Image

ഓര്‍മ്മയും ഒപ്പം `എഡിഡി'യും ഏറിവരുന്ന കേരളീയസമൂഹം (ജോണ്‍ മാത്യു)

Published on 01 March, 2013
ഓര്‍മ്മയും ഒപ്പം `എഡിഡി'യും ഏറിവരുന്ന കേരളീയസമൂഹം (ജോണ്‍ മാത്യു)
ആരോഗ്യപരമായ ഒരു പ്രവണതയാണ്‌ നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലും കേരളത്തിലെ ജനങ്ങള്‍ക്ക്‌ അപ്രതീക്ഷിതമായി ഓര്‍മ്മശക്‌തി കൂടിവരുന്നത്‌. താക്കോല്‍ക്കൂട്ടം എവിടെയോ വെച്ചത്‌ മറന്ന്‌ തപ്പിനടക്കുന്നതും, ഗരാജ്‌ അടച്ചില്ലെന്ന്‌ സംശയിച്ച്‌ മടങ്ങിപ്പോകുന്നതും രോഗമായി നാം അംഗീകരിക്കയില്ല. അങ്ങനെ ആരും കണക്കാക്കുകയുമില്ല. പക്ഷേ, വേണ്ടപ്പെട്ടവരെ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ അത്‌ രോഗംതന്നെ. ഇങ്ങനെയുള്ള രോഗങ്ങള്‍മൂലം വളരെപ്പേര്‍ കഷ്‌ടപ്പെടുന്ന സാഹചര്യത്തിലാണ്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ കൃത്യമായ ഓര്‍മ്മയുണ്ടായിരിക്കുന്നത്‌. ഇത്‌ ആരോഗ്യപരിപാലനരംഗത്തെ വലിയൊരു നേട്ടമായി കണക്കാക്കണം.

ഏതാനും നാളുകള്‍ക്കുമുന്‍പ്‌ ഒരു സുഹൃത്ത്‌ എന്റെ കാറ്‌ ഒരു ദിവസം മുഴുവന്‍ ഓടിക്കേണ്ടതായ സാഹചര്യമുണ്ടായി. കഴിഞ്ഞദിവസം ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചുദ അന്ന്‌ ഓടിച്ചിരുന്ന കാറിന്റെ നിറമെന്തായിരുന്നെന്ന്‌.

ഇല്ല, അദ്ദേഹത്തിനത്‌ ഓര്‍മ്മയില്ല.

അതെങ്ങനെ ഓര്‍ക്കാന്‍. ജീവിക്കുന്നത്‌ അമേരിക്കയിലാണ്‌. ഇവിടെ ഓര്‍മ്മ നശിച്ചുകൊണ്ടിരിക്കുന്നു. അതേ സമയം കേരളത്തിലാണെങ്കില്‍ ഇരുപതുവര്‍ഷം മുന്‍പ്‌ മന്ത്രി വന്നിറങ്ങിയ സമയം, കാറിന്റെ നിറം, കൊടികെട്ടിയ കമ്പിന്റെ നീളം എല്ലാം മണിമണിപോലെയല്ലേ പറയുന്നത്‌.

അമേരിക്കയിലെ മലയാള. എഴുത്തുകാര്‍ ഈ വിഷയത്തെപ്പറ്റി പ്രതികരിച്ചിരുന്നു. ഈയ്യിടെ വീണ്ടും വിവാദമായ കേസിന്റെ നിയമവശങ്ങളെപ്പറ്റി, സാഹചര്യങ്ങളെപ്പറ്റി, രാഷ്‌ട്രീയക്കളികളുടെ ഊരാക്കുടുക്കുകളെപ്പറ്റിയൊക്കെ തെക്കേമുറി എഴുതിയ ലേഖനവും ശ്രദ്ധേയമായി.

അല്‌പം സ്‌നേഹത്തിന്‌ ദാഹിക്കുന്ന, ദുര്‍ബ്ബലമനസുള്ള, എല്ലാം വിശ്വസിക്കുന്ന, കളങ്കമില്ലാത്ത, എന്നാല്‍ വീട്ടില്‍ പരാതികള്‍ മാത്രം ബാക്കിയുള്ള ഒരു പെണ്‍കുട്ടിയുടെ കഥ. അനുകരിക്കാന്‍ ആരും ആഗ്രഹിച്ചുപോകുന്നതും സിനിമാനടന്‍ സ്‌റ്റൈലില്‍ വരുന്നതുമായ ചതിയന്മാരുടെ വലയില്‍ വീണ പെണ്‍കുട്ടികളുടെ കഥകള്‍ എണ്ണിയാലൊതുങ്ങാത്തതാണ്‌. ഈ മാനസികാവസ്‌ഥ തിരിച്ചറിയാതെ ഒരു നീണ്ടകഥവായിക്കുന്നതുപോലെ, സീരിയല്‍ കാണുന്ന ലാഘവത്തോടെ ഇനിയും ഏത്‌ മന്ത്രിയാണ്‌ പ്രതിയെന്ന ചോദ്യവുമായി ആകാംക്ഷയോട്‌ കാത്തിരിക്കുന്നു ജനം.

ഇതുപോലെയുള്ള കേസുകള്‍ ഷെല്‍ഫില്‍ ഫയല്‍ചെയ്‌ത്‌ അടുക്കി വച്ചിരിക്കുകയാണ്‌, കഥകളാക്കാന്‍ പാകത്തിന്‌, വേണ്ടപ്പോള്‍ വലിച്ചെടുക്കാന്‍. ഒരിക്കല്‍ അന്വേഷിച്ച്‌ തെളിവില്ലെന്ന്‌ പറഞ്ഞാലും തെളിവു കിട്ടുന്നിടംവരെ, അല്ലെങ്കില്‍ സുപ്രധാനമായ മറ്റൊരു കേസ്‌ ഉയര്‍ന്ന്‌ വരുന്നിടം വരെ അന്വേഷിച്ചേ തീരൂ. ഈ വിഷയത്തെപ്പറ്റി ഈയ്യിടെ ജോണ്‍ഇളമതയും മറ്റുപലരും എഴുതിയ ലേഖനങ്ങളം സ്വതന്ത്രചര്‍ച്ചകള്‍ക്ക്‌ വക നല്‍കുന്നു.

ചില കേസുകള്‍ ഇപ്പം തീര്‍ന്നെന്ന്‌ കരുതി കാണികള്‍ ഇരിക്കുമ്പോഴാണ്‌ കേസിലെ സുപ്രധാന സാക്ഷിയായ പ്രതിയുടെ അളിയന്‌ നഷ്‌ടപ്പെട്ടുവെന്ന്‌ കരുതിയ ഓര്‍മ്മ മടക്കിക്കിട്ടി മൊഴി മാറുന്നത്‌. ഇനിയും അന്വേഷണം അതിനെപ്പറ്റിയാവാം.
.
ഇത്രയും എഴുതിയതിനോട്‌ ചേര്‍ത്തുവെക്കേണ്ടതാണ്‌ കേരളത്തിന്റെ `അറ്റന്‍ഷന്‍ ഡിഫിസിറ്റ്‌ ഡിസോര്‍ഡറും'.

നാലു വയസുകാരന്‍ കുട്ടി വാശിപിടിച്ച്‌ കരയുന്നു. നമ്മള്‍ ശ്രദ്ധിക്കുന്നില്ല,. കുറേക്കഴിയുമ്പോള്‍ കരച്ചിലുനിര്‍ത്തുമെന്ന പ്രതീക്ഷയാണ്‌. ഇതൊരു പതിവാണ്‌, അവന്റെ വേലയാണ്‌, കുറേ കരയും, പിന്നെ ക്ഷീണിക്കുമ്പോള്‍ തന്നത്താന്‍ കരച്ചില്‌ നിര്‍ത്തും എന്നൊക്കെയാണ്‌ നമ്മുടെ കണക്കുകൂട്ടല്‍.

ഈ കരച്ചിലിന്റെ തനി കാര്‍ബണ്‍കോപ്പിയാണ്‌ കേരളത്തിലെ ബന്തും. ഒരു ദിവസത്തെ ബന്ത്‌ അപ്രതീക്ഷിത അവധിയായി ജനം ആഘോഷിക്കുന്നു. പക്ഷേ, ബന്തു ബന്തുതന്നെയോയെന്ന്‌ ഉറപ്പുവരുത്താന്‍ രാഷ്‌ട്രീയക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന കൂലിക്കാര്‍ക്ക്‌ കാശ്‌കൊടുത്തത്‌ മാത്രം മിച്ചം. ഇവിടെയാണ്‌ `എഡിഡി'യുടെ ശക്‌തിപ്രകടനം.

കരച്ചിലുകൊണ്ട്‌ ഒന്നും നേടാന്‍ കഴിയാതിരുന്ന കുട്ടി കയ്യിലിരുന്ന സ്‌പടികപ്പാത്രം നാടകീയമായി നിലത്തെറിഞ്ഞ്‌ ഉടയ്‌ക്കുന്നു. പ്രതിനായകന്റെ പ്രവേശനം ശാസ്‌ത്രീയമായിത്തന്നെ മനസിലാക്കിയിരിക്കുന്നു ആ നാലുവയസുകാരന്‍

ഒരു സുപ്രധാന അതിഥിയെ പ്രതീക്ഷിച്ചിരുന്ന വിടുമുഴുവന്‍ ഇളകിമറിയുന്നു.. അപ്പോള്‍ അകത്തുനിന്ന്‌ ഗ്രാന്‍പായുടെ കല്‌പനദ അവന്‍ ചോദിച്ചത്‌ കെടുത്തേര്‌.

അതായത്‌, ഒരു ദിവസംമുഴുവന്‍ ബന്ത്‌ നടത്തിയിട്ടും ആരും ശ്രദ്ധിക്കുന്നില്ല, പകരം ആഘോഷങ്ങള്‍ മാത്രം മിച്ചം. അതുകൊണ്ട്‌ ഇനിയും ബന്ത്‌ രണ്ടുദിവസമാകാം. പോരാ, കൂടുതല്‍ ശ്രദ്ധകിട്ടാന്‍ നടുവഴിയില്‍ അടുപ്പുകൂട്ടി കഞ്ഞിവെക്കാം. ബന്തും കാണാം കഞ്ഞിംകുടിക്കാം.

ആഫീസ്‌ ജോലിക്കാരായ സാറന്മാര്‍ അവധിയായി വീട്ടിലിരുന്നു. അവരുടെ ചായയ്‌ക്ക്‌ പാലുംകൊണ്ടുചെന്ന വില്‌പനക്കാരനെ ബന്തുകാര്‍ തടഞ്ഞു. ആ ഇരുപത്തിയഞ്ച്‌ കിലോ പാലു വിറ്റിട്ടുവേണം അവന്‌ അരി വാങ്ങാന്‍. എന്തു ചെയ്യാം, പിരിഞ്ഞപാല്‌ ഓടയിലേക്ക്‌ കമഴ്‌ത്തി. ചാളക്കച്ചവടക്കാരന്‍ ഒരുകൂട ചീഞ്ഞ ചാള നട്ടുറോഡില്‍ എറിഞ്ഞ്‌ അമര്‍ഷം രേഖപ്പടുത്തി. ഇവരൊന്നും യൂണിയന്‍കാരായ, അദ്ധ്വാനിക്കുന്ന, ആറക്കശമ്പളക്കാരക്കരല്ലോ.

അപ്പോള്‍ മലയാളത്തിന്റെ വരേണ്യവര്‍ഗം മദ്യവും മാംസവുമായി സൂര്യനെല്ലി പെണ്‍കുട്ടി നായികയായ സീരിയില്‍ കണ്ട്‌ കുര്യന്റെ അപരനെപ്പറ്റി വാദപ്രതിവാദം നടത്തി, മധുരമായി ഐസ്‌ക്രിം നുണഞ്ഞ്‌ അടുത്ത ബന്തിന്റെ വിഭവങ്ങളെപ്പറ്റി പ്രവചനം നടത്തി കേരളത്തിന്റെ തനതായ ഉത്‌സവത്തിന്റെ താല്‌ക്കാലിക സമാപനം ആഘോഷിച്ചു, മധുരസ്വപ്‌നങ്ങള്‍ ശേഷിപ്പിച്ചുകൊണ്ട്‌.
ഓര്‍മ്മയും ഒപ്പം `എഡിഡി'യും ഏറിവരുന്ന കേരളീയസമൂഹം (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക