Image

ശിശിരം (കവിത)

ഷിജു എസ്. വിസ്മയ Published on 08 February, 2013
ശിശിരം (കവിത)
എന്നെ നീ കെട്ടിപുണര്‍ന്നു കുളിരണിയിക്കല്ലേ
നിന്‍റെ സ്പര്‍ശം ഇഷ്ട്ടമല്ലാഞ്ഞല്ല
ഇപ്പോള്‍ നിന്‍ ഇളം സ്പര്‍ശനവും
അസ്ഥിയെയും  മാംസത്തെയും  വരിഞ്ഞുമുറുക്കുന്നു  

ഉഷ്ണക്കാറ്റേറ്റ് വെന്തുരുകുമ്പോള്‍
ഒരിളം തലോടല്‍ കൊതിചെന്നോര്‍ക്കുക
നീ എവിടെയായിരുന്നു എന്നറിയില്ല
ഇടയ്ക്ക് വന്നുപോകുന്നതും ഞാനറിഞ്ഞു  

ഘോരമാം സ്പര്‍ശനം താങ്ങാന്‍ കഴിയാതെ
വിപണിയില്‍ തൂക്കിയിട്ടിരുന്ന
തൂവല്‍ കുപ്പായം വാങ്ങി
മാംസത്തെ പൊതിഞ്ഞു നിര്‍ത്തി
സ്വാതന്ത്ര്യമല്ലാത്ത കടന്നുകയറ്റം
കുളിരണിയിക്കാന്‍ വീണ്ടും വന്നു
ഒരു പ്രണയിനിയെ പോലെ ....

പ്രഭാതവും പ്രദോഷവും നിന്‍റെ തോഴാരോ....
രാത്രിയുടെ നിശബ്ദത നിനക്കാരെന്നു എനിക്കറിയില്ല
ഒന്ന്  മാത്രമറിയാം  നീ  അവരോടു  ചേര്‍ന്ന്  നില്‍ക്കുന്നു  

വിദൂരതയില്‍ സഞ്ചരിച്ചു
ജീവിത നാഡികളെ ചലനമറ്റ താക്കിയെന്നു കേള്‍ക്കുന്നു
ഇത്ര ഭയങ്കരിയോ.....
അല്ല....ഭയങ്കരിയല്ലെന്നെനിക്കറിയാം
നിയോഗമാകാം ..
പകയുടെ അംശം നിന്നിലില്ലെന്നു
ആശ്വസിക്കുന്നു
അങ്ങനെ ആകട്ടെ എന്നും  

നിന്‍റെ വരവും പോക്കും
ഞങ്ങള്‍ ഉത്സവമാക്കാരുണ്ട്
വിപണിയില്‍ വിലകുറച്ചും
അലങ്കാര ദീപങ്ങള്‍ തെളിയിച്ചും  

പിണങ്ങി പോകല്ലേ എന്നില്‍
നിന്നുതിര്‍ന്ന വാക്കിനാല്‍
നീ ഇടയ്ക്ക് വന്നുപോകുക
ഈ മണ്ണിനെ കുളിരണിയിക്കാന്‍ .....
പുണ്യമാക്കാന്‍
എല്ലാം മറന്നു നീ എന്നെ കെട്ടിപുണരാന്‍
കുളിരണിയിക്കാന്‍ വരണേ..
എന്‍ ശിശിരമേ....

ശിശിരം (കവിത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക