Image

കേരളാ അസോസ്സിയേഷന്‍ ഓഫ്‌ പാം ബീച്ച്‌ ഓണാഘോഷം വര്‍ണ്ണാഭമായി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 11 September, 2011
കേരളാ അസോസ്സിയേഷന്‍ ഓഫ്‌ പാം ബീച്ച്‌ ഓണാഘോഷം വര്‍ണ്ണാഭമായി
ഫ്‌ളോറിഡ: പാം ബീച്ച്‌ കൗണ്ടിയിലുള്ള മലയാളി സമൂഹത്തിന്റെ ചിരകാലാഭിലാഷമായിരുന്ന `കേരളാ അസോസ്സിയേഷന്‍ ഓഫ്‌ പാം ബീച്ച്‌' എന്ന സംഘടനയുടെ ഔദ്യോഗിക ഉത്‌ഘാടനം സ്വാതന്ത്ര്യദിനാഘോഷത്തോടും ഓണാഘോഷപരിപാടികളോടുമൊപ്പം ലാന്റാനാ ഹോളി സ്‌പിരിറ്റ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ സെപ്‌തംബര്‍ മൂന്നാം തിയ്യതി നിര്‍വ്വഹിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്കുശേഷം താലപ്പൊലിയും ചെണ്ടമേളവും ആര്‍പ്പുവിളികളുടേയും അകമ്പടിയോടെ മാവേലിമന്നനെ എതിരേറ്റ്‌ വേദിയിലേക്ക്‌ ആനയിച്ചതോടെ വര്‍ണ്ണശബളിമയാര്‍ന്ന പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. പ്രസിഡന്റ്‌ മാത്യു തോമസ്‌ അതിഥികള്‍ക്കും സദസ്യര്‍ക്കും സ്വാഗതമാശംസിച്ചു. വിശിഷ്ടാതിഥി പാം ബീച്ച്‌ കൗണ്ടി കമ്മീഷണര്‍ ജെസ്സ്‌ സാന്റാമറിയ നിലവിളക്കു കൊളുത്തി അസോസ്സിയേഷന്റെ ഔദ്യോഗിക ഉത്‌ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

ഒരു സമൂഹത്തിന്റെ ശരിയായ വളര്‍ച്ചയുടെ ആദ്യ ചുവടുവെപ്പുകള്‍ കുടുംബങ്ങളിലാണ്‌ ആരംഭിക്കുന്നതെന്നും കുട്ടികളുടെ മാതൃക മാതാപിതാക്കളാണെന്നുമുള്ള വസ്‌തുത മറക്കരുതെന്നും തന്റെ ഉത്‌ഘാടനപ്രസംഗത്തില്‍ കമ്മീഷണര്‍ ജെസ്സ്‌ സാന്റാമറിയ ഉദ്‌ബോധിപ്പിച്ചു.ഓണക്കാലത്തെപ്പറ്റിയുള്ള സ്‌മരണകളെ തട്ടിയുണര്‍ത്തിക്കൊണ്ട്‌ ഡോ. ജഗതി നായര്‍ നല്‍കിയ ഓണസന്ദേശം ഏറെ ഹൃദ്യമായിരുന്നു.

ക്ലാസിക്കല്‍ സെമി ക്ലാസിക്കല്‍ തുടങ്ങിയ നൃത്തങ്ങള്‍ ഒരു വിഭാഗം കാഴ്‌ച വെച്ചപ്പോള്‍ മറ്റൊരു വിഭാഗം സിനിമാറ്റിക്‌ നൃത്തം കൊണ്ട്‌ അരങ്ങ്‌ തകര്‍ത്തു. ബീറ്റ്‌സ്‌ ഓഫ്‌ ഫ്‌ളോറിഡ മ്യൂസിക്കല്‍ ഗ്രൂപ്പും മറ്റു കൊച്ചു കലാപ്രതിഭകളും ചേര്‍ന്നൊരുക്കിയ സംഗീതവിരുന്ന്‌ ഏറെ ശ്രദ്ധേയമായി. വീട്ടമ്മമാരുടെ തിരുവാതിരകളിയും അസോസ്സിയേഷന്‍ ഭാരവാഹികളുടെ വള്ളംകളിയും കാണികളെ ആവേശം കൊള്ളിക്കുകയും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളുണര്‍ത്തുകയും ചെയ്‌തു. ട്രഷറര്‍ സജി ജോണ്‍സന്റെ കൃതജ്ഞതയോടുകൂടി ആഘോഷങ്ങള്‍ സമംഗളം പര്യവസാനിച്ചു. കൂടുതല്‌ വിവരങ്ങള്‍ക്ക്‌: www.keralapb.com
കേരളാ അസോസ്സിയേഷന്‍ ഓഫ്‌ പാം ബീച്ച്‌ ഓണാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക