Image

ഡല്‍ഹി സ്‌ഫോടനം: നിര്‍ണ്ണായക വിവരം ലഭിച്ചു; കൂടുതല്‍ അറസ്റ്റ്‌ ഉടനെന്ന്‌ എന്‍.ഐ.എ

Published on 14 September, 2011
ഡല്‍ഹി സ്‌ഫോടനം: നിര്‍ണ്ണായക വിവരം ലഭിച്ചു; കൂടുതല്‍ അറസ്റ്റ്‌ ഉടനെന്ന്‌ എന്‍.ഐ.എ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോടതിക്ക്‌ സമീപമുണ്ടായ സ്‌ഫോടനക്കേസിലെ കുറ്റവാളികളെക്കുറിച്ച്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. ഏഴു പേരാണ്‌ പ്രധാനമായും സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ്‌ എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍. ഇതില്‍ രണ്ടു പേര്‍ 18 വയസില്‍ താഴയുള്ളവരാണ്‌.

ശരീഖ്‌, ആബിദ്‌ എന്നീ രണ്ടു വിദ്യാര്‍ഥികളെ നേരത്തെ എന്‍.ഐ.എ കശ്‌മീരില്‍ നിന്ന്‌ അറസ്റ്റു ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ മറ്റുള്ളവരെക്കുറിച്ച്‌ എന്‍.ഐ.എക്ക്‌ സൂചന ലഭിച്ചത്‌. കിഷ്‌ത്‌വാറിലെ ഇന്റര്‍നെറ്റ്‌ കഫെയില്‍ നിന്ന്‌ മാധ്യമങ്ങള്‍ക്കു ലഭിച്ച മെയില്‍ സന്ദേശത്തെ പിന്‍പറ്റിയാണ്‌ അന്വേഷണം മുന്നേറുന്നത്‌.

18 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളാണ്‌ ഇമെയില്‍ സന്ദേശം മാധ്യമങ്ങള്‍ക്കയച്ചതെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. അറസ്റ്റിലുള്ള രണ്ടു വിദ്യാര്‍ഥികളെയും കിഷ്‌ത്‌വാറിലെ കോടതി 10 ദിവസത്തെ പൊലീസ്‌ കസ്റ്റഡിയില്‍ റിമാന്‍ഡു ചെയ്‌തിട്ടുണ്ട്‌. മറ്റുള്ള കുറ്റവാളികളും ഉടന്‍ പിടിയിലാകുമെന്നാണ്‌ സൂചന.

കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ ഡല്‍ഹി ഹൈക്കോടതി ഏഴാം നമ്പര്‍ ഗേറ്റില്‍ സ്‌ഫോടനം ഉണ്ടായത്‌. സംഭവത്തില്‍ 13 പേര്‍ മരിച്ചു. ബ്രീഫ്‌കേസില്‍ വച്ച ബോംബാണ്‌ സ്‌ഫോടനത്തിനുപയോഗിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക