Image

ആനന്ദിനെ സഹായിക്കൂ.... - മാത്യു മൂലേച്ചേരില്‍

മാത്യു മൂലേച്ചേരില്‍ Published on 26 February, 2013
ആനന്ദിനെ സഹായിക്കൂ.... - മാത്യു മൂലേച്ചേരില്‍
`ആനന്ദ്‌ ജോണ്‍' അമേരിക്കയിലുള്ള മലയാളികള്‍ക്ക്‌ മാത്രമല്ല സകലര്‍ക്കും സുപരിചിതമാണ്‌ ആ നാമം. ഒരു പേരുകേട്ടാല്‍ ആ പേരിനെ എന്തിനോടെങ്കിലും ബന്ധിപ്പിച്ചില്ലെങ്കില്‍ മനുഷ്യസമൂഹത്തിനു സമാധാനം ഉണ്ടാവില്ല. ഇവിടെ ആനന്ദിനെ ബന്ധിപ്പിക്കുന്ന പല കുടുംബങ്ങളും പ്രസ്ഥാനങ്ങളും, സംഭവങ്ങളും ഉണ്ട്‌.

ആനന്ദ്‌ നാട്ടില്‍ നിന്നും അമേരിക്കയില്‍ കടന്നുവന്നിട്ട്‌ വിജയകരമായി ഒരു പ്രസ്ഥാനം മുന്നോട്ടു കൊണ്ടു പോയവനെന്നോ, സാധാരണ ഒരു നാടന്‍ മലയാളിയില്‍ നിന്നും വ്യത്യസ്‌തമായി അത്ഭുതകരമായ കഴിവുകളുള്ള ഒരു പ്രതിഭ എന്നോ പറഞ്ഞാല്‍ `അമ്പമ്പേ, അതിനു ഞാനെന്തുവേണം അതവനുതകും` എന്ന നിസ്സംഗത ഭാവം പലരും പ്രകടമാക്കും. എന്നാല്‍ ആനന്ദ്‌ ഒരു കൊള്ളരുതാത്തവന്‍ എന്ന്‌ ഞാന്‍ പറയുകയാണെങ്കില്‍ എന്നെ സപ്പോര്‍ട്ട്‌ ചെയ്യാന്‍ അനേകര്‍ ചുറ്റും കൂടും. കാരണം ആനന്ദിന്‍റെ കൊള്ളരുതായ്‌മകളുടെ ചിത്രം മാത്രമാണ്‌ എല്ലാ മനസ്സുകളിലും പതിഞ്ഞിരിക്കുന്നത്‌.

എല്ലാ മലയാളി യുവാക്കളെയും പോലെ ചോരയും നീരും സമ്പത്തും ഉള്ളവന്‍ ആയിരുന്നു ആനന്ദ്‌ ജോണ്‍. നാട്ടില്‍ നിന്നും കടന്നു വന്നു ഫാഷന്‍ രംഗത്ത്‌ തന്‍റെ കഴിവുകള്‍ തെളിയിക്കുകയും അതില്‌ക്കൂടെ ഒരു സാമ്രാജ്യം തന്നെ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്‌ത ഒരു വ്യക്തിയായിരുന്നു. ആനന്ദിന്‍റെ പണം കണ്ടിട്ട്‌ അദ്ദേഹത്തിന്‍റെ കൂടെ ഒരു ഉല്ലാസ യാത്രയ്‌ക്കും മറ്റും അക്കാലത്ത്‌ അമേരിക്കയിലുള്ള പ്രശസ്‌തരായ ധാരാളം പെണ്‍കുട്ടികളും സ്‌ത്രീകളും ക്യൂ നിന്നിട്ടുണ്ട്‌.

തന്‍റെ ഔദ്യോഗിക ജീവിതത്തില്‍ യുവതികളായ പെണ്‍കുട്ടികളോട്‌ അദ്ദേഹത്തിനടുത്തു ഇടപഴകേണ്ടി വന്നിട്ടുണ്ട്‌. അല്ല ഇതൊക്കെ ചെയ്യാത്ത എത്ര യുവാക്കള്‍ ആണ്‌ ഇന്ന്‌ അമേരിക്കയില്‍ ഉള്ളത്‌?

ഒരു കാര്യത്തെപ്പറ്റി സംസാരിക്കുമ്പോള്‍ എല്ലാം പറയണമല്ലോ, നിങ്ങള്‍ പറയും പ്രകാരം ആനന്ദ്‌ ശരിക്കും ഒരു കുറ്റവാളി എന്ന്‌ ഞാനും വിശ്വസിക്കുന്നു. കാരണം നിങ്ങളുടേത്‌ പോലെതന്നെ എന്‍റെ അറിവുകളും പരിമിതം ആണ്‌. അത്‌ പലരില്‍ നിന്നും പറഞ്ഞുകേട്ടതും, ഓരോരുത്തര്‍ ഇതെപ്പറ്റി എഴുതിയവ വായിച്ചതില്‍ നിന്നും മാത്രം ഉള്ളതാണ്‌. എന്നാല്‍ പലപ്പോഴും നമ്മുടെ ചിന്താഗതികള്‍ ആയിരിക്കില്ല, നമ്മള്‍ക്ക്‌ ലഭിച്ചിരിക്കുന്ന അറിവുകള്‍ ആയിരിക്കില്ല, യഥാര്‍ത്ഥ സത്യമെന്നത്‌. അത്‌ ആനന്ദിനും ദൈവത്തിനും മാത്രമേ അറിയുവാന്‍ കഴിയൂ.

ആനന്ദ്‌ ആരുമായിക്കൊള്ളട്ടെ, അദ്ദേഹം എത്രവലിയ കുറ്റവാളിയും ആയിക്കൊള്ളട്ടെ ഒരു കാര്യം നമ്മള്‍ക്ക്‌ ഉറപ്പായും അറിയാം ആനന്ദ്‌ ഒരു ഭീകരനല്ല, ഒരു തട്ടിപ്പുവീരനൊ, കള്ളനോ, കൊലപാതകിയോ, ബലാല്‍സംഗം ചെയ്‌തവനോ അല്ല. പൂര്‍വ്വ കാല കുറ്റവാളിയും അല്ല. പിന്നെ എന്തുകൊണ്ട്‌ അമേരിക്കന്‍ കോടതി അദ്ദേഹത്തിനു ഇത്രനാള്‍ നീണ്ട ശിക്ഷ വിധിച്ചു. അതില്‍ എന്തൊക്കെയോ ദുരൂഹതകള്‍ ഒളിഞ്ഞിരിപ്പില്ലേ എന്ന്‌ നിങ്ങള്‍ നിങ്ങളോട്‌ തന്നെ ഒന്ന്‌ ചോദിച്ചു നോക്ക്‌.

അമേരിക്കയില്‍ വന്നു ഇവിടുത്തെ കോര്‍പറേഷനുകളിലും, മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളി സഹോദരങ്ങള്‍ക്കും അറിയാം ഇന്നാട്ടിലെ വര്‍ഗീയതയെക്കുറിച്ച്‌. വെളുക്കെ ചിരിച്ചു നമ്മളെ എതിരേല്‍ക്കുന്ന എല്ലാ ജാതി വര്‍ഗ്ഗങ്ങളും അവരുടെ ഉള്ളിന്റെയുള്ളില്‍ വംശീയ വിദ്വേഷം വെച്ചു പുലര്‍ത്തുന്നവര്‍ തന്നെ. ഇന്ത്യയില്‍ നിന്നും അവരുടെ സാമ്രാജ്യത്തിലേക്ക്‌ കടന്നുവന്നു അവരെക്കാള്‍ ഉന്നത ജീവിത നിലവാരത്തില്‍ എത്തിച്ചേരുന്ന ഭാരതീയരോട്‌ അവര്‍ക്ക്‌ എപ്പോഴും അമര്‍ഷവും അസൂയയും ആണ്‌ ഉള്ളത്‌. നമ്മളെ അവര്‍ വെറും മൂന്നാംകിട പൗരന്മാരായി മാത്രമേ കാണുന്നുള്ളൂ. നമ്മളെ കുടുക്കുവാന്‍ ഏതെങ്കിലും ഒരവസരത്തിനായി അവര്‍ കാത്തിരിക്കുകയാണ്‌.

ഇതുപോലുള്ള ഈ നാട്ടിലേക്കാണ്‌ ആനന്ദ്‌ ജോണ്‍ കടന്നുവന്നു, ഇവിടുത്തെ ഇറ്റാലിയന്‍ ഫാഷന്‍ മാഫിയ കയ്യടക്കിവെച്ചിരുന്ന ഫാഷന്‍ ഡിസൈനിംഗില്‍ ഒരു രാജാവായി വിലസാന്‍ തുടങ്ങിയത്‌. അതവര്‍ക്ക്‌ എങ്ങനെ സഹിക്കാന്‍ കഴിയും. അവര്‍ ആനന്ദിനെക്കുടുക്കുവാന്‍ കെണികള്‍ ഒരുക്കി, അവര്‍ ആനന്ദിന്‍റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന മോഡലുകളെ ആയുധമാക്കി അദ്ദേഹത്തെ കുടുക്കി. അവരുടെ വളര്‍ത്തുനായയുടെ സ്ഥാനത്തുപോലും മറ്റു വര്‍ഗ്ഗങ്ങള്‍ക്ക്‌ സ്ഥാനം കല്‌പ്പിക്കാത്ത ഇവിടുത്തെ വെളുമ്പക്കൂട്ട ജൂറി അദ്ദേഹത്തിനു മറ്റുലോകങ്ങളിലെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത ദീര്‍ഘനാളത്തെ ശിക്ഷയും വിധിച്ചു.

ശിക്ഷ വിധിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായമോ, കഴിവുകളോ യാതൊന്നും മുഖവിലക്കുപോലും എടുത്തില്ല എന്നുള്ളതാണ്‌ സത്യം. ഒരുകാര്യം കൂടി നമ്മള്‍ ചിന്തിക്കണം ആനന്ദ്‌ ഒരു അമേരിക്കന്‍ പൗരന്‍ അല്ല, അദ്ദേഹം ജന്മം കൊണ്ടും പൗരത്വം കൊണ്ടും ഇന്ത്യാക്കാരന്‍ തന്നെ. അദ്ദേഹത്തെ ഇവര്‍ക്ക്‌ നാട്ടിലേക്ക്‌ തിരികെ അയക്കാമായിരുന്നു. എന്നാല്‍ അതിനൊന്നുമുള്ള മനസ്സ്‌ ഇവര്‍ക്കില്ലായിരുന്നു. കാരണം ഇദ്ദേഹം ഇനി ഒരുനാളും പുറത്തുവരല്ലേ എന്നുള്ളത്‌ ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ തീരുമാനം തന്നെയായിരുന്നു. പുറത്തുവന്നാല്‍, ഫാഷന്‍ രംഗത്ത്‌ വീണ്ടും പ്രവര്‍ത്തിച്ചാല്‍, അതവര്‍ക്ക്‌ വീണ്ടും പാരയാകും എന്ന്‌ നല്ലവണ്ണം അറിഞ്ഞുതന്നെയാണ്‌ ഈ തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നത്‌.

ആനന്ദ്‌ ജയിലില്‍ ആയിക്കഴിഞ്ഞിട്ടു നാട്ടിലുള്ള നമ്മുടെ ഗവര്‍മെന്റിന്‍റെ ഭാഗത്തുനിന്നോ അദ്ദേഹത്തിന്‍റെ വിശ്വവിഖ്യാതരായ ബന്ധുജനങ്ങളില്‍ നിന്നോ ഒരു സഹായവും കിട്ടിയില്ല. നാട്ടിലുള്ളവരെ എന്തിനു കുറ്റം പറയുന്നു അമേരിക്കയില്‍ മലയാളികള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്നു സ്വയം പാടിപ്പുകഴ്‌ത്തി അവസരങ്ങളിലും, അനവസരങ്ങളിലും ഫോട്ടോയും മറ്റുമെടുത്ത്‌ പത്രങ്ങളിലും മറ്റു പൊതുമാധ്യമങ്ങളിലും സ്ഥാനം പിടിക്കുന്ന സംഘടനാ നേതാക്കളോ തിരിഞ്ഞു നോക്കുക പോലുമുണ്ടായില്ല. അന്ന്‌ മുതല്‍ ആനന്ദിന്‍റെ മാതാവും സഹോദരിയും കണ്ണീരോടും പ്രാര്‍ത്ഥനയോടും കൂടി മുട്ടാത്ത വാതിലുകള്‍ ഇല്ല.

അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടായിരിക്കണം ഈയിടെ ആനന്ദിന്‌ അനുകൂലമായി ന്യൂയോര്‍ക്ക്‌ കോടതിയിലുണ്ടായ വിധി. അത്‌ ആ കുടുംബത്തിനു ഒരു ആശ്വാസം തന്നെ. എന്നിരുന്നാലും ഇനി ടെക്‌സാസ്സിലും, കാലിഫോര്‍ണിയയിലും കേസുകള്‍ ബാക്കി നില്‍ക്കുന്നു. അതില്‍ നിന്നുമുള്ള വിമോചനവും കൂടി ലഭിച്ചെങ്കില്‍ മാത്രമേ ഒരു പൂര്‍ണ്ണ വിടുതല്‍ ലഭിക്കുകയുള്ളൂ.

ഇപ്പോള്‍ ആനന്ദിനു വേണ്ടി നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്‌. പണ്ട്‌ പ്രവര്‍ത്തിച്ചിരുന്നവരെ പലരെയും അനാശാസ്യങ്ങള്‍ പറഞ്ഞു ഒടിച്ചുമടക്കി മാറ്റി. അതിനുശേഷം പലയിടത്തും മീറ്റിംഗുകളും മറ്റു ഫണ്ട്‌ റൈസിംഗുകളും ഒക്കെ നടത്തി. അതോടൊപ്പം കഥകളും പുറത്തു വന്നിരുന്നു. അതൊക്കെ അവരവരുടെ പ്രശ്‌നങ്ങള്‍ എന്നുമാത്രമെന്നു കരുതി ഇനിയുള്ളവര്‍ സമവായത്തോടെ ആനന്ദിനുവേണ്ടി നിലകൊള്ളുമെന്ന്‌ പ്രത്യാശിക്കുന്നു.

ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രസിഡന്റിനു ഒരു പരാതി നല്‍കുന്നതിനുവേണ്ടി ഒരു ഒപ്പുശേഖരണം നടത്തുന്നുണ്ട്‌. പതിമൂന്നു വയസ്സനും അതില്‍ കൂടുതലുമുള്ള എല്ലാവര്‌ക്കും ആ വെബ്‌സൈറ്റില്‍ പോയി ഒപ്പുകള്‍ രേഖപ്പെടുത്താന്‍ കഴിയും. കൂടുതലായി അവര്‍ ഒരു ടെലിഫോണ്‍ കൊണ്‌ഫ്രെന്‌സും നടത്തുന്നതായി അറിയുവാന്‍ കഴിഞ്ഞു. എല്ലാം നല്ലതിനായി ആനന്ദിന്‍റെ വിടുതലിനായി ഭവിക്കട്ടെ...

ബൈബിളില്‍ പറയുമ്പോലെ പാപം ഇല്ലാത്തവന്‍ ആനന്ദിനെ കല്ലെറിയട്ടെ, ആനന്ദ്‌ നമ്മുടെ ഒരു മകന്‍, ഒരു സഹോദരന്‍ എന്ന്‌ ചിന്തിച്ച്‌, നമ്മുടെ കുഞ്ഞുങ്ങള്‍ക്കോ സഹോദരങ്ങള്‍ക്കോ ആണ്‌ ഈവിധം ഒരു ആപത്തു വന്നിരുന്നതെങ്കില്‍ നമ്മള്‍ എപ്രകാരം പ്രവര്‍ത്തിക്കുമോ അപ്രകാരം ആനന്ദിനുവേണ്ടി നിങ്ങളാല്‍ ആവുംവിധം പ്രവര്‍ത്തിക്കുക.

ഞാന്‍ ഇവിടെ ആനന്ദ്‌ ചെയ്‌ത കുറ്റങ്ങളെ ന്യായീകരിക്കുവാനോ, ഇന്ന്‌ അദ്ദേഹത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നു സ്വയം പ്രഖ്യാപിച്ചു ഇറങ്ങി പുറപ്പെട്ടിരിക്കുന്നവരുടെ പിന്നാമ്പുറ രഹസ്യങ്ങളിലേക്ക്‌ ഒരു കടന്നു കയറ്റത്തിനോ ഇതില്‍ കൂടെ എനിക്ക്‌ ഒരു പേരോ, മറ്റു പ്രതിഫലങ്ങളോ പ്രതീക്ഷിച്ചുകൊണ്ടല്ല ഇതെഴുതുന്നത്‌. എന്നാലാവും വിധമുള്ള എന്‍റെ എളിയ പ്രവര്‍ത്തനമായി ഈ ലേഖനത്തെ കണക്കാക്കാം...
ആനന്ദിനെ സഹായിക്കൂ.... - മാത്യു മൂലേച്ചേരില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക