച്ചറിയുമായിരുന്നു. ഇന്നങ്ങനെ ഒരു പത്രാധിപരില്ല. പത്രാധിപരുടെ പേര് പരസ്യപ്പെടുത്തണം എന്നത് മാന്‍ഡേറ്ററി ആയതുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ ഈ പേരുകളൊക്കെ കൊടുക്കുണുണ്ട്. പക്ഷെ അവര്‍ അത് ഏത് പേജിലാണ് കൊടുക്കുന്നത് എന്നു കണ്ടുപിടിച്ച് വായിക്കാന്‍ സാധാരണഗതിയില്‍ ആര്‍ക്കും കഴിയില്ല. അതു കൊടുക്കുമ്പോള്‍ തന്നെ 'എഡിറ്റര്‍ (കേരള മാര്‍ക്കറ്റ്)' എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. അപ്പോള്‍ മാര്‍ക്കറ്റ് ഏരിയ നോക്കി മാര്‍ക്കറ്റടിസ്ഥാനത്തില്‍ എഡിറ്ററെ നിയോഗിക്കുന്ന രീതി. ഇതൊക്കെയാണ് പുതിയ കാലഘട്ടം. എഡിറ്റര്‍ ഇല്ലാതെ, ഒരു പത്രത്തെ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട ആരുമില്ലാതെ, ബിസിനസ് എക്സിക്യുട്ടീവുകളാല്‍ കാര്യങ്ങള്‍ തീരുമാനിക്കപെടുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ ഇന്ന് എത്തിനില്‍ക്കുന്നു. ഏതു വാര്‍ത്ത പ്രസിദ്ധീകരിക്കണം, ഏതു വാര്‍ത്തയ്ക്കാണ് പ്രാധാന്യം, ഏതു വാര്‍ത്ത നിലനിര്‍ത്തണം എന്നൊക്കെ അവര്‍ തീരുമാനിക്കും. ചാനലുകളിലൊക്കെ എത്ര ഗൗരവമുള്ള ചര്‍ച്ച നടക്കുമ്പോഴും അതിന്റയിടയ്ക്ക് ഒരു ബ്രേക്ക് അനിവാര്യമായിരിക്കുന്നു എന്നു പറയില്ലെ? ഈ അനിവാര്യത അവതാരകന്റെയല്ല. അപ്പുറത്ത് പരസ്യം റിലീസ് ചെയ്യാനിരിക്കുന്നവരുടെ അനിവാര്യതയാണ്. പരസ്യങ്ങള്‍ക്ക് വളരെ പോസിറ്റീവ് ആയ ഒരു ഗുണവശമുണ്ട്. ഇന്‍ഫൊര്‍മേഷന്‍ കൂടിയാണത്. പരസ്യത്തിലൂടെ നമ്മള്‍ക്ക് ധാരാളം ഇന്‍ഫൊര്‍മേഷന്‍ കിട്ടുന്നുണ്ട്. അങ്ങനെ നല്ലവശങ്ങളുമുണ്ട്. പക്ഷെ ഇതിന്റെ ദോഷവശം എന്നത് ഇതെല്ലാം നിയന്ത്രിക്കുന്ന ശക്തിയായി അവര്‍ മാറിയിരിക്കുന്നു എന്നുള്ളതാണ്.



കടപ്പോട്
 ബോധി കോമണ്‍സിനു നല്കിയ അഭിമുഖം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക