Image

ഇരട്ടപദവി വിഷയത്തില്‍ പി.സി.ജോര്‍ജിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

Published on 13 September, 2011
ഇരട്ടപദവി വിഷയത്തില്‍ പി.സി.ജോര്‍ജിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി
ന്യൂഡല്‍ഹി: ഇരട്ടപദവി വിഷയത്തില്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് എംഎല്‍എയോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. ഡോ.സെബാസ്റ്റ്യന്‍ പോള്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് ഇതുസംബന്ധിച്ച് നല്‍കിയ പരാതിയെതുടര്‍ന്നാണ് നടപടി.

എംഎല്‍എയായ പി.സി.ജോര്‍ജ് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം വഹിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഈ പരാതി ഗവര്‍ണര്‍, തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതേതുടര്‍ന്നാണ് കമ്മീഷന്‍ പി.സി.ജോര്‍ജിനോട് വിശദീകരണം തേടിയിരിക്കുന്നത്.

എംഎല്‍എയായ പി.സി.ജോര്‍ജ് മന്ത്രിയുടെ ആനുകൂല്യങ്ങള്‍ പറ്റുന്നുവെന്നാണ് പരാതി. മന്ത്രിമാര്‍ , പ്രതിപക്ഷ നേതാവ് തുടങ്ങിയവരുടേതുപോലെ ചീഫ് വിപ്പിനെ ഇരട്ടപദവി വഹിക്കാവുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് സെബാസ്റ്റ്യന്‍ പോളിന്റെ പരാതിക്കടിസ്ഥാനം.

മുന്‍പ് സോണിയാ ഗാന്ധിക്ക് ഇരട്ടപദവി വിഷയത്തിന്റെ പേരില്‍ എംപി  സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നിരുന്നു. ഒരേസമയം എംപി സ്ഥാനവും ആദ്യ യുപിഎ സര്‍ക്കാരില്‍ ദേശീയ ഉപദേശക സമിതി അധ്യക്ഷ സ്ഥാനവും വഹിച്ചത് ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടപ്പെട്ടതിനെത്തുടര്‍ന്നാണ് സോണിയ രാജിവച്ചത്. തുടര്‍ന്ന് റായ്ബറേലിയില്‍ നിന്നു വീണ്ടും മത്സരിച്ചു ജയിക്കുകയായിരുന്നു സോണിയ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക