Image

അവാര്‍ഡുകള്‍ വീതം വെയ്‌ക്കുമ്പോള്‍?

Published on 22 February, 2013
അവാര്‍ഡുകള്‍ വീതം വെയ്‌ക്കുമ്പോള്‍?
മലയാള സിനിമയില്‍ അവാര്‍ഡുകള്‍ വീതം വെയ്‌ച്ചു നല്‍കപ്പെടാറുണ്ടോ. സമീപകാല മലയാള സിനിമയില്‍ അങ്ങനെ തന്നെയാണ്‌ സംഭവിക്കുന്നതെന്ന്‌ മനസിലാക്കണം. മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ഇപ്പോഴത്തെ പൊതുസ്വഭാവം വീതംവെയ്‌പ്പു തന്നെ. കേരളത്തിലെ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ കാര്യത്തില്‍ 2009 മുതല്‍ സംഭവിച്ചു വരുന്നത്‌ അങ്ങനെയാണ്‌.

മികച്ച സിനിമയുടെയും മികച്ച സംവിധായകന്റെയും പുരസ്‌കാരമാണ്‌ മിക്കപ്പോഴും ഇങ്ങനെ വീതം വെച്ചു പോകുന്നത്‌. 2009ല്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്‌ രഞ്‌ജിത്തിന്റെ പാലേരിമാണിക്യമായിരുന്നുവെങ്കില്‍ മികച്ച സംവിധായകനായത്‌ പഴശ്ശിരാജയിലൂടെ ഹരിഹരനായിരുന്നു. 2010ല്‍ ഇലക്‌ട്രയിലൂടെ ശ്യാമപ്രദാസ്‌ മികച്ച സംവിധായകനായപ്പോള്‍ ദേശിയ പുരസ്‌കാരം നേടിയ ആദാമിന്റെ മകന്‍ അബു സംസ്ഥാന പുരസ്‌കാരത്തിലും മികച്ച ചിത്രമായി. 2011ല്‍ ബ്ലസിക്ക്‌ പ്രണയമെന്ന ചിത്രമൊരുക്കിയതിന്‌ മികച്ച സംവിധായകനുള്ള പുരസ്‌കാരം നല്‍കിയപ്പോള്‍ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്‌ രഞ്‌ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയായിരുന്നു. ഈ വര്‍ഷം ഇതാ കമല്‍ സംവിധാനം ചെയ്‌ത സെല്ലുലോയിഡ്‌ മികച്ച ചിത്രമായപ്പോള്‍ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്‌ അയാളും ഞാനും തമ്മില്‍ എന്ന ചിത്രമൊരുക്കിയ ലാല്‍ ജോസിനെ.

എന്നാല്‍ പഴയകാലങ്ങളിലെ പുരസ്‌കാര നിര്‍ണ്ണയങ്ങള്‍ പരിശോധിച്ചു നോക്കു മികച്ച സിനിമയുടെ സംവിധായകന്‍ തന്നെയായിരുന്നു ഭൂരിപക്ഷം വര്‍ഷങ്ങളിലും മികച്ച സംവിധായകനായി അംഗീകരിക്കപ്പെട്ടത്‌. 1972ല്‍ പണിതീരാത്ത വീട്‌ മികച്ച ചിത്രമായപ്പോള്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്‌ പണിതീരാത്ത വീടിന്റെ സംവിധായകന്‍ കെ.എസ്‌ സേതുമാധവന്‍ തന്നെ. 1973ല്‍ മികച്ച ചിത്രം നിര്‍മ്മാല്യമായപ്പോള്‍ മികച്ച സംവിധായകനായത്‌ നിര്‍മ്മാല്യം ഒരുക്കിയ എം.ടി വാസുദേവന്‍ നായര്‍ തന്നെ.

സിനിമ സംവിധായകന്റെ കലയെന്നാണ്‌ ലോകസിനിമയിലെമ്പാടും അംഗീകരിക്കപ്പെടുന്ന യഥാര്‍ഥ്യം. സിനിമയില്‍ ഒരുപാട്‌ കലാകാരന്‍മാര്‍ പല മേഖലകളില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, അവരുടെയെല്ലാം കൂട്ടായ്‌മയാണ്‌ സിനിമയെങ്കിലും, ആകെമൊത്തമായി ഒരു സിനിമ പ്രേക്ഷകരിലേക്ക്‌ സന്നിവേശിപ്പിക്കുന്നത്‌ സംവിധായകന്‍ തന്നെ. സിനിമയുടെ ക്യാപ്‌റ്റന്‍ സംവിധായകന്‍ തന്നെ. അങ്ങനെയാണ്‌ ലോകത്തെവിടെയും മികച്ച സിനിമകള്‍ സംഭവിച്ചിട്ടുള്ളത്‌. ലോകത്തിലെ പ്രധാന പുരസ്‌കാരങ്ങള്‍ എല്ലാം പരിശോധിച്ചാല്‍ മികച്ച സിനിമയുടെ സംവിധായകന്‍ തന്നെയാവും ഏതാണ്ട്‌ എല്ലായിപ്പോഴും മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെടുന്നത്‌. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്ന സിനിമയുടെ അണിയറക്കാര്‍ തന്നെ സാങ്കേതിക രംഗത്തെ പുരസ്‌കാരങ്ങള്‍ നേടുന്നതാണ്‌ ഓസ്‌കര്‍, ബാഫ്‌റ്റ , പോലുള്ള ലോക പ്രശസ്‌ത ചലച്ചിത്ര പുരസ്‌കാര വേദികളില്‍ എന്നും കണ്ടിട്ടുള്ളത്‌. അതാണ്‌ എന്നും ശരി. കാരണം മികച്ച സിനിമയൊരുക്കിയത്‌ അതിന്റെ അണിയറക്കാര്‍ മികച്ചവര്‍ തന്നെയായിട്ടല്ലേ. സംവിധായകന്‍ മികച്ചയാളല്ലെങ്കില്‍ പിന്നെ അയാളെങ്ങെന മികച്ച സിനിമയുണ്ടാക്കി?. ഇനി മറ്റൊരാളാണ്‌ മികച്ച സംവിധായകനെങ്കില്‍ അയാള്‍ സൃഷ്‌ടിച്ച സിനിമയാവേണ്ടേ മികച്ച സിനിമ?.

ഇതിന്‌ ചിലപ്പോഴൊക്കെ മാറ്റമുണ്ടാകാറുണ്ട്‌. തുല്യം പോലെ പ്രതിഭയൊഴുകുന്ന രണ്ട്‌ ചിത്രങ്ങള്‍ തമ്മില്‍ പുരസ്‌കാരത്തിനായി കടുത്ത മത്സരം വരുമ്പോള്‍ ഏതാണ്‌ മെച്ചമെന്ന്‌ അവാര്‍ഡ്‌ നിര്‍ണ്ണയ ജൂറിക്ക്‌ പോലും അന്തിമ വിധി നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ മികച്ച സംവിധായകനും മികച്ച സിനിമയും രണ്ടാകും. നമ്മുടെ സംസ്ഥാന പുരസ്‌കാരങ്ങളിലും മുമ്പ്‌ ചിലപ്പോഴൊക്കെ അങ്ങനെ സംഭവിച്ചിട്ടുണ്ട്‌. 1994ല്‍ സ്വഹത്തിലൂടെ ഷാജി.എന്‍.കരുണ്‍ മികച്ച സംവിധായകനായപ്പോള്‍ ഹരിഹരന്‍ ഒരുക്കിയ പരിണയമായിരുന്നു മികച്ച ചിത്രം. 1997ല്‍ മങ്കമ്മ ഒരുക്കിയ ടിവി ചന്ദ്രന്‍ മികച്ച സംവിധായകനായപ്പോള്‍ ഭൂതക്കണ്ണാടി ഒരുക്കിയ ലോഹിതദാസായിരുന്നു മികച്ച സംവിധായകന്‍. മങ്കമ്മയും, ഭൂതക്കണ്ണാടിയും പോലെ ലോകനിലവാരമുള്ള രണ്ട്‌ മലയാള സിനിമകളില്‍ ഏതാണ്‌ മികച്ചതെന്ന്‌ കണ്ടുപിടിക്കേണ്ടി വരുന്ന ഒരു ജൂറിയുടെ അവസ്ഥ കടുത്ത സമര്‍ദ്ദത്തിന്റേതായിരിക്കും. ഇത്‌ സര്‍ഗപ്രതിഭയെ അളന്നുകുറിക്കാന്‍ കഴിയാതെ ജൂറി പകച്ചു പോകുന്ന സാഹചര്യമാകുന്നു. അവിടെയാണ്‌ മികച്ച സംവിധായകന്‍ ലോഹിതദാസാകുമ്പോള്‍ ടിവി ചന്ദ്രന്റെ മങ്കമ്മ മികച്ച ചിത്രമായത്‌. ഇത്‌ ആര്‍ക്കും മനസിലാക്കാവുന്ന കാര്യമാണ്‌. അന്നൊന്നും പുരസ്‌കാരം ലഭിച്ചവര്‍ പോലും ഇതില്‍ പരാതിപ്പെട്ടിരുന്നില്ല. കാരണം പരസ്‌പര ബഹുമാനം ടിവി ചന്ദ്രന്‌ ഭൂതക്കണ്ണാടിയോടും ലോഹിതദാസിന്‌ മങ്കമ്മയോടും ഉണ്ടായിരുന്നു.

എന്നാലിന്ന്‌ മലയാള ചലച്ചിത്ര പുരസ്‌കാരം വെറും വീതംവെയ്‌പ്പ്‌ മാത്രമെന്നതിന്‌ ഇപ്പോള്‍ വന്നിരിക്കുന്ന അവാര്‍ഡ്‌ നിര്‍ണ്ണയം മാത്രം മതിയാകും. അയാളും ഞാനും തമ്മില്‍, ഡയമണ്ട്‌ നെക്‌ലൈസ്‌, സ്‌പാനിഷ്‌ മസാല എന്നീ ചിത്രങ്ങളാണ്‌ ലാല്‍ ജോസ്‌ ഒരുക്കിയത്‌. മികച്ച സംവിധായകനായി പരിഗണിച്ചപ്പോള്‍ ലാല്‍ ജോസിന്‌ പ്രധാനമായും പുരസ്‌കാരത്തിന്‌ അര്‍ഹമാക്കിയത്‌ അയാളും ഞാനും തമ്മില്‍ എന്ന ചിത്രമായിരുന്നു. ഒപ്പം ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത സ്‌പാനിഷ്‌ മസാലയും, ഡയമണ്ട്‌ നെക്‌ലൈസും പരിഗണിച്ചുവത്രേ. ഇത്‌ വലിയ തമാശ തന്നെയാണ്‌. കാരണം മികച്ച സംവിധായകനെ തിരഞ്ഞെടുക്കുന്നത്‌ അയാള്‍ ചെയ്‌ത ഒരു സിനിമയുടെ മികവ്‌ വെച്ചായിരിക്കേണ്ടേ. 50 മാര്‍ക്ക്‌ കൊടുക്കാവുന്ന ഒരു സിനിമയും, 25 മാര്‍ക്ക്‌ വീതം കൊടുക്കാവുന്ന മറ്റു രണ്ടു സിനിമകളും ലാല്‍ ജോസ്‌ ഒരുക്കിയിട്ടുണ്ട്‌. അങ്ങനെ മൊത്തം ലാല്‍ ജോസിന്‌ നൂറു മാര്‍ക്ക്‌ എന്ന്‌ പറയുന്നത്‌ എന്ത്‌ യുക്തിയാണ്‌.

സെല്ലുലോയിഡ്‌, അയാളും ഞാനും തമ്മില്‍ എന്നീ രണ്ടു മലയാള സിനിമകളും കണ്ടിട്ടുള്ളവര്‍ക്ക്‌ ഊഹിക്കാവുന്നതേയുള്ളു ഈ സിനിമകളുടെ നിലവാരം. രണ്ടു ചിത്രങ്ങളും ശരാശരി നിലവാരം മാത്രമുള്ളവയാണ്‌. ജെ.സി ഡാനിയല്‍ എന്ന മലയാള സിനിമയുടെ പിതാവിന്റെ കഥ പറഞ്ഞു എന്നതുകൊണ്ടു മാത്രം സെല്ലുലോയിഡ്‌ മികച്ച സിനിമയാകുന്നുമില്ല. എന്നാല്‍ അക്കാദമിക്‌ നിലവാരം മാത്രമല്ല എപ്പോഴും പുരസ്‌കാരത്തിനായി പരിഗണിക്കേണ്ടത്‌ എന്ന വാദഗതിക്ക്‌ ഇന്നത്തെ കാലത്ത്‌ പ്രസക്തിയുണ്ട്‌. പക്ഷെ അങ്ങനെ നോക്കുമ്പോഴും മികച്ച സംവിധായകനായി മികച്ച സിനിമയുടെ സംവിധായകനെ തന്നെ തിരഞ്ഞെടുക്കാമായിരുന്നു. സെല്ലുലോയിഡും, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങള്‍ ഒരിക്കലും സര്‍ഗ പ്രതിഭയുടെ ഉന്നത നിലവാരം കാരണം ജൂറിയെ സമര്‍ദ്ദത്തിലാക്കിയിരിക്കില്ല. കാരണം ഈ രണ്ടു ചിത്രങ്ങളും `മങ്കമ്മ'യും `ഭൂതക്കണ്ണാടി'യുമല്ല.

ഇവിടെയാണ്‌ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം ഒരു തമാശയാണെന്ന ഷട്ടര്‍ എന്ന സിനിമയുടെ സംവിധായകന്‍ ജോയ്‌മാത്യുവിന്റെ വിമര്‍ശനം ശ്രദ്ധേയമാകുന്നത്‌. അവാര്‍ഡ്‌ നിര്‍ണ്ണയം വെറും വീതം വെക്കലാണെന്നും ഇതില്‍ ഒട്ടും തൃപ്‌തിയില്ലെന്നും ജോയ്‌മാത്യു തുറന്നു പറയുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ജോണ്‍ ഏബ്രഹാം എന്ന വലിയ കലാകാരന്റെ `അമ്മഅറിയാന്‍' എന്ന സിനിമയില്‍ നായകനായി അഭിനയിച്ച വ്യക്തിയാണ്‌ ജോയ്‌ മാത്യു. പിന്നെ വര്‍ഷങ്ങളായുള്ള പ്രവാസ ജീവിതം. അപ്പോഴും സിനിമ മനസില്‍ സൂക്ഷിച്ച്‌ ഏറെ വര്‍ഷങ്ങളുടെ പ്രയത്‌നം കൊണ്ടാണ്‌ ജോയ്‌മാത്യു ഷട്ടര്‍ എഴുതിയതും സംവിധാനം ചെയ്‌തതും. അവാര്‍ഡ്‌ പ്രഖ്യാപന ദിവസം തന്നെയായിരുന്നു ഷട്ടര്‍ തീയേറ്ററില്‍ എത്തിയതും.

സത്യത്തില്‍ മലയാള സിനിമയില്‍ യഥാര്‍ഥ നവീനത കൊണ്ടു വന്നിരിക്കുന്ന ചിത്രമാണ്‌ ഷട്ടര്‍. ഒരു ബുദ്ധിജീവി നാട്യവുമില്ല. നല്ല വാണിജ്യ സിനിമ തന്നെ. എന്നാല്‍ ഒരു വാണിജ്യ ചേരുവയുമില്ല. സത്യസന്ധമായ ഒരു സിനിമ. ഒപ്പം രാജ്യാന്തര നിലവാരം സംവിധാനത്തിലും അവതരണത്തിലും അഭിനയത്തിലും അവകാശപ്പെടാന്‍ കഴിയുന്നു എന്നതാണ്‌ ഷട്ടറിന്റെ പ്രത്യേകത. കഴിഞ്ഞ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച സിനിമകൂടിയായിരുന്നു ഷട്ടര്‍. സോല്ലുലോയിഡിനെയും, അയാളും ഞാനും തമ്മിലിനെയും വെച്ചു നോക്കിയാല്‍ ഷട്ടര്‍ തന്നെയാണ്‌ മികച്ച സിനിമയെന്നതില്‍ ഒരു സംശയവുമില്ല.

അതിലും മികച്ച പ്രകടനം കാഴ്‌ചവെച്ച ഒരു സിനിമയെയും സംവിധായകനും ജൂറി തരംതാഴ്‌ത്തുകയും ചെയ്‌തു. അത്‌ മധുപാല്‍ സംവിധാനം ചെയ്‌ത ഒഴിമുറിയാണ്‌. പുരസ്‌കാര നിര്‍ണ്ണയത്തില്‍ രണ്ടാമത്തെ ചിത്രം മാത്രമാണ്‌ ഒഴിമുറി. എത്രമനോഹരമാണ്‌ ഒഴിമുറി എന്ന ചിത്രമെന്നത്‌ ആ ചിത്രം കണ്ടാല്‍ മാത്രമേ മനസിലാകു. 84 സിനിമകള്‍ നിരത്തിവെച്ച്‌ വെറുതെ ഓടിച്ചു കാണുന്ന ജൂറിക്ക്‌ അത്‌ മനസിലാകണമെന്നില്ലല്ലോ. എന്നാല്‍ സിനിമയുടെ ബാഹൂല്യം അവാര്‍ഡ്‌ നിര്‍ണ്ണയത്തിലെ പോരായ്‌മകളെ മറക്കാനുള്ള കാരണമോ ന്യാമോ അല്ല. എത്ര സിനിമകള്‍ റിലീസിനെത്തിയാലും എല്ലാം വ്യക്തമായി കണ്ട്‌ അവാര്‍ഡ്‌ നിശ്ചയിച്ചു നല്‍കാന്‍ ബാധ്യസ്ഥരാണ്‌ ജൂറി. എന്നാല്‍ സിനിമകള്‍ കാണാതെയും വിലയിരുത്താതെയുമാണ്‌ ഐ.വി ശശി അധ്യക്ഷനായ ജൂറി അവാര്‍ഡ്‌ നിശ്ചയിച്ചതെന്നതില്‍ ഒരു സംശയവുമില്ല.

മികച്ച നടനായി തിരഞ്ഞെടുക്കപ്പേടേണ്ടത്‌ ഒഴിമുറി പരിഗണിച്ചാലും, ഷട്ടര്‍ പരിഗണിച്ചാലും സംവിധായകന്‍ കൂടിയായ ലാല്‍ തന്നെയായിരുന്നു. സെല്ലുലോയിഡിലെ പൃഥ്വിയുടെ അഭിനയത്തേക്കാള്‍ എത്രയോ മുകളില്‍ നില്‍ക്കും ഷട്ടറിലെയും ഒഴിമുറിയിലേയുമൊക്കെ ലാലിന്റെ പ്രകടനം. എന്നിട്ടും ലാല്‍ തഴയപ്പെട്ടത്‌ ഞെട്ടിപ്പിക്കുന്നത്‌ തന്നെ.

പ്രീയദര്‍ശന്‍ നല്ല കൊമേഴ്‌സ്യല്‍ സിനിമാ സംവിധായകന്‍ തന്നെയാണ്‌. പക്ഷെ ചെയ്‌ത ചിത്രങ്ങളില്‍ ഭൂരിപക്ഷവും വിദേശ സിനിമകളുടെ കോപ്പിയായി ഒരുക്കിയ പ്രീയദര്‍ശന്‍, ഏറെക്കാലമായി ഹിന്ദിയില്‍ വെറും ചവറുപടങ്ങള്‍ (തേസ്‌ പോലെയുളള സിനിമകള്‍ തീര്‍ത്തും പരാജയം) ഒരുക്കുന്ന പ്രീയദര്‍ശന്‍, അദ്ദേഹത്തിന്‌ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ പദവി താങ്ങാനുള്ള പക്വയുണ്ടോ എന്ന്‌ പ്രീയന്‍ തന്നെ ആലോചിക്കുന്നത്‌ നന്നായിരിക്കും.

കെ.ബി ഗണേഷ്‌കുമാര്‍ തരക്കേടില്ലാത്ത സിനിമാ നടനാണ്‌. രാഷ്‌ട്രീയക്കാരനുമായിരിക്കാം. പക്ഷെ സിനിമ പോലെയൊരു കലവിഭാഗം വകുപ്പും, അതുപോലെ തന്നെ വനംവകുപ്പും ഭരിക്കാന്‍ ശേഷിയില്ലെന്ന്‌ അദ്ദേഹം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.

പിന്നെ ഐ.വി ശശി ജൂറി അധ്യക്ഷനായത്‌. കഴിഞ്ഞ തവണ ഭാഗ്യരാജ്‌ ജൂറി അധ്യക്ഷനായതിനേക്കാള്‍ കഷ്‌ടം എന്നേ പറയാനുള്ളു. ഐ.വി ശശി മലയാളത്തിന്റെ ആരാധ്യനായ മുതിര്‍ന്ന സംവിധായകന്‍ തന്നെ. പക്ഷെ ഇന്നത്തെ സിനിമയുടെ വക്താവല്ല ഒരിക്കലും അദ്ദേഹം. അദ്ദേഹം ചെയ്‌ത അവസാന പരാജയ ചിത്രങ്ങള്‍ നോക്കുമ്പോള്‍ ബഹുമാനത്തോടെ തന്നെ പറയുന്നു അദ്ദേഹം പുതിയ കാലത്തെ ഉള്‍ക്കൊണ്ടല്ല ആ ചിത്രങ്ങളൊരുക്കിയത്‌. അതുകൊണ്ടു തന്നെ ഷട്ടറും, ഒഴിമുറിയുമൊക്കെ മനസിലാക്കാന്‍ ഐ.വിശശിക്ക്‌ കഴിഞ്ഞില്ലെങ്കില്‍ അതില്‍ അത്ഭുമില്ല.

എന്തായാലും കെ.ബി ഗണേഷ്‌കുമാറും പ്രീയദര്‍ശനും കുറച്ചു കൂടി പക്വത കാണിക്കേണ്ടിയിരിക്കുന്നു. പുരസ്‌കാരങ്ങള്‍ വെറുതെ വീതം വെച്ചു കളിക്കാനുള്ളതല്ല എന്ന്‌ ഓര്‍മ്മിക്കുന്നത്‌ നന്ന്‌.
അവാര്‍ഡുകള്‍ വീതം വെയ്‌ക്കുമ്പോള്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക