Image

മണ്‍മറഞ്ഞ കവി, ഡി. വിനയചന്ദ്രന്‌ യാത്രാമൊഴി (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 12 February, 2013
മണ്‍മറഞ്ഞ കവി, ഡി. വിനയചന്ദ്രന്‌ യാത്രാമൊഴി (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
ജീവിതത്തെ കവിതയ്‌ക്കായി ഉഴിഞ്ഞു വച്ച്‌, കവിതയെ മാത്രം പ്രണയിച്ച്‌, വിവാഹജീവിതം പോലും വേണ്ടെന്നു വച്ച്‌, ആധുനിക കവിതയുടെ വഴിത്താരകളിലൂടെ എകാന്തപഥികനായി സഞ്ചരിച്ച പ്രഗത്ഭനും, മാതൃകാദ്ധ്യാകനുമായിരുന്ന കാവ്യോപാസകന്‍ !

സ്വന്തം വിശപ്പിന്റെ ഭൗതികതലത്തില്‍ നിന്നും അന്യന്റെ വിശപ്പിന്റെ ആത്മീയതലത്തിലേക്കുള്ള പരിണാമമാണ്‌്‌ വിനയചന്ദ്രന്റെ കവിതകളില്‍ നിഴലിക്കുന്നത്‌. ശ്ലഥബിംബങ്ങളുടെയും മാഞ്ഞുമറയുന്ന സമൃതിചിത്രങ്ങളുടെയും നൂലാടകളാണ്‌്‌ വിനയചന്ദ്രന്റെ പല കവിതകളും. ആത്യന്തികമായി പരമസത്യത്തിലേക്കുള്ള വഴികള്‍ ഓരോന്നും മഹാപ്രസ്ഥാനത്തിലേക്ക്‌ ചേരുന്ന നാട്ടുനടവഴിത്താരകളത്രേ ആ കവിതകള്‍. രതിയും പ്രേമവും വിനയചന്ദ്രന്റെ കവിതകളില്‍ നഗ്നമായും തരളമായും കടന്നുവന്നു. ആധുനികതയുടെ തിരുവോണത്തോണിയില്‍ത്തന്നെയാണ്‌്‌ വിനയചന്ദ്ര കവിതകള്‍ നില്‍ക്കുന്നത്‌.
`വീട്ടിലേക്കുള്ള വഴി'യില്‍,

`അമ്മയില്ലാത്തവര്‍ക്കേതു വീട്‌ ?
ഇല്ല വീട്‌, എങ്ങെങ്ങുമേ വീട്‌
കാട്ടുവഴികള്‍ കടത്തിണ്ണകള്‍

**** ****

വീട്ടിലേക്കല്ലോ വിളിക്കുന്നു തുമ്പയും
കാട്ടുകിളിയും കടത്തുവള്ളങ്ങളും
വീട്ടില്‍ നിന്നല്ലോയിറങ്ങിനടക്കുന്നു
തോറ്റവും ചിങ്ങനിലാവും കരച്ചിലും-'.

കവി വിനയചന്ദ്രനുമായുള്ള എന്റെ ബന്ധം, എന്റെ അഞ്ചാമത്തെ കവിതാസമാഹാരമായ `ഗലീലയുടെ തീരങ്ങളില്‍' ന്‌ അവതാരിക എഴുതി അനുഗ്രഹിച്ചു എന്നള്ളതാണ്‌. എന്റെ ജന്മസ്ഥലമായ `കടമ്പനാട്‌' എന്ന ശാന്തസുന്ദരമായ ഗ്രാമത്തിനടുത്ത `കല്ലട'യാണ്‌ വിനയചന്ദ്രന്റെയും ജന്മദേശം.

കല്ലടയാറിന്റെ ശാലീനതയില്‍ കവിതയെഴുതുകയും അതു ചൊല്ലി ആത്മീയാനന്ദം കണ്ടെത്തുകയും ചെയ്‌ത്‌, അതില്‍ നിര്‍വൃതി നേടിയ വിനയചന്ദ്രന്റെ ആത്മാവ്‌ കാവ്യസുരലോകത്ത്‌ സശ്രീകം വിശ്രമിക്കട്ടെയെന്ന്‌്‌ പ്രാര്‍ത്ഥിക്കുന്നു. കാവ്യനഭസ്സില്‍ ആ കാവ്യതാരകം ശോഭിക്കട്ടെയെന്ന്‌ ആശംസിക്കുന്നു.
മണ്‍മറഞ്ഞ കവി, ഡി. വിനയചന്ദ്രന്‌ യാത്രാമൊഴി (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക