Image

യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ സ്വന്തം നിലപാടില്‍ ഉറച്ച്

Published on 13 September, 2011
യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ സ്വന്തം നിലപാടില്‍ ഉറച്ച്
കോലഞ്ചേരി: സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ സ്വന്തം നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ചൊവ്വാഴ്ച ഇരുസഭകളുടെയും മാനേജിങ് കമ്മിറ്റി യോഗവും സഭാ വര്‍ക്കിങ് കമ്മിറ്റി യോഗവും കോലഞ്ചേരിയില്‍ ചേര്‍ന്നാണ് ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചത്.

ആരാധനാ സ്വാതന്ത്ര്യം അനുവദിക്കും വരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ യാക്കോബായ സഭയുടെ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. സഹനസമരത്തിന് ഉചിതമായ പരിഹാരം കണ്ടില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുവാനും യോഗത്തില്‍ തീരുമാനമായി. 1995ലെ സുപ്രീംകോടതി വിധിയിലെ, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ, സഭയുടെ ആത്മീയ മേലധ്യക്ഷനാണെന്ന നിരീക്ഷണം എതിര്‍വിഭാഗം അവഗണിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.

ഇടവക പള്ളികള്‍ ഇടവക പൊതുയോഗത്തിന്റെ തീരുമാനങ്ങളനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന കോടതിയുടെ കണ്ടെത്തല്‍ നടപ്പിലാക്കുന്നതിന് അവസരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുവാനും സമരത്തിന്റെ ഗതി നിയന്ത്രിക്കുവാന്‍ പ്രത്യേക കമ്മിറ്റിയെ അധികാരപ്പെടുത്തുവാനും യോഗം തീരുമാനിച്ചു. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യോഗത്തില്‍ അധ്യക്ഷനായി.

ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ നടത്തുന്ന ഉപവാസ സമരത്തിനും അഖണ്ഡ പ്രാര്‍ഥനായജ്ഞത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോലഞ്ചേരിയില്‍ ചൊവ്വാഴ്ച ഒരു മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 3ന് യാക്കോബായ സഭാ സുന്നഹദോസ് ചേരും.

കോടതി അനുവദിച്ചുതന്നെ വിധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും എന്തു വിലകൊടുത്തും കോടതിവിധി നടപ്പിലാക്കുവാന്‍ നടപടി കൈക്കൊള്ളണമെന്നും ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റിയും വര്‍ക്കിങ് കമ്മിറ്റിയും തീരുമാനിച്ചു. കോലഞ്ചേരി കാതോലിക്കേറ്റ് സെന്‍ററില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന മാനേജിങ് കമ്മിറ്റി മൂന്നു മണിക്കൂറോളം നീണ്ടു. പള്ളിവക വസ്തുവകകള്‍ ഒരുവിധത്തിലും വിട്ടുകൊടുക്കേണ്ടതില്ലെന്നും അവ നിലനിര്‍ത്തുന്നതിന് സമരം വ്യാപിപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ ഭദ്രാസന കേന്ദ്രങ്ങളില്‍ സഹനസമരം തുടങ്ങും.

സമരത്തിന് സഭയുടെ പൂര്‍ണ പിന്തുണ യോഗം ഉറപ്പുനല്‍കി. ബുധനാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ദേവാലയങ്ങളിലും പ്രതിഷേധ പ്രമേയം പാസ്സാക്കുവാനും ഗാന്ധിയന്‍ മാതൃകയിലുള്ള ഉപരോധ സമരങ്ങള്‍ നടത്തുവാനും തീരുമാനിച്ചു. വ്യാഴാഴ്ച നാലായിരത്തോളം വരുന്ന അസോസിയേഷന്‍ അംഗങ്ങള്‍ എത്തിച്ചേരുവാനും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുവാനും ആവശ്യപ്പെടും. തുടര്‍ന്നുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാന്‍ 9 അംഗ കര്‍മസമിതിയും യോഗം രൂപവത്കരിച്ചു. യോഗത്തില്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി.

പരിശുദ്ധ കാതോലിക്കാ ബസ്സേലിയോസ് പൗലോസ് മാര്‍ത്തോമ ദ്വിതീയന്‍ ബാവയുടെ ആരോഗ്യനില പരിശോധിച്ച ശേഷം അദ്ദേഹത്തെ ആസ്പത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അദ്ദേഹം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം വിസമ്മതിച്ച് ഉപവാസം തുടര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക