Image

സൂര്യനെല്ലി പൂവ്‌ (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 23 February, 2013
സൂര്യനെല്ലി പൂവ്‌ (കവിത: ജി. പുത്തന്‍കുരിശ്‌)
സൂര്യനെല്ലിയെന്ന കൊച്ചു ഗ്രാമം
കേരളത്തിന്‍ അഭിമാനെമെന്നും
മരതകപട്ട്‌ വിരിച്ചപോലെ
ഹരിതമാം തേയിലക്കാട്‌ ചുറ്റും
നഗരത്തിന്‍ തിക്കുംതിരക്കില്‍നിന്നും
അകലെയായ്‌ ആ ഗ്രാമം നിന്നിരുന്നു
കതിരവ കിരണങ്ങളേറ്റുണരും
ഒരു സൂര്യകാന്തി പൂവ്‌പോലെ
പതിനാറു വയസ്സുള്ള കൗമാരിയാള്‍
കൈതവമറിയാതെ വളര്‍ന്നുവന്നു

ഒരുദിനമാനാടിന്‍ ശാപമായി
ഒരു പാമ്പ്‌ മെല്ലെ ഇഴഞ്ഞുകേറി
മോഹത്തിന്‍ തേന്‍കനി വച്ചു നീട്ടി
മോഹിനിയാളെ ചതിച്ചുവീഴ്‌ത്തി
കാമവെറിപൂണ്ട കശ്‌മലന്മാര്‍
ഹേമിച്ചവളെ കടിച്ചുകീറി.

കാലം കടന്നു കടന്നുപോയി
ബാലിക വളര്‍ന്നങ്ങു യൗവനയായി
എങ്കിലും കാലത്താല്‍ മായ്‌ചിടാതെ
ചങ്കിലെ നീറ്റല്‍ പുകഞ്ഞിടുന്നു
നീതിയ്‌ക്കായി കേഴുന്ന മാനസത്തിന്‍
ആധിയിന്നാര്‍ക്കു മനസ്സിലാകാന്‍?

പണവും പ്രതാപവും മാനുഷരെ
പിണമാക്കി മാറ്റുന്ന കാലമല്ലോ?
നീതിയിന്‍ ഖഡ്‌ഗവുമായൊരുനാള്‍
നീതിദേവന്‍ നൂനം എത്തിടുമെ.
സൂര്യനെല്ലി പൂവ്‌ (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക