Image

സിഎംസിക്കും, കുഞ്ഞാപ്പുവിനും, ജയന്‍ വര്‍ഗീസിനും ലാന ത്രൈമാസ അംഗീകാരം

ജോയിച്ചന്‍ പുതുക്കുളം Published on 12 February, 2013
സിഎംസിക്കും, കുഞ്ഞാപ്പുവിനും, ജയന്‍ വര്‍ഗീസിനും ലാന ത്രൈമാസ അംഗീകാരം
ചിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (ലാന) ആഭിമുഖ്യത്തില്‍ അമേരിക്കയിലെ മലയാളി എഴുത്തുകാരെ ആദരിക്കുന്നതിന്റെ ഭാഗമായി ഓരോ ത്രൈമാസ കലയളവിലും പ്രസിദ്ധീകരിക്കപ്പെടുന്ന കൃതികളില്‍ നിന്നും മികച്ചവയെ തെരഞ്ഞെടുക്കുന്ന പദ്ധതി പ്രകാരം 2012 ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട താഴെപ്പറയുന്ന കൃതികള്‍ തെരഞ്ഞെടുക്കപ്പെട്ടു.

ചെറുകഥ- `മടക്കയാത്ര' (സിഎംസി), കവിത- `വളര്‍ച്ച' (ഡോ. ജോയി കുഞ്ഞാപ്പു), ലേഖനം- `സ്വപ്‌നങ്ങള്‍ വീണുടയുമ്പോള്‍' (ജയന്‍ വര്‍ഗീസ്‌).

Eമലയാളി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ മൂന്നു കൃതികളും കഴിഞ്ഞ ത്രൈമാസ കാലയളവില്‍ മികച്ച രചനകളായി ലാന കമ്മിറ്റി വിലയിരുത്തി.

ചെറുകഥാ വിഭാഗത്തിലെ മികച്ച കൃതിയായി തെരഞ്ഞെടുക്കപ്പെട്ട `മടക്കയാത്ര' സിഎംസിയുടെ പ്രശസ്‌ത ചെറുകഥാ സമാഹാരമായ `നേര്‍വരകള്‍' എന്ന ഗ്രന്ഥത്തിലെ ശ്രദ്ധേയമായ കഥകളിലൊന്നാണ്‌. അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ജീവിതഗന്ധിയായ നിരവധി ചെറുകഥകള്‍ രചിച്ചിട്ടുള്ള സിഎംസി അമേരിക്കയിലെ ഏറ്റവും മികച്ച ചെറുകഥാകൃത്തുക്കളിലൊരാളാണ്‌. സൂസന്‍ വര്‍ഗീസ്‌ എന്ന നഴ്‌സിന്റെ ഹൃദയം നുറുക്കുന്ന ദുരന്താനുഭവങ്ങളിലൂടെ അമേരിക്കന്‍ മലയാളി കുടുംബങ്ങളിലെ അവഗണിക്കപ്പെട്ട്‌ കഴിയുന്ന വീട്ടമ്മമാരുടെ കണ്ണുനീരിന്റെ കഥ ഹൃദയസ്‌പര്‍ശിയായി വര്‍ണ്ണിക്കുന്ന `മടക്കയാത്ര' സിഎംസിയുടെ മികച്ച ചെറുകഥകളില്‍ വേറിട്ട വായനാനുഭവം നല്‍കുന്നു.

കവിതാ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട `വളര്‍ച്ച' എന്ന ഗദ്യകവിത ഡോ. ജോയി ടി. കുഞ്ഞാപ്പുവിന്റെ അര്‍ത്ഥവത്തായ കവിതകളിലൊന്നാണ്‌. മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇരട്ട ഡോക്‌ടറേറ്റ്‌ ബിരുദങ്ങള്‍ കരസ്ഥമാക്കിയ ഡോ. കുഞ്ഞാപ്പു വിഖ്യാതമായ കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്നും പോസ്റ്റ്‌ ഡോക്‌ടറല്‍ ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്‌. ശാസ്‌ത്രമേഖലയില്‍ നൂറോളം ലേഖനങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം രണ്ട്‌ പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സമീപകാലത്തായി മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌.

`സ്വപ്‌നങ്ങള്‍ വീണുടയുമ്പോള്‍' എന്ന ലേഖനത്തിന്റെ കര്‍ത്താവായ ജയന്‍ വര്‍ഗീസ്‌ രണ്ടുതവണ കേരള സംഗീതനാടക അക്കാഡമി അവാര്‍ഡ്‌ നേടിയ സാഹിത്യപ്രതിഭയാണ്‌. ഓള്‍ ഇന്ത്യാ റേഡിയോയില്‍ അദ്ദേഹത്തിന്റെ നാടകങ്ങള്‍ സംപ്രേഷണം ചെയ്‌തിട്ടുണ്ട്‌. അമേരിക്കയില്‍ എത്തിയതിനുശേഷം നിരവധി ലേഖനങ്ങളും കവിതകളും അമേരിക്കന്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നു.
സിഎംസിക്കും, കുഞ്ഞാപ്പുവിനും, ജയന്‍ വര്‍ഗീസിനും ലാന ത്രൈമാസ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക