Image

എന്തുകൊണ്ട്‌ വി.എസ്‌ ഇനിയും പുറത്താക്കപ്പെടുന്നില്ല?

Published on 14 February, 2013
എന്തുകൊണ്ട്‌ വി.എസ്‌ ഇനിയും പുറത്താക്കപ്പെടുന്നില്ല?
കേരളത്തില്‍ സിപിഎമ്മിന്റെ ആഭ്യന്തര യുദ്ധം ഒരു കഥയില്ലാ കാഴ്‌ചയായി മാറിയിട്ട്‌ കാലങ്ങളായി. വി.എസും പാര്‍ട്ടിയിലെ പിണറായി പക്ഷവും തമ്മിലുള്ള തുറന്ന പോര്‌ വാര്‍ത്തയാകുന്നതും തെരുവിലെത്തുന്നതും ഇതിപ്പോള്‍ എത്രാമത്തെ തവണയാണ്‌. എന്നിട്ടും ഇതേവരെയും വി.എസിനെ പാര്‍ട്ടി പുറത്താക്കുകയോ, വി.എസ്‌ പാര്‍ട്ടിക്ക്‌ പുറത്തു വരുകയോ ചെയ്‌തിട്ടില്ല. ഒരു സംഘടനയുടെ നിലവാരം പതിയെ പതിയെ താഴേക്ക്‌ പോയി എന്നത്‌ മാത്രമാണ്‌ ഈ തുടര്‍ നാടകം കൊണ്ട്‌ സംഭവിച്ചത്‌.

ഈ നാടകത്തിന്റെ ഏറ്റവും ഒടുവിലത്തെ ചാപ്‌റ്റര്‍ ഇങ്ങനെയാണ്‌. ലാവ്‌ലിന്‍ കേസ്‌ സംബന്ധിച്ച്‌ പിണറായി വിജയന്‍ കുറ്റക്കാരന്‍ തന്നെയെന്ന്‌ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന്‌ വി.എസ്‌ അച്യുതാനന്ദനെതിരെ നടപടി ആവശ്യപ്പെടാന്‍ സംസ്ഥാന ഘടകം തീരുമാനിച്ചു. പ്രതിപക്ഷ സ്ഥാനത്ത്‌ നിന്നു തന്നെ വി.എസിനെ മാറ്റുക എന്നതാണ്‌ സംസ്ഥാന ഘടത്തിന്റെ ആവശ്യം. സംസ്ഥാന ഘടകം ഇതുസംബന്ധിച്ച പ്രമേയം പോളിറ്റ്‌ബ്യൂറോയിക്ക്‌ സമര്‍പ്പിക്കുന്നു. അവയ്‌ലബിള്‍ പി.ബി കൂടി തീരുമാനമെടുക്കണമെന്നും സംസ്ഥാന ഘടകം ആവശ്യപ്പെടുന്നു. അടുത്ത ദിവസം തന്നെ വി.എസ്‌ മാധ്യമ പ്രവര്‍ത്തകരുടെ മുമ്പില്‍ ഒരു ബോംബ്‌ പൊട്ടിച്ചു. പ്രതിപക്ഷ സ്ഥാനത്തു നിന്നും നീക്കാനുള്ള തീരുമാനത്തിന്‌ തന്റെ കൈയ്യില്‍ മറുപടി ഇല്ലെന്ന്‌ കരുതേണ്ട എന്നായിരുന്നു വി.എസിന്റെ വെല്ലുവിളി.

അധികം താമസിയാതെ തന്നെ പ്രകാശ്‌ കാരാട്ടിന്റെ വെളിപ്പെടുത്തലുമെത്തി. സംസ്ഥാന ഘടകത്തിന്റെ പ്രമേയത്തെക്കുറിച്ച്‌ അറിയില്ലെന്നായിരുന്നു പ്രകാശ്‌ കാരാട്ടിന്‌ പറയാനുണ്ടായിരുന്നത്‌. തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ നിന്നും പ്രകാശ്‌ കാരട്ടിന്‌ ഒരു കാര്യമറിയാന്‍ പത്തു മുപ്പത്‌ ദിവസം വേണ്ടി വരുമോ എന്നൊന്നും ഇവിടെ ചോദിക്കുന്നതില്‍ അര്‍ഥമില്ല. തല്‍ക്കാലം പ്രകാശ്‌ കാരട്ടിനെ ഇതിനെക്കുറിച്ചൊന്നും അറിയില്ല. അത്രതന്നെ. മാത്രമല്ല അവയ്‌ലബിള്‍ പി.ബി കൂടുന്നില്ലെന്നും പ്രകാശ്‌ കാരട്ട്‌ പറഞ്ഞു. ഇത്രമാത്രമേയുള്ളു ഒരു സിപിഎം പ്രതിസന്ധിയുടെ കഥ.

സ്ഥിരമായി അരങ്ങേറുന്ന ഈ കഥയുടെ ഒരു ഏകദേശ രൂപം ഇങ്ങനെയാണ്‌. പ്രത്യേകിച്ച്‌ ജനകീയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാനില്ലാത്തതിനാല്‍, എ.കെ.ജി സെന്ററില്‍ വട്ടം കൂടി സഖാക്കള്‍ വി.എസിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യും. വി.എസ്‌ ഒരു തെമ്മാടി തന്നെയെന്ന്‌ അര്‍ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കും. പോളിറ്റ്‌ബ്യൂറോയെ വരച്ച വരയില്‍ നിര്‍ത്തി വി.എസിനെ പുറത്താക്കിയിട്ടേ ബാക്കി കാര്യമുള്ളു എന്ന്‌ കണ്ണൂരിലെ ജയരാജന്‍മാര്‍ അലറി വിളിക്കും. കോടിയേരി പിന്താങ്ങും. അതോടെ പിണറായി വിജയന്റെ മനസും നിറയും. എങ്ങാനും വല്ല മേഴ്‌സികുട്ടിയമ്മയോ, പീരപ്പന്‍കോട്‌ മുരളിയോ എതിര്‍ത്താലായി. തുടര്‍ന്ന്‌ ദാ ഇപ്പോ വി.എസ്‌ പുറത്തു പോയത്‌ തന്നെയെന്ന്‌ വിശ്വസിച്ച്‌ മാധ്യമങ്ങള്‍ നാട്ടിലുള്ള സാഖക്കളുടെ പുറകെ പായും. ന്യൂസ്‌ നൈറ്റില്‍ വി.എസ്‌ വിരുദ്ധന്‍ ഭാസുരേന്ദ്രബാബു അടക്കമുള്ള പിണറായിപക്ഷ ബുദ്ധിജീവികള്‍ വി.എസിനെ പരസ്യമായി ചീത്ത വിളിക്കും. ഇതിനെയൊക്കെ അഡ്വക്കേറ്റ്‌ ജയശങ്കര്‍ പരിഹസിച്ച്‌ പ്രതിരോധിക്കും. അടുത്ത ദിവസം പോളിറ്റ്‌ ബ്യൂറോയിക്ക്‌ ശേഷം പ്രകാശ്‌ കാരാട്ടിന്റെ പത്രസമ്മേളനത്തില്‍ വി.എസ്‌ എന്ന വാക്കൊഴികെ എല്ലാം വിശദീകരിക്കപ്പെടും. അവസാനം മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കും എന്താണ്‌ വി.എസ്‌ വിഷയത്തിലെ നടപടി. പ്രകാശ്‌ കാരട്ട്‌ ഉടനെ തിരിച്ചു ചോദിക്കും. വി.എസുമായി എന്തുവിഷയം. വി.എസ്‌ പാര്‍ട്ടിയെ നയിക്കും. അതോടെ ഒരു റൗണ്ട്‌ കോലാഹലങ്ങള്‍ക്ക്‌ അവസാനമാകും.

അപ്പോള്‍ പിന്നെ കഴിഞ്ഞ ദിവസങ്ങള്‍ നടന്ന കൊലവിളിയും രാഷ്‌ട്രീയ ബഹളങ്ങളും എന്തായിരുന്നുവെന്ന്‌ മാത്രം ആരും ചോദിക്കരുത്‌. ഈ നാടകം ഇങ്ങനെ കാണാന്‍ തുടങ്ങിയിട്ട്‌ എത്രയോ നാളായിരിക്കുന്നു. പണ്ടൊക്കെയിത്‌ ബ്രാഞ്ച്‌ തലം തൊട്ട്‌ പാര്‍ട്ടി അണികള്‍ക്ക്‌ വരെ ചോദ്യം ചെയ്യാമായിരുന്നു. സിപിഎമ്മില്‍ ആഭ്യന്തര ജനാധിപത്യം നിരോധിച്ചതില്‍ പിന്നെ അതിനും വഴിയില്ല.

കുറച്ചുനാള്‍ മുമ്പ്‌ വി.എസിന്റെ വിശ്വസ്‌തരായ മൂന്ന്‌ പഴ്‌സണല്‍ സ്റ്റാഫ്‌ അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. വാര്‍ത്ത ചോര്‍ത്തലായിരുന്നു അച്ചടക്ക നടപടിക്ക്‌ കാരണം. പക്ഷെ നടപടിയെടുത്ത്‌ സംസ്ഥാന ഘടകത്തിലെ ദിവ്യന്‍മാര്‍ സമയം പോക്കിയതല്ലാതെ മറ്റൊന്നുമുണ്ടായില്ല. കാരണം സംസ്ഥാന ഘടകത്തിന്റെ അച്ചടക്ക നടപടി കേന്ദ്രനേതൃത്വം തടഞ്ഞു വെച്ചു. അങ്ങനെ പിണറായി വിജയന്‍ നടപടിയെടുത്തവരെല്ലാം ഇപ്പോഴും വി.എസിന്റെ കൂടെ തന്നെ നടക്കുന്നുണ്ട്‌.

മാതൃഭൂമി ന്യൂസ്‌ ചാനലില്‍ നല്‍കിയ വിവാദ അഭിമുഖത്തില്‍ വി.എസ്‌ മുമ്പില്ലാത്ത വിധം പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തെ കടന്നാക്രമിച്ചപ്പോള്‍ ഒരു കാര്യം കൂടി ഏറെ ശ്രദ്ധേയമായിരുന്നു. സാധാരണ പിണറായി വിജയനെയും കൂട്ടരെയും വിമര്‍ശിക്കുന്ന വി.എസ്‌ ഇത്തവണ പോളിറ്റ്‌ ബ്യൂറോയെയും വിമര്‍ശിച്ചിരുന്നു. സത്യം പറഞ്ഞതുകൊണ്ടാണ്‌ തന്നെ പോളിറ്റ്‌ ബ്യൂറോയില്‍ നിന്നും പുറത്താക്കിയത്‌ എന്നായിരുന്നു വി.എസിന്റെ വിമര്‍ശനം. പോളിറ്റ്‌ ബ്യൂറോയെ വി.എസ്‌ ഇത്തരത്തില്‍ അടച്ച്‌ വിമര്‍ശിക്കുന്നത്‌ ആദ്യമായിട്ടായിരുന്നു. എന്നിട്ടും വി.എസിനു മേല്‍ ഇപ്പോഴും ശിക്ഷാ നടപടിയും സിപിഎം സ്വീകരിച്ചിട്ടില്ല എന്നതാണ്‌ അത്ഭുതമാകുന്നത്‌. അതിനേക്കാള്‍ അത്ഭുതമാണ്‌ തനിക്കെതിരെ കുറ്റപ്പെടുത്തലുകളുള്ള പി.കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളുന്നതുവരെ പാര്‍ട്ടി ഫോറങ്ങളിലേക്കില്ല എന്ന വി.എസിന്റെ നിലപാട്‌. പാര്‍ട്ടി ഫോറങ്ങളില്‍ പങ്കെടുക്കില്ല എന്നതരം നിലപാട്‌ ഇനി വി.എസ്‌ അല്ല ആരായിരുന്നാലും ഒരു കേഡര്‍ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കേണ്ടതല്ല. പക്ഷെ എന്നിട്ടും വി.എസിന്റെ പാര്‍ട്ടിയിലെ പ്രഭാവത്തിന്‌ ഒന്നും സംഭവിക്കുന്നില്ല.

പോളിറ്റ്‌ ബ്യൂറോയെ പോലും വിശ്വാസമില്ലാത്ത സാഹചര്യത്തില്‍, സംസ്ഥാന നേതൃത്വത്തെ ഒട്ടും വിശ്വാസമില്ലാത്ത സാഹചര്യത്തില്‍, എങ്കില്‍ പിന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയേക്കാമെന്ന്‌ വി.എസ്‌ തീരുമാനിക്കുന്നുമില്ല. ഇത്രയേറെ അച്ചടക്കലംഘനം നടത്തിയിട്ടും വി.എസിനെ പുറത്തേക്ക്‌ കളയാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്‌ കഴിയുന്നുമില്ല. ഇടക്കുള്ള ഗ്രൂപ്പ്‌ വഴക്ക്‌ നിരുപാധികം തുടരുകയും ചെയ്യുന്നു. ഇതാണ്‌ ഇന്ന്‌ കേരളത്തിലെ സിപിഎമ്മിന്റെ അവസ്ഥ. എന്തുകൊണ്ട്‌ ഇതിനൊരു അവസാനമില്ല എന്നതിന്‌ ഒരു കാരണമേയുള്ളു. ഇതുവരെ കേരളത്തിലെ സിപിഎമ്മിനുള്ളില്‍ കണ്ടു വന്നിരുന്ന ആഭ്യന്തര യുദ്ധം ഇന്ന്‌ കേന്ദ്രനേതൃത്വത്തിലും പോളിറ്റ്‌ബ്യൂറോയിലും വരെ സജീവമാണ്‌ എന്നതാണ്‌ അതിനു കാരണം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ നേതൃത്വത്തില്‍ ഒരു ഡെല്‍ഹി ഘടകവും സീതാറാം യെച്ചൂരിയുടെ പിന്നില്‍ ബംഗാള്‍ ഘടകവുമാണ്‌ കേന്ദ്ര നേതൃത്വത്തിലെ പ്രബല ഗ്രൂപ്പുകളായി മാറിയിരിക്കുന്നത്‌. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്‌ സമയത്ത്‌ സിപിഎം കേന്ദ്രനേതൃത്വം പ്രണബ്‌ മുഖര്‍ജിയെ പിന്തുണക്കുന്ന കാര്യത്തില്‍ രണ്ടു തട്ടിലായിരുന്നുവെന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. പ്രണബ്‌ മുഖര്‍ജിയെ പിന്തുണയ്‌ക്കേണ്ട എന്നായിരുന്നു പ്രകാശ്‌ കാരാട്ടിന്റെ താത്‌പര്യമെങ്കില്‍ അതിന്‌ വിരുദ്ധമായി പ്രണബ്‌ മുഖര്‍ജിയെ പിന്തുണക്കാനുള്ള തീരുമാനം ബംഗാള്‍ ഘടത്തിന്റേതായിരുന്നു. അതിന്‌ ചുക്കാന്‍ പിടിച്ചത്‌ സീതാറാം യെച്ചൂരിയും. വി.എസ്‌ വിഷയത്തിലും സംഭവിക്കുന്നത്‌ ഇതേ വിഭാഗീയത തന്നെയാണ്‌. വി.എസിനെ തരംതാഴ്‌ത്താന്‍ സംസ്ഥാന ഘടകം എങ്ങനെയൊക്കെ ശ്രമിച്ചാലും പ്രകാശ്‌ കാരട്ടിന്‌ അതിനു താത്‌പര്യമുണ്ടെങ്കിലും പോളിറ്റ്‌ ബ്യൂറോയിലെ ബംഗാള്‍ ഘടകത്തിന്റെ പിന്തുണയുള്ളപ്പോള്‍ വി.എസിനു മുമ്പില്‍ എതിര്‍ ചേരി നിസഹായരാകുന്നു എന്നതാണ്‌ സത്യം.

ഇനിയും സിപിഎം കേന്ദ്രഘടകത്തിലെ വിഭാഗീയത മാധ്യമങ്ങള്‍ വേണ്ടവിധം ചര്‍ച്ച ചെയ്‌തിട്ടില്ല. ഒരുപക്ഷെ വി.എസ്‌ - പിണറായി പോര്‌ പോലെ `കളര്‍ഫുള്‍' അല്ല ഡെല്‍ഹിയിലെ ഭിന്നിപ്പ്‌ എന്നതാവാം കാരണം. പക്ഷെ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം രണ്ടായി ചേരി തിരിഞ്ഞിരിക്കുന്നു എന്നതാണ്‌ യഥാര്‍ഥ്യമാണ്‌. പോളിറ്റ്‌ബ്യൂറോ നടപടികളില്‍ നിന്നും വി.എസിനെ ശക്തമായി സംരക്ഷിച്ചു പോരുന്നത്‌ സീതാറാം യെച്ചൂരിയാണെന്നത്‌ ഏന്നതും പരസ്യമായ രഹസ്യം തന്നെ. പോളിറ്റ്‌ ബ്യൂറോയിലെ ഈ വിഭാഗീയത മുതലെടുത്തു തന്നെയാണ്‌ കേരളത്തില്‍ വി.എസ്‌ പിണറായി പക്ഷത്തിനു നേരെയുള്ള പടയൊരുക്കം ശക്തമായി മുമ്പോട്ടു കൊണ്ടുപോകുന്നതും. ഇന്നത്തെ സി.പി.എമ്മിന്‌ വി.എസ്‌ ഒരു അനിവാര്യതയാണെന്നാണ്‌ പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം വിശ്വസിക്കുന്നത്‌. ബംഗാള്‍ പാര്‍ട്ടി സെക്രട്ടറി ബിമന്‍ ബോസ്‌ ഞങ്ങളുടെ നാട്ടില്‍ ഒരു വി.എസ്‌ ഇല്ലാതെ പോയി എന്ന്‌ പരസ്യമായി പറഞ്ഞ സമയമുണ്ടായിരുന്നു. എന്തായാലും മാര്‍ച്ചില്‍ ചേരുന്ന പോളിറ്റ്‌ബ്യൂറോയിലും വി.എസിന്‌ അനുകൂലമായ നിലപാടായിരിക്കും ബംഗാള്‍ ഘടത്തിന്റേത്‌ എന്നാണ്‌ സൂചനകള്‍. അങ്ങനെയെങ്കില്‍ വി.എസിനെ ഒതുക്കാനുള്ള പ്രമേയം വീണ്ടും ഡെല്‍ഹിയിലെ ചവറ്റുകുട്ടയിലിട്ട്‌ മടങ്ങുന്ന പിണറായി വിജയനെയാവും കാണേണ്ടി വരുക.

വാര്‍ത്ത - `സിപിഎം മുസ്ലിം പൊതുവേദി രൂപീകരിക്കുന്നു'.

പിന്‍കുറിപ്പ്‌ - അപ്പോള്‍ ജാതിരഹിത സമൂഹവും മതനിരപേക്ഷ കേരളവുമെന്നും പറഞ്ഞ്‌ സഖാവ്‌ രാജേഷ്‌ കേരളം മുഴുവന്‍ പദയാത്ര നടത്തിയത്‌ ചുമ്മാ ഒരു രസത്തിനായിരുന്നോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക