Image

വിദ്യാഭ്യാസ അവകാശത്തിന്മേല്‍ കൈകടത്തുവാന്‍ ആരെയും അനുവദിക്കില്ല: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 13 September, 2011
വിദ്യാഭ്യാസ അവകാശത്തിന്മേല്‍ കൈകടത്തുവാന്‍ ആരെയും അനുവദിക്കില്ല: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

കൊച്ചി: വിവിധ ന്യൂനപക്ഷ വിദ്യാഭ്യാസ ഏജന്‍സികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളിലേയ്ക്കുള്ള അദ്ധ്യാപക നിയമനത്തില്‍ കൈകടത്തുവാനുള്ള തന്ത്രപരമായ സര്‍ക്കാര്‍ നീക്കം യാതൊരുവിധത്തിലും അനുവദിക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ .

സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനും സ്വതന്ത്രഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശത്തെ മറികടന്ന് , വിദ്യാഭ്യാസം സ്വന്തം കുത്തകയാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ വലിയ അപകടത്തിലേയ്ക്ക് നയിക്കും. വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വന്‍പരാജയമാകുമ്പോള്‍, ന്യൂനപക്ഷ എയ്ഡഡ് സ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ മുന്നേറ്റം നാടിന്റെ വളര്‍ച്ചയ്ക്ക് ശക്തിപകരുകയാണ്. അവയ്ക്കു നേരെ കടന്നുകയറ്റം നടത്തുകയല്ല പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഇടതുപക്ഷ സര്‍ക്കാരിന്റെ ന്യൂനപക്ഷ വിദ്യാഭ്യാസ ദ്രോഹം തുടരുവാനാണ് യുഡിഎഫ് ഗവണ്‍മെന്റും തുനിയുന്നതെങ്കില്‍ ഭവിഷ്യത്തുകള്‍ വലുതായിരിക്കുമെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ന്യൂനപക്ഷ സമുദായത്തിലെ വിശ്വാസിസമൂഹം പിരിവെടുത്തും, പണിയെടുത്തും പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകരെ നിയമിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന വ്യവസ്ഥകളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായി എതിര്‍ക്കും. ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്യത്തിനുനേരെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഗവണ്‍മെന്റ് മുന്നോട്ടുവെച്ചിരിക്കുന്ന അദ്ധ്യാപക നിയമന പാക്കേജ്.

വിദ്യാഭ്യാസരംഗത്തെ സര്‍ക്കാരിന്റെ ബാധ്യത ഗണ്യമായി കുറയ്ക്കുകയും എല്ലാവര്‍ക്കും സൗജന്യമായി നല്ല വിദ്യാഭ്യാസം നല്‍കുവാന്‍ സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ് സ്ഥാപനങ്ങളെ വളര്‍ത്തുന്നതിനു പകരം തന്ത്രപരമായി ദേശസാല്‍ക്കരിക്കുന്നതിനുള്ള നീക്കം ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്ന് വി.സി.സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു.



അഡ്വ.വി.സി.സെബാസ്റ്റ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക