Image

കുടിയേറ്റം (ഡോക്‌ടര്‍ ജോയ്‌ ടി.കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം - തുടരുന്നു.(6)

Published on 24 February, 2013
കുടിയേറ്റം (ഡോക്‌ടര്‍ ജോയ്‌ ടി.കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം - തുടരുന്നു.(6)
(ഡോക്‌ടര്‍ ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ A Sojourners Rhapsodies In Alphabetical Order എന്ന ഇംഗ്ലീഷ്‌ കവിതാ സമാഹാരത്തിലെ "Immigration' എന്ന കവിതയെക്കുറിച്ചുള്ള നിരൂപണം)

സുധീര്‍ പണിക്കവീട്ടില്‍

കുടിയേറ്റം എന്ന്‌ മലയാളത്തില്‍ തര്‍ജ്‌ജമ ചെയ്യാവുന്ന "Immigration' എന്ന ശീര്‍ഷകത്തില്‍ ഡോക്‌ടര്‍ കുഞ്ഞാപ്പു കുടിയേറ്റത്തെ കുറിച്ച്‌ എഴുതിയ ഇംഗ്ലീഷ്‌ കവിത ആ വിഷയത്തെക്കുറിച്ച്‌ വായനക്കാരിലുണ്ടാകാവുന്ന ചിന്തകള്‍ക്ക്‌ ഉപരിയായി ആ സമ്പ്രദായത്തിന്റെ പുതിയ മാനങ്ങള്‍ തേടുന്നു. കുടിയേറ്റക്കാര്‍ക്ക്‌ വേരുകള്‍ നഷ്‌ടപ്പെടുന്ന വേദന, പറിച്ചുനടുമ്പോഴുണ്ടാകുന്ന വാടല്‍ (ക്ഷീണം), തളര്‍ച്ച പിന്നെ സാഹചര്യങ്ങള്‍ അനുസരിച്ചുള്ള വളര്‍ച്ചയും, മുരടിക്കലും ഒക്കെ സാധാരണയാണ്‌. ഈ കവിതയില്‍ അതേകുറിച്ചുള്ള കവിയുടെ കാഴ്‌ച്ചപ്പാടുകള്‍ ആവിഷക്കരിച്ചിരിക്കുന്ന രീതി നൂതനവും വ്യതസ്‌ഥവുമാണ്‌. സ്വന്തം രാജ്യം വിട്ട്‌ പ്രവാസികളായി കഴിയുന്നവരില്‍ ചിലര്‍ അവരുടെ ഭാഷക്ക്‌ അല്ലെങ്കില്‍ ചെന്നുപെട്ട രാജ്യത്തെ ഭാഷയ്‌ക്ക്‌ പല സാഹിത്യ സംഭാവനകളും നല്‍കിയിട്ടുണ്ട്‌. ഡോക്‌ടര്‍ കുഞ്ഞാപ്പുവിന്റെ കവിതയിലെ ഉള്ളടക്കത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന്‌ ഓര്‍മ്മ വരുന്നത്‌ എമ്മ ലസാരസ്‌ എന്ന അമേരിക്കന്‍ കവയിത്രിയെയാണ്‌. അവര്‍ അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയെപ്പറ്റിയെഴുതിയ അവരുടെ പ്രസിദ്ധമായ കവിതയില്‍ "The New Colossus' എഴുതി `സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാന്‍ വെമ്പല്‍ കൊള്ളുന്ന നിങ്ങളിലെ പാവപ്പെട്ടവരും ക്ഷീണിതരുമായ കൂട്ടംകൂടി നില്‍ക്കുന്ന ജനങ്ങളെ എന്റെ അടുത്തേക്ക്‌ അയക്കുക, ഞാന്‍ എന്റെ വിളക്ക്‌ അവര്‍ക്കായി ഉയര്‍ത്തിപിടിക്കുന്നു.' (തര്‍ജ്‌ജമ ലേഖകന്‍) കവിത അംഗീകരിക്കപ്പെട്ടു, അത്‌ സ്വാതന്ത്രപ്രതിമയില്‍ സ്‌ഥാനം പിടിച്ചു. അമേരിക്കയിലേക്കുള്ള ചൈനക്കാരുടെ കുടിയേറ്റം തടയാനായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലഘട്ടത്തില്‍ല്‌പഇവിടെ വന്നിറങ്ങുമ്പോള്‍ അവരെ കസ്‌റ്റംസ്‌ അധികാരികള്‍ അഭിമുഖത്തിനു പകരം ചോദ്യം ചെയ്യുകയായിരുന്നു പതിവ്‌. അതിനായുണ്ടാക്കിയ ബാരക്കുകളില്‍ സ്‌ത്രീകളേയും പുരുഷന്മാരേയും വെവ്വേറെ താമസിപ്പിച്ചു. ആ താമസം ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം നീണ്ടു നിന്നു. ചില നിര്‍ഭാഗ്യവാന്മാരുടെ കാര്യത്തില്‍ അത്‌ കൊല്ലങ്ങളോളം നീണ്ടുനിന്നു. അങ്ങനെ നിസ്സഹായരായി തടവുകാരെ പോലെ അവര്‍ക്ക്‌ താമസിക്കേണ്ടി വന്നപ്പോള്‍ ബാരക്കിന്റെ മരച്ചുവരില്‍ അവരും കവിതകള്‍ എഴുതി വച്ചു. അങ്ങനെ പല കവിതകളും ഉദാഹരണമായി എഴുതാനുണ്ട്‌. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി `കുടിയേറ്റം' എന്ന കവിതയില്‍ ഡോക്‌ടര്‍ കുഞ്ഞാപ്പു വായനക്കാര്‍ക്ക്‌ ഒരു സന്ദേശം നല്‍കുന്നു. ഒരു പുതിയ അറിവിന്റെ വാതിലുകള്‍ തുറക്കുന്നു.

അക്കരപ്പച്ച തേടിയുള്ള മനുഷ്യരുടെ കുടിയേറ്റം അവരുടെ എല്ലാ പ്രതീക്ഷകളേയും പൂവണിയിക്കണമെന്നില്ല. അപ്പോള്‍ കോപം പൂണ്ട്‌ നില്‍ക്കുന്ന മനുഷ്യര്‍ക്ക്‌ `പച്ച' ചുവപ്പായി തോന്നുന്നു എന്ന്‌ അതുകൊണ്ട്‌ കവി പറയുന്നു. സഹവര്‍ത്തിത്വത്തിന്റെ മാഹാത്മ്യം മനസ്സിലാക്കാത്തവര്‍. പുതിയ ഭൂമിയില്‍ വേരോടിക്കുമ്പോള്‍ മുഴുവന്‍ വേരും മണ്ണില്‍ പതിപ്പിക്കാതെ നിന്നാല്‍ നിലനില്‍പ്പ്‌ അസ്‌ഥിരമാകും. ഖറാാന്‍ സുറ 14 പറയുന്നു. നല്ല വൃക്ഷങ്ങള്‍ വേരുകള്‍ ഭൂമിയില്‍ ഉറപ്പിച്ചും അതിന്റെ ശാഖകള്‍ ആകാശത്തേക്കുയര്‍ത്തിയും നില്‍ക്കുന്നു. ഒരാളുടെ ജാതിയോ, കുലമോ, ഭാഷയോ, നിറമോ ,പണമോ, പദവിയോ നോക്കാതെ എല്ലാവരേയും തുല്യരായി കാണാന്‍ കഴിയാതെ വരുമ്പോള്‍ കുടിയേറുന്ന രാജ്യങ്ങളിലെ ജീവിതം ദുസ്സഹമാകും. അറിവിന്റെ പരിമിതികള്‍ മോഹങ്ങളെ ചാടിക്കയും തിരിച്ചടിക്കയും ചെയ്യുന്നു. "darkens in the penumbra of eclipsing moonlike satellites, hopes to see further bounces at the limits of knowledge') അതു വരെ കേട്ടതൊക്കെ ശരിയെന്ന്‌ തോന്നുമെങ്കിലും ശരിയാണെന്ന്‌ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പ്രവാസികള്‍ ചന്ദ്രഗ്രഹണത്തിലെ കറുത്ത നിഴല്‍ പോലെ ദു:ഖിതരാകുന്നു. അതിനു കാരണം ജീവിതത്തെ കുറിച്ച്‌ ഓരോരുത്തരും നിരൂപിക്കുന്നത്‌ അവര്‍ ജനിച്ചു വളര്‍ന്ന മണ്ണിലെ സംസ്‌കാരവും സാമൂഹ്യനീതികളുമനുസരിച്ചാണെന്നുള്ളത്‌കൊണ്ടാണ്‌. ഇതിനു ഒരു ചാക്രിക സ്വഭാവമുണ്ട്‌. (Meaning of crosswords dies at the cyclic cross references, when the lexicons announce a rose is a rose is a rose is a rose) അതായ്‌ത്‌ തുടക്കത്തില്‍ ഇണങ്ങാന്‍ പ്രയാസമായി നിന്ന പരിതസ്‌ഥിതികളോട്‌ കാലക്രമത്തില്‍ മനുഷ്യര്‍ ഇണങ്ങി പോകുന്നു, പല പേരിലറിഞ്ഞാലും ഒരു വസ്‌തു അല്ലെങ്കില്‍ വികാരം ഒന്നെന്ന ബോധത്തിന്റെ തിരിച്ചറിവു അവര്‍ക്ക്‌ ലഭിക്കുന്നു. വന്നെത്തിയ രാജ്യം അവര്‍ക്ക്‌ വേണ്ടതെല്ലാം സ്വന്തം നാട്ടിലേക്കാള്‍ കൂടുതല്‍ കൊടുത്ത്‌കൊണ്ടിരിക്കുന്നു. പൂവില്‍ നിന്നും കിട്ടുന്ന രസത്തെ മധുവാക്കി മാറ്റുവാന്‍ തേനീച്ചകള്‍ അദ്ധ്വാനിക്കുന്നപോലെ കുടിയേറ്റക്കാര്‍ ശ്രമിക്കാത്തത്‌ കൊണ്ടാണ്‌ അവര്‍ നിരാശരാകുന്നത്‌. എല്ലാം വെറുതെ കിട്ടണമെന്ന വ്യാമോഹത്തിനടിമയാകുന്നവര്‍. പശുവിനെ കറക്കാതെ പാല്‍ കിട്ടുകയില്ല. തേനീച്ചകളില്‍ നിന്നും തേന്‍ എടുക്കാതെ തേന്‍ കിട്ടുകയില്ല.

വാഗദത്ത ഭൂമിയില്‍ തേനും പാലും ഒഴുകുന്നു എന്നതിന്റെ അര്‍ഥം അദ്ധ്വാനിക്കാതെ കിട്ടുന്നത്‌ എന്നാണ്‌. പാല്‍ തരുന്ന പശു പുല്ലോ ചെടികളൊ ഭക്ഷിച്ച്‌ ഈശ്വരന്റെ കരുണയില്‍ കഴിയുന്നു, പാലും തേനും കിട്ടുന്നത്‌ രണ്ടു ജന്തുക്കളുടെ ശരീരത്തില്‍ നിന്നാണ്‌. പശുവില്‍ നിന്ന്‌ പാല്‍ കിട്ടുന്നു, എന്നാല്‍ തേന്‍ തേനീച്ചകള്‍ പൂക്കളില്‍ നിന്നും ശേഖരിച്ചു വക്കുന്നു. പക്ഷെ പൂക്കളില്‍ നിന്നും കിട്ടുന്ന രസത്തില്‍ (nectar) 80 ശതമാനം വെള്ളവും 20 ശതമാനം പഞ്ചസാരയുമാണ്‌. തേനീച്ചയുടെ ശരീരത്തിലെ ഒരു രാസാഗ്നിയുടെ (enzyme) സഹായത്തോടെ അത്‌ രസത്തെ 80 ശതമാനം മധുവും 20 ശതമാനം വെള്ളവുമാക്കുന്നു. അങ്ങനെ അദ്ധ്വനിച്ച്‌്‌ ശേഖരിക്കുന്ന തേന്‍ മനുഷ്യര്‍ ആസ്വദിക്കുന്നു, ഇത്‌ ഒരു നിമിത്തമായി കവിതയില്‍ വരുന്നുണ്ട്‌.

കുടിയേറ്റക്കാരെ അതിഥികളായും കുടിയേറുന്ന രാജ്യത്തെ നിവാസികളെ ആതിഥേയരായും ഈ കവിതയില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ജര്‍മ്മനിയില്‍ ജോലി തേടി ചെന്നവരെ അവരുടെ ഭാഷയില്‍ ഗസ്‌റ്റര്‍ബെയ്‌തര്‍ Gastarbeiter എന്ന്‌ വിളിച്ചിരുന്നു. അര്‍ഥം അതിഥിയായ ജോലിക്കാരന്‍. ഇതില്‍ നിന്നത്രെ കുടിയേറ്റത്തില്‍ അതിഥിയും ആതിഥേയനും എന്ന സങ്കല്‍പ്പം ഉണ്ടായ്‌ത്‌. (Hosts and Guests wrestle with the idea of who exploits who) അറിവിന്റെ അപാരത കണ്ട കവി ഡോക്‌ടര്‍ കുഞ്ഞാപ്പു ഈ കവിതയില്‍ അതിഥി-ആതിഥേയ ബന്ധത്തെപ്പറ്റി പറയുന്നതില്‍ പുതുമയുടെ ഒരു സ്‌പര്‍ശനം ഉണ്ട്‌. എന്നിട്ടും കുടിയേറ്റക്കാരുടെ ഭൂമിയെന്ന വന്മരം ഫലം വിളയുമ്പോള്‍ അത്‌ എവിടെ നിന്നോ വന്നവര്‍ക്കും വിവേചനമില്ലാതെ കൊടുക്കുന്നു. ആ വൃക്ഷത്തിനു വളമിട്ടതും വെള്ളമൊഴിച്ചതും വേറെ ആരോ ആണ്‌. എന്നാല്‍ ഫലം വിളയുമ്പോള്‍ അത്‌ എല്ലാവര്‍ക്കും കിട്ടുന്നു. (...tall trunk of a perennial tree donate fruits on maturity, to an unknown acceptor who didn't water in the long time frame) കുടിയേറ്റ ഭൂമിയുടെ പ്രത്യേകത അതാണ്‌. വാസ്‌തവത്തില്‍ കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന നന്മ ആ നാട്ടിലെ ആദ്യം വന്നെത്തിയവരുടെ അദ്ധ്വാനത്തിന്റെ ഫലമാണു. ആല്‍ഫ്രെഡ്‌ എലി ബീച്‌ (Alfred Ely Beach) എന്ന അമേരിക്കകാരന്റെ ബുദ്ധിയില്‍ ഉദിച്ച ഭൂഗര്‍ഭ റെയില്‍വെ ഇന്ന്‌ നൂയോര്‍ക്കില്‍ അനേകം പേര്‍ക്ക്‌ യാത്രാ സൗകര്യം ഒരുക്കുന്നു. എന്നാല്‍ പാലും തേനും ഒഴുകുന്ന ഭൂമിയില്‍ സുഖകരമായ ഒരു ജീവിതം നയിക്കുന്നതിനെക്കാള്‍ മനുഷ്യര്‍ പണത്തിന്റെ പിറകെ പരക്കം പാച്ചില്‍ നടത്തുമ്പോള്‍ ആ ഭൂമി പോലും ലജ്‌ജിച്ച തല താഴ്‌ത്തുന്നു എന്ന്‌ കവി കാണുന്നുണ്ട്‌. പ്രവാസഭൂമിയില്‍ അതിഥികളും ആഥിതേയരും തമ്മില്‍ ആര്‍ ആരെ ചൂഷണം ചെയ്യാം എന്നാലോചിക്കുന്നു. പണത്തിന്റെ പിറകെ പോകുന്നവര്‍ തമ്മിലുള്ള കിടമത്സരത്തിന്റെ കഥ.

മുടിനാരിഴ കീറി ഓരൊര്‍ത്തരും അവരവരുടെ തെറ്റുകളെ കുറവുകളെ വിസ്‌തരിക്കുന്നു. എന്നാല്‍ ഇതെല്ലാം വിഫലമാണെന്ന്‌ തിരിച്ചറിവുണ്ടാകുമ്പോള്‍ ശാന്തരാകുന്നു. അതിഥികളില്‍ തന്നെ രണ്ട്‌ തരമുണ്ട്‌. ഒന്നു മുന്നോക്കം നോക്കിയിരിക്കുന്നവര്‍, രണ്ട്‌ പിന്നോക്കം തിരിഞ്ഞ്‌ നോക്കുന്നവര്‍. പിന്നോക്കം തിരിഞ്ഞ്‌ നോക്കുന്നവരെ മലയാളികളോട്‌ ഉപമിക്കാം. അവര്‍ പിറന്ന നാടിനേയും പ്രിയപ്പെട്ടവരേയും ഓര്‍ത്തിരിക്കുന്നു.. മുന്നോക്കം നോക്കുന്നവര്‍ കുടിയേറിയ നാട്‌ സ്വന്തം നാടായി കണ്ടു അവിടെ ജീവിതം ഉറപ്പിക്കുന്നു, ഇത്രയും പറഞ്ഞത്‌ കവിതയിലെ ഒരു ആശയം വിശദമാക്കാനാണ്‌.

ഇതില്‍ കവി പറയുന്നു ആതിഥേയന്‍ ഒരു യുവ തരുണനായി നില്‍ക്കുന്നു, ഗര്‍ഭധാരണവും, ഭ്രൂണത്തിന്റെ വളര്‍ച്ചയും, പ്രസവവും, ബാലപീഡകളും ഒന്നുമറിയാതെ. (The host is endowed with a fully developed thatched human frame) കുടിയേറ്റക്കാര്‍ വന്ന്‌ ചേരുന്ന രാജ്യത്തിനു അവരിലൂടെ പുരോഗതിയുണ്ടാകുക സാധാരണയാണ്‌. പല രാജ്യങ്ങളും മറ്റു രാജ്യങ്ങളില്‍ നിന്നും ഒരൊ വിഷയത്തിലും വിദഗ്‌ദ്ധരായവരെ കൊണ്ടുവരുന്നു. എന്നാല്‍ പലപ്പോഴും അവരുടെ സേവനങ്ങളുടെ മഹത്വത്തെ മറന്ന്‌ കൊണ്ട്‌ അവര്‍ക്ക്‌ വന്നു ചേരുന്ന നാട്ടില്‍ കിട്ടുന്ന സൗഭാഗ്യങ്ങളെപ്പറ്റി പറയാനുള്ള ഒരു പ്രവണതയാണു നമ്മള്‍ കാണുക. എങ്ങനെയാണ്‌ ഒരു കുടിയേറ്റ രാജ്യം സമ്പന്നതയും സ്വയം പര്യാപ്‌തതയും കൈ വരിക്കുന്നത്‌. എത്രയോ മനുഷ്യരുടെ എത്രയോ കാലത്തെ പരിശ്രമം അതിന്റെ പിന്നിലുണ്ടാകും. അത്‌കൊണ്ട്‌ കവി പറയുന്നു അതിഥികള്‍ വരുമ്പോള്‍ അവര്‍ക്ക്‌ മനസ്സില്‍ സന്തോഷം ഉണ്ടാകുന്ന വിധം പെരുമാറുക. കാരണം അവരില്‍ നിന്നും കിട്ടിയ/കിട്ടാന്‍ പോകുന്ന ആനുകൂല്യങ്ങള്‍ അളവറ്റതാകാം. (...but sure to impress the guest of the great favors received in return) ഈ ഒരാശയം വ്യത്യസ്‌ഥവും മുന്‍ധാരണകളുടെ മൂടുപടം തുറക്കുന്നതുമാണ്‌.്‌ അതുകൊണ്ട്‌. കുടിയേറ്റത്തെക്കുറിച്ച്‌്‌ നമ്മള്‍ വായിക്കുന്ന രചനകളില്‍ നിന്നും ഡോക്‌ടര്‍ ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ കവിത ഒരു പ്രത്യേക തലം പൂണ്ട്‌ നില്‍ക്കുന്നു.
കുടിയേറ്റം (ഡോക്‌ടര്‍ ജോയ്‌ ടി.കുഞ്ഞാപ്പുവിന്റെ കവിതകളുടെ നിരൂപണം - തുടരുന്നു.(6)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക