Image

ആനന്ദ്‌ ജോണ്‍ നമ്മില്‍ ഒരുവനാണ്‌ (ജോജോ തോമസ്‌)

Published on 02 March, 2013
ആനന്ദ്‌ ജോണ്‍ നമ്മില്‍ ഒരുവനാണ്‌ (ജോജോ തോമസ്‌)
നീതി നിക്ഷേധിക്കപ്പെട്ട്‌ ജയിലറയ്‌ക്കുള്ളില്‍ അടയ്‌ക്കപ്പെട്ട ആനന്ദ്‌ ജോണിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പത്രപ്രസ്‌താവനകളുടെ ഒരു നീണ്ടനിര 2007 മുതല്‍ നാം കണ്ടുകഴിഞ്ഞു. ഇനിയും മലയാളി മനസ്സുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്നത്‌ വളരെ ദുഖകരമായ ഒരു യാഥാര്‍ത്ഥ്യമാണ്‌.

സമ്പദ്‌സമൃദ്ധിയുടെ കാനാന്‍ ദേശം എന്നറിയപ്പെട്ടിരുന്ന ഈ അമേരിക്കന്‍ മണ്ണില്‍ കുടിയേറിയ ഇന്ത്യന്‍ സമൂഹം ഈ സ്വാതന്ത്ര്യസമ്പുഷ്‌ടമായ മണ്ണില്‍ അലിഞ്ഞുചേര്‍ന്നുവെങ്കിലും, കൂട്ടായ്‌മയും, ഐക്യവും, സംഘടിത മനോഭാവവും കൈകൊര്‍ത്തുനില്‍ക്കാന്‍ ഒരുമ്പെടുന്നില്ല എന്നത്‌ ഖേദകരമാണ്‌. നമ്മുടെ മുന്നില്‍ എത്രയെത്ര ഉദാഹരണങ്ങള്‍ നമുക്ക്‌ കാണാന്‍ കഴിയും.

ഇവിടെയുള്ള യഹൂദ വംശജരുടെ കൂട്ടായ്‌മയും, ഈ രാജ്യത്തേക്ക്‌ കുടിയേറിപ്പാര്‍ത്ത നമ്മെക്കാള്‍ ബഹുഭൂരിപക്ഷമുള്ള മറ്റ്‌ രാജ്യക്കാര്‍ സംഘടിച്ച്‌ നില്‍ക്കുമ്പോള്‍ അവര്‍ നേടിയെടുക്കുന്ന അംഗീകാരം നമുക്ക്‌ മാതൃകയാകണം.

ഓരോ രാജ്യങ്ങള്‍ ആ രാജ്യത്തെ പൗരന്മാര്‍ക്ക്‌ മറ്റ്‌ രാജ്യങ്ങളില്‍ നല്‍കുന്ന സംരക്ഷണം ആനന്ദ്‌ ജോണിന്റെ കാര്യത്തില്‍ ഭാരത സര്‍ക്കാര്‍ അവലംബിക്കുന്നില്ല എന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌.

ഈ അടുത്തകാലത്തുണ്ടായ ഇറ്റാലിയന്‍ നേവി കപ്പലും ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ (കടല്‍കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ പൗരന്മാര്‍ക്ക്‌) ഇറ്റാലിയന്‍ ഗവണ്‍മെന്റ്‌ അവരുടെ പൗരന്മാരെ സംരക്ഷിക്കുന്നത്‌ നാം കാണുന്ന യാഥാര്‍ത്ഥ്യമാണ്‌.

`കരയുന്ന കുഞ്ഞിനേ പാലുകിട്ടുകയുള്ളൂ' എങ്കില്‍ ആനന്ദ്‌ ജോണിന്റെ നീതിക്കുവേണ്ടി നമ്മുടെ സമൂഹം മുന്നോട്ടുവരണം. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ എന്ന്‌ ഉറക്കെ പ്രഘോഷിക്കുകയും, അതിനായി പോരാടുകയും ചെയ്യുന്ന ഒരു നാട്ടില്‍ നിന്നും എത്തിയ നാം ഒറ്റക്കെട്ടായി പ്രഖ്യാപിക്കാം `ആനന്ദ്‌ ജോണ്‍ നമ്മളില്‍ ഒരുവനാണ്‌'.

ചെയ്യാത്ത കുറ്റങ്ങള്‍ക്ക്‌ 59 വര്‍ഷം ജയിലറയ്‌ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ട ആനന്ദ്‌ ജോണിന്‌ ഒരു ന്യായ വിചാരണ ലഭിക്കണമെന്ന ആവശ്യം അമേരിക്കന്‍ നീതിപീഠത്തിനുമുന്നില്‍ സമര്‍പ്പിക്കാം. അമേരിക്കന്‍ ജുഡീഷ്യറി സംവിധാനത്തില്‍ സമ്പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്ന ഇന്ത്യന്‍ കുടിയേറ്റ സമൂഹത്തിന്റെ ഈ അഭ്യര്‍ത്ഥന അമേരിക്കന്‍ പ്രസിഡന്റും, അമേരിക്കന്‍ നീതി വ്യവസ്ഥിതിയും തിരിച്ചറിയുമെന്നതില്‍ സംശയമില്ല.

ഇത്‌ ആനന്ദ്‌ ജോണിന്റെ പ്രശ്‌നമായി കാണരുത്‌. ആനന്ദ്‌ ജോണിന്‌ സംഭവിക്കുന്നത്‌ ആര്‍ക്കും എപ്പോഴും, എവിടെവെച്ചും സംഭവിക്കാവുന്ന സ്വാതന്ത്ര്യസമ്പുഷ്‌ടമായ ഒരു ഒരു നാട്ടിലാണ്‌ നാം ജീവിക്കുന്നത്‌. ബൈബിളിലും ഖുറാനിലും ഗീതയിലും നമ്മെ അനുസ്‌മരിപ്പിക്കുന്ന വേദവാക്യം -`നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ' ഇത്തരുണത്തില്‍ സ്‌മരണീയമാണ്‌.

അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യന്‍ വംശജരുടെ വരുംതലമുറ ഈ അമേരിക്കന്‍ മണ്ണില്‍ സുരക്ഷിതരാണെന്ന്‌ ഉറപ്പുവരുത്തുവാനും നമ്മുടെ ഈ കൂട്ടായ്‌മ ഉപകാരപ്പെടുമെന്ന്‌ നമ്മള്‍ മനസിലാക്കുക.

സര്‍വ്വ വ്യാപിയായ ശക്തിയെ വിളിച്ചാല്‍, വിളി കേള്‍ക്കുന്ന ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട്‌ നമുക്കൊരുമിച്ച്‌ പ്രവര്‍ത്തിക്കാം.

ജോജോ തോമസ്‌, ന്യൂയോര്‍ക്ക്‌
ആനന്ദ്‌ ജോണ്‍ നമ്മില്‍ ഒരുവനാണ്‌ (ജോജോ തോമസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക