Image

സൗദിയില്‍ പിടിയിലായ അല്‍ ഖായിദ വനിത കുറ്റസമ്മതം തിരുത്തി

Published on 14 September, 2011
സൗദിയില്‍ പിടിയിലായ അല്‍ ഖായിദ വനിത കുറ്റസമ്മതം തിരുത്തി
ജിദ്ദ: അല്‍ ഖായിദ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിടിയിലായ വനിതാ ഭീകരവാദി നേരത്തെ നടത്തിയ കുറ്റസമ്മതം തിരുത്തി. അല്‍ഖായിദ അംഗം കൂടിയായ ഹൈല മുഹമ്മദ്‌ ഇബ്രാഹിം അല്‍ ക്വസീറാണ്‌ പ്രത്യേക കോടതിയില്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ചത്‌. പ്രോസിക്യൂഷന്‍ ആന്‍ഡ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ കമ്മിഷന്‍ ഇവര്‍ക്കെതിരെ 18 കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്‌.

നേരത്തെ കുറ്റം സമ്മതിച്ച്‌ നല്‍കിയ മൊഴിയില്‍ മാറ്റമൊന്നുമില്ലാതെയാണ്‌ ഇത്തവണ കോടതിയില്‍ സമര്‍പ്പിക്കുന്നതെന്ന്‌ എഴുതി നല്‍കണമെന്ന ജഡ്‌ജിന്റെ ആവശ്യത്തിനു മറുപടിയായിട്ടായിരുന്നു അല്‍ ക്വസീര്‍ താന്‍ കുറ്റക്കാരിയല്ലെന്ന്‌ വാദിച്ചത്‌. നേരത്തെ നല്‍കിയ മൊഴി തന്നെക്കൊണ്ട്‌ നിര്‍ബന്ധിച്ച്‌ പറയിപ്പിച്ചതാണെന്നും അല്‍ഖായിദയുമായി ബന്ധമുള്ള തന്റെ രണ്ടു മുന്‍ ഭര്‍ത്താക്കന്മാരുടെ തടവിലായിരുന്നു താനെന്നും അല്‍ ക്വസീര്‍ പറഞ്ഞു. ഇവരുടെ മറുപടിയുടെ പകര്‍പ്പ്‌ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. കേസ്‌ വീണ്ടും വാദം കേള്‍ക്കുന്നതിന്‌ മാറ്റി.

2009 ഫെബ്രുവരിയിലാണ്‌ അല്‍ക്വസീര്‍ ബുറൈദയില്‍ നിന്ന്‌ പിടിയിലാവുന്നത്‌. ഭീകരവാദ പ്രവര്‍ത്തനത്തിന്‌ സൗദിയില്‍ പിടിയിലാവുന്ന ആദ്യ വനിതയാണിവര്‍. അല്‍ഖായിദ അംഗങ്ങളായ ഭീകരവാദികള്‍ക്ക്‌ താവളമൊരുക്കി, സംഘടനയ്‌ക്കാവശ്യമായ പണം എത്തിച്ചു, അല്‍ഖായിദ നടത്തിയ ചാവേറാക്രമണങ്ങള്‍ വിജയിച്ചപ്പോള്‍ ആഘോഷങ്ങള്‍ നടത്തി തുടങ്ങിയ കുറ്റങ്ങള്‍ അല്‍ ക്വസീറിനെതിരെ ചുമത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക