Image

മനോരഥോത്സവം (ഒരു വാലന്റൈന്‍ കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)

Published on 13 February, 2013
മനോരഥോത്സവം (ഒരു വാലന്റൈന്‍ കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)
ഭാരതീയിതിഹാസങ്ങളില്‍ സ്‌നേഹത്തിന്റെ ദേവന്‍ കാമദേവനാണു. സൃഷ്‌ടിക്ക്‌ മുമ്പ്‌ ജന്മമെടുത്ത ഈ ദേവനെ മനുഷ്യ മനസ്സുകളിലെ പൗരുഷമായി വിവരിച്ചിരിക്കുന്നു. എല്ലാ ഹൃദയങ്ങളിലും മനോരഥം എന്നൊരു രഥം അങ്ങനെ തയ്യാറായി കിടക്കുന്നുണ്ട്‌. സ്‌പര്‍ശനം (ത്വക്ക്‌) ശബ്‌ദം (ചെവി) രസം (നാക്ക്‌) രൂപം (കണ്ണു) ഗന്ധം (മൂക്ക്‌) തുടങ്ങിയവയുടെ ആവശ്യപ്രകാരമാണ്‌ രഥത്തിന്റെ ചലനം. മനുഷ്യ ശരീരത്തില്‍ കാമോദ്ദീപകമായ വലയങ്ങള്‍ ഉണ്ടെന്നും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളനുസരിച്ച്‌ ശരീരത്തിലും വേലിയേറ്റവും വേലിയിറക്കവുമുണ്ടാകുന്നുവെന്നു ആര്‍ഷഭാരതത്തിലെ ഋഷിമാര്‍ കണ്ടെത്തിയിരുന്നു.ശുക്ലപക്ഷത്തില്‍ വികാരം തള്ളവിരലില്‍ നിന്നും നെറ്റിത്തടത്തിലേക്ക്‌ പതഞ്ഞ്‌ കയറുന്നപോലെ കൃഷ്‌ണ പക്ഷത്തില്‍ അത്‌ താഴോട്ടിറങ്ങന്നു.

തൂക്കികൊല്ലാന്‍ വിധിക്കപ്പെട്ട്‌ കാരാഗൃഹത്തില്‍ കഴിഞ്ഞിരുന്ന വാലന്റയിന്‍ എന്ന പാതിരിക്ക്‌ ജയിലറുടെ അന്ധയായ മകളില്‍ അനുരാഗം ജനിക്കുകയും അവരുടെ ആത്മബന്ധത്തിന്റെ പവിത്രതയും, ആഴവും മൂലം പെണ്‍കുട്ടിക്ക്‌ കാഴ്‌ച കിട്ടുകയും അവള്‍ക്ക്‌ അവസാനമായി പാതിരി കുറിച്ച പ്രേമസന്ദേശത്തിന്റെ ഒടുവില്‍ `നിന്റെ വലന്റയിന്‍' എന്നെഴുതിയെന്ന്‌ വിശ്വസിച്ചുകൊണ്ട്‌ തണുപ്പ്‌ തങ്ങി നില്‍ക്കുന്ന ഫെബ്രുവരി മാസത്തിന്റെ `അരയില്‍'(ഫെബ്‌ 14) ചാര്‍ത്തുന്ന അരഞ്ഞാണം പോലെ വാലന്റയിന്‍ സുദിനം ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍ ഭാരതാംബ അവരുടെ എല്ലാ നന്മകളോടും കൂടി ആ കഥയെക്കുറിച്ച്‌ മൗനം പാലിക്കയാണ്‌. ഭാരതത്തിന്റെ മണ്ണില്‍ പിറക്കാത്തതായി എന്തുണ്ടു എന്നറിയണമെങ്കില്‍ ചരിത്രത്തിന്റെ താളുകളിലേക്ക്‌ കണ്ണോടിക്കണം.

ശിലായുഗത്തിന്റെ രണ്ടാം ഘട്ടത്തില്‍ അതായ്‌ത്‌ ക്രിസ്‌തുവിനു ആറായിരം വര്‍ഷങ്ങള്‍ക്ക്‌മുമ്പ്‌ ഗുഹകള്‍ക്കുള്ളില്‍ വര്‍ണ്ണ ചിത്രങ്ങള്‍ വരച്ച അനുഗ്രഹീത ചിത്രകാരന്മാര്‍ ഭാരതത്തിലുണ്ടായിരുന്നു. ക്രിസ്‌തുവിനു അയ്യായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിലവിലിരുന്നു എന്നു വിശ്വസിക്കുന്ന ഹാരപ്പന്‍ സംസ്‌കാരത്തില്‍ സ്‌നേഹ സുദിനം കൊണ്ടാടിയിരുന്നതായി സൂചനകളുണ്ട്‌. ജോലിസ്‌ഥലത്ത്‌ നിന്നും ഭാര്യമാരെ സന്ദര്‍ശിക്കാന്‍ പൂക്കളുമായി ഭര്‍ത്താക്കന്മാര്‍ എത്തുമ്പോള്‍ ചപ്പാത്തി പരത്തിക്കൊണ്ടിരിന്നിരുന്ന ഭാര്യമാര്‍ മാവ്‌ പുരണ്ട കൈകളില്‍ ചപ്പാത്തി വടിയുമായി അവരെ എതിരേല്‍ക്കാന്‍ പടിക്കലേക്ക്‌ ഓടുകയും അവരെ ആലിംഗനം ചെയ്യുകയും ചെയ്‌തിരുന്നുവത്രെ. വലത്തെ കയ്യില്‍ അവര്‍ പിടിച്ചിരുന്ന ചപ്പാത്തി പരത്തുന്ന വടിയും ഈ സ്‌നേഹപ്രകടനത്തില്‍ ഒരു ഘടകമാകുന്നതിനാല്‍ ഈ ദിവസത്തെ ബലന്‍ ദായെ ദിന്‍ (ബലന്‍ = ചപ്പാത്തി പരത്തുന്ന വടി, ദായെം - വലത്‌ , ദിന്‍ = ദിവസം) എന്നു വിളിച്ചു പോന്നു. സഹസ്രാബ്‌ദങ്ങള്‍ക്ക്‌ ശേഷം ഭാരതം ബ്രിട്ടീഷ്‌ അധീനത്തില്‍ ആയപ്പോള്‍ സായിപ്പന്മാര്‍ ഈ പദത്തെ `വലന്റയിന്‍ ഡെ' എന്നു ഉഛരിച്ചു. തമിഴ്‌ നാട്ടിലും ഒരു ദിവസം യുവതീയുവാക്കള്‍ പരസ്‌പരം മധുരം കൈമാറുക പതിവായിരുന്നു. `ബെക്ലം തായെന്‍' ( ബെല്ലം = ശര്‍ക്കര , തായേന്‍ = തന്നാലും) സിനിമ ഗാനത്തില്‍ പറഞ്ഞാല്‍ ` നീ മധു പകരൂ' എന്നു പാടി തമിഴ്‌ യുവതീയുവാക്കള്‍ ഈ ദിനം ആഘോഷിച്ചിരുന്നു.

പതിനൊന്നാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ബില്‍ഹാന എന്ന കവിയുടെ കഥക്ക്‌ പാശ്‌ചാത്യര്‍ പറയുന്ന വലൈന്റിന്റെ കഥയുമായി സാദൃശ്യമുണ്ട്‌. സുന്ദരിയും ചെറുപ്പക്കാരിയുമായ രാജകുമാരിയെ പഠിപ്പിക്കാന്‍ ബില്‍ഹാന നിയുക്‌തനായി. ഗുരു ശിഷ്യ ബന്ധം പ്രണയത്തിലേക്ക്‌ വഴുതി പോയപ്പോള്‍ രാജാവ്‌ കോപിച്ച്‌ കവിയെ തൂക്കി കൊല്ലാന്‍ വിധിച്ചു. തൂക്കുമരത്തിലേക്ക്‌ കൊണ്ടുപോകുമ്പോള്‍ ബില്‍ഹാന രചിച്ച 50 വരികളുള്ള കവിതയില്‍ കവിക്ക്‌ രാജകുമാരിയോടുള്ള സ്‌നേഹത്തിന്റെ സാന്ദ്രത ഉള്‍ക്കൊള്ളുന്ന വിധം ചേതോഹരമായി വര്‍ണ്ണിച്ചിരുന്നു. കവിയുടെ സ്‌നേഹപാരമ്യം കണ്ട്‌ രാജാവ്‌ കവിക്ക്‌ മാപ്പ്‌ നല്‍കി. ക്രമേണ രാജകുമാരിയെ വിവാഹം ചെയ്‌ത്‌ കൊടുത്തു. ഹര്‍ഷ ചക്രവര്‍ത്തിയുടെ മദന മഹോത്‌സവം എന്ന സംസ്‌കൃത നാടകം കാമദേവനു വേണ്ടി കൊണ്ടാടുന്ന ഉത്സവത്തെപ്പറ്റിയാണ്‌. കാമദേവനെ പ്രതിഷ്‌ഠിച്ച അമ്പലങ്ങളില്‍ സ്‌ത്രീകള്‍ നിത്യദര്‍ശനം ചെയ്‌തിരുന്നു. മദ്യ ലഹരിയില്‍ ആടുകയും പാടുകയും ചെയ്‌തിരുന്ന വരവിലാസിനിമാരെപ്പറ്റിയും വിവരണങ്ങള്‍ ഉണ്ട്‌. വസന്ത ഋതുവില്‍ കൊണ്ടാടിയിരുന്ന കാമമഹോത്സവങ്ങളില്‍ കന്യകമാര്‍ അനുരൂപരായ വരന്മാരെ കിട്ടുവാനും സുമംഗലിമാര്‍ പതികളെ ദീര്‍ഘായുസ്സുള്ളവരാക്കാനും പ്രാര്‍ഥിച്ചിരുന്നു. ഈ ഉത്സവം ശിശിര ഋതുവില്‍ കേരളക്കരയില്‍ കൊണ്ടാടുന്ന തിരുവാതിരക്ക്‌ സമമാണു.

താമരയിലകളില്‍ കൈനഖങ്ങള്‍ കൊണ്ട്‌ പ്രേമലേഖനം എഴുതിയിരുന്ന കുമാരിമാര്‍ ഭാരതത്തിലുണ്ടായിരുന്നു. കാമസൂത്രം എഴുതിയ വാത്സ്യായനും നാട്യശസ്ര്‌തം രചിച്ച ഭരത മുനിയും പിറന്നത്‌ ഭാരതത്തിലാണ്‌. വാത്സ്യായനന്റെ കാമസൂത്രത്തില്‍ നിന്നും പ്രചോദനം കൊണ്ട ഒരു ഋഷി സ്ര്‌തീയുടെ പ്രായത്തെ നാലായി തിരിക്കുകയും ഏതു ഋതുവില്‍ ഏത്‌ പ്രായക്കാര്‍ ഉത്തമരെന്നും എഴുതി വച്ചു. 16 വയസ്സു വരെയുള്ള പെണ്‍കുട്ടി ബാല, 17 മുതല്‍ 30 വയസ്സു വരെ തരുണി, 31 മുതല്‍ 50 വരെ പ്രൗഡ, 51 മുതല്‍ വൃദ്ധ. ഇതില്‍ വൃദ്ധയെ ഒരു കാലത്തും കൊള്ളില്ലെന്നും ബാലയെ ഗ്രീഷ്‌മത്തിലും ശരത്തിലും (മേടം, എടവം, ചിങ്ങം, കന്നി) തരുണിയെ ഹേമന്തത്തിലും , (തുലാം, വ്രുശ്‌ചികം, ധനു, മകരം) പ്രൗഡയെ വര്‍ഷത്തിലും , വസന്തത്തിലും (മിഥുനം, കര്‍ക്കിടകം, കുംഭം, മീനം) പുരുഷനു കൂട്ടിനു ഉപയോഗിക്കാമെന്നു വിവരിച്ചിട്ടുണ്ട്‌.

രതി ശില്‍പ്പങ്ങള്‍ക്ക്‌ പ്രസിദ്ധമാണ്‌ ഭാരതം. കൊണാര്‍ക്കിലേയും ഖജുറാവിലേയു രതി ശില്‍പ്പങ്ങള്‍ സദാചാര സീമകള്‍ ലംഘിക്കുന്നവയാണ്‌. വൈവിദ്ധ്യമാര്‍ന്ന മൈഥുന രീതികള്‍ വളരെ സൂക്ഷ്‌മമായി കരിങ്കല്ലില്‍ ഇവിടെ കൊത്തിവച്ചിരിക്കുന്നു. ഒരു പക്ഷെ ഒരെ രീതി മാത്രം അറിഞ്ഞും അനുഷ്‌ഠിച്ചും ജീവിതം വിരസമായി തോന്നുന്നവര്‍ക്ക്‌ പരീക്ഷിക്കാന്‍ വേണ്ടിയാണൊ ഈ പ്രതിമശില്‍പ്പങ്ങള്‍ നിര്‍ലജ്‌ജരായി നില്‍ക്കുന്നത്‌ എന്ന്‌ അവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ തോന്നാവുന്നതാണു. സംഭോഗശ്രുംഗാരം അതിന്റെ പാരമ്യതയില്‍ പ്രകടമാക്കുന്ന കൃതിയാണു ജയദേവന്റെ ഗീതഗോവിന്ദം. യമുന തീരത്തെ സുഗന്ധ രജനികളില്‍ ഗോപികമാരുടെ കൊങ്കതടങ്ങള്‍ തടവുന്ന ഗോപകുമാരനെ കാണാന്‍ കങ്കണശിജ്‌ഞിതങ്ങളോടെ പാദസരങ്ങളുടെ അകമ്പടിയോടെ പോകുന്ന രാധ മായാമാധവനുമായി രതിസുഖം പങ്കിടുന്നതും അതിന്റെ അനുഭൂതിയില്‍ അലിയുന്നതും ജയദേവന്‍ നിസ്സങ്കോചം വിവരിച്ചിട്ടുണ്ട്‌. രാധാ-കൃഷ്‌ണന്മാരുടെ രതിലീലകള്‍ വര്‍ണ്ണിക്കുന്ന ഈ ക്രുതി സ്‌നേഹത്തിന്റെ യഥാര്‍ഥ അനുഭവം പരകീയ ഭാവത്തിലാണെന്നു പ്രകടമാക്കുന്നു. രാധ വേറെ ഏതോ ഗോപാലന്റെ ഭാര്യയായിരിക്കെ മുരളിയൂതുന്ന കൃഷ്‌ണന്റെയടുത്തേക്ക്‌ പോകുന്നു. അതാണു പരകീയ ഭാവം. സ്വകീയമെന്നാല്‍ ഒരാളുടെ സ്വന്തമെന്നര്‍ഥം. ഗീതാഗോവിന്ദത്തില്‍ രാധ കൃഷ്‌ണനോട്‌ പറയുന്നു `ചന്ദന ശീതളമായ നിന്റെ കൈകളാല്‍ പൂജാ കലശം പോലെയുള്ള എന്റെ കുളിര്‍ മുലകളില്‍ മൃഗമദം കൊണ്ട്‌ നീ ഒരില ചിത്രം വരച്ച്‌ അലങ്കരിക്കുവെന്ന്‌.'

പുരാതന ഭാരതത്തില്‍ പരസ്ര്‌തീയെ കാമിക്കുന്നതും അവളെ പ്രാപിക്കാന്‍ ശ്രമിക്കുന്നതും സാഹസമാണെന്ന്‌ പറയുമ്പോള്‍ തന്നെ അതു ശ്രമിക്കാന്‍ യോഗ്യമായ വിനോദമാണെന്നും പറയുന്നു. കാരണം രതിചക്രം ഉരുളുമ്പോള്‍ ശാസ്ര്‌തവും, ക്രമവുമില്ലെന്ന്‌ വാത്സ്യായനന്‍ ഓര്‍മിപ്പിക്കുന്നു. കാളിദാസന്റെ രഘുവംശം എന്ന കാവ്യത്തിലെ അഗ്നിവര്‍ണ്ണന്‍ എന്ന രാജാവ്‌ മടിയില്‍ വക്കാന്‍ യോഗ്യമായി രണ്ട്‌ സാധനങ്ങളെയുള്ളുവെന്ന്‌ വിശ്വസിച്ചിരുന്നു. ഒന്ന്‌ വീണയും മറ്റത്‌ സുന്ദരിയായ തരുണിയും. വിദഗധ ഹസ്‌തങ്ങളില്‍ സംഗീതോപകരണങ്ങളില്‍ നിന്നും അഭൗമ രാഗങ്ങള്‍ ഒഴുകി വരുന്ന പോലെ സ്‌ത്രീയും ഉപയോഗിക്കാന്‍ അറിയുന്നവരുടെ കൈകളില്‍ മാത്രം അവളുടെ ശക്‌തി സൗന്ദര്യങ്ങള്‍ പ്രകടമാക്കുന്നു. ലൈംഗികസംതൃപ്‌തിക്ക്‌ മാത്രമായുള്ള ഉപകരണമായി പുരുഷന്‍ സ്‌ത്രീയെ കാണുമ്പോള്‍ അവനു നഷ്‌ടപ്പെടുന്നത്‌ ജീവിതത്തിന്റെ മധുവാണു. അമ്രുതാണു. നിഷ്യന്ദിയായ ആ മധു, പാനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉന്മാദ ലഹരിക്ക്‌ പകരം സ്‌ത്രീയെ ലൈംഗിക വസ്‌തുവായി കരുതുന്നവനു കിട്ടുന്നത്‌ പട്ട ചാരായത്തിന്റെ കറക്കമാണ്‌. വയാഗ്രുളികകളും അതേപോലേയുള്ള ഔഷധങ്ങളും തേടി കാശും കളഞ്ഞ്‌ ഫലമിക്ലാതെ നിരാശപ്പെടുന്നവര്‍ ഭാരതത്തിലെ ഋഷികള്‍ സമ്മാനിച്ച ഗ്രന്ഥങ്ങള്‍ പഠിച്ച്‌ നിത്യ യൗവ്വനം നേടേണ്ടതാണ്‌.

മഹാഭാരതമനുസരിച്ച്‌ ശ്വേതകേതുവും പിതാവ്‌ ഉദ്ദാലകനുമാണു വിവാഹമെന്ന കര്‍മ്മത്തിന്റെ സുസ്‌ഥാപകര്‍. അന്നത്തെക്കാലത്തെ രീതിയനുസരിച്ച്‌ തനിക്ക്‌ പുത്രനെ ജനിപ്പിക്കാന്‍ ഒരു ബ്രഹ്‌മണന്‍ ശ്വേതകേതുവിന്റെ അമ്മയെ ആവശ്യപ്പെട്ടു. ഒരു സ്‌ത്രീക്ക്‌ ഒരാള്‍ മാത്രം ഭര്‍ത്താവ്‌ എന്നു ശ്വേതകേതു അന്നെഴുതിവച്ചു.കൂടാതെ ജന്മനാല്‍ അന്ധനായ ദീര്‍ഘതമസ്സുംല്‌പസ്ര്‌തീ അവളുടെ ജീവിതകാലത്ത്‌ല്‌പഭര്‍ത്താവായി ഒരാളെ മാത്രമേ സ്വീകരിക്കാവൂ എന്ന്‌ എഴുതിവച്ചിരുന്നു. ഭര്‍ത്താവ്‌ മരിച്ചാലും ഇട്ടേച്ച്‌ പോയാലും അവര്‍ വേറൊരാളെ സ്വീകരിക്കാന്‍ പാടില്ല. സ്‌ത്രീകളോട്‌ ചെയ്‌ത ഈ കടുംകൈക്ക്‌ പിന്നില്‍ ഒരു കഥയുണ്ട്‌. ദീര്‍ഘതമസ്സിന്റെ പത്‌നി സുന്ദരിയും ചെറുപ്പക്കാരിയുമായിരുന്നു. അവര്‍ക്കാ കിഴവന്‍ ദീര്‍ഘതമസ്സിനെ വിട്ട്‌ അനുയോജ്യനായ ചെറുപ്പകാരനെ വരിക്കണമെന്ന്‌ മോഹമുണ്ടായിരുന്നു. അതറിഞ്ഞ്‌ കോപിഷ്‌ഠ്‌നായ ദീര്‍ഘതമസ്സുണ്ടാക്കിയ നിയമം ഇന്നും സ്‌ത്രീകളെ വേട്ടയാടുന്നു. നിര്‍ഭാഗ്യമെന്നു പറയെട്ടെ പുരുഷമേധാവിത്വം അന്നും ഇന്നും വിജയക്കൊടി പാറിക്കുന്നു.

പ്രേമം അഭൗമ സുന്ദരമായ ഒരനുഭൂതിയാണു. അത്‌ തെളിഞ്ഞ ഹൃദയങ്ങളില്‍ നിന്ന്‌ പനിനീരുപോലെ ഒഴുകുന്നു. പ്രേമാര്‍ദ്രമായല്‌പഒരു ഹൃദയമില്ലെങ്കില്‍ ഹ്രുദയാവര്‍ജ്‌ജകമായ ഭാവനാസൃഷ്‌ടികള്‍ ഉണ്ടാകുമായിരുന്നോ എന്നറിയില്ല. ഒരു പക്ഷെ വര്‍ത്തമാന കാലത്തെ അരക്ഷിതാവസ്‌ഥയില്‍ സാങ്കേതിക വിദ്യകള്‍ ഉമ്മാക്കി കാണിക്കുമ്പോള്‍ മരുഭൂമിയാകുന്ന മനസ്സുകളില്‍ അവിഹിതമായി ജനിക്കുന്ന ശബ്‌ദങ്ങളായിരിക്കും ആധുനിക കവിതയെന്ന പേരില്‍ നമ്മെ തുറിച്ചു നോക്കുന്ന ജാരസന്തതികള്‍. ബലാത്സംഗം, ഗര്‍ഭഛിദ്രം, വിവാഹമോചനം, കൊല്ല്‌, കൊല, കളവ്‌ എന്നിവ സാധാരണയാകുമ്പോള്‍ നവരസങ്ങളിലെ ഏറ്റവും സുന്ദരമായ ശൃംഗാര രസം അപ്രത്യക്ഷമാകുകയും ബീബത്സം നിറഞ്ഞ്‌ നില്‍ക്കുകയും ചെയ്യുന്നത്‌ സ്വാഭാവികം.

എവിടെ പ്രേമമുണ്ടോ അവിടെ ഹൃദയഹാരികളായ കവിതകള്‍, ഗീതങ്ങള്‍ ഉണര്‍ന്ന്‌ വരുന്നു. അനുഗ്രഹീതരായ ചില കവികളുടെ ഗീതങ്ങള്‍ ഇവിടെ കടമെടുക്കുന്നു. ഹ്രുദയ സരസ്സില്‍ പ്രണയപുഷ്‌പങ്ങള്‍ വിടരുമ്പോള്‍, മാരിയില്‍ വേനലില്‍ മാറിലിളം ചൂടേറ്റ്‌ രാവുറങ്ങാന്‍ മനസ്സ്‌ കൊതിക്കുമ്പോള്‍ പ്രണയ ശില്‍പ്പികള്‍ പകല്‍ സ്വപ്‌നത്തിന്റെ പവനുരുക്കുമ്പോള്‍ നിമിഷം തോറും മായിക നിര്‍ജ്‌ജരികള്‍ നൂപുര ധ്വനികള്‍ കാതോര്‍ക്കുമ്പോള്‍ പുഷ്‌പപാദുകങ്ങള്‍ പുറത്ത്‌ വച്ച്‌ ചക്രവര്‍ത്തിനിന്മാര്‍ കാത്തു നില്‍ക്കുമ്പോള്‍ നഗ്നപാദരായി അവരെ അകത്തേക്ക്‌ വിളിക്കാന്‍ മനസ്സ്‌ വെമ്പുമ്പോള്‍ അധരം കൊണ്ട്‌ അധരത്തില്‍ അമ്രുത്‌ നിവേദിക്കുന്ന അസുലഭ നിര്‍വൃതിയറിയുമ്പോള്‍ ജീനെവാലെ സോച്ച്‌ലേ, യഹി വക്‌ത്‌ ഹെ കര്‍ലെ പൂരി ആര്‍ജു..(ജീവിച്ചിരിക്കുന്നവരെ ചിന്തിക്കു ഇതാണാ സമയം നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുക) കടുക്ക കഷായം കാച്ചി തന്ന്‌ കബളിപ്പിക്കുന്ന കാഷായ വസ്‌ത്രക്കാരോടും ഈ ഭൂമിയില്‍ ഒന്നുമില്ല എല്ലാം മരണശേഷമ്മാണെന്നു വിശ്വസിപ്പിക്കുന്നവരോടും, നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍ സ്വര്‍ഗ്ഗ പ്രാപ്‌തിയുണ്ടാകുമെന്ന്‌ വിശ്വസിക്കുന്നല്‌പമൂഡന്മാരോടും വിടപറഞ്ഞ്‌കൊണ്ട്‌ ഹ്രുദയം തുറന്ന്‌ പാടുക.. ജില്‍ മില്‍ സിത്താരൊം ക ആംഗന്‍ ഹോഗ,, രിംജിം ബറസത്ത സാവന്‍ ഹോഗ, അയ്‌സ സുന്ദര്‍ സ്വ്‌പന അപ്പന ജീവന്‍ ഹോഗ... ( മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ അലങ്കരിക്കുന്ന ഒരു വീട്ടു മുറ്റവും, സംഗീതം പൊഴിച്ച്‌്‌ കൊണ്ട്‌ പെയ്‌തൊഴുകുന്ന വര്‍ഷകാലവും ഒരു സ്വപ്‌നം പോലെ നമ്മുടെ ജീവിതവും)

ജീവിതം ശ്രേയ്‌സ്‌കരമാക്കുന്നതിനുള്ള നാല്‌ ജീവിത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌ കാമം. മറ്റുള്ളവ യഥാക്രമം ധര്‍മ്മം, അര്‍ഥം, മോക്ഷം. വേദങ്ങളില്‍ കാമത്തെ മനുഷ്യ മനസ്സിന്റെ ആഗ്രഹമായി പ്രതിപാദിക്കുന്നു. ആഗ്രഹം അവനെ തൊട്ടുണര്‍ത്തുന്ന അവസ്‌ഥയില്‍ ഒറ്റപ്പെട്ട ഒരനുഭവം തോന്നുകയും അപ്പോള്‍ മറ്റേയാളെ അറിയാന്‍ കൗതുകം ജനിക്കയും ചെയ്യുന്നു. അങ്ങനെ ഞാന്‍ , അവന്‍, നീ, അവള്‍, എന്ന വേര്‍തിരിവുണ്ടാകുന്നു. മനുഷ്യമനസ്സുകളുടെ ഭാവ ചലനങ്ങളും പ്രക്രുതിയുടെ നിറങ്ങളും, സ്വരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന്‌ കാളിദാസന്റെ ഋതുസംഹാരം സാക്ഷ്യം വഹിക്കുന്നു. ശെഫാലികപുഷ്‌പത്തിന്റെ മധുരഗന്ധം, മരഛായകളില്‍ വിശ്രമിക്കുന്ന പക്ഷികളുടെ കളകൂജനം , പെണ്മാനിന്റെ മോഹിപ്പിക്കുന്ന മിഴികള്‍, എല്ലാം പുരുഷ ഹൃദയങ്ങളെ ഭ്രമിപ്പിക്കുന്നു. വേട്ടയാടാന്‍ ഓടിച്ച ഒരു മാനിന്റെ കണ്ണുകള്‍ അന്തഃപുരത്തിലെ സുന്ദരിമാരുടെ കണ്ണുകളെ ഓര്‍മ്മിപ്പിച്ചത്‌ മൂലം ദശരഥന്‍ല്‌പഅതിനെ വിട്ടു കളഞ്ഞെന്ന്‌ രഘുവംശത്തില്‍ പറയുന്നു. സുന്ദരിയായ പെണ്ണിന്റെ തുടയെ കദളിവാഴ തടിയോട്‌ ഉപമിക്കുന്നതിനെപ്പറ്റി കാളിദാസന്‍ പറയുന്നതിങ്ങനെ വാഴക്ക്‌ ഉരുണ്ട മിനുസമുള്ള തടിയുണ്ടെങ്കിലും തൊടുമ്പോള്‍ അസുഖകരമായ തണുപ്പുള്ളതിനാല്‍ ചൂടുള്ള പാര്‍വ്വതിയുടെ തുടയെ അതിനോട്‌ ഉപമിക്കാന്‍ കഴിയില്ലെന്നാണ്‌.

കരിമ്പ്‌കൊണ്ടാണു കാമദേവന്റെ വില്ല്‌ തീര്‍ത്തിരിക്കുന്നത്‌. ഞാണായി തേനീച്ചകളും. തത്തയും പ്രാവും കാമദേവന്റെ വാഹനങ്ങളാണ്‌. ഇന്നത്തെ മഹാരാഷ്‌ട്രയില്‍ എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ രാജാവായിരുന്ന ഹാല എന്ന രാജാവ്‌ സ്വയം ഒരു കവിയും, കവികളെ പ്രോത്സാഹിപ്പിക്കുന്ന സഹൃദയനുമായിരുന്നു. മുക്‌തകങ്ങളിലൂടെ കാവ്യാത്മകവും, കാല്‍പനികവുമായല്‌പഭാവങ്ങള്‍ പകര്‍ന്ന്‌ കവികളുടെ രചനകള്‍ ചേര്‍ത്ത്‌ ഗാഥാസപ്‌തഷ്‌ടി എന്ന പേരില്‍ എഴുന്നൂറോളം കവിതകളുടെ സമാഹാരം അദ്ദേഹം തയ്യാറാക്കി. അവയിലെ ചില കവിതകള്‍ പരിശോധിക്കാം. ശങ്കിച്ച്‌ കൊണ്ട്‌ കരിമ്പ്‌ പിഴിഞ്ഞാല്‍ നീരു വരില്ല (കാമദേവന്റെ വില്ല്‌്‌ കരിമ്പാണെന്നെ ഓര്‍ക്കുക) അതേപോലെ അണിഞ്ഞൊരുങ്ങി രാത്രിയില്‍ കാമുക സവിധത്തിലേക്ക്‌ പോകുന്ന യുവതിയോട്‌ ആളുകള്‍ ചോദിക്കുന്നു. ഈ രാത്രി ഒറ്റക്ക്‌ നീ എവിടെ പോകുന്നു. പുഞ്ചിരി തൂകി കൊണ്ട്‌ അവള്‍ മറുപടി പറയുന്നു. അമ്പും വില്ലും ധരിച്ച്‌ ഒരാള്‍ എന്റെ കൂടെയുള്ളത്‌ കാണുന്നില്ലേ? എന്ന്‌. വിദ്യാപതിയുടെ ഒരു ഗാനം ഇങ്ങനെ മൊഴിമാറ്റം ചെയ്യാം. `ഇവിടെ സ്‌നേഹമുണ്ട്‌, അവിടെ സുഗന്ധമുണ്ട്‌, അവിടെ മാമ്പൂക്കള്‍ വിരിയുന്നു, കുയിലുകള്‍ പഞ്ചമം പാടുന്നു. കാലം അനുകൂലമായി നില്‍ക്കുന്നു. തേന്‍ നുകര്‍ന്നും പൂമ്പൊടി മണത്തും തേനീച്ചകള്‍ അന്തരീക്ഷത്തില്‍ പറന്നു പൊങ്ങുന്നു. കാമദേവന്‍ രഹസ്യമായി മലരമ്പുകള്‍ ആവനാഴിയില്‍ നിറക്കുകയാണു. വിരിഞ്ഞ്‌ നില്‍ക്കുന്ന പൂക്കളെ കാമദേവന്‍ ബാണങ്ങളായി ഉപയോഗിക്കുന്നുവെന്നാണ്‌ വിശ്വാസം. അതുകൊണ്ടാണു ശകുന്തളയെ കണ്ട്‌ കമ്പം മൂത്ത ദുഷ്യന്തന്‍ ചോദിക്കുന്നത്‌ `പൂവ്വമ്പുകള്‍ക്ക്‌ ഇത്ര മൂര്‍ച്ചയുള്ള മുനയെങ്ങനെ ഉണ്ടായിയെന്ന്‌.' നവമാലിക, അശോകം, ചൂതം (മാമ്പൂ) അരവിന്ദം, നീലോല്‍പ്പ ലം എന്നീ അഞ്ചു പുഷ്‌പങ്ങളാണ്‌ കാമദേവന്റെ പഞ്ചശരങ്ങള്‍. വൈകുന്നേരത്തിനു ശേഷം വിരിയുന്ന വെള്ളിനിറമുള്ള നവമാലിക പൂക്കള്‍ പെണ്ണുങ്ങള്‍ക്കും വണ്ടുകള്‍ക്കും ഏറെ പ്രിയമാണത്രെ.

ശിവന്റെ തൃക്കണു കൊണ്ട്‌ എറിഞ്ഞപ്പോള്‍ ചാമ്പലായ കാമദേവനു അനംഗന്‍ (ശരീരമില്ലാത്തവന്‍) എന്ന പേരു കൂടിയുണ്ട്‌. ശരീരമില്ലാത്തവനായത്‌ കൊണ്ട്‌ ആ ദേവന്‍ നമ്മില്‍ പ്രവേശിക്കുന്നു. ആ ദേവനെ എതിരേല്‍ക്കുക, പൂജിക്കുക, എന്തിനാണു ഓടിച്ചുകളയുന്നത്‌. ഏകപത്‌നിവൃതവും, ചാരിത്ര്യവും മനുഷ്യ സമൂഹത്തിനു ആവശ്യമായത്‌കൊണ്ട്‌ അദ്ദേഹത്തെ നിയന്ത്രിക്കുന്നത്‌ നല്ലതാണു. സാധാരണക്കാരെപോലെ എഴുത്തുകാരില്‍ പലരും ശ്രീരാമചന്ദ്രന്മാരല്ല അവര്‍ ശ്രീക്രുഷ്‌ണന്മാരാണ്‌ `എന്റെ വലയിന്റിനാകുക' എന്നു പറയാന്‍ അവര്‍ക്ക്‌ പതിനാരായിരത്തെട്ടു പേരുണ്ടാകും. എന്നാല്‍ എല്ലാ ശ്രീരാമചന്ദ്രന്മാര്‍ക്കും പൊന്നും വളയിട്ട പ്രിയതമമാരുടെ കൈകളില്‍ ചുംബിച്ച്‌ കൊണ്ട്‌ അവരോട്‌ പറയാം ` ബി മൈ വലന്റയിന്‍' അപ്പോള്‍ `എന്നെന്നും' എന്ന പ്രിയതമമാരുടെ വിധേയ സ്വരം കേട്ട്‌ ആത്മനിര്‍വ്രുതി നേടാം. ഓരോ വര്‍ഷവും വലന്റയിന്‍ ദിനം പുതുമകളുമായി വന്നു മനുഷ്യ മനസ്സുകളെ ആനന്ദിപ്പിക്കട്ടെ. കൊതി തീരും വരെല്‌പഇവിടെ പ്രേമിച്ച്‌്‌ മരിച്ചവരുണ്ടോ എന്ന്‌ പാടിപോകുന്ന ആ ദിനത്തിന്റെ വരവിനായി എല്ലാവര്‍ഷവും കാത്തിരിക്കാം.

(കുറിപ്പ്‌ ഃ ഈ ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്ന ആദ്യത്തെ ഹിന്ദി ഗാനം `വക്‌ത്‌' എന്ന ഹിന്ദി സിനിമയില്‍ ആശാ ഭോസലെ ആലപിച്ച പ്രശസ്‌ത ഗാനമാണ്‌. രണ്ടാമത്തേത്‌ `ജീവന്‍ മൃത്യു' എന്ന ഹിന്ദി സിനിമയില്‍ റാഫിയും ലതയും കൂടി പാടിയതാണ്‌. ആസ്വാദന ശക്‌തിയും അര്‍ഥം മനസ്സിലാക്കാനുള്ള കഴിവും നഷ്‌ടപ്പെട്ടിട്ടില്ലാത്ത മദ്ധ്യവയസ്‌കര്‍ക്കും ഈ ഗാനം മുഴുവന്‍ കേട്ട്‌ യൗവ്വന നാളുകള്‍ വീണ്ടെടുക്കാവുന്നതാണ്‌.)
മനോരഥോത്സവം (ഒരു വാലന്റൈന്‍ കുറിപ്പ്‌: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക