Image

ഡോ. സ്‌നേഹ ഫിലിപ്പ്‌: ഒരു കടംകഥ പോലെ മാഞ്ഞുപോയ നക്ഷത്രം

Published on 11 September, 2011
ഡോ. സ്‌നേഹ ഫിലിപ്പ്‌: ഒരു കടംകഥ പോലെ മാഞ്ഞുപോയ നക്ഷത്രം

ഓരോ സഹസ്രാബ്‌ദം കഴിയുമ്പോഴും ലോകത്ത്‌ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന്‌ ക്രൈസ്‌തവര്‍ വിശ്വസിക്കുന്നുണ്ട്‌. പറഞ്ഞത്‌ വെരി.റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ. രണ്ടായിരം ആണ്ട്‌ (വൈ 2 കെ) പിറക്കുന്നത്‌ സംബന്‌ധിച്ച്‌ ഏതാനും പേരുടെ അഭിപ്രായം ചോദിച്ചപ്പോഴാണ്‌ അദ്ദേഹമിത്‌ പറഞ്ഞത്‌.

അതൊരു പ്രവചനം പോലെ ഫലിക്കുന്ന കാഴ്‌ചയാണ്‌ 2001 സെപ്‌റ്റംബര്‍ 11 ന്‌ കണ്ടത്‌. ഏതാനും ഭീകരര്‍ റാഞ്ചിയ വിമാനങ്ങളുമായി വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ടവറുകള്‍ ഇടിച്ചിടുകയും പെന്റഗണെ ആക്രമിക്കുകയും ചെയ്‌തപ്പോള്‍ ലോകം കീഴ്‌മേല്‍ മറിഞ്ഞു. അതിനുശേഷം ഇന്നേവരെ ലോകജനത പൂര്‍ണമായ സമാധാനം എന്തെന്ന്‌ അറിഞ്ഞിട്ടില്ല. ലോകത്തിന്റെ പലഭാഗത്തും യുദ്‌ധങ്ങള്‍; മരണം; സാമ്പത്തിക തകര്‍ച്ച; അമേരിക്കയില്‍ പോലും പൗരാവകാശങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിടല്‍. ഒരര്‍ത്ഥത്തില്‍ അക്രമികള്‍ എന്താഗ്രഹിച്ചുവോ അതൊക്കെ സംഭവിച്ചിരിക്കുന്നു.

മനുഷ്യരാശിയുടെ ഈ തിരിച്ചു പോക്കിന്റെ പത്താം വാര്‍ഷികമാണ്‌ സെപ്‌റ്റംബര്‍ 11 ഞായറാഴ്‌ച ആചരിക്കുന്നത്‌. ദുരന്തത്തിന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ വേള്‍ഡ്‌ ട്രേഡ്‌ സെ ന്ററില്‍ മരിച്ച 2751 പേരുടെയും മറ്റിടങ്ങളില്‍ മരിച്ചവരുടെയും കുടുംബങ്ങള്‍ തീവ്രദുഖത്തിന്റെ സ്‌മരണകളിലൂടെ ഒരിക്കല്‍ കൂടി വെന്തുരുകുന്നു.

ന്യൂയോര്‍ക്ക്‌ പീക്കപ്‌സിയിലുളള വീട്ടില്‍ ഡോ. സ്‌നേഹ ആന്‍ ഫിലിപ്പിന്റെ മുറി അതേപോലെ ഇപ്പോഴും നില നിര്‍ത്തിയിട്ടുണ്ട്‌. ഒരു മാറ്റവും വരുത്താതെ. തൊട്ടടുത്തു ളള തന്റെ മുറിയില്‍ ഇരിക്കുമ്പോള്‍ സഹോദരി മുറിവിട്ട്‌ ഇറങ്ങി വരുമെന്ന്‌ പലപ്പോഴും ഓര്‍മ്മിക്കുമെന്ന്‌ മൂത്ത സഹോദരന്‍ അശ്വിന്‍ ഫിലിപ്പ്‌. പത്തുവര്‍ഷം കഴിഞ്ഞിട്ടും ത ന്റെ ഹൃദയത്തിന്റെ ഉളളില്‍ സ്‌നേഹ മരിച്ചിരിക്കില്ല എന്ന പ്രത്യാശ പടുതിരി പോലെ കത്തുന്നതായും അശ്വിന്‍ പറയുന്നു.

പക്ഷേ അതിനുളള പഴുതുകളൊന്നുമില്ല. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ മ്യൂസിയത്തിലെ (അടുത്തവര്‍ഷം തുറക്കും) പേരില്‍ 2751-ാമത്തെ ആളായി സ്‌നേഹയുടെ പേരുണ്ടാകും.

മറ്റുളളവര്‍ക്ക്‌ ദുരന്തമെത്തിയത്‌ സെപ്‌റ്റംബര്‍ 11 ന്‌ ആണെങ്കില്‍ തിരുവല്ല സ്വദേശി ഡോ. കൊച്ചിയില്‍ ഫിലിപ്പിന്റെയും അന്‍സു ഫിലിപ്പിന്റെയും കുടുംബത്തില്‍ അത്‌ തലേന്നേ എത്തി. വേള്‍ഡ്‌ ട്രേഡ്‌ സെന്ററിനടുത്ത്‌ ഭര്‍ത്താവ്‌ ഡോ.റോണ്‍ ലീബര്‍മാനുമൊത്ത്‌ താമസിച്ചിരുന്ന ഡോ. സ്‌നേഹ തലേന്ന്‌ ഉച്ചക്ക്‌ അമ്മയുമായി ഇന്‍സ്‌റ്റന്റ്‌ മെസേജില്‍ ഏറെനേരം സംസാരിച്ചതാണ്‌. വൈകുന്നേരം ഏഴുമ ണിയോടെ വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്‌ മുന്നിലുളള സെന്‍ച്വറി 21 ല്‍ നിന്ന്‌ ഏതാനും വസ്‌തുക്കള്‍ വാങ്ങിയതിന്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ രേഖയുണ്ട്‌. പിന്നീട്‌ സ്‌നേഹയെപ്പറ്റി വ്യ ക്‌തമായ വിവരങ്ങളില്ല.

പുലര്‍ച്ചയോടെ വീട്ടിലെത്തിയ ഡോ. ലീബര്‍മാന്‍ ഭാര്യയെ വീട്ടില്‍ കണ്ടില്ല. അതില്‍ അസാധാരണമായി ഒന്നുമില്ലായിരുന്നു. വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്‌ രണ്ട്‌ ബ്ലോക്കകലെ താമസിക്കുന്ന ഇളയ സഹോദരന്‍ കെവിന്റെയോ കസിന്റെയോ വീട്ടില്‍ പോയിരിക്കാമെന്ന്‌ കരുതി.

ടവറുകള്‍ ആക്രമിക്കപ്പെട്ടതോടെ വീട്ടുകാര്‍ സ്‌നേഹയെപ്പറ്റി അന്വേഷണമായി. എങ്കിലും ടവറില്‍ മരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു ആ ദ്യം. സ്വകാര്യ ഡിക്‌ടറ്റീവുകളെയും മറ്റും ഉപയോഗിച്ച്‌ അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല.

ഒടുവില്‍ എല്ലാവരും ഒരേ നിഗമനത്തിലെത്തി. രാവിലെ വീട്ടിലേക്കു മടങ്ങുമ്പോള്‍ ടവറുകള്‍ ആക്രമിക്കപ്പെട്ടത്‌ കണ്ട സ്‌നേഹ, ഡോക്‌ടറെന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. അവിടെ മരണപ്പെട്ടു.

ഇതനുസരിച്ച്‌ സ്‌നേഹയുടെ പേര്‌ ടവറുകളില്‍ മരിച്ചവരുടെ കൂടെ രണ്ടുവര്‍ ഷം വായിച്ചു. അതിനുശേഷം അത്‌ നീക്കം ചെയ്‌തു. സ്‌നേഹ അവിടെ മരിച്ചു വെന്നതിന്‌ തെളിവില്ലെന്നായിരുന്നു ന്യായം. അവിടെ മരിച്ച 1125 ല്‍പ്പരം പേരുടെ അവശിഷ്‌ടങ്ങളൊന്നും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. എങ്കിലും അവര്‍ക്ക്‌ ഡത്ത്‌ സര്‍ട്ടിഫിക്കറ്റ്‌ കിട്ടി. സ്‌നേഹക്കു മാത്രം വേറൊരു പരിഗണന.

ഇതിനെതിരെ കോടതിയില്‍ പോയി. സിംഗിള്‍ ജഡ്‌ജി അധികൃതരെ അനുകൂലിച്ചു. അപ്പീലില്‍ കോടതി അതു റദ്ദാക്കി സ്‌നേഹ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ദുരന്തത്തില്‍ മരിച്ചതായി സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ ഉത്തരവിട്ടു.

ദുരന്തത്തില്‍ മരിച്ചവരില്‍ നഷ്‌ട പരിഹാരത്തുക കിട്ടാത്ത ഏക കുടുംബം സ്‌ നേഹയുടേതായിരിക്കും. കോടതി വിധി വന്നപ്പോഴേക്കും സെപ്‌റ്റംബര്‍ 11 ഫണ്ട്‌ ക്ലോസ്‌ ചെയ്‌തിരുന്നു.

ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ സ്‌നേഹക്കു വേണ്ടി സംസ്‌കാര ശുശ്രൂഷ നടത്തു കയുണ്ടായി.

ഭാര്യ വേര്‍പിരിഞ്ഞുവെങ്കിലും ഡോ. ലീബര്‍മാന്‍ സ്‌നേഹയുടെ കുടുംബത്തിലെ ഒരംഗം പോലെ തന്നെ കഴിഞ്ഞു. ഒമ്പതു വര്‍ഷത്തിനു ശേഷം കഴിഞ്ഞവര്‍ഷമാണ്‌ ലീബര്‍മാന്‍ വീണ്ടും വിവാഹിതനായത്‌. ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ പ്രാക്‌ടീസ്‌ ചെയ്യുന്നു. ലീബര്‍മാന്‍ പുതിയ ജീവിതം കണ്ടെത്തിയതില്‍ തങ്ങള്‍ക്കൊക്കെ സന്തോഷമുണ്ടെന്ന്‌ കുടുംബാംഗങ്ങള്‍ പറയുന്നു. ഇത്തവ ണത്തെ വാര്‍ഷികത്തിലും ലീബര്‍മാന്‍ എത്തുന്നുണ്ട്‌.

ഭാര്യ/ഭര്‍ത്താവ്‌ മരിച്ച്‌ ഒരുവര്‍ഷം പോലും തികയും മുമ്പ്‌ മിക്ക ഇന്ത്യക്കാരും പുനര്‍ വിവാഹം ചെയ്‌തുവെന്നത്‌ ചരിത്രം. അതുപോലെ രണ്ടു മില്യനോ അതിലേറെയോ നഷ്‌ട പരിഹാരം ലഭിച്ചിരിക്കാമെന്നാണ്‌ കരുതുന്നത്‌. ചിലരെങ്കിലും അത്‌ നശിപ്പിച്ചതായി വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ട്രിബ്യൂട്ട്‌ സെന്റര്‍ ചെയര്‍മാന്‍ ലീ ഐല്‍പി പറഞ്ഞു. ലീയുടെ ഫയര്‍ഫൈറ്ററായ പുത്രനും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു.

9/11 സംഭവിക്കുമ്പോള്‍ നോര്‍ത്തേണ്‍ വിര്‍ജീനിയയില്‍ ആയിരുന്നു അശ്വിന്‍ ഫിലിപ്പ്‌. പെന്റഗണ്‍ അക്രമിക്കപ്പെട്ടത്‌ കാണാമായിരുന്നു. പെന്റഗണില്‍ നിന്ന്‌ സ്‌ഫോടനവും പുകയും ഉയരുന്നത്‌ നോക്കിനില്‍ക്കുമ്പോഴാണ്‌ ന്യൂയോര്‍ക്കി ല്‍ സംഭവിച്ചതിനെപ്പറ്റി ഒരു സുഹൃത്ത്‌ വിളിച്ചറിയിക്കുന്നത്‌. പെട്ടെന്നോര്‍ത്തത്‌ സ്‌നേഹയുടെ ഭര്‍ത്താവിന്റെയും കെവിന്റെയും കാര്യമാണ്‌. പക്ഷേ സംഭവിക്കുന്നതിന്റെ ഗൗരവം അപ്പോള്‍ അറിയാമായിരുന്നില്ല.

ഡോക്‌ടറെന്ന നിലയില്‍ സ്‌നേഹ അപകടത്തില്‍ പെട്ടു കൂടായ്‌കയില്ല എന്നു തോന്നിയിരുന്നു. എങ്കിലും മനസ്‌ എപ്പോഴും കുഴപ്പമൊന്നുമില്ലെന്ന്‌ കരുതാനാണല്ലോ ശ്രമിക്കുക.

വീട്ടിലെത്തിയപ്പോള്‍ എന്റെ മോളു പോയി എന്നു പറഞ്ഞ്‌ അമ്മ കരഞ്ഞു കൊണ്ടു വരുന്നതാണ്‌ കണ്ടത്‌. എന്നാല്‍ ഇത്‌ പരിഹരിക്കാവുന്ന പ്രശ്‌നമേ ആ യിരിക്കൂ എന്നതായിരുന്നു തന്റെ മനസില്‍. പക്ഷേ അങ്ങനെയല്ലെന്ന്‌ ക്രമേണ മനസിലായി. ഇപ്പോള്‍ പോലും സ്‌നേഹ മരിച്ചുവെന്നു പറയാന്‍ തനിക്കിഷ്‌ടമില്ല. കാണാനില്ല എന്ന വാക്കാണ്‌ താന്‍ ഇഷ്‌ടപ്പെടുന്നത്‌.

സ്‌നേഹയുടെ പേര്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്ററില്‍ മരിച്ചവരുടെ ലിസ്‌റ്റില്‍ നിന്ന്‌ മാറ്റിയപ്പോള്‍ ഏറെ വിഷമം തോന്നി. അവിടെ മരിച്ചുവെന്ന്‌ പറഞ്ഞാണ്‌ അധികൃതര്‍ കാര്യമായ അന്വേഷണമൊന്നും നടത്താതിരുന്നത്‌. എന്നിട്ടാണ്‌ പേര്‌ നീക്കിയത്‌.

പേര്‌ തിരിച്ചു കൊണ്ടു വരുന്നതില്‍ വലിയ കാര്യമൊന്നും കാണുന്നില്ല. പക്ഷേ പേര്‌ നീക്കിയത്‌ വേദനാജനകമായിരുന്നു.

തന്നെക്കാള്‍ 13 മാസം മാത്രം ഇളയതായിരുന്നു സ്‌നേഹ എങ്കിലും ചേച്ചി എ ന്നാണ്‌ താന്‍ വിളിച്ചിരുന്നത്‌. തനിക്ക്‌ അഞ്ചു വയസുളളപ്പോഴാണ്‌ അമേരിക്കയിലെത്തിയത്‌. അന്ന്‌ രണ്ടാള്‍ക്കും ഇംഗ്ലീഷ്‌ അറിയില്ല. അതിനാല്‍ ഞങ്ങള്‍ പരസ്‌പരം സഹായിച്ചു.

ലീബര്‍മാനെപ്പോലെ ഒരു സഹോദരീ ഭര്‍ത്താവിനെ ലഭിച്ചത്‌ ഭാഗ്യമാണെന്നും അശ്വിന്‍. ദുരന്തത്തിന്റെ ഓര്‍മ്മകളില്‍ നിന്ന്‌ ലീബര്‍മാന്‍ പുതിയ ജീവിതത്തിലേക്ക്‌ മാറിയതില്‍ സന്തോഷമേയുളളൂ.


Malayalam Pathram

ഡോ. സ്‌നേഹ ഫിലിപ്പ്‌: ഒരു കടംകഥ പോലെ മാഞ്ഞുപോയ നക്ഷത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക