Image

തമിഴ്നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; മരണം 10 ആയി

Published on 14 September, 2011
തമിഴ്നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; മരണം 10 ആയി
ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തിനടുത്തുണ്ടായ തീവണ്ടിയപകടത്തില്‍ 10 പേര്‍ മരിച്ചു. നൂറ് പേര്‍ക്ക് പരിക്കേറ്റു. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ കണക്കാണിത്.  മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മരിച്ചവരെല്ലാം തമിഴ്‌നാട്ടുകാരാണ്. 20 ഓളം പേരുടെ നില ഗുരുതരമാണ്. ചെന്നൈ ബീച്ച് സ്റ്റേഷനില്‍ നിന്ന് വെല്ലൂരിലേക്കു പോവുകയായിരുന്ന 'മെമു' (മെയിന്‍ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) തീവണ്ടി, ആര്‍ക്കോണം-കാട്പാടി റൂട്ടിലോടുന്ന 'എമു' (ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) തീവണ്ടിയുടെ പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

മേല്‍പ്പാക്കം, ചിത്തേരി സ്റ്റേഷനുകള്‍ക്കിടയില്‍ സിഗ്‌നല്‍ കാത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു 'എമു' തീവണ്ടി. ഇടിയുടെ ആഘാതത്തില്‍ 'മെമു' തീവണ്ടിയുടെ ആദ്യത്തെ മൂന്നു ബോഗികളും 'എമു' തീവണ്ടിയുടെ അഞ്ചു ബോഗികളും പാളം തെറ്റി. മറിഞ്ഞ ബോഗികളില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിയിരുന്നു. പരിക്കേറ്റവരെ ആര്‍ക്കോണം ഗവ. ആസ്പത്രിയിലും വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. സിഗ്‌നല്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടം നടന്ന സമയത്ത് കനത്ത മഴയും വെളിച്ചമില്ലായ്മയും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമായെങ്കിലും വെല്ലൂരിലും ആര്‍ക്കോണത്തും മികച്ച നിലവാരമുള്ള ആസ്പത്രികള്‍ ഉണ്ടായിരുന്നത് വലിയ ദുരന്തമുണ്ടാകാതിരിക്കാന്‍ കാരണമായി. രാത്രി 9.30നാണ് അപകടമുണ്ടായത്. ചെന്നൈയില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘങ്ങള്‍ ഉടനടി സംഭവസ്ഥലത്തെത്തി.

കേന്ദ്ര റെയില്‍ മന്ത്രി ദിനേശ് ത്രിവേദി ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും.അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിസ്സാര പരിക്കുള്ളവര്‍ക്ക് 25,000 രൂപ നല്‍കും.

അപകടത്തെത്തുടര്‍ന്ന് കേരളത്തിലേക്കുള്ളതടക്കം ഒട്ടേറെ തീവണ്ടികള്‍ ആര്‍ക്കോണത്തും സമീപസ്റ്റേഷനുകളിലും നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇവയുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക