Image

മിടിയ്‌ക്കു മിടിയ്‌ക്കു ഹൃദയമേ ! (കവിത: മഹാകപി വയനാടന്‍)

Published on 03 March, 2013
മിടിയ്‌ക്കു മിടിയ്‌ക്കു ഹൃദയമേ ! (കവിത: മഹാകപി വയനാടന്‍)
ഹൃദയം നിലച്ചനിലയിലെത്തിയ ഒരു പതിനാറ്‌ വയസ്സുകാരന്‍ ബാലനെ, ഹൃദയ, ശ്വാസകോശ ഉദ്ധിപന ദ്രുതപ്രവര്‍ത്തി (Cardio Pulmonary Resuscitation ) ചെയ്യുന്നതിനിടയില്‍, അവന്റെ ശരിരത്തിലേക്ക്‌ നോക്കവേ, എന്റെ ഉള്ളൊന്നു നടുങ്ങി. ഒരുനിമിഷം ഞാനെന്റെ പതിനാറ്‌ വയസ്സിലേക്ക്‌ മടങ്ങി. രോമങ്ങള്‍ മുളച്ചുതുടങ്ങിയപോലെ, മോഹങ്ങളും മൊട്ടിട്ടു കാണില്ലേ? കര്‍ട്ടന്റെ അപ്പുറം നിന്ന്‌ , പൊട്ടിക്കരയാനാവാതെ വിതുമ്പുന്ന അമ്മ. എത്ര പെട്ടന്നാണു ദുഖം ആത്മാവിലേക്ക്‌ തുളച്ചുകയറുന്നത്‌. ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക്‌ പുല്ലുവില നല്‍കി വിധിക്ക്‌ കീഴടങ്ങിയ, കാത്തുകാത്തിരുന്നെത്തിയ വേനല്‍ക്കാലം ആസ്വദിക്കുവാന്‍ കഴിയാതെപോയ, ഞാന്‍ ആദ്യമായും, അവസാനമായും കണ്ട ആ ബാലന്റെ ഓര്‍മ്മയ്‌ക്ക്‌ .


മിടിയ്‌ക്കു മിടിയ്‌ക്കു ഹൃദയമേ എന്നിട്ടൊന്ന്‌ കാണൂ
പാടുപെട്ടുമിടിപ്പിക്കാന്‍ മുറകള്‍ ചെയും ഞങ്ങളെ
അടക്കിവെച്ചൊരു നിന്‍ കൊച്ചുഹൃദയം എന്തേ
മിടിക്കാത്തു മിഴികള്‍ എന്തേ തുറക്കാത്തു ?

എട്ടുരണ്ടില്‍ പൊട്ടേണ്ട ഹൃദയമല്ലിത്‌ ഉള്ളില്‍
മൊട്ടിട്ട മോഹങ്ങള്‍ കാണില്ലേ, അവയൊക്കെ
പൊട്ടിവിടര്‍ന്നതു കണ്ടടുക്കും അളിവേണികള്‍ ഒത്തു
വട്ടമിട്ടും പൊട്ടിച്ചിരിച്ചും നടക്കേണ്ടേ നിനക്ക്‌

നൊന്തുപെറ്റവളോ, മറവിന്‌ അപ്പുറം നിന്നിട്ട്‌
എന്തുപാടുപെടുന്നു ദുഖം വിതുമ്പലില്‍ ഒതുക്കാന്‍
എന്തുപറഞ്ഞാല്‍, എന്തുതന്നാല്‍ മിടിക്കുമീ ഹൃദയം
ചന്തമുള്ളതൊക്കെ തരാം മിടിക്കു ഹൃദയമേ!

മകരമാസം കഴിഞ്ഞല്ലോ, മഞ്ഞെല്ലാം മാഞ്ഞല്ലോ
ഹാ! കാറ്റും ശൈത്യം കളഞ്ഞ്‌ കുളിര്‍തെന്നലായല്ലോ
കന്നിമഴ പെയിതങ്ങ്‌ പുല്ലിനും തുടിപ്പേകിയല്ലോ
പിന്നെന്തിനീ മടി, മിടിയ്‌ക്കു മിടിയ്‌ക്കു ഹൃദയമേ!

വന്മരമൊക്കെ തളിര്‍ത്തല്ലോ ചില്ലകളിലെല്ലാം,
യത്‌നിച്ചു എത്തിയ ദേശാടനകിളികള്‍ നിരന്നല്ലോ
നാടന്‍ മേളകള്‍ക്കും വേദികളങ്ങു ഒരുങ്ങിയു
ടന്‍ ഒരുല്ലാസ്സയാത്രക്ക്‌ പോകാനുണരൂ ഹൃദയമേ!

മിടിക്കണമീ ഹൃദയം, എന്നിട്ട്‌, ചലിപ്പിക്കണമീ
വടിവൊത്ത നിന്‍ വിരലുകള്‍, കാത്തിരിപ്പില്ലേ
മോടിയുള്ളൊരു ഗിറ്റാര്‍ അതിന്മാറില്‍ വിരലുക
ളോടിച്ചു പാട്ടുകളുതുര്‍ക്കെണ്ടേ കായല്‍ കാറ്റിനൊപ്പം?

പാട്ടൊന്നു കേള്‍ക്കേ, താളം പിടിക്കാനെത്തുന്ന
കുട്ടുകാരൊത്ത്‌ ആടിപ്പാടി തിമിര്‍ക്കേണ്ടേ നിനക്ക്‌
കാറ്റൊന്നു വീശവേ താളമിടും കായലോളത്തില്‍
ചുറ്റുമുള്ളവരൊത്ത്‌ നീന്തി തുടിക്കണ്ടേ നിനക്ക്‌?


നിറുത്തുന്നു ഞങ്ങളീ ശ്രമം, കേട്ടീല നീയൊന്നും
അറിയാതെ കിടന്നങ്ങ്‌, വിധിയുടെ വിളികേട്ടല്ലോ
മറനീക്കിവന്ന്‌ അമ്മ നിന്‍കവിളില്‍ ഉമ്മ തന്നല്ലോ
നിറകണ്ണീര്‍ചൂടില്‍ നിന്‍ കവിള്‍ തണുപ്പറിഞ്ഞിരിക്കില്ലവള്‍

ലൗകികജീവിത ഒറ്റമുള്‍മരത്തിലെ കപി ഞാന്‍
ഏകിയൊരു മുള്‍ക്കുത്ത്‌ നീയെനിക്ക്‌, നിന്‍ വേര്‍പാടിനാല്‍
അമ്മനല്‍കിയ മുത്തം നുകരാതെ നീണ്ടുകിടന്നിട്ടു നീ
ചെമ്മെ പഠിപ്പിച്ചെന്നെ, ദുഖമാണ്‌ ജീവിതാടിത്തറ!

മഹാകപി വയനാടന്‍

ഈറ്റില്ലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക