Image

ഇന്ത്യയില്‍ മികച്ച ഭരണം കാഴ്ച വെക്കുന്ന ഗുജറാത്തെന്ന് യു.എസ് റിപ്പോര്‍ട്ട്

Published on 14 September, 2011
ഇന്ത്യയില്‍ മികച്ച  ഭരണം കാഴ്ച വെക്കുന്ന ഗുജറാത്തെന്ന് യു.എസ് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍ : ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കുന്നതും പ്രശംസനീയമായ പുരോഗതി കൈവരിക്കുകയും ചെയ്ത സംസ്ഥാനം നരേന്ദ്രമോഡിയുടെ ഗുജറാത്ത് ആണെന്ന് യുഎസ് കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ട്. ദേശീയ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി ഗുജറാത്ത് മാറിയതായും റിപ്പോര്‍ട്ട് പറയുന്നു. ഗുജറാത്ത് കഴിഞ്ഞാല്‍ രാജ്യത്ത് മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാനമായി തെരഞ്ഞെടുത്തിരിക്കുന്നത് നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന ബീഹാര്‍ ആണ്. അമേരിക്കക്ക് താത്പര്യമുള്ള വിഷയങ്ങളില്‍ ഇടക്കിടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന യു.എസ് കോണ്‍ഗ്രസിന്റെ സ്വതന്ത്രഗവേഷണ വിഭാഗമാണ് സിആര്‍എസ്.  യു.എസ് ജനപ്രതിനിധികള്‍ക്കായാണു സിആര്‍എസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 94 പേജുള്ള റിപ്പോര്‍ട്ടില്‍ ഗുജറാത്തിനെയും ബിഹാറിനെയും സിആര്‍എസ് വാനോളം പുകഴ്ത്തുന്നുണ്ട്.

2002ല്‍ സംസ്ഥാനത്തുണ്ടായ കലാപങ്ങള്‍ കളങ്കമായി നില്‍ക്കുന്നുണ്ടെങ്കിലും വലിയ തോതില്‍ മൂലധനവും റോഡുകളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനത്തേക്കു കൊണ്ടുവരാന്‍ മോഡിക്കായി. ഊര്‍ജ മേഖലയിലെ വികസനവും വാര്‍ഷിക വളര്‍ച്ച 11 ശതമാനത്തിനു മുകളില്‍ നിലനിര്‍ത്താനായതും മോഡിയുടെ പ്രാഗത്ഭ്യമായി റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമായ ബിഹാര്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ മാറ്റത്തിലേക്ക് കുതിക്കുകയാണ്. ജാതി രാഷ്ട്രീയത്തിനു മുകളില്‍ വികസന വിജയം കൊണ്ടുവരാന്‍ അദ്ദേഹത്തിനായെന്നും നിരവധി സംസ്ഥാനങ്ങളില്‍ ക്രമസമാധാനം പുനസ്ഥാപിക്കാനും അടിസഥാനസൗകര്യങ്ങളും വിദ്യാഭ്യാസ പുരോഗതിയും കൈവരിക്കാനും ബീഹാറിന് കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക