Image

മഹാദുരന്തത്തിന്റെ സാക്ഷിയായി കെവിന്‍

Published on 11 September, 2011
മഹാദുരന്തത്തിന്റെ സാക്ഷിയായി കെവിന്‍

വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ രണ്ടു ബ്ലോക്കുകള്‍ മാത്രം അകലെ താമസിച്ചിരുന്ന ഞാന്‍ (88 ഗ്രെനിച്ച്‌ സ്‌ട്രീറ്റ്‌) ആദ്യത്തെ വിമാനം വന്നിടിച്ചതു കേട്ടാണ്‌ ഉണര്‍ന്നതെന്ന്‌ ഡോ. സ്‌നേഹ ഫിലിപ്പിന്റെ സഹോദരന്‍ കെവിന്‍ അനുസ്‌മരിക്കുന്നു. ടവറില്‍ തീ കണ്ടു. പക്ഷേ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ മനസിലായില്ല. സി.എന്‍.എന്‍ നോക്കിയപ്പോള്‍ മാധ്യമങ്ങള്‍ക്കും വ്യക്‌തമായ ധാരണയില്ലെന്ന്‌ മനസിലായി. വന്നിടിച്ചത്‌ വിമാനമാണോ മറ്റെന്തെങ്കിലുമാണോ എന്നതും ഉറപ്പില്ലായിരുന്നു.

മുറിക്കു മുന്നിലെ ടെറസില്‍ നിന്നു നോക്കുമ്പോള്‍ രണ്ടാമത്തെ വിമാനം തലക്ക്‌ മുകളിലൂടെ അലറിപ്പാഞ്ഞു വരുന്നു. വിരണ്ടു പോയ നിമിഷങ്ങളായിരുന്നു അത്‌.

അമേരിക്ക ആക്രമിക്കപ്പെട്ടിരിക്കുകയാണെന്ന്‌ ബോധ്യമായി. നോക്കി നില്‍ക്കവേ ടവറില്‍ നിന്ന്‌ എന്തോ താഴേക്ക്‌ പതിക്കുന്നത്‌ കണ്ടു. അതൊരു മനുഷ്യന്‍ എടുത്തു ചാടിയതാണെന്ന്‌ കണ്ടപ്പോള്‍ വയര്‍ കാളി. മനംപിരട്ടല്‍ അനുഭവപ്പെട്ടു.

എന്റെ കണ്ണില്‍ നിന്ന്‌ കണ്ണീര്‍ ധാരയായി ഒഴുകുന്നത്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്‌. വിറങ്ങലിച്ചു നില്‍ക്കവേ സ്‌ഫോടനത്തിന്റെ ശബ്‌ദം കേട്ടു. കണ്‍ മുമ്പില്‍ ടവര്‍ നിലംപതിക്കാനാരം ഭിച്ചു.

അതോടെ വലിയ തോതിലുളള പുകപടലം അവിടെ നിന്ന്‌ ഞങ്ങളുടെ കെട്ടിടത്തിനടുത്തേക്ക്‌ വന്നു. മുറിയില്‍ ഓടിക്കയറിയെങ്കിലും പിന്നാലെ വന്ന ശക്‌തമായ പുകപടലവും മറ്റു വസ്‌തുക്കളും മൂലം തറയില്‍ വീണു പോയി. ശരീരമാകെ കറുത്തിരുണ്ടു. സ്‌ഥലകാലബോധം തന്നെ പോയി. നിര്‍ത്താതെ ചുമച്ചു കൊണ്ട്‌ ഇഴഞ്ഞ്‌ അപ്പാര്‍ട്ട്‌മെന്റിന്‌ പുറത്തേക്ക്‌ കടന്നു. കുറച്ചുനേരം അവിടെ നിന്ന ശേഷം എലിവേറ്ററിലൂടെ 11ാം നിലയില്‍ നിന്ന്‌ താഴെ ലോബിയിലെത്തി.

അവിടെ കമ്പ്യൂട്ടറില്‍ നിന്ന്‌ സുരക്ഷിതനാണെന്ന്‌ അമ്മക്ക്‌ മെസേജ്‌ അയച്ചു. അരമണിക്കൂറോളം കഴിഞ്ഞ്‌ 11 നില നടന്നു കയറി അപ്പാര്‍ട്ട്‌മെന്റിലെത്തി. അവിടൊക്കെ കറുത്തിരുണ്ട്‌ ചപ്പുചവറ്‌ വീണു കിടക്കുന്നു. പുറത്തേക്ക്‌ നോക്കിയപ്പോള്‍ പുകപടലങ്ങള്‍ക്കിടയില്‍ `വി' ആകൃതിയില്‍ ടവറിന്റെ ഭാഗം കാണാം. അതിലൂടെ സൂര്യപ്രകാശം കടന്നു വരുന്നു. അവിടെ മരിച്ച നിരപരാധികളുടെ ആത്മാക്കള്‍ക്കായുളള പാലമായിരിക്കാം ആ പ്രകാശധാര.

കണ്ണുകള്‍ നീറുകയും തൊണ്ട വരളുകയും ചെയ്‌ത. തന്റെ ചുറ്റിലുമുളള ലോകം കരിഞ്ഞ മണം ചുറ്റി നില്‍ക്കുന്നു. അപ്പോഴത്തെ വേദനയും നഷ്‌ടബോധവും മറ്റൊരിക്കലും തോ ന്നിയിട്ടില്ല.

ദൈവമേ എന്തു കൊണ്ടാണിത്‌ സംഭവിച്ചതെന്ന്‌ ചോദിച്ചു പോയി. ലോകം മാറിപ്പോയതായി തോന്നി.

തുടര്‍ന്ന്‌ ശരീരം വൃത്തിയാക്കി ബാക്ക്‌ പായ്‌ക്കുമെടുത്ത്‌ താഴേക്ക്‌. ബില്‍ഡിംഗ്‌ സൂപ്പര്‍ എല്ലാവര്‍ക്കും മാസ്‌കുകള്‍ നല്‍കുന്നുണ്ട്‌. താഴേക്കു പോകാന്‍ അയാള്‍ പറഞ്ഞുവെങ്കിലും അതു വകവയ്‌ക്കാതെ പുറത്തു കടന്നു.

നടന്ന്‌ വാള്‍സ്‌ട്രീറ്റ്‌ വഴി സൗത്ത്‌ സ്‌ ്‌ട്രീറ്റ്‌ സീപോര്‍ട്ടിലെത്തി. അവിടെ ഒ രു വലിയ ടഗില്‍ നിറയെ അഭയാര്‍ത്ഥികളായി മനുഷ്യര്‍. ഈസ്‌റ്റ്‌ റിവര്‍ കടന്ന്‌ 33ാം സ്‌ട്രീറ്റില്‍ ഇറങ്ങി. സെക്കന്‍ഡ്‌ അവന്യൂവില്‍ ഒരു ഐറിഷ്‌ ബാര്‍ കണ്ടു. അവിടെ നിന്ന്‌ ഒരു ഡ്രിങ്ക്‌ കഴിച്ചു. ഞരമ്പുകള്‍ക്ക്‌ ഒരാശ്വാസം കിട്ടിയാലോ?

പിന്നീട്‌ ഈസ്‌റ്റ്‌ വില്ലേജില്‍ എത്തിയപ്പോള്‍ സുഹൃത്തുക്കളൊക്കെ അവിടെയുണ്ട്‌.

സ്‌നേഹയെ വിളിച്ചിട്ട്‌ കിട്ടിയില്ല. എങ്കിലും സംശയമൊന്നും തോന്നിയില്ല. അടുത്തദിവസം രാവിലെ വീട്ടില്‍ വിളിച്ചപ്പോള്‍ സ്‌നേഹയെ കണ്ടോ എന്ന്‌ അമ്മ ചോദിച്ചു. അതോടെ പേടിയായി. എങ്കിലും കുഴപ്പമൊന്നും ഇല്ലെന്ന്‌ അമ്മയെ ആശ്വസിപ്പിച്ചു.

വൈകാതെ അശ്വിന്‍ സ്‌നേഹയുടെ ഫോട്ടോ സഹിതമുളള ഫ്‌ളയറുമായി വന്നു. തുടര്‍ന്ന്‌ ആഴ്‌ചകളോളം നഗര വീഥികളില്‍ ഫ്‌ളയര്‍ കൊടുത്തു കൊണ്ടിരുന്നു.

സ്‌നേഹ ടവറിലുണ്ടായിരിക്കാമെന്ന ചിന്ത ആദ്യം തനിക്ക്‌ പോയതേയില്ല. പിന്നീട്‌ ഓരോ സാധ്യതകളും അടയുന്നത്‌ കണ്ടു. എങ്കിലും മനസിനത്‌ അംഗീകരിക്കാന്‍ കഴിഞ്ഞില്ല.

സ്‌നേഹയെക്കാള്‍ ആറു വയസിന്‌ ഇളപ്പമായിരുന്നു. തന്നെ ലാളിച്ചു വളര്‍ത്തിയ ചേച്ചിയാണ്‌ ഇല്ലാതാവുന്നത്‌. എപ്പോഴും സന്തോഷവും ഊര്‍ജസ്വലതയും നിറഞ്ഞ വ്യക്‌തിത്വമായിരു ന്നു ചേച്ചി. തനിക്ക്‌ 13 വയസുളളപ്പോള്‍ ബീറ്റില്‍സിന്റെ ട്യൂണിനൊത്ത്‌ നൃത്തം ചവിട്ടുന്നത്‌ ഓര്‍ക്കുന്നു. ഡിന്നര്‍ ടേബിളില്‍ ഏതൊരു കാര്യത്തെപ്പറ്റിയും വ്യക്‌തമായ ധാരണയോടെ സംസാരിക്കുന്നതും മനസിലുണ്ട്‌.

എന്റെ സുഹൃത്തുക്കള്‍ക്കൊക്കെ സ്‌നേഹയെ വലിയ സ്‌നേഹമായിരു ന്നു. ഇത്രയും സമര്‍ത്ഥയായ ഒരാളെ കണ്ടിട്ടില്ലെന്നായിരുന്നു പലരുടെയും അഭിപ്രായം. പലപ്പോഴും ചര്‍ച്ചകളില്‍ തത്വചിന്താപരമായ ആശയങ്ങള്‍ കടന്നുവരും. ഫാഷനും മനോഹര വ സ്‌തുക്കളും ഇഷ്‌ടപ്പെട്ടിരുന്നുവെങ്കിലും അത്‌ പൊങ്ങച്ചം കാണിക്കാനായിരുന്നില്ല.

സംഗീതം, കല, നല്ല ഭക്ഷണം, നല്ല വൈന്‍, നല്ല സ്വഭാവം തുടങ്ങി എല്ലാറ്റിനെയും സ്‌നേഹ ഇഷ്‌ടപ്പെട്ടിരുന്നു. ബോറടിച്ച്‌ ഒരിക്കലും കണ്ടിട്ടില്ല. സ്‌നേഹയെ കണ്ട ആരും സ്‌പെഷ്യ ല്‍ ആണെന്നല്ലാതെ പറയില്ല.

കാണാതാവുന്നതിന്‌ രണ്ടാഴ്‌ച മുമ്പ്‌ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒരുമിച്ച്‌ ഡിന്നര്‍ കഴിച്ചതാണ്‌. അന്ന്‌ ചികിത്സിച്ചു കൊണ്ടിരുന്ന കാന്‍സര്‍ രോഗികളുടെ വിവരങ്ങള്‍ പറയുന്നത്‌ കേട്ടാല്‍ അവരുടെ ബെസ്‌റ്റ്‌ ഫ്രണ്ട്‌ സംസാരിക്കുന്നതു പോലെ തോന്നുമായിരുന്നു.

തന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്‌ സ്‌നേഹ. എന്നും അങ്ങനെ തന്നെ ആയിരിക്കും.

(ഇമേജ്‌ ബ്രാന്‍ഡിംഗ്‌ എന്ന മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍ കമ്പനി വൈസ്‌ പ്രസിഡന്റാണ്‌ കെവിന്‍).

http://www.nytimes.com/interactive/2011/09/09/us/sept-11-reckoning/the-world-trade-center-as-it-was.html?nl=todaysheadlines&emc=thab1

മഹാദുരന്തത്തിന്റെ സാക്ഷിയായി കെവിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക