Image

ചാനല്‍ യുദ്ധം കൊഴുക്കുന്നു; പിന്നാലെ പരിഹാസങ്ങളും...വയലാര്‍ രവിയും താരമായി

Published on 12 February, 2013
ചാനല്‍ യുദ്ധം കൊഴുക്കുന്നു; പിന്നാലെ പരിഹാസങ്ങളും...വയലാര്‍ രവിയും താരമായി
സൂര്യനെല്ലിക്കേസ്‌ കാരണം പി.ജെ കുര്യനും, പാര്‍ട്ടിയില്‍ നിന്നുള്ള പുറത്താക്കല്‍ ഭീഷണികൊണ്ട്‌ വി.എസ്‌ അച്യുതാനന്ദനും നിറഞ്ഞു നിന്ന ചാനലുകളില്‍ ഒറ്റ ദിവസം കൊണ്ട്‌ വയലാര്‍ രവിയും താരമായി. അതിന്‌ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടി വന്നില്ല. ഡല്‍ഹിയില്‍ നിന്ന്‌ കേരളം വരെ വന്നപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകയോട്‌ അല്‌പം പരിധിവിട്ട്‌ കൊച്ചുവര്‍ത്തമാനം പറഞ്ഞു. അത്ര തന്നെ. വയലാര്‍ രവിയുടെ കൊച്ചുവര്‍ത്തമാനം അപ്പോള്‍ നമ്മുടെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ കേട്ടു കൊണ്ടു നിന്നെങ്കിലും അടുത്ത ദിവസം വനിതാ മാധ്യമ പ്രവര്‍ത്തകരുടെ വര്‍ഗ വികാരം ജ്വലിച്ചുയര്‍ന്നു. നെറ്റ്‌വര്‍ക്ക്‌ ഓഫ്‌ വുമണ്‍ ഇന്‍ മീഡിയയുടെ ആഭിമുഖ്യത്തില്‍ കൊച്ചി പ്രസ്‌ ക്ലബില്‍ വയലാര്‍ രവിക്കെതിരെ പ്രതിഷേധ യോഗം നടത്തി. വയലാര്‍ രവി മാപ്പ്‌ പറയണമെന്ന്‌ അസന്നിഗ്‌ധമായി പ്രസ്‌താവിക്കുകയും ചെയ്‌തിരിക്കുന്നു. മാത്രമല്ല വയലാര്‍ രവിക്കെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മ സോണിയാ ഗാന്ധിക്കും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പരാതിയും നല്‍കും. അവസാനം വയലാര്‍ജി മാപ്പുപറഞ്ഞെന്നും കേള്‍ക്കുന്നു.

ഇനി വയലാര്‍ രവി സൃഷ്‌ടിച്ച വിവാദത്തിലേക്ക്‌. സൂര്യനെല്ലികേസിലെ ഒളിവില്‍ കളിയുന്ന പ്രതി ധര്‍മ്മരാജന്‍ കഴിഞ്ഞ ദിവസം പി.ജെ കുര്യനെതിരെയുള്ള വെളിപ്പെടുത്തല്‍ മാതൃഭൂമി ന്യൂസില്‍ നടത്തി. വെളിപ്പെടുത്തല്‍ നടത്തിയത്‌ പോലീസിനു പോലും കണ്ടെത്താന്‍ കഴിയാത്ത കൂട്ടിക്കൊടുപ്പുകാരനും ബലാല്‍സംഗ വീരനുമാണെങ്കിലും വെളിപ്പെടുത്തല്‍ വെളിപ്പെടുത്തല്‍ തന്നെ. അതുകൊണ്ട്‌ ചാനല്‍ ധര്‍മ്മരാജന്റെ കമന്റുകള്‍ വന്‍ വാര്‍ത്തയാക്കി. എല്ലാ ചാനലുകളും സംഗതി ഏറ്റുപിടിക്കാതെ നിവൃത്തിയില്ലാതെ വന്നപ്പോള്‍ ധര്‍മ്മരാജനെ ലീഡ്‌ ന്യൂസാക്കി. ഒട്ടും താമസിക്കാതെ ന്യൂസ്‌ എഡിറ്റര്‍മാര്‍ തങ്ങളുടെ മാധ്യമ പ്രവര്‍ത്തകരെ നാട്ടിലുള്ള ദിവ്യന്‍മാരുടെ പ്രതികരണ ശേഖരണത്തിനായി പറഞ്ഞയച്ചു.

ഇന്ന്‌ ചാനല്‍ മാധ്യമ പ്രവര്‍ത്തനത്തിലെ പ്രധാന അജണ്ട ആരെങ്കിലും എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ ഉടന്‍ തന്നെ നാട്ടിലുള്ള സകല ദിവ്യന്‍മാരോടും പ്രസ്‌തുത വെളിപ്പെടുത്തലില്‍ പ്രതികരണം ചോദിക്കുകയാണ്‌. പുതിയ പ്രതികരണങ്ങളിലേതെങ്കിലുമൊരെണ്ണം ആദ്യ വെളിപ്പെടുത്തലിനേക്കാള്‍ എരിവുള്ളതായാല്‍ പിന്നെ അതിന്‍മേല്‍ പ്രതികരണം ശേഖരിക്കലായി അടുത്ത ജോലി. ഇങ്ങനെയാണ്‌ ഇന്ന്‌ കേരളത്തിലെ ചാനല്‍ മാധ്യമ പ്രവര്‍ത്തനം പുരോഗമിക്കുന്നത്‌ എന്നു പറയുന്നതില്‍ അതിശയോക്തിയുണ്ടോ എന്ന്‌ വായനക്കാര്‍ തീരുമാനിക്കുക.

ഈ പ്രതികരണ ശേഖരണ മാധ്യമധര്‍മ്മത്തിന്റെ ഭാഗമായിട്ടാണ്‌ പ്രസ്‌തുത റിപ്പോര്‍ട്ടര്‍മാര്‍ കഴിഞ്ഞ ദിവസം വയലാര്‍ രവിക്ക്‌ മുമ്പില്‍ ചെന്നുപെട്ടത്‌. മുന്നില്‍ കണ്ടതെല്ലാം താരതമ്യേന ജൂനിയര്‍ പെണ്‍കുട്ടികളായ മാധ്യമപ്രവര്‍ത്തകര്‍ ആയതുകൊണ്ടു തന്നെയാവണം വയലാര്‍ രവി ഒരു ജേര്‍ണലിസ്റ്റിനോട്‌ പാലിക്കേണ്ട സഭ്യത മറികടന്ന്‌ സംസാരിച്ചത്‌.

ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിലുള്ള പ്രതികരണം ചോദിച്ചപ്പോള്‍ ആദ്യമേ വയലാര്‍ രവി മാധ്യമ പ്രവര്‍ത്തകയെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചു. പിന്നീട്‌ തനിക്കെന്താ കുര്യനോട്‌ വിരോധം. വല്ല മുന്‍അനുഭവം വല്ലതുമുണ്ടായിട്ടുണ്ടോ എന്ന്‌ സഭ്യത കടന്ന്‌ ചോദിക്കുകയും പരിഹസിക്കുകയും ചെയ്‌തു.

വയലാര്‍ രവിയെന്നല്ല ആരും ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നത്‌ ഒന്നാമത്തെ കാര്യം. രണ്ട്‌ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളുടെ ഇടയില്‍ ധീക്കാരപരമായ പെരുമാറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ വയലാര്‍ രവിയുടെ പ്രസ്‌താവന. പി.സി ജോര്‍ജ്ജ്‌ നിരന്തരമായി ദളിതര്‍ക്കു നേരെയും, വനിതകള്‍ക്ക്‌ നേരെയും നടത്തുന്ന അധിക്ഷേപങ്ങള്‍ ചാനലുകളിലൂടെ ഏവരും കണ്ടിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്‌തത്‌ വയലാര്‍ രവിയേക്കാള്‍ മോശമായ രീതിയിലാണ്‌. ഒരു പൊതു പരിപാടിക്കെത്തിയ തന്റെ ചിത്രമെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ തിക്കും തിരക്കുമുണ്ടായത്‌ മമതാ ബാനര്‍ജിയെ ചൊടിപ്പിച്ചു. നല്ല അടിവാങ്ങുമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെ മമതാ ബാനര്‍ജിയുടെ ആക്രോശം. അതും പോരാഞ്ഞിട്ട്‌ മാധ്യമ പ്രവര്‍ത്തകരെ അപരിഷ്‌കൃതര്‍ എന്നും മമത കൂവി വിളിച്ചു.

എന്തുകൊണ്ട്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെ രാഷ്‌ട്രീയക്കാര്‍ ഇങ്ങനെ പെരുമാറുന്നു എന്നതിന്‌ രാഷ്‌ട്രീയക്കാരുടെ ധിക്കാരം എന്ന്‌ തന്നെയാണ്‌ പെട്ടന്നുള്ള മറുപടി. എന്നാല്‍ അതിനും അപ്പുറത്ത്‌ ഈ ആക്രോശങ്ങളുടെയും അപമാനിക്കലിന്റെയും പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്‌. വാര്‍ത്തക്കായുള്ള പരക്കം പാച്ചിലിനിടയില്‍ തകര്‍ക്കപ്പെടുന്ന മാധ്യമ നിലവാരത്തിന്റെ പ്രശ്‌നം കൂടിയാണിത്‌.

മാധ്യമ പ്രവര്‍ത്തകരോട്‌ വയലാര്‍ രവി പൊട്ടിത്തെറിച്ചതിനു പിന്നില്‍ നിങ്ങളിങ്ങനെ തൊട്ടതിനും പിടിച്ചതിനും എന്നോട്‌ ചോദിക്കാന്‍ വരേണ്ട എന്ന ഒളിയമ്പുണ്ടായിരുന്നു. വയലാര്‍ രവിക്ക്‌ പറയേണ്ട കാര്യങ്ങള്‍ കൈവിട്ട്‌ പോയപ്പോള്‍ ചാനല്‍ മാധ്യമങ്ങളോട്‌ ഇത്‌ മര്യാദക്ക്‌ അവതരിപ്പിച്ച ഒരു രാഷ്‌ട്രീയ നേതാവുമുണ്ട്‌. അത്‌ നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്‌.

മാധ്യമങ്ങളുടെ പ്രതികരണ ശേഖരണം അതിരുവിട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടി ഒരിക്കല്‍ തീര്‍ത്തു പറഞ്ഞതാണ്‌, ഇങ്ങനെ വഴി തടഞ്ഞുള്ള ചോദ്യങ്ങള്‍ ചാനല്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണം. എനിക്ക്‌ പറയാനുള്ളത്‌ പത്രസമ്മേളനം നടത്തി പറയും എന്ന്‌. എന്നാല്‍ അത്‌ പ്രാവര്‍ത്തികമാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക്‌ കഴിഞ്ഞില്ല. എന്നാല്‍ ഇത്‌ അക്ഷരംപ്രതി നടപ്പാക്കിയിട്ടുള്ള ഒരു പുലിയുണ്ട്‌ ഇന്ത്യയില്‍. അത്‌ മറ്റാരുമല്ല തമിഴ്‌നാടിന്റെ തലൈവി ജയലളിത തന്നെ. ജയലളിതയുടെ മുമ്പില്‍ മൈക്കുമായി ചെന്ന്‌ നില്‍ക്കണമെങ്കില്‍ അവരുടെ പ്രൈവറ്റ്‌ സെക്രട്ടറി അനുവദിക്കണം. കേരളത്തിലേത്‌ പോലെ രാഷ്‌ട്രീയക്കാര്‍ എവിടെ പോയാലും പുറകെ മൈക്കുമായി ചെല്ലുന്ന പരിപാടി ജയലളിതയുടെ അടുത്ത്‌ ഇന്നേ വരെ കണ്ടിട്ടില്ല. ചെന്നാല്‍ വിവരമറിയും എന്നത്‌ തന്നെ കാരണം. പക്ഷെ അതില്‍ ഇതുവരെ ഒരു മാധ്യമ പ്രവര്‍ത്തകനും പ്രതകരിച്ചു കണ്ടിട്ടുമില്ല. പക്ഷെ മമതയും ജയലളിതയും പുലര്‍ത്തുന്നത്‌ തികഞ്ഞ ഫാസിസമാണ്‌ എന്നതിലും സംശയമില്ല.

പക്ഷെ കേരളത്തില്‍ രാഷ്‌ട്രീയക്കാരുടെ ഫാസിസം ഇതുവരെയില്ല. പക്ഷെ എങ്ങനെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം ന്യൂസ്‌ റൂമിന്‌ പുറത്ത്‌ പ്രതികരണ ശേഖരണവും ന്യൂസ്‌ റൂമിനുള്ളില്‍ ഇരയെ ഭേദ്യം ചെയ്യലുമായിരിക്കുന്നു എന്നത്‌ പരിശോധിക്കേണ്ടത്‌ തന്നെയാണ്‌. ബസന്തിന്റെയും വയലാര്‍ രവിയുടെയും തനിനിറം പുറത്തു കൊണ്ടു വന്നത്‌ ശരി തന്നെ. പക്ഷെ അത്‌ വലപ്പോഴും വീണു കിട്ടുന്ന നുറുങ്ങുകളാണ്‌. ബാക്കിയെല്ലായിപ്പോഴും നമ്മുടെ പ്രതികരണ ശേഖരണ വിദഗ്‌ധര്‍ ചെയ്യുന്നത്‌ വെറും രാഷ്‌ട്രീയക്കാരന്റെ വായ്‌മൊഴികള്‍ ഒപ്പിയെടുക്കുക മാത്രമാണ്‌.

കേരളത്തില്‍ ഒരു ചാനല്‍ യുദ്ധം അരങ്ങേറുന്നുവെന്നതാണ്‌ ഇതിന്റെ അണിയറ രഹസ്യം. കുറച്ചു ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മാതൃഭൂമി ന്യൂസും ഇപ്പോള്‍ മീഡിയ വണ്‍ ചാനലും കൂടി എത്തിക്കഴിഞ്ഞപ്പോള്‍ ചാനല്‍ യുദ്ധം കൊഴുക്കുക തന്നെയാണ്‌. വാര്‍ത്തയാക്കേണ്ടതും ഒഴിവാക്കേണ്ടതും വിവേചിക്കാതെ എല്ലാം ബ്രേക്കിംഗ്‌ ന്യൂസ്‌ ആവുന്നത്‌ ഈ യുദ്ധത്തിന്റെ ബാക്കി പത്രമാണ്‌. അതിന്റെ പരിണിത ഫലമാണ്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെയുള്ള പരിഹാസങ്ങള്‍ എന്നതും അംഗീകരിക്കണം.

എട്ടോളം മുഴുവന്‍ സമയ വാര്‍ത്താ ചാനലുകളുള്ള കേരളത്തില്‍ വാര്‍ത്തക്കായുള്ള നെട്ടോട്ടം ഇനി എങ്ങനെയെല്ലാം ഗതിമാറുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. ലളിതമായൊന്ന്‌ ശ്രദ്ധിച്ചു നോക്കു. ഈ ചാനലുകള്‍ക്കെല്ലാം ഒരേ വാര്‍ത്തകളും, ഒരേ ശൈലിയുമാണ്‌. ഒരോ വെളിപ്പെടുത്തല്‍ വരുമ്പോഴും ഇത്‌ ഞങ്ങള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നു എന്ന്‌ ബ്രേക്കിംഗ്‌ ന്യൂസിട്ട്‌ പറയുമെന്ന്‌ മാത്രം. റിമോര്‍ട്ട്‌ കണ്‍ട്രോളില്‍ അടുത്ത ചാനലിലേക്ക്‌ ബട്ടണ്‍ അമര്‍ത്തിയാല്‍ ആദ്യത്തെ ചാനല്‍ തങ്ങളുടേതെന്ന്‌ പറഞ്ഞ വാര്‍ത്ത, യാതൊരു സംശയവുമില്ലാതെ രണ്ടാമത്തെ ചാനലും ഞങ്ങളുതേത്‌ എന്ന്‌ പറയും. പിന്നെ ഇടക്കിടെ ഞങ്ങളാണ്‌ ആദ്യം പുറത്തു വിട്ടത്‌ എന്ന തര്‍ക്കവും നടക്കും.

സൂര്യനെല്ലി കേസിലാണ്‌ ഈ ``ആദ്യം ഞങ്ങള്‍'' പരിപാടിയുടെ സത്യാവസ്ഥ ജനങ്ങള്‍ ശരിക്കും ആസ്വദിച്ചത്‌. എല്ലാ ചാനലുകളിലും കാണുന്നത്‌ ഒരേ വെളിപ്പെടുത്തല്‍. എല്ലാ ചാനലുകളും പറയുന്നു ഇത്‌ ഞങ്ങളുടേത്‌. സത്യത്തില്‍ ഈ ചാനലുകളില്‍ ഏത്‌ കണ്ടാലും കാര്യമായ വിത്യാസമൊന്നുമില്ല. സ്വന്തമായി ഒരു ഫോക്കസോ വാര്‍ത്തയോ നമ്മുടെ ചാനലുകള്‍ കണ്ടെത്തുന്നത്‌ വളരെ വിരളമായിട്ടാണ്‌.

റേറ്റിംഗില്‍ മുമ്പിലെത്തുക എന്ന വലിയ കടമ്പയാണ്‌ ഇവിടെ ന്യൂസ്‌ ചാനലുകള്‍ക്കുള്ള വെല്ലുവിളി. റേറ്റിംഗില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയില്ലെങ്കില്‍ പരസ്യവരുമാനം നന്നേകുറയുമെന്നതാണ്‌ കാരണം. ചാനലുകളുടെ ന്യൂസ്‌ നൈറ്റ്‌ എന്ന ചര്‍ച്ചാ പരിപാടി ശ്രദ്ധിക്കു. ന്യൂസ്‌ ചാനലുകള്‍ ഇപ്പോള്‍ ചര്‍ച്ചക്ക്‌ ആളെ തിരഞ്ഞെടുക്കുന്നതില്‍ ഒരു രഹസ്യ അജണ്ടയുണ്ട്‌. നര്‍മ്മബോധത്തോടെ ചര്‍ച്ച ചെയ്യാന്‍ വിരുതുള്ളവരെ ചാനലുകള്‍ തങ്ങളുടെ സ്ഥിരം ചര്‍ച്ചാ തൊഴിലാളിയാക്കാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ കൂടൂതല്‍ ഉച്ചത്തില്‍ വീറോടെ വാദിക്കാന്‍ കഴിയുന്നവരെ. കാര്യഗൗരവത്തോടെ പക്വതയോടെ വിഷയം ചര്‍ച്ച ചെയ്യുന്നവരെ ചാനലുകള്‍ അധികം പ്രമോട്ട്‌ ചെയ്യാറില്ല.

വന്നുവന്ന്‌ നര്‍മ്മ ബോധമുള്ള മികച്ച ചര്‍ച്ച തൊഴിലാളി ഒമ്പതു മണിയുടെ ന്യൂസ്‌ നൈറ്റിന്റെ തങ്ങളുടെ ചാനലിലാണ്‌ ഉണ്ടാവുക എന്ന്‌ എട്ടു മണിക്കു തന്നെ പരസ്യം ചെയ്യാനും ചാനലുകള്‍ ആരംഭിച്ചിരിക്കുന്നു. മത്സര വിപണയില്‍ പിടിച്ചു നില്‍ക്കാനുള്ള ഈ തന്ത്രങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ തൊഴിലാളികള്‍ അടിച്ചു വിടുന്നത്‌ വിവരക്കേടാണോ, വസ്‌തുതകളാണോ എന്നൊന്നും പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല.

2011 - 2012 കാലഘട്ടത്തില്‍ കേരളത്തിലെ മാധ്യമങ്ങളിലേക്ക്‌ ഒഴുകിയ മൊത്തം പരസ്യവരുമാനം 1300 കോടി രൂപയായിരുന്നു. ഇതില്‍ ഭൂരിഭാഗവും ഇപ്പോഴും വന്നു വീഴുന്നത്‌ പത്രമാധ്യമങ്ങളുടെ പോക്കറ്റിലാണ്‌. 450 കോടിയുടെ പരസ്യവരുമാനമാണ്‌ ചാനലുകളിലേക്ക്‌ എത്തിയത്‌. ഇതിന്റെ അറുപത്‌ ശതമാനവും നേടിയത്‌ പ്രധാന എന്റര്‍ടെയിന്റ്‌മെന്റ്‌ ചാനലുകളാണ്‌. എന്റര്‍ടെയിന്‍മെന്റ്‌ ചാനലുകള്‍ക്ക്‌ ശേഷം മാത്രമേ പരസ്യ വരുമാനം ന്യൂസ്‌ ചാനലുകളെ തേടി വരുന്നുള്ളു. കേരളത്തിലെ ന്യൂസ്‌ ചാനലുകളുടെ വ്യൂവര്‍ഷിപ്പ്‌ ഇപ്പോഴും വെറും പതിനൊന്ന്‌ ശതമാനം എന്നതാണ്‌ കാരണം. ഇവിടെ റേറ്റിംഗില്‍ ആദ്യസ്ഥാനങ്ങള്‍ നേടിയില്ലെങ്കില്‍ പരസ്യവരുമാനം കുറയുകയും അത്‌ ഉള്ളടക്കത്തെയും ക്വാളിറ്റിയെയും ബാധിക്കുകയും ചെയ്യും. മൊത്തത്തില്‍ ചാനലിന്റെ നിലനില്‍പ്പ്‌ തന്നെ ബാധിക്കും.

അതൊഴിവാക്കണമെങ്കില്‍ പ്രതികരണ ശേഖരണം വിപുലപ്പെടുത്തണം. ഏത്‌ മൂന്നാം കിട പ്രതികരണവും മുന്‍നിര വാര്‍ത്തയാവണം. നാളത്തെ പത്രത്തില്‍ ഒരു കോളം വാര്‍ത്തയാകാന്‍ പോകുന്നത്‌ ഇന്നത്തെ ബ്രേക്കിംഗ്‌ ന്യൂസാവണം. ന്യൂസ്‌ നൈറ്റില്‍ കോമഡിക്കാര്‍ ചര്‍ച്ചാ തൊഴിലാളികളായി എത്തണം. ഇതെല്ലാം ചേര്‍ന്ന്‌ പതിയെ പതിയെ പിന്നോട്ട്‌ തള്ളുന്നത്‌ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യബോധത്തെയാണ്‌.

അങ്ങനെ വരുമ്പോള്‍ ചാനല്‍ യുദ്ധം ഇനിയും കൊഴുക്കട്ടെ...അപ്പോള്‍ വയലാര്‍ജിമാര്‍ വീണ്ടും പരിഹാസങ്ങള്‍ നിരത്തുമോ... കാത്തിരുന്ന്‌ കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക