Image

യൂറോപ്യന്‍ ക്‌നാനായ സംഗമം: ബ്രിസ്‌റ്റോള്‍ ഉല്‍സവലഹരിയില്‍

Published on 10 September, 2011
യൂറോപ്യന്‍ ക്‌നാനായ സംഗമം: ബ്രിസ്‌റ്റോള്‍ ഉല്‍സവലഹരിയില്‍
ബ്രിസ്‌റ്റോള്‍: യൂറോപ്പില്‍ കുടിയേറിയ ക്‌നാനായ വിശ്വാസികള്‍ അവരുടെ ഔദ്യോഗിക കൂട്ടായ്‌മയുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ബ്രിസ്‌റ്റോള്‍ നഗരം ഉല്‍സവലഹരിയില്‍. ക്‌നാനായ സംഗമത്തില്‍ പങ്കെടുക്കുവാനായി (ബ്രിസ്‌റ്റോളിലെ ക്‌നായിത്തൊമ്മന്‍ നഗറില്‍) ക്‌നാനായ അതിഭദ്രാസനത്തിന്റെ വലിയ മെത്രാപ്പൊലീത്ത മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ യുകെയില്‍ എത്തിച്ചേര്‍ന്നു.

ക്‌നാനായ യൂറോപ്പ്‌, യുഎസ്‌, കാനഡ മേഖലകളുടെ അധ്യക്ഷനായ അയൂബ്‌ മാര്‍ സില്‍വാനോസ്‌ സംഗമത്തിന്‌ ആശംസകള്‍ നേരും. സെപ്‌റ്റംബര്‍ പത്ത്‌ ശനിയാഴ്‌ച രാവിലെ 8.30ന്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന്‌ 11.30ന്‌ യൂറോപ്പിലെ വിവിധ ദേവാലയങ്ങളിലെ ക്‌നാനായക്കാര്‍ വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍, അലങ്കാരങ്ങള്‍ എന്നിവയോടെ അണിനിരക്കുന്ന വര്‍ണാഭമായ ഘോഷയാത്രയും ബ്രിസ്‌റ്റോള്‍ സെന്റ്‌ സ്‌റ്റീഫന്‍സ്‌ ദേവാലയം ഒരുക്കിയിട്ടുണ്ട്‌.

12.30ന്‌ ആര്‍ച്ച്‌ ബിഷപ്‌ അയൂബ്‌ മാര്‍ സില്‍വാനോസ്‌, ഫാ. സജി ഏബ്രഹാം, ഫാ. തോമസ്‌ ജേക്കബ്‌ മണിമല, ഫാ. ജോമോന്‍ പുന്നൂസ്‌ എന്നിവരുടെ നേതൃത്വത്തില്‍ പൊതുസമ്മേളനം നടക്കും. വിശിഷ്‌ടാതിഥിയായ ആര്‍ച്ച്‌ ബിഷപ്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ സംഗമം ഉദ്‌ഘാടനം ചെയ്യും. ഫാ. തോമസ്‌ പുതിയമഠത്തില്‍, ഫാ. ജോയി വയലില്‍, ഐന്‍സ്‌റ്റിന്‍ വാലയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തദവസരത്തില്‍ ജിസിഎസ്‌ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം കരസ്‌ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക്‌ യൂറോപ്യന്‍ ക്‌നാനായ മെറിറ്റ്‌ അവാര്‍ഡ്‌ നല്‍കും.

രണ്ടിന്‌ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള കലാപരിപാടികള്‍ക്ക്‌ തിരശീല ഉയരും. ബ്രിസ്‌റ്റോള്‍ സെന്റ്‌ സ്‌റ്റീഫന്‍ ക്‌നാനായ ദേവാലയം അവതരിപ്പിക്കുന്ന അറുപതില്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം അരങ്ങേറും.

വൈകുന്നേരം ആറിന്‌ സന്ധ്യാ പ്രാര്‍ഥനയോടെ യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന്‌ തിരശീല വീഴും. സംഗമവേദിയോടു ചേര്‍ന്ന്‌ ബ്രിസ്‌റ്റോളിലെ പ്രമുഖ കാറ്ററിങ്‌ സര്‍വീസായ ഹാപ്പി ആന്‍ഡ്‌ ടീമി (മിസ്‌ മില്ലീസ്‌) ന്റെ റസ്‌റ്ററന്റ്‌ തുറന്നുപ്രവര്‍ത്തിക്കും. ഇവിടെ നിന്നും കേരളത്തനിമയുള്ള സ്വാദിഷ്‌ഠമായ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാണ്‌.

വിലാസം:Knayi Thomman Nagar, Greenways Community Centre, 151 Doncaster Road, Bristol, BS10 5PY
യൂറോപ്യന്‍ ക്‌നാനായ സംഗമം: ബ്രിസ്‌റ്റോള്‍ ഉല്‍സവലഹരിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക